വിസ കിട്ടുക എന്നത് പലരുടേയും സ്വപ്നമാണ്. അതിന് വേണ്ടി ഒരുപാട് പരിശ്രമിച്ച് കാത്തിരിക്കുന്നവരും ഉണ്ട്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്നിട്ടും വിസ കിട്ടാത്തവർ പലരും പോകുന്ന ക്ഷേത്രമാണ് തെലങ്കാനയിലെ വിസ ബാലാജി ക്ഷേത്രം.
വളരെ വിചിത്രമെന്ന് തോന്നുന്ന ചില ആരാധനാലയങ്ങളും ആരാധനാ രീതികളും ഇന്ത്യയിൽ നിലവിലുണ്ട്. രാജസ്ഥാനിലെ ബുള്ളറ്റ് ബാബ ക്ഷേത്രം, കൊൽക്കത്തയിലെ അമിതാബ് ഭച്ചൻ ക്ഷേത്രം, കൊൽക്കത്തയിലെ ചൈനീസ് കാളി ക്ഷേത്രം, മധ്യ പ്രദേശിലെ കാലഭൈരവ ക്ഷേത്രം, തെലങ്കാനയിലെ വിസ ബാലാജി ക്ഷേത്രം എന്നിവ അതിൽ ചിലത് മാത്രമാണ്. ഇനി എന്താണ് ഇവിടങ്ങളിലെ പ്രത്യേകത എന്നല്ലേ?
ബുള്ളറ്റ് ബാബ ക്ഷേത്രം, രാജസ്ഥാൻ
undefined
രാജസ്ഥാനിൽ ഒരുപാട് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്ന ക്ഷേത്രമാണ് ബുള്ളറ്റ് ബാബ ക്ഷേത്രം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഇവിടുത്തെ പ്രതിക്ഷ്ഠ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള പാലി പട്ടണത്തിനടുത്തുള്ള ചോട്ടില ഗ്രാമത്തിലാണ് ഈ ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന ധാം എന്നായിരുന്നു ക്ഷേത്രത്തിന്റെ ആദ്യത്തെ പേര്.
1988 ഡിസംബർ 2 -ന്, പാലിയിലെ സന്ദേറാവുവിന് സമീപമുള്ള ബംഗ്ഡി എന്ന പട്ടണത്തിൽ നിന്ന് ചോട്ടിലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓം ബന്ന. ആ സമയത്ത് അദ്ദേഹത്തിന്റെ എൻഫീൽഡിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വണ്ടി മരത്തിലിടിക്കുകയും ചെയ്തു. ഓം ബന്ന തൽക്ഷണം തന്നെ മരിച്ചു. ബുള്ളറ്റ് സമീപത്തെ കുഴിയിലാണ് ചെന്ന് വീണത്. പൊലീസ് ബുള്ളറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, പിറ്റേദിവസം ആയപ്പോൾ ബുള്ളറ്റ് സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷമാവുകയും അപകടം നടന്ന അവിടുത്തെ കുഴിയിൽ തന്നെ ചെന്നുവീണു എന്നുമാണ് പറയുന്നത്.
വീണ്ടും പൊലീസ് ബുള്ളറ്റ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. അതിൽ നിന്നും ഇന്ധനമൂറ്റി കാലിയാക്കുകയും അത് ലോക്ക് ചെയ്യുകയും ഒക്കെ ചെയ്തിട്ടും പിറ്റേന്നും ബുള്ളറ്റ് അപ്രത്യക്ഷമാവുകയും കുഴിയിൽ തന്നെ ചെന്ന് നിൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അതോടെയാണ് ബുള്ളറ്റിനെ ആരാധിക്കാനും അവിടെ ബുള്ളറ്റ് ബാബ ക്ഷേത്രം ഉണ്ടാവുകയും ചെയ്തത്.
അമിതാഭ് ബച്ചൻ ക്ഷേത്രം, കൊൽക്കത്ത
കൊൽക്കത്തയിൽ അമിതാഭ് ബച്ചനെ ആരാധിക്കാൻ ഒരു ക്ഷേത്രമുണ്ട്. 2017 -ൽ സർക്കാർ 3 തിയറ്ററുകളിൽ എത്തിയപ്പോഴാണ് ഓൾ ബംഗാൾ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷൻ അദ്ദേഹത്തിന്റെ ഒരു പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. കൊൽക്കത്തയിലെ ഒരു ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമ നിർമ്മിച്ചത് സുബ്രത ബോസാണ്.
ചൈനീസ് കാളി ക്ഷേത്രം, കൊൽക്കത്ത
സാധാരണയായി ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ കിട്ടുന്ന ചില പ്രസാദങ്ങളൊക്കെയുണ്ടല്ലേ? എന്നാൽ, അതും പ്രതീക്ഷിച്ച് ഈ ക്ഷേത്രത്തിൽ പോയിട്ട് കാര്യമില്ല. ഇവിടെ പ്രസാദം നൂഡിൽസും ചോപ് സുയിയും ആണ്. കൊൽക്കത്തയിലെ ചൈനാ ടൗണിലെ താംഗ്രയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് 80 വർഷം പഴക്കമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. ഒരുപാട് വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
കാലഭൈരവ ക്ഷേത്രം, മധ്യ പ്രദേശ്
നേരത്തെ പറഞ്ഞതുപോലെ പ്രസാദം കൊണ്ടാണ് ഈ ക്ഷേത്രവും വേറിട്ട് നിൽക്കുന്നത്. വിശ്വസിക്കാൻ പ്രയാസം തോന്നുന്ന വളരെ വ്യത്യസ്തമായ ഒരു പ്രസാദമാണ് ഇവിടെ വിശ്വാസികൾക്ക് കിട്ടുക. അത് മദ്യമാണ്. അതുപോലെ തന്നെ വിശ്വാസികൾ ദൈവത്തിന് നിവേദ്യമായി സമർപ്പിക്കുന്നതും മദ്യമാണ്. ക്ഷേത്രത്തിന് പുറത്ത് തന്നെ മദ്യം കിട്ടുന്ന കടകളും ഉണ്ട്.
വിസ ബാലാജി ക്ഷേത്രം, തെലങ്കാന
വിസ കിട്ടുക എന്നത് പലരുടേയും സ്വപ്നമാണ്. അതിന് വേണ്ടി ഒരുപാട് പരിശ്രമിച്ച് കാത്തിരിക്കുന്നവരും ഉണ്ട്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്നിട്ടും വിസ കിട്ടാത്തവർ പലരും പോകുന്ന ക്ഷേത്രമാണ് തെലങ്കാനയിലെ വിസ ബാലാജി ക്ഷേത്രം. വിസ ആവശ്യമുള്ള എല്ലാവരെയും ഇവിടെ വെങ്കിടേശ്വര ഭഗവാൻ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.
വായിക്കാം:
നഗ്നരായി കടലില്‍ കുളിച്ച് മാത്രമേ ഈ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയൂ, അതും പുരുഷന്മാര്‍ക്ക് മാത്രം!
ബുദ്ധസന്യാസിമാർ ചെയ്ത് നൽകുന്ന ടാറ്റൂ, മഷി തയ്യാറാക്കുന്നത് പാമ്പിൻവിഷവും എണ്ണയുമെല്ലാം ചേർത്ത്...
പത്തിലൊരാൾക്ക് വർണ്ണാന്ധതയുള്ള ദ്വീപ്, കറുപ്പിലും വെളുപ്പിലും മാത്രം ലോകത്തെ കാണുന്ന മനുഷ്യർ