ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

By Prashobh Prasannan  |  First Published Nov 1, 2022, 12:51 PM IST

ആളലങ്കാരങ്ങളും ആരവങ്ങളും ആര്‍ഭാടങ്ങളും ഒന്നുമില്ലാത്ത ഒരു ദൈവം. കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കുന്ന നങ്ങാളങ്ങര ഭഗവതി എന്ന അമ്മ ദൈവം. 


ടിട്ട മാടമില്ല. ചെമ്പടിച്ച ശ്രീകോവിലില്ല, പുല്ലിട്ട പുല്‍പ്പുരപോലുമില്ല. നാലുകണ്ടംതെല്ലും, നാല് സര്‍പ്പത്താന്മാരും മാത്രം കൂട്ടിനുള്ള ഒരു സ്ഥലക്കൂറ്. പണം കിലുങ്ങുന്ന നേര്‍ച്ചപ്പെട്ടികളില്ല, ചുറ്റുമതിലുകളില്ല, എന്തിന് നിത്യവിളക്ക് പോലുമില്ല. കളിയാട്ട ദിനങ്ങളിലാണെങ്കിലോ കൊടിയിലത്തോറ്റമോ, അന്തിത്തോറ്റമോ ഇല്ല. വാദ്യത്തിന് ചെണ്ടയോ ചേങ്ങിലയോ ഇല്ല. പകരം, ഒരു വീക്ക് ചെണ്ടയുടെ പതിഞ്ഞ താളം മാത്രം. വെളിച്ചത്തില്‍ ആറാടാൻ ട്യൂബ് ലൈറ്റുകളുടെ പാല്‍വെളിച്ചമില്ല, ശബ്‍ദഘോഷങ്ങളില്ല. പകരം, കുത്തുവിളക്കിന്‍റയും ചൂട്ടുകറ്റകളുടെയും അരണ്ട വെട്ടവും ചീവീട് ശബ്‍ദവും മാത്രം. ഇത് ആളലങ്കാരങ്ങളും ആരവങ്ങളും ആര്‍ഭാടങ്ങളും ഒന്നുമില്ലാത്ത ഒരു ദൈവം. കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കളിപ്പിക്കുന്ന നങ്ങാളങ്ങര ഭഗവതി എന്ന അമ്മ ദൈവം. 

Latest Videos

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിക്കടുത്ത ഇരിണാവിലാണ് നങ്ങാളങ്ങര ഭഗവതിക്കാവ്.  വിളക്കു വയ്ക്കാൻ ഒരു മൺതറയും വള്ളിക്കാടുകൾക്കിടയിലെ നാഗസ്ഥാനവും മാത്രമാണ് ഈ കാവിലുള്ളത്. സന്താനലബ്ധിക്കായി ഭക്തരെ അനുഗ്രഹിക്കുന്ന അമ്മ ദൈവമാണ് നങ്ങാളങ്ങരപ്പോതി. പല അമ്മത്തെയ്യങ്ങളെയും പോലെ ദാരികനെ വധിക്കാൻ അവതരിച്ച സാക്ഷാല്‍ ഭദ്രകാളിയോട് ബന്ധപ്പെട്ടതാണ് ഈ തെയ്യത്തിന്‍റെ ഐതിഹ്യവും. 

ദുഷ്‍ടനായ ദാരികനെക്കൊല്ലാൻ കാളിക്ക് പിന്നാലെ ഒന്നല്ല, ഒരുപാട് അമ്മമാര്‍ പിറന്നു. കാരണമെന്തെന്നോ? ഭൂമിയില്‍ വീഴുന്ന ഓരോതുള്ളി ദാരിക രക്തത്തില്‍ നിന്നും പതിനായിരക്കണക്കിന് അസുരന്മാര്‍ ഉയിര്‍ക്കും. അതുകൊണ്ട് ദാരിക വധത്തിന് തൊട്ടുമുമ്പ് ഭൂമിമുഴുവനും നാവുവീശി മറച്ചു കാളിയമ്മമാര്‍. ഇറ്റുവീഴുന്ന ദാരിക രക്തം ഒരിറ്റുപോലും നിലം തൊടീക്കാതെ, തുള്ളിയൊന്നൊഴിയാതെ, പാനം ചെയ്‍തു കാളിയമ്മമാര്‍. അതിലൊരു ദേവിയാണ് നങ്ങാളങ്ങര ഭഗവതി. സാക്ഷാല്‍ മാടായിക്കാവിലയമ്മയുടെ സഹോദരി. ഭഗവതി ചെറുമനുഷ്യരുടെ ഇടയിലെത്തിയ കഥ ഇങ്ങനെ. കീഴ്‍ലോകത്ത് ആധിയും വ്യാധിയും പെരുകിയപ്പോള്‍ പരമശിവൻ തിരുമകളെ അരികില്‍ വിളിച്ചു. എന്നിട്ട് പറഞ്ഞു:

