നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

By Prashobh Prasannan  |  First Published Nov 14, 2022, 3:01 PM IST

പൊള്ളുന്ന അഗ്നിയെ മഞ്ഞുതുള്ളിയെന്നപോലെ നുള്ളിമാറ്റുന്ന ഈ കരുത്തൻ തെയ്യത്തിന് ആരുടെയും നെഞ്ചുപൊള്ളിക്കുന്നൊരു കഥയുണ്ട് പറയാൻ. അത് കണ്ണൻ എന്ന ഒരു പാവപ്പെട്ട തീയ്യച്ചെക്കന്‍റെയും അവനെ കൊടുംനുണ പറഞ്ഞ് അരുംകൊല ചെയ്യിച്ച ഒരു പ്രഭുകുമാരിയുടെയും കഥയാണ്. 


നല്‍ക്കൂമ്പാരത്തില്‍ ആറാടുന്ന തീച്ചാമുണ്ഡിയെ കണ്ടിട്ടുണ്ടോ? ചുട്ടുപൊള്ളുന്ന കനല്‍ക്കുന്നില്‍ നെഞ്ചുതല്ലി വീണുരുണ്ട് അഗ്നിയെ പരിഹസിക്കും ഈ തെയ്യക്കോലം. വിഷ്‍ണുമൂര്‍ത്തിയെന്നും ഒറ്റക്കോലമെന്നുമൊക്കെ വിളിപ്പേരുണ്ട് തീച്ചാമുണ്ഡിക്ക്. എന്നാല്‍ പൊള്ളുന്ന അഗ്നിയെ മഞ്ഞുതുള്ളിയെന്നപോലെ നുള്ളിമാറ്റുന്ന ഈ കരുത്തൻ തെയ്യത്തിന് ആരുടെയും നെഞ്ചുപൊള്ളിക്കുന്നൊരു കഥയുണ്ട് പറയാൻ. അത് കണ്ണൻ എന്ന ഒരു പാവപ്പെട്ട തീയ്യച്ചെക്കന്‍റെയും അവനെ കൊടുംനുണ പറഞ്ഞ് അരുംകൊല ചെയ്യിച്ച ഒരു പ്രഭുകുമാരിയുടെയും കഥയാണ്. 

Latest Videos

പതിനെട്ട് ചേരിക്കല്ലുകളുടെ അവകാശികളായിരുന്നു നീലേശ്വരം രാജവംശം. രാജവാഴ്‍ചയുടെ അവസാനകാലം. നീലേശ്വരത്തിനടുത്ത പള്ളിക്കര പ്രദേശത്തെ ഇടപ്രഭുക്കളായിരുന്നു കുറുവാട്ടു തറവാട്ടുകാര്‍. നീലേശ്വരം രാജാവിന്‍റെ പടനായരായിരുന്നു കുറുവാട്ടുകുറുപ്പ്.  ഈ തറവാട്ടിലെ പുറംപണിക്കാരനായിരുന്നു കണ്ണൻ. കാലികളെ മേക്കുന്ന ഒരു കറുത്ത ചെക്കൻ. പള്ളിക്കരയ്ക്ക് പടിഞ്ഞാറായിരുന്നു അവന്‍റെ കുടില്‍. നേരം പുലര്‍ന്നാല്‍ കണ്ണന്‍ നേരേ കുറുവാട്ടെത്തും. ഏഴാലകള്‍ നിറയെ കാലികളുണ്ട് തറവാട്ടില്‍. അവയെ മേയ്ക്കണം. കുളിപ്പിച്ച് വൃത്തിയാക്കണം. രാവിലെ തന്നെ കാലികളെയും കൊണ്ടവൻ കാടും മേടും മലയും കുന്നുമൊക്കെ കയറിയിറങ്ങും. പുല്ലുതിന്നും ചോലയിലെ വെള്ളം കുടിച്ചും പള്ള നിറഞ്ഞ് പൈക്കളും വയറുനിറയെ വിശപ്പുമായി കണ്ണനും മൂവന്തിയാകുമ്പോള്‍ ആലയില്‍ തിരികെയത്തും. തറവാട്ടില്‍ നിന്നും കിട്ടിയിരുന്ന നെല്ലായിരുന്നു പൈക്കളുടെ പള്ള നിറയ്ക്കുന്നതിന് കറുത്തകണ്ണനുള്ള കൂലി. 

