ഇന്ത്യയിലെ പ്രശസ്തമായ ഈ ഹോട്ടല്‍ പ്രേതത്തെ ഭയന്ന്  വര്‍ഷങ്ങള്‍ അടച്ചിട്ടിരുന്നു; ദുരൂഹമായ ഒരു കൊലയുടെ കഥ!

By Web Team  |  First Published Oct 6, 2021, 2:01 PM IST

അവളുടെ ആത്മാവ് ഇപ്പോഴും ഹോട്ടലിന്റെ ലോബിയിലും മുറികളിലും ചുറ്റിനടക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. രാത്രികാലങ്ങളില്‍ വാതിലുകളില്‍ തുടര്‍ച്ചയായ മുട്ടും, വിചിത്രമായ ശബ്ദങ്ങളും കേള്‍ക്കാമെന്ന് ആളുകള്‍ പറയുന്നു. 


കുറ്റാന്വേഷണ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പേരാണ് അഗത ക്രിസ്റ്റിയുടേത്. വായിച്ച് തുടങ്ങിയാല്‍ താഴെ വയ്ക്കാന്‍ തോന്നാത്തവിധം ഉദ്വേഗ ജനകമായിരുന്നു അവരുടെ നോവലുകള്‍. ഉള്ളടക്കത്തിന്റെ പുതുമയും ഏതുപ്രായക്കാരെയും ആവേശം കൊള്ളിക്കുന്ന സസ്പെന്‍സും നിറഞ്ഞ അവ ഏതൊരാളെയും വിസ്മയം കൊള്ളിക്കുന്നു. എന്നാല്‍ അവരുടെ ആദ്യനോവലിന് പശ്ചാത്തലമായത് ഒരു ഇന്ത്യന്‍ ഹോട്ടലാണെന്ന് എത്ര പേര്‍ക്കറിയാം?

അഗത ക്രിസ്റ്റിയുടെ ആദ്യ നോവല്‍, 'ദി മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്‌റ്റൈല്‍സ്' നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ്. എന്നാലും അവരുടെ ഏറ്റവും പ്രശസ്തമായ രചനകളില്‍ ഒന്നായി ഇന്നും അത് പരിഗണിക്കപ്പെടുന്നു. കാഞ്ഞിര വിഷബാധയേറ്റ് മരണപ്പെട്ട എസ്റ്റേറ്റ് ഉടമയായ എമിലി ഇംഗ്ലത്തോര്‍പ്പിന്റെ കഥയാണ് അത്.  എന്നാല്‍ ഉഷ്ണമേഖലയില്‍ വളരുന്ന കാഞ്ഞിരത്തെ കുറിച്ചും, അതിന്റെ വിഷത്തെ കുറിച്ചും ബ്രിട്ടനിലുള്ള ക്രിസ്റ്റിയ്ക്ക് എങ്ങനെയാണ് അറിവ് ലഭിച്ചത്? 

Latest Videos

undefined

 

 

ഇന്ത്യയില്‍ കൊല്ലപ്പെട്ട ഒരു ബ്രിട്ടീഷുകാരിയുടെ കഥയാണ് അതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ആ സംഭവം നടന്നതാകട്ടെ മസൂറിയിലെ സാവോയ് ഹോട്ടലിലും. ഇന്ത്യയിലെ ഏറ്റവും വലിയ ഹില്‍ സ്റ്റേഷന്‍ ഹോട്ടലുകളില്‍ ഒന്നാണിത്. എഡി 12 മുതല്‍ 15 വരെ നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ തഴച്ചുവളര്‍ന്ന ഇംഗ്ലീഷ് ഗോഥിക് വാസ്തുവിദ്യാ ശൈലിയിലാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 11 ഏക്കറില്‍ (45,000 ചതുരശ്ര മീറ്റര്‍) പരന്നുകിടക്കുന്ന ഈ ഹോട്ടല്‍ കൂടുതലും തടിയിലാണ് തീര്‍ത്തിരിക്കുന്നത്.  

പല പ്രമുഖരും ഈ ഹോട്ടല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, എത്യോപ്യ ചക്രവര്‍ത്തി, നോബല്‍ സമ്മാന ജേതാവ് പേള്‍ എസ്. ബക്ക് തുടങ്ങിയ നിരവധി പ്രമുഖര്‍ അതില്‍ ഉള്‍പ്പെടുന്നു. ജവഹര്‍ ലാല്‍ നെഹ്റു പോലും ഇവിടത്തെ പതിവ് സന്ദര്‍ശകനായിരുന്നു. 

