ആലി നാദാപുരത്ത് പോയതുപോലെ, ഒരു കത്ത് കഥ.. പറന്നുപോയ കത്ത്, ഒമ്പത് വര്‍ഷം കഴിഞ്ഞ് പോറലില്ലാതെ തിരിച്ചെത്തി

By Suhail Ahammed  |  First Published Jun 3, 2022, 6:12 PM IST

'ആലി നാദാപുരത്ത് പോയതുപോലെ' എന്ന് കേട്ടിട്ടുണ്ടോ പലരും കേട്ടുകാണുമെങ്കിലു ആ രസക്കഥ അറിയാത്തവര്‍ക്കായി ആദ്യം പറയാം. 


'ആലി നാദാപുരത്ത് പോയതുപോലെ' എന്ന് കേട്ടിട്ടുണ്ടോ പലരും കേട്ടുകാണുമെങ്കിലു ആ രസക്കഥ അറിയാത്തവര്‍ക്കായി ആദ്യം പറയാം. ഒരു മുതലാളിയുടെ വിശ്വസ്തനായ ജോലിക്കാരനാണ് ആലി. ഒരു വൈകുന്നേരം ആലിയോട് മുതലാളി, നീ നാളെ രാവിലെ നാദാപുരം പോയി വരണം എന്നു പറയുന്നു, രാവിലെ എഴുന്നേറ്റ മുതലാളി നാദാപുരത്ത് ചെയ്യേണ്ട കാര്യങ്ങൾ പറയാൻ ആലിയെ വിളിക്കുന്നു, പതിവുപോലെ വിനയത്തോടെ എത്തിയ ആലിയോട്  നീ നാദാപുരം പോകുന്നില്ലേ എന്ന് മുതലാളി ചോദിക്കുന്നു.. ഞാൻ രാവിലെ തന്നെ പോയിവന്നു എന്നായിരുന്നു ആലി മുതലാളിക്ക് നൽകിയ മറുപടി... ഇതാണ് പിൽക്കാലത്ത് മലബാറിൽ  ആലി നാദാപുരത്ത് പോയതുപോലെ എന്ന ഒരു പ്രയോഗമായി മാറിയത്. ഇവിടെ ആലിക്ക് സമാനമായി ഗൾഫ് കണ്ടുവന്ന ഒരു കത്ത് കഥയാണ് പറയാനുള്ളത്.

കത്തെന്ന് പറയുമ്പോൾ തന്നെ പലര്‍ക്കും അതൊരു ഗൃഹാതുരതയാണ്. ഗൾഫിലേക്കുള്ള കത്താണെങ്കിൽ അത് ഗൾഫുകാരന്‍റെ വീട്ടിലെ പരിഭവങ്ങളും വീട്ടുകാരുടെ സ്വപ്നങ്ങളും നിറഞ്ഞതായിരിക്കും, ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒന്ന്.  ഇവ്വിധം ഗൾഫിലേക്ക് പറന്നുപോയ കത്തുകളുടെ കണക്കെടുക്ക എളുപ്പവുമാവില്ല. എത്ര കത്തുകൾ ലക്ഷ്യസ്ഥാനത്ത് എത്തി, ആരെങ്കിലും ഇടയ്ക്ക് പൊട്ടിച്ചുവായിച്ചോ എന്നൊന്നും നിശ്ചയമില്ല. എന്നാൽ ഒമ്പത് വര്‍ഷം പഴക്കമുള്ള ഒരു കത്താണ് ഇവിടെ നമ്മുടെ താരം. ഒമ്പത് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ, 2013 ജനുവരി 30നും അതേ വർഷം മെയ് ഒന്നിനും സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് യുഎഇയിലേക്ക് രണ്ട് കത്തയച്ചു. തേഞ്ഞിപ്പലം പോസ്റ്റ് ഓഫീസ് വഴി അബുദാബിയിലെ അനസ് ഇബ്നു മാലിക് മദ്റസയുടെ മേൽവിലാത്തിലേക്ക് ആയിരുന്നു ഇരു കത്തുകളും.. സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് 5,7,10,12 ക്ലാസുകളിൽ പൊതുപരീക്ഷ നടത്താറുണ്ട്. 

Latest Videos

undefined

അതിനുള്ള നിർദേശങ്ങളും മാർക്ക് ലിസ്റ്റും ഒക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് സ്വീകർത്താവിലേക്ക് എത്തിയില്ല, മടങ്ങിയെത്തി. ഒമ്പതു വർഷം കഴിഞ്ഞ് രണ്ടു കത്തും സമസ്തയുടെ ചേളാരി ഓഫീസിലേക്ക് തിരിച്ചെത്തുമ്പോൾ ഒരു പോറൽ പോലും പറ്റിയിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു സമസ്ത ഓഫീസിലെ ജീവനക്കാർ ... 

അതല്ല, രസം. സമസ്തയുടെ ഓഫിസീലെ പോസ്റ്റൽ സെക്ഷൻ ജീവനക്കാരൻ അബ്ദുൽ ലത്തീഫിന്‍റെ കയ്യിൽ തന്നെയാണ് സ്വന്തം കൈപ്പടയിൽ എഴുതിയ വിലാസമുള്ള കത്തുകൾ തിരികെ എത്തിയത്.. നാൽപത് വർഷമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുൽ ലത്തീഫിന് മുമ്പും ഈ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര പഴക്കമുള്ളൊരു കത്ത് തിരികെ കിട്ടുന്നത് ഇതാദ്യം. എഴുത്തിനും കവറിനും ഓർമ്മയ്ക്കും ഒമ്പത് വയസ്സ്.. കുഞ്ഞുപോറൽ പോലും ഏൽക്കാത്ത കത്തുകൾ നോക്കി, സ്വന്തം കയ്യക്ഷരം നോക്കി  അദ്ദേഹം നെടുവീർപ്പിട്ടിട്ടുണ്ടാകും.. കത്തിന്‍റെ വിധി!!
 

click me!