വല്ലപ്പോഴും കിട്ടുന്ന ആ ഇത്തിരി നെല്ലുകൊണ്ട് ആ കുടുംബത്തിന് എന്താകാനാണ്? നാടു നിറയെ തേന്മാവുകളുണ്ട്. അവയില്‍ നിറയെ തേന്മാങ്ങകളും ഉണ്ട്. കറുത്തകണ്ണന് വിശപ്പടക്കാൻ ആ മാങ്ങകളല്ലാതെ മറ്റെന്തുണ്ട്? ഒരുദിവസം വൈകുന്നേരം ഒരു മാങ്കൊമ്പിലിരുന്ന് മാങ്ങ തിന്നുകയായിരുന്നു കണ്ണൻ. അന്നേരത്താണ് കുറവാട്ടുകുറുപ്പിന്‍റെ മരുമകള്‍ ആ വഴി വരുന്നത്. ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുകയായിരുന്നു അവള്‍. മാമ്പഴത്തിന്‍റെ തേന്മധുരം നുകരുന്നതിനിടെ താഴെ നില്‍ക്കുന്ന കൊച്ചമ്പ്രാട്ടിയെ കണ്ണന്‍ കണ്ടില്ല. 

ആ മാങ്ങകള്‍ അവളെയും പലപ്പോഴും കൊതിപ്പിച്ചിരുന്നു. പക്ഷേ കണ്ണനോടത് ചോദിക്കാൻ തറവാട്ടുമഹിമ അനുവദിച്ചില്ല. മാത്രമല്ല, കണ്ണന്‍റെ കറുത്ത ശരീരത്തിന്മേലും ഭ്രമമുണ്ടായിരുന്നു കൊച്ചു തമ്പുരാട്ടിക്ക്. എന്നാല്‍ അടക്കിവച്ച തേന്മാങ്ങാമോഹത്തെപ്പോലെ ഈ പ്രണയക്കൊതിയുടെ മനം തുറക്കാനും കുലമഹിമ അവളെ തടഞ്ഞു. ഇതൊക്കെ അടക്കിപ്പിടിച്ച് കുറച്ചുകാലമായി നട്ടംതിരിയുകയായിരുന്നു കൊച്ചമ്പ്രാട്ടിയുടെ മനസ്. അന്നേരത്താണ് തൊഴുതു മടങ്ങുന്നതിനിടെ മാവിന്മുകളില്‍ നിന്ന് എന്തോ ഒന്ന് അവളുടെ ദേഹത്ത് വന്നുവീഴുന്നത്. ഒരു മാങ്ങാണ്ടിയായിരുന്നു അത്. നോക്കിയപ്പോള്‍ കണ്ടു, മാവിനു മുകളില്‍ കണ്ണന്‍റെ കറുത്ത ഉടല്‍. അവളിലെ പ്രണയവും കാമവും ക്രോധവുമെല്ലാം ഒരുമിച്ചുതിളച്ചു. കലി മൂത്തു. നേരെ അമ്മാവന്‍റെ അടുത്തേക്ക് പാഞ്ഞു അവള്‍. എന്നിട്ട് പറഞ്ഞു: 

"വാല്യക്കാരൻ കണ്ണൻ എന്നെ മാങ്ങായണ്ടി കൊണ്ട് എറിഞ്ഞു അമ്മാവാ.."

തീയ്യച്ചെക്കന് ഇത്ര അഹങ്കാരമോ? കേട്ടപാതി ചീറിപ്പാഞ്ഞ് മാഞ്ചോട്ടിലെത്തി കുറുവാട്ടുകുറുപ്പ്. സംഭവിച്ചത് എന്തെന്നറിയാതെ അപ്പോഴും മാങ്കൊമ്പിലിരുന്ന് മാമ്പഴം തിന്ന് വിശപ്പാറ്റുകയായിരുന്നു കണ്ണൻ. പാഞ്ഞെത്തിയ കുറുപ്പ് കണ്ണനെ വലിച്ച് താഴേക്കിട്ടു. എന്നിട്ട് നിലത്തിട്ട് ചവിട്ടിയരച്ചു. അരപ്പട്ടിണിമേയുന്ന ആ കറുത്ത ശരീരം മണ്ണിലും ചോരയിലും മൂടി. എന്തിനെന്നുപോലുമറിയാതെ ചിത്രവധം ചെയ്യപ്പെട്ട കണ്ണൻ നിലത്തിഴഞ്ഞു. അന്നേരത്ത് കുറുപ്പ് അട്ടഹസിച്ചു:

"ഇനി ഈ ദേശത്ത് നിന്നെ കണ്ടുപോകരുത്, നായേ.."

