തെയ്യപ്രപഞ്ചത്തിലെ ഏക പെണ്ണുടല്‍, ഇതാ വള്ളിയമ്മയും ദേവക്കൂത്തും!

By Prashobh Prasannan  |  First Published Jan 5, 2023, 3:09 PM IST

വള്ളിയമ്മയുടെയും നാരദരുടെയും അപൂര്‍വ്വമായ ഈ തെയ്യരൂപങ്ങള്‍ക്ക് പണ്ട് കോലത്ത് നാടുവാണിരുന്ന ചിറയ്ക്കൽ തമ്പുരാന്‍റെ കാലത്തോളം പഴക്കമുണ്ട്.  ദീഘകാലം മുടങ്ങിക്കിടന്ന ശേഷം മൂന്നരപ്പതിറ്റാണ്ട് മുമ്പ് പുനർജനിക്കപ്പെട്ട ദേവക്കൂത്തിന്‍റെയും വള്ളിയമ്മയുടെയും കോലധാരി അംബുജാക്ഷിയുടെയും മറ്റും കഥകളിലേക്ക്. 


കാട്ടുവള്ളികള്‍ കാറ്റിലാടുന്നൊരു പച്ചത്തുരുത്ത്. നാലുചുറ്റും തുള്ളിക്കളിക്കുന്ന ജലപ്പരപ്പ്. കാതോര്‍ത്താല്‍ കേള്‍ക്കാം നെഞ്ചില്‍ കൊളുത്തുന്നൊരു പാട്ട്. ശീലുകള്‍ക്ക് ശ്രുതിയിടുന്നതോ ഇളംകാറ്റ്. ചെണ്ടയുടെ പതിഞ്ഞ താളം. പാദസരത്തിന്‍റെ മണിക്കിലുക്കം. ചുവടുവച്ചാടുകയാണൊരു കന്യാവ്. ഇതാണ് പേരുകേട്ട ദേവക്കൂത്ത്. ജലതാളത്തിനൊത്ത് ലാസ്യനടം ചെയ്യുന്ന ഈ തെയ്യക്കോലമാണ് വള്ളിയമ്മ. അമ്മദൈവങ്ങള്‍ ഉറഞ്ഞാടുന്ന തെയ്യപ്രപഞ്ചത്തില്‍ സ്ത്രീ കെട്ടിയാടുന്ന ഏക തെയ്യക്കോലം. ചെറുകുന്നിനടുത്ത മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാടെന്ന ദ്വീപിലെ കൂലോം-തായക്കാവിലാണ് അടുത്തിടെ ദേവക്കൂത്ത്‌ നടന്നത്‌. തെയ്യപ്രപഞ്ചത്തിലെ ദൈവങ്ങളിൽ തൊണ്ണൂറു ശതമാനവും അമ്മത്തെയ്യങ്ങളാകുമ്പോഴും അവയെ കെട്ടിയാടുന്നതെല്ലാം ആണ്‍ശരീരങ്ങളാണെന്ന വിരോധാഭാസത്തിന് ഒരപവാദമാകുന്നു വള്ളിയമ്മയും ദേവക്കൂത്തും. 

Latest Videos

വള്ളിയമ്മയ്ക്കൊപ്പമാടാൻ മറ്റൊരു കോലം കൂടിയുണ്ട് ദേവക്കൂത്തില്‍. ദേവര്‍ഷിയായ സാക്ഷാല്‍ നാരദരാണത്. വള്ളിയമ്മയുടെയും നാരദരുടെയും അപൂര്‍വ്വമായ ഈ തെയ്യരൂപങ്ങള്‍ക്ക് പണ്ട് കോലത്ത് നാടുവാണിരുന്ന ചിറയ്ക്കൽ തമ്പുരാന്‍റെ കാലത്തോളം പഴക്കമുണ്ട്. ദീഘകാലം മുടങ്ങിക്കിടന്ന ശേഷം മൂന്നരപ്പതിറ്റാണ്ട് മുമ്പ് പുനർജനിക്കപ്പെട്ട ദേവക്കൂത്തിന്‍റെയും വള്ളിയമ്മയുടെയും കോലധാരി അംബുജാക്ഷിയുടെയും മറ്റും കഥകളിലേക്ക്. 