1911 -ലാണ് ബ്രിട്ടീഷുകാരിയായ  മാഡം ഫ്രാന്‍സിസ് ഗാര്‍നെറ്റ്-ഓര്‍മെ ഇവിടെ വന്നത്. ഒപ്പം ലക്‌നൗവില്‍ നിന്നുള്ള സുഹൃത്ത് ഇവാ മൗണ്ട്‌സ്റ്റെഫനുമുണ്ടായിരുന്നു. ഒരു ദിവസം ഗാര്‍നെറ്റ്-ഓര്‍മെയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവളുടെ ശരീരത്തില്‍ കാഞ്ഞിരത്തിന്റെ വിഷം കണ്ടെത്തി. ഗാര്‍നെറ്റിന്റെ കൈവശമുണ്ടായിരുന്ന സോഡിയം ബൈകാര്‍ബണേറ്റ് കുപ്പിയില്‍ ആരെങ്കിലും കലര്‍ത്തിയതായിരിക്കാമെന്ന് വിശ്വസിക്കപ്പെട്ടു. 

കൂടെയുണ്ടായിരുന്ന ഇവ അന്നു രാവിലെ ലക്‌നൗവിലേക്ക് പോയിരുന്നു. സ്വാഭാവികമായും ഇവ സംശയ നിഴലിലായി. അവള്‍ അറസ്റ്റിലായി. കേസ് നടന്നു. ഒടുവില്‍ അലഹബാദ് ഹൈക്കോടതി തെളിവുകളില്ലെന്നു പറഞ്ഞ് ഇവയെ വെറുതെവിട്ടു. തീര്‍ന്നില്ല, ഗാര്‍നെറ്റിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മാസങ്ങള്‍ക്ക് ശേഷം അതെ വിഷം അകത്ത് ചെന്ന് മരിച്ചതായി കണ്ടെത്തി. 

 

റുഡ്യാര്‍ഡ് കിപ്ലിംഗ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍,.അഗതാ ക്രിസ്റ്റി

 

അതോടെ സംഭവത്തില്‍ ദുരൂഹതയേറി. ജംഗിള്‍ ബുക്ക് എന്ന പ്രശസ്തമായ നോവലിലൂടെ ലോകപ്രശസ്തനായ എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് അന്ന് മുസൂറിയിലുണ്ടായിരുന്നു. അദ്ദേഹം, ഈ മരണങ്ങളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയില്‍ കൊലപാതകത്തിന്റെ വസ്തുതകള്‍ ഇംഗ്ലണ്ടിലുള്ള ഒരാള്‍ക്ക് അയച്ചുകൊടുത്തു. മറ്റാരുമല്ല, ഷെര്‍ലക് ഹോംസിന്റെ സ്രഷ്ടാവായ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്. അദ്ദേഹം റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ പഴയ സുഹൃത്ത് ആയരുന്നു. 

അദ്ദേഹത്തില്‍നിന്നാണ് ഈ കേസിന്റെ വസ്തുതകള്‍ അഗതാ ക്രിസ്റ്റിക്ക് ലഭിക്കുന്നത്. അങ്ങനെ, ഈ സംഭവം അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവലിന്റെ പ്രമേയമായി.  നോവലിലെ കഥാനായകന്‍ കൊലപാതകത്തിന്റെ ദുരൂഹത പരിഹരിച്ചെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അത് ഇന്നുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. 

അവളുടെ ആത്മാവ് ഇപ്പോഴും ഹോട്ടലിന്റെ ലോബിയിലും മുറികളിലും ചുറ്റിനടക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. രാത്രികാലങ്ങളില്‍ വാതിലുകളില്‍ തുടര്‍ച്ചയായ മുട്ടും, വിചിത്രമായ ശബ്ദങ്ങളും കേള്‍ക്കാമെന്ന് ആളുകള്‍ പറയുന്നു. 

2009 -ല്‍ ഐടിസി വെല്‍ക്കം ഗ്രൂപ്പ് ഏറ്റെടുത്ത് പുതുക്കിപ്പണിയുന്നതുവരെ ഈ ഹോട്ടല്‍ വര്‍ഷങ്ങളോളം പൂട്ടികിടക്കുകയായിരുന്നു.  ഇന്നത് രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഹോട്ടലുകളില്‍ ഒന്നാണ്. സന്ദര്‍ശകര്‍ ഒഴിയാത്ത മനോഹരമായ ഹോട്ടല്‍. 

click me!