പേടിച്ചരണ്ട കണ്ണൻ നാടും കൂടും വിട്ട്‌ ഓടി. വടക്കോട്ടായിരുന്നു ആ ഓട്ടം. ബേക്കലം പുഴയും ചന്ദ്രഗിരിപ്പുഴയും കടന്നു കണ്ണൻ. മലയാളനാട് കടന്ന് തുളുനാട്ടിലെത്തി കണ്ണൻ. നേത്രാവതിപ്പുഴ കടന്നതോടെ മംഗലാപുരം. പുഴയുടെ വടക്കേക്കരയില്‍, മംഗലാപുരത്തിന്‍റെ പ്രാന്തപ്രദേശമായ ജെപ്പ് എന്ന ഗ്രാമം. അവിടൊരു സ്‍ത്രീയെക്കണ്ടു കണ്ണന്‍. പെറ്റമ്മയെ ഓര്‍ത്തു കണ്ണൻ. കുടിക്കാൻ അവരോടല്‍പ്പം ജലം ചോദിച്ചു. കോയിൽകുടുപ്പാടിവീട്ടിലെ തണ്ടാര്‍മാതാവായിരുന്നു ആ സ്‍ത്രീ. കണ്ണന്റെ കഥ കേട്ട ആ അമ്മ അവനെ അവരുടെ വീട്ടിലേക്ക് കൂട്ടി. വീട്ടില്‍ ആ അമ്മ ഒറ്റയ്ക്കായിരുന്നു. അവിടെ താമസിക്കാൻ അവര്‍ പറഞ്ഞപ്പോള്‍ കണ്ണീരോടെ അനുസരിച്ചു കണ്ണൻ. 

അങ്ങനെ ആ അമ്മയ്ക്കൊപ്പം കോയിൽകുടുപ്പാടിവീട്ടില്‍ കണ്ണൻ താമസം തുടങ്ങി. ആരോരുമില്ലാത്ത ആ അമ്മയ്ക്ക് അങ്ങനൊരു മകൻ ജനിച്ചു.  മാങ്ങ മാത്രം തിന്നു വിശപ്പടക്കിയിരുന്ന കണ്ണന്‍റെ പള്ള ആലയിലെ പൈക്കളെപ്പോലെ നിറഞ്ഞു. കോയിൽകുടുപ്പാടിവീട്ടിലെ പശുപരിപാലനവും അവൻ ഏറ്റെടുത്തു. ജൈനന്മാരുടെ യാഗ ഭൂമിയായിരുന്നു ആ പ്രദേശം. നരസിംഹമൂർത്തിയായിരുന്നു കോയിൽകുടുപ്പാടിവീട്ടിലെ പരദേവത. തൃസന്ധ്യാ നേരത്ത് കട്ടിളപ്പടിയില്‍ വച്ച് ഹിരണ്യകശിപുവിന്‍റെ മാറുപിളര്‍ന്ന സാക്ഷാല്‍ വിഷ്‍ണുമൂര്‍ത്തിതന്നെ.  ജൈനരുടെ യാഗാഗ്നിയിൽ നിന്നും ഉയർന്നുവന്ന ഒരു ഇരുമ്പ്‌ ദണ്ഡ്‌ നരസിംഹമൂർത്തിയുടെ കൊട്ടിലില്‍ ആരാധിച്ചിരുന്നു.  കൊട്ടിലിലെ അടിച്ചുതളിയും അന്തിത്തിരിയും മറ്റു കര്‍മ്മങ്ങളും കണ്ണനെ ഏല്‍പ്പിച്ചു അമ്മ. ഒരുനാൾ ക്ഷേത്രത്തിൽ നിവേദിക്കാൻ വച്ചിരുന്ന പാൽ കാണാതായി. പാൽ കാണാഞ്ഞ്‌ അമ്മ കണ്ണനോടായി ചോദിച്ചു : 

“പാലെന്തായി കണ്ണാ..?” 

പൂച്ച കുടിച്ചതോ പരദേവത കുടിച്ചതോ അതോ തിളച്ചുതൂവിയതോ? നിശ്‍ചയമില്ല.  പാലിന്‍റെ പൊടിപോലുമില്ല കാണാൻ. നല്ലമ്മയോട്‌ എന്തു പറയും എന്നറിയാതെ കണ്ണൻ വിഷമിച്ചു. കാര്യം മനസിലാക്കിയ അമ്മ പറഞ്ഞു. 

