തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

By Prashobh Prasannan  |  First Published Nov 3, 2022, 3:45 PM IST

അത്യുത്തരകേരളത്തിലെ തെയ്യ പ്രപഞ്ചത്തിലും ഭൂതങ്ങളുടെ സജീവ സാനിധ്യമുണ്ട്. വെളുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീഭൂതം,  അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം തുടങ്ങിയ ഭൂതകോലങ്ങളാണ് ഈ ഭൂതസാനിധ്യത്തിന് തെളിവ്. ഇവിടെ, തെയ്യക്കോലമായ ഒരു ഭൂതത്തിന്‍റെ കഥയാണ്  പറയുന്നത്. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമൊക്കെ കെട്ടിയാടുന്ന ശ്രീഭൂതം അഥവാ കരിമ്പൂതം എന്ന രസികൻ തെയ്യക്കോലമാണിത്. 


ദ്രാവിഡ സംസ്‍കൃതിയുമായി ബന്ധപ്പെട്ട്, അതിരുകളില്ലാതെ പരന്നുകിടക്കുന്ന വിശാലമായ അര്‍ത്ഥാന്തരങ്ങളുണ്ട് 'ഭൂതം' അഥവാ 'പൂതം' എന്ന വാക്കിന്.  ദേവത, ബാധ, പരേതാത്മാവ്, ശിവന്‍റെ ഗണങ്ങള്‍, കാളിയുടെ പരിവാരദേവത തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി അര്‍ത്ഥതലങ്ങളിലും സന്ദര്‍ഭങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന മലയാള വാക്കാണ് ഭൂതം. ഭൂതശബ്‍ദത്തിന് മാത്രമല്ല അനന്തത. അമാനുഷികവും അസാധ്യവുമായ പലകാര്യങ്ങളും ചെയ്യാൻ ഭൂതങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. 'നിധി കാക്കുന്ന ഭൂതം' എന്ന ഭാഷാ പ്രയോഗം തന്നെ ഈ ഉറച്ച വിശ്വാസത്തിന് തെളിവാണ്. പല ജലാശയങ്ങളും ഗുഹകളുമൊക്കെ ഭൂതങ്ങള്‍ കുഴിച്ചതാണെന്നൊരു വിശ്വാസവും നാട്ടുകഥകളുമൊക്കെ പലയിടങ്ങളിലും പ്രചാരത്തിലുണ്ട്. ഉണ്ണിയെ കവര്‍ന്ന ഇടശേരിയുടെ പൂതത്തേയും ഉണ്ണിയെ വീണ്ടെടുത്ത അമ്മയുടെ ചങ്കുറപ്പിനെയും മലയാളം ഒരിക്കലും മറക്കാനിടയില്ല.

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

Latest Videos

undefined

ഭൂതക്കളം, ഭൂതംകളി, ഭൂതം തുള്ളല്‍, ഭൂതമാരണ ബലി, ഭൂതത്താൻ പാട്ട്, ഭൂതസ്ഥാനം തുടങ്ങി ഭൂതാരാധനയുമായി ബന്ധപ്പെട്ട് നിരവധി പദങ്ങള്‍ മലയാള ഭാഷയിലുണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങള്‍, നായാട്ടുമായി ബന്ധപ്പെട്ട വനഭൂതങ്ങളായ ദുര്‍ദേവതകള്‍, ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ പ്രേത പിശാചുക്കളായ ഭൂതങ്ങള്‍ എന്നിങ്ങനെ ഭൂതങ്ങളില്‍പ്പെടുന്ന ദേവതകള്‍ പലതരമാണ്. നിത്യപൂജയുള്ള ക്ഷേത്രങ്ങളില്‍ ഭൂതഗണങ്ങള്‍ക്ക് ബലി നല്‍കുന്ന പതിവുണ്ട്. മുഖ്യദേവന്‍റെ പരിവാരങ്ങളാകും ഈ ഭൂതഗണങ്ങള്‍.  വിശേഷ ദിവസങ്ങളിലെ ശ്രീഭൂതബലി ഇതിന്‍റെ ഭാഗമാണ്. 

