കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

By Prashobh Prasannan  |  First Published Nov 11, 2022, 10:26 PM IST

കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ മലമ്പ്രദേശങ്ങളിലെ ആദിമ ജനസമൂഹമായ കരിമ്പാലന്മാരുടെ ഉപാസനാമൂർത്തിയായ ഒരു അപൂര്‍വ്വ തെയ്യക്കോലമാണ് നമ്മുടെ ചെമ്പിലോട്ട് ഭൂതം. ഈ ഭൂതത്തിന്‍റെ കഥ അറിയണോ? എങ്കില്‍ കരിമ്പാലര്‍ എന്ന ആദിവാസി ജനതയുടെ കഥ കൂടി അറിയണം. 


ചെമ്പിലോട്ട് ഭൂതത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കനലെരിയും കണ്ണുകള്‍. അലറിയാല്‍ എട്ടുദിക്കും നടുങ്ങും. മനുഷ്യച്ചങ്ങല തകര്‍ത്തെറിയുന്ന കരുത്തൻ. കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകര്‍ത്ത് പുരപ്പുറത്തേറി നൃത്തം ചെയ്യുന്ന രസികൻ. കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ മലമ്പ്രദേശങ്ങളിലെ ആദിമ ജനസമൂഹമായ കരിമ്പാലന്മാരുടെ ഉപാസനാമൂർത്തിയായ ഒരു അപൂര്‍വ്വ തെയ്യക്കോലമാണ് നമ്മുടെ ചെമ്പിലോട്ട് ഭൂതം. ഈ ഭൂതത്തിന്‍റെ കഥ അറിയണോ? എങ്കില്‍ കരിമ്പാലര്‍ എന്ന ആദിവാസി ജനതയുടെ കഥ കൂടി അറിയണം. 

പണ്ടുപണ്ടാണ്. എന്നുവച്ചാല്‍ വളരെപ്പണ്ട്. വൈതല്‍ മലയിലെ പരമശിവന്‍റെ ബലിബിംബം ഒരുദിനം കവര്‍ച്ചപോയി. ഇതറിഞ്ഞ ശിവന്‍ കുപിതനായി. കോപം ശമിപ്പിക്കാന്‍ ചുഴലി ഭഗവതിയായ പാര്‍വ്വതീദേവി ഓടിപ്പാഞ്ഞെത്തി. കാവുംഭാഗത്തുവച്ച് ദൈവദമ്പതികള്‍ പരസ്‍പരം കണ്ടുമുട്ടി. ഏറെക്കാലമായി തമ്മിലൊന്ന് കണ്ടിട്ട്. മുഖത്തോടുമുഖം നോക്കി അവരങ്ങനെ നിന്നു. ആ നില്‍പ്പില്‍ പ്രണയം ജ്വലിച്ചു. പ്രണയാഗ്നിയില്‍ ഭഗവാന് തൊണ്ട വരണ്ടു. ദൈവദമ്പതികളുടെ ഈ ഭാവഭേദങ്ങള്‍ കണ്ട് തദ്ദേശീയരായ പാവം വനവാസികള്‍ ഒന്നും തിരിയാതെ കണ്ണുംമിഴിച്ച് അവിടെ നില്‍പ്പുണ്ടായിരുന്നു. കുടിക്കാന്‍ അവരോടല്‍പ്പം ജലം ചോദിച്ചു ശിവന്‍. വെള്ളമല്ല, കാച്ചിയ പാല് തന്നെ നല്ലച്ഛന് കുടിക്കാൻ നല്‍കി അവര്‍. പക്ഷേ പാലു കുടിച്ചപ്പോള്‍ ദൈവത്തിനു പുകചുവച്ചു. 'കരിമ്പാല്‍' എന്ന് ദൈവം പതം പറഞ്ഞു. എന്നാല്‍ പാലുകുടിച്ച് സന്തോഷിച്ച ദൈവം തങ്ങളെ 'കരിംബാലാ' എന്ന് ഓമനപ്പേരുചൊല്ലി വിളിച്ചതാണ് എന്നായിരുന്നു ആ പാവം മനുഷ്യര്‍ കരുതിയത്. അങ്ങനെ ആ നാമം വംശനാമമായി സ്വീകരിച്ചവര്‍ കരിമ്പാലന്മാരായി 

