Teacher's Experience : മിണ്ടാത്തൊരു കുട്ടിയായിരുന്നു അവള്‍, എന്നിട്ടും ഒരു ദിവസം അവള്‍ തോരാതെ സംസാരിച്ചു!

By Web Team  |  First Published Feb 17, 2022, 3:23 PM IST

ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള അനുഭവങ്ങള്‍. റിയാദിലെ ഒരു സ്‌കൂളിലെ ഒരു ക്ലാസ് മുറി അനുഭവം എഴുതുന്നു നിഖില സമീര്‍ 


ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. ഓരോരുത്തര്‍ക്കും പറയാനുണ്ടാവും പല അനുഭവങ്ങള്‍, ഓര്‍മ്മകള്‍. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള വ്യത്യസ്തമായ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് അയക്കൂ. വിലാസം: submissions@asianetnews.in  .കുറിപ്പിനൊപ്പം ഒരു ഫോട്ടോയും വിശദമായ വിലാസവും എഴുതണം. സബ്ജക്ട് ലൈനില്‍ ക്ലാസ് മുറി എന്ന് എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

നവംബര്‍ മാസത്തിലെ നനുത്ത കുളിരുള്ള അധ്യയന ദിനം. 

കാലാവസ്ഥാ പ്രവചനം തെറ്റിക്കാതെ പെയ്ത മഴയില്‍ മരുഭൂവും മനസ്സുകളും നനഞ്ഞു കുളിര്‍ന്നിരിക്കുന്നു. എയര്‍ കണ്ടിഷണറിന്റെ പതിവ് മുരളലിനും കുളിരിനും അവധി കൊടുത്ത് ജനല്‍ പാളികള്‍ മലര്‍ക്കെ തുറന്ന് ക്ലാസ് തുടങ്ങി.

ക്ലാസ്സിനൊത്ത് കിളിക്കൊഞ്ചലുകള്‍. അവ താളത്തില്‍ പെയ്യുമ്പോഴും അമല്‍ പതിവ് പോലെ മൗനിയായിരുന്നു. അവളുടെ 
നീലിച്ച കണ്ണുകള്‍ കാര്‍മുകില്‍ മൂടിയ പോല്‍ നിഴലിച്ചു നിന്നു.

2018-ല്‍ അധ്യായനം തുടങ്ങി കുറേ കഴിഞ്ഞ് വന്നുചേര്‍ന്ന കുഞ്ഞി പാവാടക്കാരിയാണ് അമല്‍.

മുഖശ്രീ  കൊണ്ടും ഹൃദ്യമായ പെരുമാറ്റം കൊണ്ടും മനസ്സില്‍ തങ്ങിയ ഒരാളായിരുന്നു അമലിന്റെ മമ്മ. നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ ഭാഷയായിരുന്നു അവരുടേത്. മകളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കു വെക്കുമ്പോഴും അവളെ കുറിച്ചുള്ള വിശ്വാസവും പ്രതീക്ഷയും അവരുടെ വാക്കുകളില്‍ മുറ്റിനിന്നു.

പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിട്ടും താഴ്ന്ന ഗ്രേഡിലേക്കാണ് അമലിനു അഡ്മിഷന്‍ ശരിയായത്. തുറന്നു പെരുമാറാത്ത ഒട്ടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അതിനുള്ള കാരണം.

എന്ത് കൊണ്ടെന്നു അറിയില്ല അമലിന്റെ കണ്ണുകളെപ്പോഴോ എന്റെ ഹൃദയത്തില്‍ ഉടക്കിയപ്പോള്‍ നിസ്സംഗതയിലും ഒരു പ്രകാശ നാളം എരിയുന്നത് ഞാന്‍ അറിഞ്ഞു. അതിനാല്‍ തന്നെ എല്‍ കെ ജി യിലേക്ക് അവളെ ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായി.

തീരെ കൂട്ടുകൂടാതെ  ഒറ്റപ്പെട്ടിരിക്കുന്ന പ്രകൃതക്കാരിയായിരുന്നു അമല്‍. എഴുത്തില്‍ തരക്കേടില്ല. എന്നാല്‍, തീരെ സംസാരിക്കില്ല. ഒന്നിനും മറുപടി പറയില്ല. അതു ദിനം പ്രതി കൂടി വന്നതേഉള്ളൂ.

പിന്നീടുള്ള ദിവസങ്ങള്‍ സൂക്ഷ്മ നിരീക്ഷണങ്ങളുടെയും തെറാപ്പികളുടെ പ്രയോഗവത്കരണങ്ങളുടേതുമായിരുന്നു. സ്നേഹം അവളെ മാറ്റാന്‍ തുടങ്ങുന്നത് ഞാനുമറിഞ്ഞു. ഒരാഴ്ചയാകും മുന്‍പ് അവളില്‍ മാറ്റങ്ങളുടെ വിത്തുകള്‍ പിറവിയെടുത്തു. 

ക്ലാസും കടുകട്ടി സിലബസും ബാലികേറാമലപോലെയാണ് അമലിനെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ അമലിന്റെ മമ്മയുടെ സ്ഥിരോത്സാഹവും ജിജ്ഞാസയും സ്‌നേഹസഹകരണങ്ങളും അതുമറികടക്കാന്‍ ഏറെ സഹായകരമായി.

കുറെയേറെ ദിനങ്ങളിലെ പരിശ്രമങ്ങള്‍ക്കൊടുവിലൊരു ദിനം, ആദ്യ പിരീഡിലെ പ്രര്‍ത്ഥനാ ഘട്ടത്തില്‍ ആത്മവിശ്വാസം പരീക്ഷിക്കാനായി അമലിനെ വിളിച്ചു. 