"നീ കീഴ്ലോകത്ത് ചെല്ലണം.. ചെറുമനുഷ്യരുടെ ആധിയും സങ്കടങ്ങളും മാറ്റണം.. കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കണം.." 

നല്ലച്ഛന്‍റെ ആജ്ഞ അനുസരിച്ച് മേല്‍ലോകത്ത് നിന്നും ചെറുമനുഷ്യരുടെ അരികത്തെത്തി കാളിത്തിരുമകള്‍. ആദ്യം നേരെ മാടായിക്കാവിലെത്തി ചേച്ചിയെ കണ്ടു കാളിത്തിരുമകള്‍. വടക്കോട്ടേക്ക് പോകണം എന്ന് പിന്നെത്തോന്നി. അങ്ങനെ ചുഴലി സ്വരൂപത്തിന് കീഴിലെ കണ്ടിയില്‍ വീടും കരിയില്‍ വീടും കണ്ടു. അവരുടെ ദീപം കണ്ട് ബോധിച്ചു. അങ്ങനെ ചെറുകുന്നിലമ്മയെയും ചുഴലി ഭഗവതിയെയും വന്ദിച്ച് നങ്ങാളങ്ങരയില്‍ കുടിയിരുന്നു ഭഗവതി. 

പ്രദേശത്ത് ദൈവിക സാനിധ്യം മനസിലാക്കിയ ചെറുമനുഷ്യര്‍ അവിടൊരു ക്ഷേത്രം പണിയാമെന്ന് തീരുമാനിച്ചു. മനസറിയാൻ പ്രശ്‍നം വച്ചപ്പോള്‍ വിചിത്രമായിരുന്നു വിധി. 'എറവെള്ളം കടലിലിറങ്ങുന്ന നേരത്ത് മാത്രമേ തനിക്ക് ക്ഷേത്രം വേണ്ടൂ' എന്നായിരുന്നു അമ്മയുടെ അരുളപ്പാട്. അതായത് ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം നേരിട്ട് കടലില്‍ പതിക്കണമെന്ന് അര്‍ത്ഥം. ഒരിക്കലും നടക്കാനിടയില്ലാത്ത ആ നിര്‍ദ്ദേശത്തിന്‍റെ പൊരുള്‍ ഇത്രമാത്രം -

 "എനിക്ക് ക്ഷേത്രം വേണ്ട, അങ്ങനൊരു ചിന്തയേ വേണ്ടെന്‍റെ ചെറുമനുഷ്യരേ..!

വണ്ണാൻ സമദായത്തിനാണ് നങ്ങാളങ്ങര ഭഗവതിയെ കെട്ടിയാടുന്നതിനുള്ള  ജന്മാവകാശം. നാല് തലമുറകളെങ്കിലും പഴക്കമുണ്ടാകും തങ്ങളുടെ കുടുംബം നങ്ങാളങ്ങര ഭഗവതിയെ കെട്ടിയാടിത്തുടങ്ങിയിട്ടെന്ന് പറയുന്നു നിലവിലെ കോലധാരിയായ ഇരിണാവിലെ നികേഷ് പെരുവണ്ണാൻ. തുലാം 11 മുതല്‍ വൃശ്ചിക സംക്രമം വരെയുള്ള 20 ദിവസമാണ് നങ്ങാളങ്ങരക്കാവിലെ കളിയാട്ടക്കാലം. സന്താനലബ്‍ദിക്കായുള്ള നേർച്ചയായാണ് തെയ്യം കെട്ടിയാടിക്കുന്നത്.  