Latest Videos

ഇന്നത്തെ കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങള്‍ കരിമ്പാലരുടെ സ്വന്തം മണ്ണായിരുന്നു ഒരുകാലത്ത്. കൃഷി ചെയ്‍ത് അല്ലലില്ലാതെ ജീവിതം നയിച്ചിരുന്ന ജനസമൂഹമായിരുന്നു അന്ന് കരിമ്പാലര്‍. മലഞ്ചെരിവിലെ കാടുവെട്ടിത്തെളിച്ച് നിലമൊരുക്കിയായിരുന്നു അവരുടെ പുനംകൃഷി. മലമുകളില്‍ അവര്‍ പൊന്നുവിളയിച്ചു. പുന്നെല്ല് കവരാൻ വന്ന വന്യമൃഗങ്ങളെ അവര്‍ ഒന്നുചേര്‍ന്ന് തടുത്തു. അതിനവരെ കരുത്തരാക്കിയത് ഭൂതങ്ങള്‍ ഉള്‍പ്പെടെയുള്ള വനദേവതകളായിരുന്നു. ഓരോ വര്‍ഷവും കൃഷി കഴിഞ്ഞ് വിളവുമായി കരിമ്പാലര്‍ തിരിച്ച് മലയിറങ്ങും. വര്‍ഷാവര്‍ഷം കൃഷിക്കായി മെച്ചപ്പെട്ട സ്ഥലം നോക്കി വീണ്ടും മല കയറും.

അങ്ങനെ ഒരുനാളില്‍ കൃഷിയൊക്കെക്കഴിഞ്ഞ് മലയിറങ്ങി തിരികെവന്ന കരിമ്പാലര്‍ ഞെട്ടിപ്പോയി. താഴെയുള്ള തങ്ങളുടെ ഭൂമിയെല്ലാം പലര്‍ ചേര്‍ന്ന് കയ്യടക്കിയിരിക്കുന്നു. അധിനിവേശക്കാരുടെ കയ്യൂക്കിന് മുന്നില്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തികളും പകച്ചുനില്‍ക്കുന്നത് കണ്ണീരോടെ കണ്ടു കരിമ്പാലര്‍. അങ്ങനെ കണ്ണും തുടച്ചവര്‍ വീണ്ടും മലകയറി. ഒടുക്കത്തെ ആ മലകയറ്റത്തിനു ശേഷം അവരുടെ ജീവിതം ഇന്നും ആ മലയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്നു. 

ഇനി നമുക്ക് ചെമ്പിലോട്ട് ഭൂതത്തിന്‍റെ കഥയിലേക്ക് വരാം.. 

കരിമ്പാലരുടെ കൃഷിഭൂമിയുടെ കാവല്‍ക്കാരനാണ് ചെമ്പിലോട്ട് ഭൂതം.  പുനം നെല്ല് കൊയ്ത്തു കഴിഞ്ഞാല്‍ കുടിലുകളിൽ നെൽക്കറ്റകൾ സൂക്ഷിച്ചുവയ്ക്കുമായിരുന്നു പണ്ട്.  ഇത് കവരാന്‍ എത്തുന്നവരെ പിടികൂടാനായി മെതിയുത്സവം എന്ന ചടങ്ങും നടത്താറുണ്ടായിരുന്നു.  ഈ ചടങ്ങിന്‍റെ ഓര്‍മ്മപുതുക്കലായാണ് ചെമ്പിലോട്ട് ഭൂതമെന്ന തെയ്യക്കോലത്തിന്‍റെ വരവ്. ആലക്കോടിനടുത്ത നടുവില്‍ ദേശത്തെ അയ്യപ്പ - വനദുര്‍ഗ്ഗാ ക്ഷേത്രത്തിലാണ് അടുത്തിടെ അപൂര്‍വ്വ തെയ്യക്കോലമായ ചെമ്പിലോട്ട് ഭൂതത്തെ കെട്ടിയാടിയത്. 