വിസമ്മതങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമൊടുവില്‍ ചെവിയിലേക്ക് കുഞ്ഞിച്ചുണ്ടുകള്‍ ചേര്‍ത്തു. മൃദുവായി അവള്‍ പാടി. 
വളരെ പതിഞ്ഞതും മൃദുലസുന്ദരവുമായ പ്രാര്‍ത്ഥനാ സൂക്തങ്ങള്‍ അമലിന്റേതുതന്നെയെന്ന് വിശ്വസിക്കാന്‍ ഏറെ നേരമെടുത്തു. അതുകേട്ടതും മനസ് നിറഞ്ഞു. എന്നാല്‍, അതുമാത്രം എഴുതിയാല്‍ അന്നനുഭവിച്ച സന്തോഷവും ചാരിതാര്‍ഥ്യവും തീരെകുറഞ്ഞു പോകും.

പിന്നീടുള്ള ദിനങ്ങളിലെ വീണു കിട്ടുന്ന ഒഴിവുവേളകള്‍ അവളിലെ ആത്മവിശ്വാസം കൂട്ടാനുള്ള അശ്രാന്ത പരിശ്രമങ്ങള്‍ ആയിരുന്നു. അമലിന് ഈ അധികപരിഗണന ബുദ്ധിമുട്ടാകാതെ ശ്രദ്ധിക്കുകയും ചെയ്തു.

കൂടെയുള്ള കുഞ്ഞുമക്കളുടെ ശ്രദ്ധയും പ്രോത്സാഹനവും മുന്‍ധാരണകളില്ലാത്ത നിരന്തര പ്രാത്സാഹനവും ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്തു.

പിന്നീടൊരു ദിവസം അവള്‍ ഒട്ടും മടിയില്ലാതെ പാടി. ക്ലാസിലുള്ള എല്ലാവരെയും അവള്‍ ഞെട്ടിച്ചു എന്ന് പറയാം .

ശ്രുതിസുഭഗമായ ആലാപന ശൈലിയിലുള്ള ആ പ്രാര്‍ത്ഥനാ സൂക്തങ്ങള്‍ ഹൃദയവും കണ്ണും നിറയ്ക്കുന്നതായിരുന്നു. 

അധ്യാപന കാലഘട്ടത്തിലെ മറക്കാനാകാത്ത ദിനമായിരുന്നു അന്ന്.

പിറ്റേ ദിവസം വന്നൊരു ഫോണ്‍ കാള്‍ അധ്യാപിക എന്ന നിലയില്‍ എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മനോഹരമായ അനുഭവമായിരുന്നു.  

അമലിന്റെ പെരുമാറ്റ രീതികളും സംസാരിക്കാത്ത പ്രകൃതവും മാറ്റി എടുക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അവളുടെ മമ്മ പറഞ്ഞു. തൊട്ടുമുന്‍പുള്ള അവധിക്കാലത്ത് പോലും അവര്‍ പല ഇടങ്ങളേയും ആശ്രയിച്ചിരുന്നത്രെ. സ്പീച്ച് തെറാപ്പിസ്റ്റിനെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ അവളെ സ്‌കൂളില്‍ ചേര്‍ത്തത്. പതിവു പോലെ വലിയ പ്രതീക്ഷയൊന്നും അതിലുമില്ലായിരുന്നു. 

എന്നാല്‍, സ്‌കൂളില്‍ ചേര്‍ത്തതോടെ കാര്യങ്ങളാകെ മാറിയെന്ന് അവര്‍ പറഞ്ഞു. അത് ബോധ്യപ്പെടുത്തുന്ന ഏറ്റവും സന്തോഷകരമായ ഇക്കഴിഞ്ഞ ദിവസമുണ്ടായി. 

നാട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ പതിവാണ്. ഒനനും മിണ്ടാത്ത അമലിനെക്കുറിച്ചുള്ള സങ്കടം വലിയുമ്മക്ക് ഏറെയായിരുന്നു. അമലിന്റെ സ്‌കൂള്‍ വിശേഷങ്ങള്‍ അറിയാന്‍ അവര്‍ക്ക് ഏറെ ജിജ്ഞാസയായിരുന്ന.

അതൊക്കെ കൊണ്ടാണ് വെറുതേ ഒരു പരീക്ഷണത്തിനായി അമലിന്റെ കയ്യില്‍ ഫോണ്‍ ഏല്പിച്ചത്. അതിനുശേഷം മമ്മ ജോലിയില്‍ മുഴുകി.

ഇടക്ക് അമലിന്റെ നേര്‍ത്ത ശബ്ദം കേട്ടപ്പോഴാണ് അക്കാര്യം മനസ്സിലായത്. അവള്‍ സംസാരിക്കുന്നു. സ്‌കൂളില്‍ 

പഠിച്ചതൊക്കെ വലിയുമ്മക്ക് പറഞ്ഞുകൊടുക്കുന്നു!

പിന്നെ കേള്‍ക്കുന്നത് വലിയുമ്മയുടെ മനസു നിറഞ്ഞ കരച്ചിലാണ്. ആനന്ദാശ്രു!

വിശേഷങ്ങളൊക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയിട്ടേ എനിക്കൊന്നു മിണ്ടാന്‍ പോലും അമലിന്റെ മമ്മ അവസരം തന്നുള്ളൂ.

ഹൃദയം നിറഞ്ഞുതുളുമ്പി, മിണ്ടാന്‍ കഴിയാത്ത ഒരാവസ്ഥയിലായി ഞാന്‍. 


 

click me!