തെക്കുമ്പാടൊരു പച്ചത്തുരുത്താണ്. നാലുപാടും പുഴയാൽ ചുറ്റപ്പെട്ടൊരു ഗ്രാമം. പണ്ടുപണ്ട് അതിമനോഹരമായൊരു പൂങ്കാവനമായിരുന്നു ഇവിടം. പലവിധത്തിലുള്ള പുഷ്‍പങ്ങള്‍ നിറഞ്ഞ കാട്ടുപൊന്തകളും വള്ളിക്കൂട്ടങ്ങളും. ഈ പൂക്കളുടെ മനംമയക്കുന്ന ഗന്ധം കാരണം മേല്‍ലോകത്തു നിന്നും ദേവകന്യകള്‍ ഇവിടെ പൂതേടിയെത്തുക പതിവായിരുന്നു. അങ്ങനൊരിക്കല്‍ തോഴിമാരൊത്ത് അര്‍ച്ചനാ പുഷ്‍പങ്ങള്‍ ശേഖരിക്കാനെത്തി, വഴിതെറ്റി ഈ ദ്വീപില്‍ അകപ്പെട്ടുപോയ ഒരു മേല്‍ലോക കന്യകയുടെ കഥയാണ് ദേവക്കൂത്തിന്‍റെ ഐതിഹ്യത്തിന് ആധാരം. 

അര്‍ച്ചനാപുഷ്‍പങ്ങള്‍ തേടി ദേവലോകത്ത്‌ നിന്ന് മണ്ണിലേക്കിറങ്ങിയത് ഏഴ്‌ ദേവകന്യകള്‍. അതിലൊരുവളായിരുന്നു വള്ളി.  പകല്‍മുഴുവൻ ദ്വീപ് കണ്ടാസ്വദിച്ചും പൂക്കള്‍ ശേഖരിച്ചും നടന്നു കന്യാസംഘം. എന്നാല്‍ ഇടയിലെപ്പൊഴോ വള്ളിക്ക് വഴി തെറ്റി. എവിടെത്തിരിഞ്ഞാലും വള്ളിക്കൂട്ടങ്ങള്‍ മാത്രം. പാദസരം പോലെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പുഴ. വള്ളിക്കാട്ടിലൊന്നില്‍ കുടുങ്ങിപ്പോയി പാവം വള്ളിപ്പെണ്‍കൊടി. തോഴിയെ അന്വേഷിച്ച് കരഞ്ഞുതളര്‍ന്നു ദേവകന്യകള്‍. ഒടുവില്‍ മറ്റൊരു നിവര്‍ത്തിയും ഇല്ലാതെ ഇരുളും മുമ്പ് ദേവലോകത്തേക്ക് തിരിച്ചു പറന്നു അവര്‍.  

ആ നേരമത്രയും വള്ളിക്കെട്ടിൽ കരഞ്ഞുതളര്‍ന്നിരിക്കുകയായിരുന്നു ആ പാവം ദേവകന്യാവ്. ഭയം അവളെ പൊതിഞ്ഞു. അപ്‍സര സൌന്ദര്യം ചോര്‍ന്നു. ഉടുതുണിക്ക്‌ മറുതുണി പോലുമില്ല. പല ദേവന്മാരെയും മനം നൊന്തുവിളിച്ചവള്‍. പക്ഷേ ആരും വിളികേട്ടില്ല. ആ രാത്രി മുഴുവൻ ആ വള്ളിക്കുടിലില്‍ കഴിഞ്ഞവള്‍. അവളെ പൊതിഞ്ഞു സംരക്ഷിച്ചു വള്ളിപ്പടര്‍പ്പുകള്‍. നേരം വെളുത്തു. 