അത്യുത്തരകേരളത്തിലെ തെയ്യ പ്രപഞ്ചത്തിലും ഭൂതങ്ങളുടെ സജീവ സാനിധ്യമുണ്ട്. വെളുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീഭൂതം,  അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം തുടങ്ങിയ ഭൂതകോലങ്ങളാണ് ഈ ഭൂതസാനിധ്യത്തിന് തെളിവ്. ഇവയില്‍ ചില ഭൂതങ്ങള്‍ ശിവഭൂതങ്ങളാണ്. ചില ദേവതകളെ ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോഴും ഭൂതം എന്ന് വിശേഷിപ്പിക്കാറുണ്ട്. പഞ്ചുരുളി ഭൂതം ഒരുദാഹരണം. 

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

ഇവിടെ, തെയ്യക്കോലമായ ഒരു ഭൂതത്തിന്‍റെ കഥയാണ് ഇനി പറയാൻ പോകുന്നത്. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമൊക്കെ കെട്ടിയാടുന്ന ശ്രീഭൂതം അഥവാ കരിമ്പൂതം എന്ന രസികൻ തെയ്യക്കോലമാണിത്.  ചൂട്ടും വീശി മേനി കുലുക്കി നടക്കും ഈ ഭൂതം. 'കൊട്ടല്ല പൊട്ടാ..' എന്നൊക്കെ പറഞ്ഞ് വാദ്യക്കാരെ പേടിപ്പിക്കും. അനുസരിക്കാത്തവരുടെ ചെണ്ടയില്‍ കയറിപ്പിടിക്കും. പിന്നെ കനലാടിമാരോട് തര്‍ക്കിക്കും. ഫലിത സംഭാഷണങ്ങളില്‍ ഏര്‍പ്പെടും. ഒടുവില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഭക്തരെ അനുഗ്രഹിച്ചും അരങ്ങില്‍ വച്ച് തന്നെ മുഖപ്പാള അഴിച്ച് അണിയലത്തേക്ക് മടങ്ങും ശ്രീഭൂതം.  

തളിപ്പറമ്പിലാണ് തന്‍റെ അച്ഛനെന്നും മാടായിയാണ് അമ്മ വീടെന്നുമാണ് ഈ തെയ്യം പറയാറ്. തളിപ്പറമ്പെന്നാല്‍ രാജരാജേശ്വര ക്ഷേത്രമെന്ന് വിവക്ഷ. മാടായി എന്നാല്‍ മാടായിക്കാവും. ശിവന്‍റെ ഭൂതഗണമെന്നും ശിവപുത്രനുമൊക്കെയാണ് വണ്ണാൻ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യക്കോലം എന്നാണ് സങ്കല്‍പ്പം. മുഖത്തെഴുത്തിന് പകരം മുഖപ്പാളയാണ് ശ്രീഭൂതത്തിന്.  നൃത്തച്ചുവടുകളോടെ അണിയറയില്‍ നിന്നും അരങ്ങില്‍ പ്രവേശിക്കും ശ്രീഭൂതം. ഭക്തരുടെ സാനിധ്യത്തിലാണ്  മുഖപ്പാള അണിയുക. ആദ്യം വിസമ്മതിക്കുന്ന തെയ്യത്തെ കനലാടിമാര്‍ നിര്‍ബന്ധിച്ചാണ് പാള ധരിപ്പിക്കുന്നത്. കയ്യില്‍ കുറ്റിച്ചൂട്ടും കാണും. ചിലപ്പോള്‍ കുറച്ചുനേരം കൊട്ടിനൊത്ത് ആടിക്കുഴഞ്ഞ് നടക്കും. പിന്നെ കൊട്ടല്ലേ കൊട്ടല്ലേ കൊട്ടല്ലേ പൊട്ടാ എന്നൊക്കെപ്പറഞ്ഞ് വാദ്യക്കാരെ വിലക്കും. ശേഷാണ് കനലാടിമാരുമായുള്ള ഫലിത സംഭാഷണങ്ങള്‍. ഒപ്പം ചില ഹാസ്യക്രീഡകളും കാണും. തന്നെപ്പറ്റിയുള്ള ചില പരാമര്‍ശങ്ങളും പുരാണകഥകളുമൊക്കെയാണ് ഈ സംഭാഷണങ്ങളില്‍.  ശേഷം ഭക്തരെ അനുഗ്രഹിക്കും. പിന്നെ ശിവസ്‍തോത്രം ചൊല്ലും. ഒടുവില്‍ മുഖപ്പാള അഴിച്ച് അണിയറയിലേക്ക് മടങ്ങും.