"സാരമില്ല കണ്ണാ.. ഞാൻ നിന്‍റെ പേരു ചൊല്ലിയതാണെന്നു കരുതിയാൽ മതി.."

അങ്ങനെ തണ്ടാര്‍മാതാവ് പേരിട്ട കണ്ണൻ അന്നുമുതല്‍ പാലന്തായിക്കണ്ണനായി.

വർഷം പന്ത്രണ്ട് കഴിഞ്ഞു . ഒരുദിവസം മൂവന്തിക്ക് ഒരു കിനാവ് കണ്ടു കണ്ണൻ. നിരനിരയായി തേന്മാവുകള്‍. അവയില്‍ നിറയെ തേന്മാങ്ങകള്‍. അതോടെ പിറന്ന മണ്ണും പെറ്റമ്മയും കണ്ണനെ അലട്ടാൻ തുടങ്ങി. സങ്കടം അധികമായപ്പോള്‍ വളര്‍ത്തമ്മയോട്‌ കാര്യം പറഞ്ഞു കണ്ണൻ. വിഷമത്തോടെയാണെങ്കിലും നാട്ടില്‍പ്പോകാൻ അമ്മ സമ്മതം മൂളി. ഒരു വ്യാഴവട്ടക്കാലം താൻ വിളക്കുവെച്ച്‌ നൈവേദ്യമർപ്പിച്ച നരസിംഹമൂർത്തിയുടെ പള്ളിയറയുടെ മുന്നിൽ തൊഴുതുനിന്നു കണ്ണൻ.  തിരി തെളിച്ച് ഒരു ഓലക്കുടയെടുത്ത് മകന് നല്‍കി അമ്മ.  അപ്പോള്‍ കൊട്ടിലിലെ ചുരിക താനേയിറങ്ങി വന്ന് കണ്ണന്‍റെ വലം കയ്യില്‍ കയറി. ഇടത്തെ കയ്യില്‍ കുടയും വലത്തേക്കൈയ്യില്‍ ചുരികയുമായി നേരെ തെക്കോട്ടു നടന്നു കണ്ണൻ. 

നേത്രാവതിപ്പുഴ കടന്നു. ഉള്ളാളം കടന്നു. മലയും കുന്നും കയറിയിറങ്ങി കുമ്പള ചിത്രപീഠത്തിലെത്തി. അവിടെ തൊഴുതിറങ്ങുമ്പോള്‍ രക്തചാമുണ്ഡിയമ്മയും ഒപ്പം കൂടി. ചന്ദ്രഗിരിപ്പുഴ കടന്ന കീയ്യൂരെത്തി. പിന്നെ കളനാട് കുന്നു കയറിയിറങ്ങി തൃക്കണ്ണാടപ്പനെ തൊഴുതു. ബേക്കലം പുഴയും ചിത്താരിപ്പുഴയും കടന്ന് മഡിയൻകൂലോത്തെത്തി. മഡിയൻ കാളരാത്രിയേം ക്ഷേത്രപാലനേം തൊഴുത് കോട്ടച്ചേരിയെലത്തി. പിന്നെ മന്ന്യോട്ടെ എടമനത്തീയ്യനേം കണ്ട് മുത്തപ്പനാര്‍ക്കാവിലെത്തി. ശേഷം പടന്നക്കാട് കടന്നു. പിന്നെ നീലേശ്വരം തളിയിലപ്പനെ തൊഴുതു വീണ്ടും നടന്നു. മാമ്പഴ ഗന്ധം മൂക്കിലടിച്ചു. പള്ളിക്കര തൊട്ടടുത്തായിരിക്കുന്നു. കണ്ണന്‍റെ കണ്ണുനിറഞ്ഞു. ഓണക്കിളി കണ്ടം വഴി നടക്കുന്നതിനിടെ പഴയ ചങ്ങാതി കനത്താടനെ കണ്ടു. കഞ്ഞികുടിക്കാൻ ക്ഷണിച്ച ചങ്ങാതിയോട് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു കണ്ണൻ. എന്നിട്ട് കുളിക്കാൻ കദളിക്കുളത്തിലിറങ്ങി കണ്ണൻ. അപ്പോഴേക്കും കണ്ണനെത്തിയ വിവരം കുറുവാട്ടുകുറുപ്പിന്‍റെ കാതിലെത്തിയിരുന്നു. ആട്ടിയോടിച്ചിട്ടും തീയ്യച്ചെക്കൻ തിരിച്ചുവന്നിരിക്കുന്നു. തീര്‍ത്തിട്ടുതന്നെ ഇനി ബാക്കി കാര്യം. വാളുമായി കദളിക്കുളത്തിനു നേര ഓടിയടുത്തു കുറുപ്പും സംഘവും. 

