വെള്ളത്തിന് പകരം കൊക്കകോള, കൊക്കകോളയ്ക്ക് വേണ്ടി ഒരു പള്ളി പോലുമുള്ള നാട്!

By Web Team  |  First Published Mar 13, 2022, 1:52 PM IST

അതേസമയം അവിടെയുള്ള ആളുകൾ എങ്ങനെയാണ് കൊക്കകോളയിൽ ഇത്രകണ്ട് ആശ്രയിക്കാൻ തുടങ്ങിയത്? കുടിവെള്ളം കുറവാണ് എന്നതാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. പലയിടത്തും ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ. പലരും വെള്ളം അധിക പണം കൊടുത്ത് വാങ്ങാൻ നിർബന്ധിതരാകുന്നു. 


ലോകത്തിൽ ഏറ്റവും കൂടുതൽ കൊക്കകോള(Coca-Cola) ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമാണ് മെക്സിക്കോ. മെക്‌സിക്കോയിലെ സാൻ ജുവാൻ ചാമുല(San Juan Chamula) എന്ന ചെറിയ ഗ്രാമത്തിൽ കൊക്കകോളയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഒരു പള്ളി പോലുമുണ്ട്. അവിടെ എവിടെ തിരിഞ്ഞു നോക്കിയാലും കൊക്കകോളയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാം. റോഡിൽ കാണുന്ന കോളയുടെ ലോഗോ പതിച്ച ചുവന്ന ട്രക്കുകൾ, വഴിവക്കിലെ കടകളിൽ കാണുന്ന കൊക്കകോള ഫ്രിഡ്ജുകൾ, കോളയുടെ വലിയ ബിൽബോർഡ് പരസ്യങ്ങൾ എല്ലാം പട്ടണങ്ങളിലെ പരിചിത കാഴ്ചകളാണ്.  

അവിടെയുള്ള സകലമാന ജനങ്ങളും ആ ചുവന്ന സോഡയുടെ രുചി ശീലിച്ചു വളർന്ന ആളുകളാണ്. നിർമാണത്തൊഴിലാളികൾ അതിരാവിലെ തന്നെ രണ്ട് ലിറ്ററോ മൂന്ന് ലിറ്ററോ വരുന്ന കുപ്പികൾ മുറുകെപ്പിടിച്ച് ജോലിക്ക് പോകുന്നു. തൊട്ടിലിൽ കുഞ്ഞുങ്ങൾ ഓറഞ്ച് സോഡ നിറച്ച കുപ്പികൾ കുടിക്കുന്നു. ഇനി മെക്സിക്കോയുടെ തെക്കേ അറ്റത്തുള്ള ചിയാപാസിലാകട്ടെ, കൊക്കകോളയ്ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് കൂടുതലും. അതിനാൽ ഇത് മതപരമായ ആചാരങ്ങളിലും, രോഗശാന്തി ചടങ്ങുകളിലും ഒഴിച്ച് കൂടാനാകാതെ ഒന്നായിട്ടാണ് അവർ കാണുന്നത്. കൂടാതെ, ജന്മദിനം, വിവാഹം തുടങ്ങി എല്ലാ ആഘോഷങ്ങളിലും, ഒത്തുചേരലിലും ഇത് കൂടാതെ കഴിയില്ല.  

Latest Videos

undefined

അവിടെയുള്ള കൊക്കകോള ചർച്ച് ചിയാപാസിലെ സാൻ ജുവാൻ ചാമുലയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികൾ കരുതുന്നത് ആത്മാവിനെ തിന്മയിൽ നിന്ന് മോചിപ്പിക്കാൻ കൊക്കകോള കുടിച്ചാൽ മതിയെന്നാണ്. കൊക്കകോള കുടിച്ചാൽ എക്കിൾ ഉണ്ടാകാറുണ്ട്. എക്കിൾ പുറത്ത് പോകുന്നതിലൂടെ ദുഷ്ടശക്തി ശരീരം വിട്ട് പോകുമെന്നാണ് അവരുടെ വിശ്വാസം.

അതേസമയം അവിടെയുള്ള ആളുകൾ എങ്ങനെയാണ് കൊക്കകോളയിൽ ഇത്രകണ്ട് ആശ്രയിക്കാൻ തുടങ്ങിയത്? കുടിവെള്ളം കുറവാണ് എന്നതാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. പലയിടത്തും ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ. പലരും വെള്ളം അധിക പണം കൊടുത്ത് വാങ്ങാൻ നിർബന്ധിതരാകുന്നു. അതിനാൽ, പല താമസക്കാരും കുപ്പിവെള്ളത്തേക്കാൾ എളുപ്പത്തിൽ ലഭ്യമാകുന്ന കൊക്കകോള കുടിക്കാൻ താത്പര്യപ്പെടുന്നു. ഇത് കുടിവെള്ളത്തേക്കാൾ വിലകുറവും, സുലഭവുമാണ്. അവിടത്തെ നിവാസികൾ പ്രതിദിനം ശരാശരി രണ്ട് ലിറ്ററിലധികം അല്ലെങ്കിൽ അര ഗ്യാലനിൽ കൂടുതൽ കോക്ക് കുടിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.  

എന്നാൽ, ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‍നങ്ങൾ ചെറുതല്ല. ചിയാപാസിലെ പ്രമേഹം മൂലമുള്ള മരണനിരക്ക് 2013 -നും 2016 -നും ഇടയിൽ 30 ശതമാനം വർദ്ധിച്ചിരുന്നു. ഹൃദ്രോഗം കഴിഞ്ഞാൽ സംസ്ഥാനത്ത് മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം പ്രമേഹമാണ്. ഓരോ വർഷവും 3,000 -ത്തിലധികം ആളുകളാണ് ഇത് മൂലം മരണപ്പെടുന്നത്. ഇതിനെതിരെ 2014 ജനുവരിയിൽ, മെക്സിക്കോ പഞ്ചസാര പാനീയങ്ങൾക്കും ജങ്ക് ഫുഡിനും ദേശീയ നികുതി ഏർപ്പെടുത്തിയിരുന്നു. ഓരോ ലിറ്റർ പാനീയത്തിനും 10 ശതമാനമായിരുന്നു നികുതി.   

മെക്സിക്കോയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണത്തിലും രാജ്യം മുന്നിലാണ്. "ഏകദേശം 10 ശതമാനം കുട്ടികളും ആദ്യത്തെ ആറ് മാസത്തിനകത്ത് സോഡ കുടിക്കാൻ ആരംഭിക്കുന്നു" മെക്സിക്കോ സിറ്റിയിലെ ഫെഡറിക്കോ ഗോമസ് കുട്ടികളുടെ ആശുപത്രിയിലെ ചൈൽഡ് ഒബിസിറ്റി വിദഗ്ധനായ ഡോ. സാൽവഡോർ വില്ലാൽപാൻഡോ പറയുന്നു. ഇത് കുട്ടികളിൽ ഉയരക്കുറവ്, വളർച്ച മുരടിക്കൽ, പ്രമേഹം എന്നിവയ്ക്ക്  കാരണമാകുന്നു. മെക്സിക്കോയിൽ, കൊക്കകോള വെറും ഒരു പാനീയം മാത്രമല്ല, പകരം സംസ്കാരത്തിൽ വേരൂന്നിയ പഴക്കമേറിയ ഒരു ശീലമാണ്. ആ ശീലത്തെ പിഴുതെറിയാൻ സർക്കാർ പലവിധ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും, ആ മണ്ണിൽ അത് ഇന്നും തഴച്ച് വളരുകയാണ്.  

click me!