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

എന്നാല്‍ ശിവപുത്രനല്ല 'പുതൃമല പുതൃപിശാചിന്‍റെ' പൊന്മകനാണ് ശ്രീഭൂതം അഥവാ കരിംഭൂതം എന്നാണ് ഡോ എം വി വിഷ്‍ണു നമ്പൂതിരിയുടെ പക്ഷം. തെയ്യപ്രപഞ്ചത്തിലെ വെളുത്തഭൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളുടെ വിഭാഗത്തിൽ വരുന്നവയാണ് അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവയെന്നും വാദമുണ്ട്. 'ഭൂതം' എന്ന പദം ശാസ്‍താവിനെ സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. എന്തായാലും പ്രാക്തനമായ ഒരു ആരാധനാ രീതിയാണിത്. പരശുരാമൻ കേരളത്തില്‍ നാഗങ്ങളെയും ഭൂതങ്ങളെയും പ്രതിഷ്‍ഠിച്ചതായി കേരളോല്‍പ്പത്തിയെ ഉദ്ദരിച്ച് വിഷ്‍ണു നമ്പൂതിരി എഴുതുന്നു. 'പൂതത്താര്' എന്ന പേരില്‍ പുലയര്‍ കെട്ടിയാടുന്ന തെയ്യവും ശിവാംശ സങ്കല്‍പ്പം തന്നെയാണ്. ആശാരിമാരുടെ സ്ഥാനങ്ങളില്‍ കെട്ടാറുള്ള 'മണിക്കുണ്ടൻ' എന്ന തെയ്യവും ഒരു ഭൂതമാണ്. 

ദുര്‍മൃതിയടഞ്ഞ പ്രേതപിശാചുക്കളാണ് 'അണങ്ങുഭൂത'മെന്നാണ് സങ്കല്‍പ്പം. ദണ്ഡിയങ്ങാനത്ത് ഭഗവതിയോടൊപ്പമാണ് 'അണങ്ങുഭൂത'ത്തിന്‍റെ പുറപ്പാട്. മാവിലരുടെ 'ചിറകണ്ടൻ പൂതവും' ഈ വിഭാഗത്തില്‍പ്പെടുന്നു. തുളുവനത്ത് കൂലോത്ത് കെട്ടിയാടുന്ന മറ്റൊരു ഭൂതത്തെയ്യമാണ് 'അളര്‍ഭൂതം'. രാമവില്യംകഴത്തിലും മറ്റുമുള്ള 'വട്ടിപ്പൂതം' ഗര്‍ഭസംബന്ധമായ അസുഖങ്ങള്‍ മാറ്റുന്ന ഒരു ദേവതയാണ്. 

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

'ഭൂതം' എന്ന മലയാള ശബ്‍ദത്തിന്‍റെ അര്‍ത്ഥവ്യാപ്‍തി അനന്തമാണെന്ന് തുടക്കത്തില്‍ പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യമൊന്നും കേരളത്തില്‍ ഇല്ല എന്നത് മറ്റൊരു കൌതുകം. ഭൂതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ 'സ്ഥാനങ്ങള്‍ ഉള്ളത് തുളുനാട്ടിലാണ്. 

click me!