"നാടുകടത്തപ്പെട്ട നായേ.. നാട്ടാചാരം മറന്ന്  നീ തിരിച്ചെത്തി അല്ലേ നായേ..?" 

അയാളുടെ അലര്‍ച്ച കേട്ട് ഞെട്ടിത്തിരിഞ്ഞു കണ്ണൻ. കുറുപ്പിനെ കണ്ട് കണ്ണീരോടെ കൈകള്‍ കൂപ്പി കണ്ണൻ. 

"അടിയനെ കൊല്ലരുതേ.. അമ്മയെ കണ്ട് അടിയൻ ഉടനെ തിരിച്ചു പോയ്ക്കൊള്ളാമേ.."

എന്നാല്‍ പക മൂത്ത് ആ കണ്ണീര് കണ്ടില്ല കുറുപ്പ്. ആ വാക്കൊന്നു കേട്ടുപോലുമില്ല  കുറുപ്പ്. കണ്ണനെ ആഞ്ഞു വെട്ടി അയാള്‍. തലയറ്റ് കുളത്തില്‍ പതിച്ചു കണ്ണൻ. ചോര വീണ് കദളിക്കുളം കുരുതിക്കളം പോലെ ചുവന്നു. കൽപ്പടവിൽ വെച്ച കണ്ണന്റെ ചുരികയും കുടയും ചവിട്ടിപ്പൊളിച്ചു കുറുപ്പ്. എന്നിട്ട് തിരികെ നടന്നു അയാളും അനുചരന്മാരും. നാലടി നീങ്ങിയില്ല, ആ ക്ഷണം ഒടിഞ്ഞ ഓലക്കുട എഴുന്നുനിന്നു തുള്ളിത്തുടങ്ങി. അതാ കണ്ണന്‍റെ ചുരികയും അനങ്ങിത്തുടങ്ങുന്നു. കദളിക്കുളത്തിലെ താമരകളെയൊക്കെയും അറുത്തിട്ട്‌ പടിഞ്ഞാറോട്ട്‌ കുതിച്ചു ആ ചുരിക. പേടിച്ചരണ്ട കുറുപ്പും സംഘവും തിരിഞ്ഞോടി. 

ഈ സമയം കുറുവാട്ട് തറവാട്ടില്‍ ഉച്ചമയക്കത്തിലായിരുന്നു കുറുപ്പിന്‍റെ മരുമകള്‍. പെട്ടെന്ന് ഉറക്കം ഞെട്ടിയ കൊച്ചമ്പ്രാട്ടി ജനാലയിലൂടെ ആ കാഴ്‍ച കണ്ട് നടുങ്ങിവിറച്ചു. ഏഴ് ആലകളിലെയും കാലികളെല്ലാം അതാ തീതുപ്പുന്നു. അലറിവിളിച്ച് കട്ടിലില്‍ നിന്നും ഇറങ്ങിയോടി തമ്പുരാട്ടി. എന്നാല്‍ മറ്റൊരു കാഴ്‍ചകൂടി കണ്ടതോടെ അവള്‍ക്ക് നട്ടപ്പിരാന്തായി. വീടിന്‍റെ മൂലകളില്‍ കണ്ണന്‍റെ തല. നൃത്തം ചവിട്ടുന്നു, ചോരയിറ്റുന്ന കറുത്ത കബന്ധങ്ങള്‍. പുറത്തേക്കോടി അവള്‍. പക്ഷേ ഉമ്മറപ്പടി കടക്കാനായില്ല. അവിടെ ഇഴയുന്നു, നൂറുകണക്കിന് കരിനാഗങ്ങള്‍. മുറ്റത്താണെങ്കിലോ നിറയെ നരികള്‍. അവ നിര്‍ത്താതെ ഓരിയിടുന്നു. അതിനിടയിലൂടെ തുള്ളിത്തുള്ളി വരുന്നു ഒരു ചുരികയും ഒപ്പമൊരു ഓലക്കുടയും. അപ്പോഴേക്കും ഓടിപ്പാഞ്ഞെത്തി കുറുപ്പും സംഘവും. തറവാടിന്‍റെ പടിപ്പുര നിന്നിടത്ത്‌ ചെമ്മണ്ണും തീപ്പുകയും മാത്രം. ബോധരഹിതയായി കിടക്കുന്ന മരുമകളെ അയാള്‍ താങ്ങിയെടുത്തു. ബോധം തെളിഞ്ഞയവള്‍ അലറിയോടി. അന്നത്തോടെ കുറുവാട്ടുവീടിന്‍റെ ഉറക്കം നഷ്‍ടമായി. കാണുന്നതെല്ലാം കറുത്തരൂപങ്ങള്‍ മാത്രം, കേള്‍ക്കുന്നതോ നെഞ്ചുലയ്ക്കുന്ന തേങ്ങലുകളും.

