പുറംലോകവുമായി ഒരു ബന്ധവുമില്ല, ആ ഗോത്ര വിഭാ​ഗത്തിലെ അവസാനത്തെ മനുഷ്യനും മരിച്ചു

By Web Team  |  First Published Aug 30, 2022, 1:17 PM IST

അവിടെ ഏറ്റുമുട്ടലുകളുടെയൊന്നും തന്നെ ലക്ഷണങ്ങളില്ലായിരുന്നു. മാത്രവുമല്ല, മരിച്ച് നാൽപതോ അമ്പതോ ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.


ബ്രസീലിൽ ആരുമായും ഒരു ബന്ധവും പുലർത്താത്ത ഒരു ​തദ്ദേശീയവിഭാ​ഗത്തിലെ അവശേഷിച്ചിരുന്ന ഒരേയൊരാളും മരിച്ചു. അദ്ദേഹത്തിന്റെ പേര് അറിയില്ല. കഴിഞ്ഞ 26 വർഷമായി അദ്ദേഹം ആ കാട്ടിൽ തനിച്ചാണ് താമസം. 'മാൻ ഓഫ് ദ ഹോൾ' എന്നാണ് അറിയപ്പെടുന്നത്. കാരണം അദ്ദേഹം ഒരുപാട് കുഴികൾ കുഴിക്കുമായിരുന്നു. അതിൽ ചിലത് മൃ​ഗങ്ങളെ വീഴ്ത്താനുള്ള കുഴിയാണ് എങ്കിൽ മറ്റ് ചിലത് അദ്ദേഹത്തിന് ഒളിച്ചിരിക്കാനുള്ള കുഴികളായിരുന്നു. 

ആഗസ്റ്റ് 23 -ന് അദ്ദേഹത്തിന്റെ വൈക്കോൽ കുടിലിന് പുറത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അവിടെ അക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. അദ്ദേഹത്തിന് 60 വയസാണ് എന്നാണ് കരുതുന്നത്. സ്വാഭാവികമായ കാരണങ്ങളാലായിരിക്കാം മരണം എന്നും കരുതുന്നു. 

Latest Videos

undefined

ബൊളീവിയയുടെ അതിർത്തിയായ റൊണ്ടോണിയയിലെ തനാരു തദ്ദേശീയ പ്രദേശത്ത് താമസിക്കുന്ന തദ്ദേശീയരുടെ കൂട്ടത്തിലെ അവസാനത്തെ ആളായിരുന്നു ആ മനുഷ്യൻ. അദ്ദേഹത്തിന്റെ ​ഗോത്രത്തിൽ പെട്ട ഭൂരിഭാഗം ആളുകളും 1970 -കളിൽ തന്നെ റേഞ്ചർമാരാൽ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. 1995 -ൽ, അനധികൃത ഖനിത്തൊഴിലാളികളുടെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഗോത്രത്തിലെ ശേഷിച്ച ആറ് പേരും കൊല്ലപ്പെട്ടു. എന്നാൽ, അദ്ദേഹം അന്ന് അതിജീവിച്ചു. അതോടെ ആ തദ്ദേശീയരിൽ ശേഷിച്ച അവസാനത്തെ ആളായി മാറുകയായിരുന്നു അദ്ദേഹം. 

ബ്രസീലിലെ ഇൻഡിജീനിയസ് അഫയേഴ്സ് ഏജൻസി അദ്ദേഹത്തിന്റെ അതിജീവനത്തെ കുറിച്ച് അറിയുന്നത് 1996 -ൽ മാത്രമാണ്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി അന്നു മുതൽ അധികൃതർ ആ സ്ഥലം നിരീക്ഷിച്ചു വരുന്നുണ്ട്. സാധാരണ നടന്നു വരുന്ന പരിശോധനയുടെ ഭാ​ഗമായി ചെന്ന ഉദ്യോ​ഗസ്ഥനാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. താൻ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞ് ആ മനുഷ്യൻ മരണത്തെ കാത്തിരിക്കുകയായിരുന്നിരിക്കണം എന്നാണ് താൻ കരുതുന്നതെന്ന് തദ്ദേശീയ വിദഗ്ധനായ മാർസെലോ ഡോസ് സാന്റോസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അവിടെ ഏറ്റുമുട്ടലുകളുടെയൊന്നും തന്നെ ലക്ഷണങ്ങളില്ലായിരുന്നു. മാത്രവുമല്ല, മരിച്ച് നാൽപതോ അമ്പതോ ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന് എന്തെങ്കിലും രോ​ഗങ്ങൾ ബാധിച്ചിരുന്നോ എന്ന് അറിയുന്നതിന് വേണ്ടി പോസ്റ്റുമോർട്ടം നടത്തും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നതിനാൽ തന്നെ അദ്ദേഹം ഏത് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നോ, മറ്റേതെങ്കിലും വിവരങ്ങളോ ഒന്നും തന്നെ വ്യക്തമല്ല. 

click me!