തലേ വര്‍ഷത്തെ കളിയാട്ട ശേഷം കാടുമൂടിക്കിടക്കുന്ന കാവില്‍ പിറ്റേ വര്‍ഷം തുലാം 11ന് രാവിലെ മാത്രമേ മനുഷ്യപ്രവേശനം പാടുള്ളു. അന്നേദിവസം സ്ഥലശുദ്ധി വരുത്തി ദീപം വയ്ക്കും. 20 ദിവസത്തെ ദീപം മാത്രം. വണ്ണാരമില്ല. നിത്യവിളക്കില്ല. എല്ലാ സന്ധ്യകളിലും ഏകദേശം ഒരു മണിക്കൂർ നേരം മാത്രമായിരിക്കും ചടങ്ങ്. ആദ്യദിനം രയരോത്തു തറവാട്ടുകാരാണ് തെയ്യം കെട്ടിയാടിക്കുക. രണ്ടാം ദിനം പഞ്ചക്കീല്‍ തറവാട്ടുകാരും മൂന്നാം ദിവസം പുളീക്കണ്ടി തറവാട്ടുകാരും. പിന്നെയുള്ള 17 ദിവസങ്ങള്‍ സന്താനലബ്‍ദിക്കായുള്ള ഓരോ ഭക്തരുടെ വീതം നേർച്ചയായാണ് തെയ്യം കെട്ടിക്കുക.  

വാദ്യഘോഷങ്ങളും ആർഭാടവും ആരവങ്ങളുമില്ലാതെയാണ് കളിയാട്ടം. കാവിനുള്ളിലെ വള്ളിക്കുടിലിനുള്ളിൽ വച്ചാണ് മുഖത്തെഴുത്ത്. നാഗം താക്കല്‍ അഥവാ പുരികോം ചൊട്ടേം എന്ന മുഖത്തെഴുത്ത് ശൈലിയാണ് ഈ തെയ്യത്തിന്. ഇത് കോലക്കാരൻ സ്വയം തന്നെ ഇരുന്നെഴുതണം.  കൊടിയിലത്തോറ്റമോ, അന്തി തോറ്റമോ ഇല്ല. ഒരു വീക്കു ചെണ്ടയുടെ മാത്രം പതിഞ്ഞ താളത്തിൽ ഭഗവതി സ്‍തുതി പാടി തെയ്യം മുടി വയ്ക്കും.  മുടി നിറയെ കോത്തിരി കുത്തിയാണ് ഭഗവതിയുടെ വരവ്. കോത്തിരിക്ക് തീ കൊളുത്തുന്നത് കനലാടിയല്ല, കലശക്കാരനാണ്. തെയ്യം ഉറഞ്ഞാടുമ്പോള്‍ കുട്ടികള്‍ കുരുത്തോല കഷണങ്ങള്‍ തെയ്യത്തിനു നേരെ ഇടയ്ക്കിടെ എറിയും; ചെറുമനുഷ്യരുടെ പുഷ്‍പവൃഷ്‍ടിയുടെ ഓര്‍മ്മപ്പെടുത്തല്‍.  കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കണമെന്നാണല്ലോ നല്ലച്ഛന്‍റെ നിര്‍ദ്ദേശം. അതുകൊണ്ട് സന്താനലബ്‍ദിയാണ് നേര്‍ച്ച. വിവാഹം കഴിഞ്ഞ് സംവത്സരത്തോട് സംവത്സരമായിട്ടും സന്താനമില്ലാത്തവരുടെ പ്രാര്‍ത്ഥന അമ്മ കേള്‍ക്കും. കളത്തില് കരു കുറയാതെ അമ്മ കാക്കും. നല്ലച്ഛന്‍റെ ആജ്ഞ അക്ഷരംപ്രതി നടപ്പാക്കും.