നരസിംഹമൂര്‍ത്തിയുടെ ഉപാസകനായിരുന്ന കണ്ണന്‍റെ ഒപ്പം വന്നത് ദൈവിക ശക്തിയാണെന്നും കണ്ണനും ദൈവക്കരുവായെന്നും കവടിയില്‍ തെളിഞ്ഞു. എന്നിട്ടും തന്‍റെ അധികാരപരിധിയില്‍ കണ്ണനെന്ന തീയ്യനെ സംസ്‍കരിക്കാന്‍ അനുവദിച്ചില്ല കുറുവാട്ടുകുറുപ്പ്. എന്നാല്‍ മറ്റൊരു നായര്‍ പ്രമാണിയായിരുന്ന മേലത്തച്ഛൻ കണ്ണന്‍റെ മൃതദേഹം സംസ്‍കരിക്കാൻ തനിക്ക് അവകാശപ്പെട്ട സ്ഥലം വിട്ടുനല്‍കി.

കുറുവാട്ടുതറവാട്ടില്‍ അനര്‍ത്ഥങ്ങള്‍ തുടര്‍ക്കഥയായി. നട്ടപ്പിരാന്ത് പിടിച്ച മരുമകള്‍ കുറുപ്പിനെ നോക്കി പല്ലിളിച്ചുകൊണ്ടിരുന്നു. വീണ്ടും കവടി നിരന്നു. നരസിംഹ മൂര്‍ത്തിയുടെ ഭക്തനായ പാലന്തായി കണ്ണനെ കൊന്നതിന് പ്രായശ്ചിത്തം ചെയ്യണം. കദളിക്കുളത്തില്‍ നിന്നും ഇളകിത്തുള്ളിപ്പാഞ്ഞ കണ്ണന്‍റെ ചുരിക കോട്ടപ്പുറത്ത് മോയോന്‍റെ പടിഞ്ഞാറ്റയില്‍ ചെന്നിരിപ്പുണ്ട്. അവിടെ നരസിംഹമൂര്‍ത്തിക്ക് പള്ളിയറ പണിയണം. ഭക്തൻ പാലന്തായിക്കും വേണം പ്രത്യേകം പള്ളിയറ. അതിനുള്ള മുഹൂര്‍ത്തക്കല്ല് കുറുവാട്ടുകുറുപ്പ് സ്വന്തം തലയില്‍ ചുമന്ന് കൊണ്ടുചെല്ലണം. 