വാഴപ്പോളകൾ കൊണ്ടു നിർമ്മിച്ച താൽക്കാലിക 'പതി'യിലാണ് ചെമ്പിലോട്ടുഭൂതത്തിന്‍റെ തെയ്യാട്ടങ്ങളുടെ തുടക്കം. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുക എന്ന തീർത്തും വിധ്വംസാത്മക ചടങ്ങാണ് ചെമ്പിലോട്ടുഭൂതം തെയ്യത്തിന്‍റെ മുഖ്യ അനുഷ്‍ഠാനം. കാവല്‍ക്കാരനായ ചെമ്പിലോട്ട് ഭൂതത്തിന്‍റെ ധാരണ തന്നെ ഉപാസിക്കുന്ന കരിമ്പാലരുടെ കൃഷിഭൂമിയില്‍ ആരൊക്കെയോ അതിക്രമിച്ചു കയറിയിട്ടുണ്ട് എന്നാണ്. കരിമ്പാല സമുദായത്തിന്‍റെ ഐശ്വര്യത്തിന്‍റെ പ്രതീകമായ വാഴപ്പോള ഉള്‍പ്പെടെ അക്രമികള്‍ കൈക്കലാക്കിയെന്ന ധാരണയില്‍ അത് വീണ്ടെടുക്കാൻ ഭൂതം ശ്രമിക്കും. എന്നാല്‍ അതിനെ സംരക്ഷിക്കാൻ കരിമ്പാല യുവാക്കള്‍ കൈകോര്‍ത്തുപിടിച്ച് വളഞ്ഞുനില്‍ക്കും. തുടര്‍ന്ന് വന്യമായ പോരാട്ടമാകും നടക്കുക. ഭൂതത്തെ വാഴപ്പോളയ്ക്കടുത്തേക്ക് അടുപ്പിക്കാതിരിക്കാൻ യുവാക്കള്‍ പരമാവധി ശ്രമിക്കും. ആക്രോശിച്ചുകൊണ്ട് ഭൂതം വീണ്ടും വീണ്ടും ആഞ്ഞടുക്കും. കനത്ത ബലപ്രയോഗങ്ങള്‍ക്കൊടുവില്‍ വാഴപ്പോള ഭൂതം കൈക്കലാക്കുകതന്നെ ചെയ്യും. 

വാഴപ്പോള കൈക്കലാക്കിയാല്‍ ഭീതിദമായ ആക്രോശങ്ങളോടെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പുരപ്പുറത്തേക്ക് ഓടിക്കയറും ഭൂതം. എന്നിട്ട് കോപത്തോടെ അട്ടഹസിക്കും. പുല്‍പ്പുരയുടെ മേല്‍ക്കൂരയിലെ പുല്ല് വാരിവലിച്ചെറിയും. പുരപ്പുറം ചവിട്ടിക്കുലുക്കും. പുരപ്പുറത്ത് കിടന്നുരുളും. ജനത്തെ നോക്കി പരിഹസിച്ച് ചിരിക്കും. തുടര്‍ന്ന് കരിമ്പാലര്‍ നെല്‍ക്കതിര്‍ നീട്ടിക്കാണിക്കും.  ഭൂതത്തെ അനുനയിപ്പിക്കാൻ ശ്രമിക്കും. ഏറെ നേരത്തെ അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ ശാന്തനാകുന്ന ചെമ്പിലോട്ട് ഭൂതം പുരപ്പുറത്തുനിന്നും താഴെ ഇറങ്ങും. പിന്നീട് ഭക്തരെ അനുഗ്രഹിക്കും. ശേഷം അണിയലത്തിലെത്തി മുടിവച്ച ശേഷം ചെമ്പിലോട്ട് ഭഗവതിയായും ഇതേ കോലക്കാരൻ തന്നെ വീണ്ടും അരങ്ങിലെത്തും. 

ഒരേസമയം വന്യവും രസികത്വവുമാണ് ചെമ്പിലോട്ടുഭൂതത്തിന്‍റെ പ്രധാന പ്രത്യകത. എന്നാല്‍ മെതിയുത്സവത്തിന്‍റെ പ്രതീകാത്മകതയ്ക്കപ്പുറം ഭൂതം ഓര്‍മ്മിപ്പിക്കുന്നത് ഒരുപക്ഷേ മറ്റ് ചില കാര്യങ്ങളാവാം. പണ്ട്, മാമരങ്ങളായി വളര്‍ന്നു മാനംമുട്ടിനിന്ന ചില മനുഷ്യരുടെ ചങ്കുറപ്പിന്‍റെ കഥകളാവാം. എല്ലുപൊക്കിയ ഗോപുരങ്ങള്‍ കണക്കിന് അവര്‍ ഉയിര്‍ക്കുമെന്നും കല്ലുപാകിയ കോട്ടപോലെയുണര്‍ന്നു നേരിടുമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാകാം. കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും എന്ന മുദ്രാവാക്യം വിളിയാകാം. കാട്ടുതീയായ് പടരുന്ന പൊരിയാകാൻ കലകള്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ എന്തിനാണത് സാധിക്കാനാകുക?!

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

click me!