ക്ഷേത്രം നിര്‍മ്മിക്കുന്നതിനും നേര്‍ച്ചപ്പെട്ടി സ്ഥാപിക്കുന്നതിനും മാത്രമല്ല അമ്മ എതിര്.  കോണ്‍ക്രീറ്റ് കൊണ്ടൊരു തറയുണ്ടാക്കാൻ ശ്രമിച്ചപ്പോള്‍ സര്‍പ്പത്തിന്‍റെ കണ്ണടയ്ക്കരുതെന്നായിരുന്നു അരുളപ്പാട്. ഓരോ വർഷവും അനുഗ്രഹം തേടി അനേകം ഭക്തരാണ് ഇവിടെയെത്തുന്നത്. എന്നാല്‍ വര്‍ഷത്തിലെ 17 നേര്‍ച്ചകളുടെ എണ്ണം കൂട്ടാനും അനുവാദമില്ലെന്ന് പറയുന്നു നികേഷ് പെരുവണ്ണാൻ. മനുഷ്യര്‍ക്ക് വെറുതെ ആശ കൊടുക്കരുതെന്നാണ് അമ്മയുടെ പക്ഷം. ആഗ്രഹം നടന്നുകഴിഞ്ഞാല്‍ മാത്രം നേര്‍ച്ച നടത്തിയാല്‍ മതിയെന്നത് മറ്റൊരു പ്രത്യേകത.

വിവാഹം കഴിഞ്ഞ് 25 വര്‍ഷത്തോളം കുട്ടികള്‍ ഇല്ലാതിരുന്നവര്‍ക്കുപോലും താലോലത്തിന് അമ്മ അവസരമൊരുക്കിയെന്നും നികേഷ് പെരുവണ്ണാൻ പറയുന്നു. മേല്‍ലോകത്ത് നിന്ന് കീഴ്ലോകത്തേക്ക് കയ്യെടുക്കുന്ന കാലങ്ങളില്‍ മടിയില്‍ നന്നായി അളന്നിട്ടല്ല കയ്യെടുത്തതെന്നും വന്ദിച്ചവര്‍ക്ക് വരം കൊടുക്കും, നിന്ദിച്ചവര്‍ക്ക് നിറവും കൊടുക്കും എന്നുമാണ് അരുളപ്പാട്. അതായത് ഒന്നുമില്ല, വെറും കയ്യോടെ ആണ് ദേവി ഇങ്ങോട്ട് വന്നതെന്ന് അര്‍ത്ഥം. എങ്കിലും അനുഗ്രഹത്തിന് പഞ്ഞമൊന്നും ഉണ്ടാകില്ലെന്നും അരുളപ്പാട്. 

20 ദിവസങ്ങള്‍ തികയുന്ന വൃശ്ചിക സംക്രമത്തലേന്നു പത്തെണ്ണി പതിരു തിരിക്കും. തറയ്ക്ക് പ്രദക്ഷിണം ചെയ്‍ത് ഏറിയോരു ഗുണം വരാൻ എണ്ണിയെണ്ണി പ്രാര്‍ത്ഥിക്കും. പിന്നെ ദേവിയെ അകംപാടി അടയ്‍ക്കും. പിന്നത്തെ ഒരു വർഷക്കാലത്തേക്ക് ഈ ദേവസ്ഥാനത്തേക്ക് മനുഷ്യന് പ്രവേശനമില്ല.

ഇതോടെ, മനുഷ്യസ്‍പര്‍ശമില്ലാതെ ഭൂമിയില്‍ ഒരു കാടുകിളിര്‍ക്കും. കാടകപ്പൊന്തയിലെ ഇരുളിന്‍റെ ആഴങ്ങളില്‍ ഈറകളും കാട്ടുവള്ളികളും പുള്ളും പരുന്തും കുരുത്തോല നാഗങ്ങളുമൊക്കെ ആത്മബോധത്തിന്‍റെ ഈണം കൊരുക്കും. മനുഷ്യപ്പേടിയില്ലാതെ ചെറുജീവികളുടെ തള്ളമാരും പിള്ളകളുമൊക്കെ അവിടെ തുള്ളിക്കളിക്കും. കളത്തിലെ കരു കുറയാത്ത ആ കാഴ്‍ച കണ്ട് മേല്‍ലോകത്തെ നല്ലച്ഛനും കീഴ്‍ലോകത്തെ തിരുമകളും തമ്മില്‍നോക്കി പുഞ്ചിരിക്കും. ചെറുമനുഷ്യര്‍ക്ക് മാത്രമല്ല താലോല സ്വപ്‍നങ്ങളെന്ന പെരിയസത്യം ദൈവങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നെ ആരറിയാനാണ്?!

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

click me!