ഇവിടങ്ങളിൽ പാമ്പുകളെ ആളുകൾ ആരാധിക്കുകയും ചെയ്യുന്നു. ഓരോ വീടും, അതിനി എത്ര ചെറുതാണെങ്കിലും ശരി, പാമ്പിന് സന്ദർശിക്കാനും വിശ്രമിക്കാനും കുടുംബത്തെ അനുഗ്രഹിക്കാനും "ദേവസ്ഥാൻ" എന്ന് വിളിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോണുണ്ട്.
നമ്മൾ സാധാരണയായി നായ്ക്കുട്ടിയെയും, പൂച്ചക്കുട്ടിയെയും ഒക്കെ എടുത്ത് വളർത്തുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ, പാമ്പു(Snake)കളെ വളർത്തുമൃഗങ്ങളായി കാണുന്ന ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും നമ്മുടെ രാജ്യത്ത്. മഹാരാഷ്ട്രയിലെ ഷോലാപൂർ ജില്ലയിലെ ഷെത്ഫലാ(Shetpal)ണ് ആ ഗ്രാമം. അവിടെ എല്ലാ വീടുകളിലും ചുരുങ്ങിയത് ഒരു മൂർഖനെയെങ്കിലും കാണാൻ സാധിക്കും. സാധാരണ പാമ്പിനെ കണ്ടാൽ, പ്രത്യേകിച്ച് വിഷമുള്ള ഇനങ്ങളെ കണ്ടാൽ, അവയുടെ അടുത്ത് പോകാൻ പോലും ആരും ശ്രമിക്കാറില്ല.
എന്നാൽ, ഇവിടെ കുട്ടികൾ പോലും അതിനെ ഒരു തുണിക്കഷ്ണം പോലെ തോളിലിട്ട് നടക്കും, കളിപ്പാട്ടം പോലെ അതിനെ വച്ച് കളിക്കും. അവിടെ ആർക്കും പാമ്പുകളെ ഭയമില്ല. മറിച്ച്, അവർക്കൊക്കെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അത്. അതും അവിടെ ഏറ്റവും കൂടുതലുള്ളത് രാജവെമ്പാലയാണ്. ഗ്രാമത്തിലെ വീടുകൾക്കുള്ളിൽ അടക്കം എല്ലായിടത്തും സ്വതന്ത്രമായി അവ വിഹരിക്കുന്നു. ഈ ഗ്രാമത്തെ വിളിക്കുന്നത് തന്നെ 'പാമ്പുകളുടെ നാട്' എന്നാണ്. അതിലും വിചിത്രമായ ഒരു കാര്യം, മനുഷ്യനും പാമ്പുകളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ഈ സഹവാസത്തിനിടയിൽ ഒരിക്കൽ പോലും അവയിൽ ഒന്നിനെ പോലും ആരും കൊന്നിട്ടില്ല എന്നതാണ്. അതും ഇന്നേവരെ മനുഷ്യരെ ആരെയും കടിച്ചിട്ടില്ല എന്നും പറയുന്നു.
undefined
കേവലം 2600 ആളുകൾ മാത്രമുള്ള ഈ ഗ്രാമത്തിൽ വീടുകളിലും ഇടുങ്ങിയ പാതകളിലും എന്തിനേറെ കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറികളിൽ പോലും അവ സുലഭമായി ചുറ്റുന്നു. ഷെത്ഫലിൽ ഇത്രയധികം പാമ്പുകളെ കാണുന്നതിന്റെ ഒരു പ്രധാന കാരണം സമതലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വരണ്ടതാണ് എന്നതായിരിക്കാം. ഇവിടങ്ങളിൽ പാമ്പുകളെ ആളുകൾ ആരാധിക്കുകയും ചെയ്യുന്നു. ഓരോ വീടും, അതിനി എത്ര ചെറുതാണെങ്കിലും ശരി, പാമ്പിന് സന്ദർശിക്കാനും വിശ്രമിക്കാനും കുടുംബത്തെ അനുഗ്രഹിക്കാനും "ദേവസ്ഥാൻ" എന്ന് വിളിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോണുണ്ട്. നാഗങ്ങൾക്ക് അവ ആഗ്രഹിക്കുന്ന സമയത്ത് ഇവിടെ വന്ന് വിശ്രമിക്കാനും, ശരീരം തണുപ്പിക്കാനും വേണ്ടിയുള്ളതാണ് വീടിനുള്ളിലെ ഈ ഒഴിഞ്ഞ മൂല. ഗ്രാമത്തിൽ ആരെങ്കിലും പുതിയ വീട് പണിയുകയാണെങ്കിൽ, ഒരു കോൺ നിർബന്ധമായും പാമ്പുകൾക്കായി നീക്കിവയ്ക്കുന്നു.
കൂടാതെ, അടുത്ത ഗ്രാമങ്ങളിൽ നിന്നെല്ലാം പാമ്പുകടിയേറ്റ രോഗികൾ ചികിത്സിക്കായി ഇവിടെയുള്ള സിദ്ധേശ്വര ക്ഷേത്രത്തിൽ എത്തുന്നു. അവിടെ ചെന്നാൽ വിഷം തീണ്ടിയയാൾ രക്ഷപ്പെടുമെന്നാണ് വിശ്വാസം. നൂറുകണക്കിന് ആളുകളാണ് അവിടെ ഓരോ വർഷവും എത്തിച്ചേരുന്നത്. സിദ്ധേശ്വർ ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിന് മുകളിൽ ഏഴ് തലകളുള്ള മൂർഖൻ പാമ്പിന്റെ ഒരു ചെമ്പ് പ്രതിമയുണ്ട്. അവിടത്തെ മൂർത്തിയെ ആരാധിക്കുന്ന ജനങ്ങൾ പാമ്പുകൾക്ക് അഭയം നൽകേണ്ടത് തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു. ഗ്രാമത്തിന്റെ ഈ വ്യത്യസ്തമായ ജീവിത ശൈലി കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.