ഭൂമിയില്‍ ഒരു രാത്രി ജീവിച്ചുകഴിഞ്ഞ ദേവസ്‍ത്രീക്ക് കുളിച്ച് ദേഹശുദ്ധി വരുത്തി പുതുവസ്‍ത്രം ധരിച്ചാല്‍ മാത്രമേ ദേവലോകത്തേക്ക് തിരികെ പ്രവേശനമുള്ളു. ഇല്ലെങ്കില്‍ കേവലം മനുഷ്യസ്‍ത്രീയായി മാറും. നെഞ്ചുരുകി വീണ്ടും വീണ്ടും നിലവിളിച്ചു വള്ളി. എന്നിട്ടും ദേവന്മാരൊന്നും വിളി കേട്ടില്ല. ഇതിനിടെ ദ്വീപിലെ ചെറുമനുഷ്യര്‍ അവളെ കണ്ടു. കരയുന്ന കന്യകയെ സാന്ത്വനപ്പിച്ചു അവര്‍. പിന്നെ തങ്ങളുടെ തമ്പുരാനെ അവര്‍ വിവരമറിയിച്ചു. കാര്യമറിഞ്ഞ നാടുവാഴി ഒരു കുച്ചില്‍ (ചെറിയ പന്തല്‍) കെട്ടി കന്യകയെ അതില്‍ താമസിപ്പിക്കാൻ ഉത്തരവിട്ടു. അങ്ങനെ അവള്‍ ആ പന്തലിലേക്ക് ആനയിക്കപ്പെട്ടു. വള്ളിക്കാട്ടിലെന്നപോലെ അവിടെയും സുരക്ഷിതയായിരുന്നു വള്ളിപ്പണ്‍കൊടി. മൂന്നു ദിനം അങ്ങനെ കഴിഞ്ഞു. വിവരം അറിയിക്കാൻ ദേവര്‍ഷിയായ നാരദന് ആളയച്ചു നാടുവാഴി. അപ്പോഴേക്കും വള്ളിയുടെ പ്രാര്‍ത്ഥന കേട്ട് പുതുവസ്‍ത്രങ്ങളുമായി സാക്ഷാല്‍ നാരദൻ ദ്വീപില്‍ എത്തിക്കഴിഞ്ഞിരുന്നു. കുച്ചിലില്‍ നിന്നിറങ്ങി കുളിച്ച് ദേഹശുദ്ധി വരുത്തി പുതുവസ്‍ത്രങ്ങള്‍ അണിഞ്ഞു വള്ളി. എന്നിട്ട് അപ്‍സരസായി ദേവലോകത്തേക്ക് മടങ്ങിപ്പോയി. 

എന്നാല്‍ ദേവലോകത്തെത്തിയിട്ടും കീഴ്‍ലോകത്തെ ആ പച്ചത്തുരുത്തും ചെറുമനുഷ്യരും സുരക്ഷിതമായ അനുഭവങ്ങളും വള്ളിയമ്മയുടെ ഓര്‍മ്മകലില്‍ മധുരം പുരട്ടിക്കൊണ്ടിരുന്നു . അങ്ങനെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കീഴ്ലോകത്തേക്കിറങ്ങാനും ചെറുമനുഷ്യരെ കാണാനും തീരുമാനിച്ചു വള്ളിയമ്മ. രണ്ടു വർഷത്തിലൊരിക്കൽ ധനുമാസം അഞ്ചിന് വള്ളിയമ്മ ദ്വീപില്‍ തിരിച്ചെത്തുന്ന പ്രതീതിയിലാണ് തെക്കുമ്പാട്ടെ ദേവക്കൂത്ത് നടക്കുന്നത്. 

തെയ്യപ്രപഞ്ചത്തിലെ ഏക പെണ്ണുടല്‍, അംബുജാക്ഷി
ഒന്നിടവിട്ട വർഷങ്ങളിൽ ധനുമാസം ആദ്യമാണ് ദേവക്കൂത്ത് നടക്കുന്നത്.  എടക്കെപ്പുറം പള്ളിയറ തറവാട്ടിലെ വടക്കൻ കൂറൻ എന്ന മലയസ്ഥാനികന്‍റെ ഭാര്യയായ സ്‍ത്രീക്കാണ് ഈ തെയ്യത്തിന്‍റെ കോലാവകാശം. അമ്പലപ്പുറത്ത് ചെറുകുന്നനെന്ന ആചാരസ്ഥാനികന്‍റെ ഭാര്യയാണ് രണ്ടാനവകാശി. മാടായിയിലെ കണ്ണൻ പണിക്കരുടെ ഭാര്യയായ എം വി അംബുജാക്ഷിയമ്മയാണ് ഇപ്പോള്‍ ദേവക്കൂത്ത് കെട്ടിയാടുന്നത്. കുടുംബത്തിലെ തന്നെ ആണ്‍കുട്ടികളില്‍ ആരെങ്കിലുമാണ് നാരദരാകുന്നത്. 