മറ്റൊരു രക്ഷയും ഇല്ലാതായതോടെ കുറുപ്പ് കവടി പറഞ്ഞതൊക്കെ അക്ഷരംപ്രതി അനുസരിച്ചു. നിലേശ്വരം രാജാവ് തലയില്‍ വച്ചുകൊടുത്ത മുഹൂര്‍ത്തക്കല്ലുമായി  കോട്ടപ്പുറത്തെത്തി ക്ഷേത്രം പണിത്‌ വിഷ്‍ണുമൂർത്തിയെയും പാലന്തായി കണ്ണനെയും കുടിയിരുത്തി കുറുവാട്ടുകുറുപ്പ്‌. ആര്‍ക്കാണ് കോലാധികാരം എന്നറിയാൻ ജന്മകണിശൻ രാശിവച്ചു. മലയരുടെ മൂപ്പൻ പാലായി കൃഷ്‍ണൻ പരപ്പേനെ വിഷ്‍ണുമൂര്‍ത്തിയുടെ കോലക്കാരനായി നിശ്‍ചയിച്ചു. അപ്പോള്‍ അടുത്ത പ്രശ്‍നമുദിച്ചു. തെയ്യക്കോലത്തിന്‍റെ രൂപം എങ്ങനെയായിരിക്കണം? അന്ന് രാത്രി പാലായി പരപ്പേന് സ്വപ്‍നദര്‍ശനമുണ്ടായി. കുരുത്തോലയും കാക്കപ്പൊന്നും മരവുമൊക്കെച്ചേര്‍ന്നൊരു രൂപം പാലായിപ്പരപ്പേന്‍റെ നിദ്രയില്‍ ഉറഞ്ഞാടി. അന്ന് അദ്ദേഹം സ്വപ്‍നത്തില്‍ കണ്ട ആ രൂപമാണ് നമ്മള്‍ ഇന്നു കാണുന്ന വിഷ്‍ണുമൂര്‍ത്തി. 

പ്രശ്‍നവിധി അനുസരിച്ച് ഇത്രയൊക്കെ ചെയ്‍തെങ്കിലും കണ്ണനെന്ന അടിയാളച്ചെറുക്കനോടുള്ള വെറുപ്പും പകയും കുറുവാട്ടുകുറുപ്പില്‍ നിന്നും മാഞ്ഞിരുന്നില്ല. മാത്രമല്ല കണ്ണന്‍റെ ഒപ്പം വന്ന മൂര്‍ത്തിയോടും അയാള്‍ക്ക് അരിശമുണ്ടായിരുന്നു. നരസിംഹമൂര്‍ത്തിക്ക് അത്രയ്ക്ക് ശക്തിയുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിക്കാൻ കൂടി തീരുമാനിച്ചു കുറുപ്പ്. അതിന് നീലേശ്വരം തമ്പുരാന്‍റെ സമ്മതവും നേടിയെടുത്തു അയാള്‍. അങ്ങനെ പള്ളിക്കരയിലെ കുഞ്ഞിപ്പുളിക്കാലില്‍ ഒരു പുരയോളം ഉയരത്തില്‍ വിറക് കുന്നുകൂട്ടി കുറുപ്പും സംഘവും. പ്ലാവ്, ചെമ്പകം തുടങ്ങിയ മരങ്ങളായിരുന്നു വിറക്. എന്നിട്ട് പാലായി പരപ്പേനെ വിളിച്ചു വരുത്തി തമ്പുരാനും കുറുപ്പും. തീച്ചാമുണ്ഡി കെട്ടി തീക്കനലില്‍ നൃത്തം ചെയ്യണം. ഇന്നേക്ക് നാല്‍പ്പത്തെട്ട് ദിവസത്തിനകം ഒറ്റക്കോലത്തിന് രൂപവും തോറ്റവുമുണ്ടാക്കി നെരിപ്പില്‍ വീഴണം. ഇതായിരുന്നു രാജകല്‍പ്പന. 

അങ്ങനെ പാലായി പരപ്പേന്‍റെ ഭാവനയില്‍ തെയ്യക്കോലത്തിന് ആറ്റവും തോറ്റവും പിറന്നു. കുരുത്തോല കൊണ്ടുള്ള ചെറിയ മുടി. ഒലിയുടുപ്പും അരയോടയും കയ്യില്‍ കുരുത്തോല കൊണ്ടുള്ള നഖവും. പിന്നെ തലപ്പാളിയും ചെക്കിപ്പൂവും. ആടയാഭരണങ്ങള്‍ക്ക് പ്രധാന്യം ഒട്ടുമില്ലായിരുന്നു ഒറ്റക്കോലത്തിന്. ആരൂഢസ്ഥാനമായ കോട്ടപ്പുറത്ത് ആദ്യത്തെ വിഷ്‍ണുമൂര്‍ത്തിയെ കെട്ടിയാടിക്കുന്നതിനും മുമ്പേ, തുലാംപതിമൂന്നിന് പുലര്‍ച്ചെ പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ ജ്വലിക്കുന്ന കനല്‍ക്കൂമ്പാരത്തിലേക്ക്, കരിമെയ്യില്‍ ആവേശിച്ച ദൈവവുമായി മലയൻ പരപ്പൻ ചാടി. വടക്കൻകേരളത്തിലെ ആദ്യത്തെ ഒറ്റക്കോലമായിരുന്നു അത്. 

കോമരങ്ങളെ തള്ളിമാറ്റി നാലുറഞ്ഞു തീത്തുള്ളിയ തീച്ചാമുണ്ഡിയെ കണ്ടപ്പോഴാണ് ആരെയാണ് തങ്ങള്‍ പരീക്ഷിക്കുന്നതെന്ന ബോധം നാട്ടരചന്മാരുടെ തലയില്‍ ഉദിക്കുന്നത്.  കുതിച്ചോടി കനല്‍ക്കുന്നത്തുറഞ്ഞലറുകയാണ് ചാമുണ്ഡി. കനലില്‍ മലര്‍ന്നും കമിഴ്‍ന്നുമൊക്കെ ഉരുളുകയാണ് തീച്ചാമുണ്ഡി. ഒപ്പമുള്ള കനലാടിമാര്‍ വലിച്ചെടുത്തുനോക്കി. പിടിച്ചെടുക്കാൻ നോക്കി. പക്ഷേ ഓരോ തവണയും മാറ്റിയിട്ടും കുതറിയോടി വീണ്ടുംവീണ്ടും കനല്‍ക്കൂമ്പാരത്തില്‍ ആറാടി അട്ടഹസിച്ചു ചാമുണ്ഡി. തീക്കണ്ണുകള്‍ ചുകചുകന്നു. ശീതമേറിത്തരിക്കുന്നെന്ന് പതം പറഞ്ഞ് പരിഹസിച്ചു ചിരിച്ചു. പിന്നെ വലതുറഞ്ഞു. വലതുകത്തിക്കേറിയപ്പോള്‍ ഇടതുറഞ്ഞു. കുരുന്നോലക്കൊടി കരിഞ്ഞു. അപ്പോഴും തീയില്‍ മലര്‍ന്നുകിടന്ന് അമറി തീച്ചാമുണ്ഡി. 

കുന്നോളം തീയിലിട്ട് അച്ഛൻ ഹിരണ്യകശിപു ചുടാൻ ശ്രമിച്ചിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ തിരികെവന്ന വിഷ്‍ണു ഭക്തനാണ് പ്രഹ്ളാദൻ. ഹിരണ്യകശിപുവിനെ വധിക്കാൻ അവതരിച്ച വിഷ്‍ണുരൂപമാണ് സാക്ഷാല്‍ നരസിംഹം. അഗ്നിക്ക് വിഷ്‍ണു ഭക്തനെ ദംശിക്കാൻ സാധിക്കുന്നില്ലെങ്കില്‍, അംശാവതാരമായ നരസിംഹത്തിന് അഗ്നികുണ്ഡം വെറും മഞ്ഞുതുള്ളിയായിരിക്കും എന്ന സത്യം കുറുപ്പും തമ്പുരാനും മാത്രമല്ല സാക്ഷാല്‍ അഗ്നിദേവൻ പോലും തിരിച്ചറിഞ്ഞ ദിവസമായിരുന്നു ആ തുലാം പതിമൂന്ന്. കാരണം, പണ്ടൊരു തൃസന്ധ്യാ നേരത്ത്, തൂണുപിളര്‍ന്ന് നരസിംഹം പുറത്തുചാടിയ നിമിഷത്തില്‍ പഞ്ചഭൂതങ്ങള്‍ ഉള്‍പ്പടെ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും ആ ഘോരരൂപം കണ്ട് ഭയന്ന് നിശ്‍ചലമായിപ്പോയിരുന്നു. എന്നാല്‍ അപ്പോഴും താൻ വലിയവനാണെന്ന ഭാവത്തില്‍ അഗ്നിമാത്രം ജ്വലിച്ചുകൊണ്ടിരുന്നു. അഗ്നിയുടെ അഹന്തയ്ക്ക് മേല്‍ വന്നുപതിക്കുന്ന വിഷ്‍ണുകോപത്തിന്‍റെ അടക്കാനാകാത്ത പേമാരികൂടിയാകുന്നു കോലത്തുനാട്ടിലും തുളുനാട്ടിലും ഓരോതവണയും കെട്ടിയാടിക്കുന്ന ഒറ്റക്കോലമെന്ന തീച്ചാമുണ്ഡിയും വിഷ്‍ണുമൂര്‍ത്തിയും.

തീച്ചാമുണ്ഡി വീഡിയോ കാണാം

മറ്റ് തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

 

 

click me!