മുമ്പ് മാടായിയിലെ കേളുപ്പണിക്കരുടെ ഭാര്യയായ ലക്ഷ്‍മിയമ്മ ആയിരുന്നു വള്ളിയമ്മയെ കെട്ടിയാടിയിരുന്നത്. കണ്ണൻ പണിക്കരുടെ ഇളയച്ഛന്‍റെ ഭാര്യയാണ് ലക്ഷ്‍മിയമ്മ. പ്രയാധിക്യത്താല്‍ വയ്യാതായതോടെയാണ് ലക്ഷ്‍മിയമ്മയ്ക്ക് പകരം അംബുജാക്ഷി കോലധാരിയാകുന്നത്. ഇത് ആറാം തവണയാണ് അംബുജാക്ഷി വള്ളിയമ്മയാകുന്നത്. കോലം കെട്ടുന്നതിന് മുന്നോടിയായി കോലധാരി 41 ദിവസത്തെ വ്രതമെടുക്കണം. മൽസ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച് പള്ളിമാല ഗ്രന്ഥം തൊട്ടാണ് വ്രതത്തിന് തുടക്കം. രാവിലെയും വൈകിട്ടും വായന. മറ്റ് സമയങ്ങളില്‍ നൃത്തച്ചുവടുവച്ചു പഠിക്കും. തോറ്റവും ചൊല്ലിപ്പഠിക്കണം. 

ദേവക്കൂത്തിന് തലേന്ന് കോലധാരിയും കൂട്ടുകാരും തായേക്കാവിലെത്തണം.  വൈകിട്ട് മൂന്നു മണിയോടെ പള്ളിമാലയും തളികയുമായി മാടായിക്കാവിന്‍റെ താഴ്‍വാരത്തുള്ള വീട്ടില്‍ നിന്നിറങ്ങും അംബുജാക്ഷിയും സംഘവും. വീടനടുത്തുള്ള മുച്ചിലോട്ട്, ഗണിപതി മഠം ക്ഷേത്രങ്ങളിലും തറവാട്ടിലെ ദേവതാസ്ഥാനത്തും തൊഴും. പിന്നെ ഏകദേശം പതിനഞ്ച് കിലോമീറ്ററുകള്‍ അകലെയുള്ള ആയിരംതെങ്ങിലേക്കാണ് യാത്ര.

ഇവിടെ സ്വീകരിക്കാൻ കാവിലെ പ്രതിനിധി ഉണ്ടാകും. അയ്യോത്ത് വള്ളുവൻകടവില്‍ നിന്ന്  നിന്നും പ്രത്യേകം തയ്യാറാക്കിയ പള്ളിച്ചെങ്ങാടത്തില്‍ കോലക്കാരിയെയും സംഘത്തെയും അക്കരെ കടത്തും. കൂട്ടിക്കെട്ടിയ രണ്ട് ചങ്ങാടങ്ങളിലാണ് പുഴ കടന്നുള്ള യാത്ര.  ദ്വീപിലെത്തിയാല്‍ ചാണിയാട്ട് വലിയ വീടിനു മുന്നില്‍ കോലക്കാരിയെ വിളക്കു വച്ചിരിത്തും. പിന്നെ അഷ്‍ട ഐശ്വര്യ വിഭവങ്ങളോടെ സ്വീകരിക്കും. രാത്രി എട്ടു മണിയോടെ താഴേക്കാവ് കൂലോത്തേക്ക് ആനയിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ കുച്ചിലില്‍ പ്രവേശിക്കും. പിന്നെ പിറ്റേന്ന് രാവിലെ കോലം ധരിക്കുന്നതുവരെ ആരെയും കാണാതെ ഒറ്റയ്ക്കായിരിക്കും താമസം. 

തൊപ്പാരം , തലപ്പാളി, ചുഴിപ്പ്, വള, ഉടുത്തം, വെളിമ്പൻ, ചിലമ്പിന് പകരം പാദസരം തുടങ്ങിയവയാണ് ചമയങ്ങളില്‍ പ്രധാനം. കോലധാരിയെ അണിയിച്ചൊരുക്കാൻ പ്രത്യേക അവകാശമുള്ള മലയന്മാരുണ്ട്. തേപ്പും കുറിയും എന്ന ലളിതമായ മുഖത്തെഴുത്താണ്. ചുവപ്പും വെള്ളയും ചേര്‍ന്ന ഞൊറിഞ്ഞുടുപ്പ് അരയില്‍. തലയില്‍ തലപ്പാളിയും ചെറിയൊരു തൊപ്പിക്കിരീടവും. ചായില്യം കൊണ്ട് ചുവപ്പിച്ച പാദങ്ങളില്‍  പാദസരം. മൃദുവായ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടു സ്ത്രീകൾ പിടിച്ച ചുവന്ന മറ പിടിച്ചാണു വള്ളിയമ്മക്കോലം ക്ഷേത്രനടയിലേക്ക് എത്തുന്നത്‌. 

അരങ്ങിലെത്തിയാല്‍ ഗണപതി വന്ദനം പാടും. പിന്നെ താളാത്മകമായ പാട്ടിനൊത്ത് പതിഞ്ഞ താളത്തില്‍ ചുവടുവച്ചുതുടങ്ങും. തോഴിമാരുമൊത്ത് പൂന്തോട്ടത്തില്‍ നിന്നും പുഷ്‍പങ്ങള്‍ പേരു ചൊല്ലി പറിച്ചെടുക്കുന്നത് മനോഹരമായി അഭിനയിക്കും. മല്ലിക, മന്ദാരം, അശോകം, ചെക്കി, നന്ത്യാര്‍വട്ടം, പിച്ചകം, പാരിജാതം, ചെമ്പകം തുടങ്ങിയവയെ പേരു ചൊല്ലി പാടും.  വള്ളിക്കന്യാവിന് ദ്വീപില്‍ ഉണ്ടായ അനുഭവങ്ങളും തോറ്റത്തിന്‍റെ ഭാഗമാണ്. ഒടുവില്‍ പുതുവസ്‍ത്രങ്ങളുമായി നാരദര്‍ അരങ്ങിലെത്തും. അദ്ദേഹത്തിന്‍റെ കൂടെയും ചുവടുവയ്ക്കും ദേവകന്യാവ്. തുടര്‍ന്ന് ഭക്തരെ അനുഗ്രഹിക്കും ദേവകന്യയുടെ നാരദരും. ദക്ഷിണ സ്വീകരിക്കും. കുറിക്ക് പകരം അരിയാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്. 

കോലം അവസാനിച്ചാല്‍ അണിയറയിലേക്ക് മടക്കം. മിക്ക തെയ്യങ്ങള്‍ക്കും കോലം കഴിഞ്ഞാലുടൻ മുഖത്തെഴുത്ത് മായിക്കുമെങ്കില്‍ വള്ളിയമ്മ ദേവിയുടെ മുഖത്തെഴുത്ത് പകുതി മാത്രമേ ആദ്യം മായിക്കുകയുള്ളൂ. കണ്ണെഴുത്ത് അവശേഷിപ്പിക്കും. പിറ്റേന്നാണ് വീട്ടില്‍ തിരിച്ചെത്തുക. പോയ പോലെ ചങ്ങാടത്തില്‍ പുഴ കടത്തി മാടായിയിലെ വീട്ടില്‍ തിരിച്ചു കൊണ്ടാക്കും തായെക്കാവുകാര്‍. തുടര്‍ന്ന് വീട്ടിലെ പൂജാമുറിയില്‍ കയറി പള്ളിമാല ഗ്രന്ഥം തൊട്ട് മാത്രമേ കണ്ണെഴുത്ത് മായിക്കാൻ പാടുള്ളൂ. അതുവരെ ദേവിയായി തുടരും അംബുജാക്ഷിയമ്മ.  

ദേവക്കൂത്ത് കഴിഞ്ഞാല്‍ പോസ്റ്റോഫീസിലെ പാര്‍ട്ട് സ്വീപ്പറുടെ വേഷമാണ് ജീവിതത്തില്‍ എം വി അംബുജാക്ഷിക്ക്. ഒപ്പം ഒരു സ്വകാര്യാശുപത്രി അടിച്ചുവാരുന്ന ജോലി കൂടി ചെയ്‍താണ് കുടുംബം പുലരുന്നത്. ഭര്‍ത്താവ് കണ്ണൻ പണിക്കരും തെയ്യം കലാകാരനാണ്. 15 വയസ് മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിത്തുടങ്ങിയ കണ്ണൻ പണിക്കര്‍ നിരവധി ക്ഷേത്രങ്ങളില്‍ തെയ്യമാടിയിട്ടുണ്ട്. ഇവരുടെ നാല് മക്കളില്‍ മൂത്തയാളായ അജിത്തും തെയ്യം കലാകാരനാണ്. ഓട്ടോ ഡ്രൈവര്‍ കൂടിയായ അജിത്തിനെ കൂടാതെ അഖിത, അജിന, അഭിലാഷ് എന്നിവരാണ് മറ്റ് മക്കള്‍. 

തെക്കുമ്പാടെന്ന ദേവഭൂമി
നാളികേരത്താല്‍ സമൃദ്ധമായ കരഭൂമിയാണ് ഇന്നത്തെ തെക്കുമ്പാട്‌ ദ്വീപ്‌. പഴയങ്ങാടി, തെക്കുമ്പാട്, മാട്ടൂല്‍, വളപട്ടണം പുഴകള്‍ അതിരിടുന്ന ദേശം. പണ്ട് ചിറക്കല്‍ രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഇവിടം. അഴീക്കല്‍ തുറമുഖത്തിനടുത്ത ദ്വീപായതിനാല്‍ വിദേശ കച്ചവടക്കാര്‍ ഇതുവഴി ധാരാളമായി വരുമായിരുന്നു പണ്ട്. കണ്ണപുരം പഞ്ചായത്തും ദ്വീപും തമ്മില്‍ ബന്ധിപ്പിച്ച് ഇന്നൊരു പാലമുണ്ട്. ഈ ദ്വീപിന്റെ തെക്കേ അറ്റത്താണ് താഴെക്കാവും കൂലോം ക്ഷേത്രവും. ഇവിടെ ചുഴലി ഭഗവതിയും സോമേശ്വരി ദേവിയുമാണ് അധിവാസമെന്നാണ് വിശ്വാസം. കരിഞ്ചാമുണ്ഡി, വരാഹരൂപം എന്നീ ദേവതകള്‍ക്കായി ക്ഷേത്രത്തില്‍ പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്. തായക്കാവിലെ പ്രധാന ആരാധനാമൂര്‍ത്തി തായ്പ്പരദേവത അഥവാ ചുഴലി ഭഗവതിയാണ്. രണ്ടു സ്ഥലത്തും ഒരേ സമയത്താണ് തെയ്യം കളിയാട്ടം നടക്കുന്നത്. ദേവക്കൂത്ത് കൂടാതെ ഇരഞ്ഞിക്കല്‍ ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കന്‍ കരിയാത്തന്‍, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകന്‍, ബിന്ദൂര്‍ ഭൂതം തുടങ്ങിയവയാണ് ഈ കൂലോത്തെ മറ്റ് തെയ്യങ്ങള്‍. 

ദേവക്കൂത്ത് വീഡിയോ കാണാം

 

ഇനിയും തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!

പുഴകടന്ന് അംബുജാക്ഷി താഴെക്കാവിലെത്തി, ദേവക്കൂത്ത് നാളെ

മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!

കത്തിക്കരിഞ്ഞൊരു കര്‍ഷകൻ തെയ്യമായി പുനര്‍ജ്ജനിച്ച കഥ!

click me!