ഇവിടെ നിയമപരമായി, വിവാഹം എന്നൊന്നില്ല!

By Web Team  |  First Published Jun 26, 2021, 1:24 PM IST

ശലഭയാത്രകള്‍. റോസ് ജോര്‍ജ് എഴുതുന്ന വെര്‍ച്വല്‍ യാത്രാനുഭവം. ആറാം ഭാഗം

 


യാത്രകളും കണ്ടുമുട്ടലുകളും സംഭവ്യമല്ലാത്ത മഹാമാരിക്കാലത്ത്, സഞ്ചാരം കൂടുതലുള്ള ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയില്‍ ആണ് ആ സമാഗമം. അതിനെ തുടര്‍ന്നൊരു യാത്ര. വീട്ടിലിരുന്ന് വിദൂരദേശത്തേക്ക്, അവിടത്തെ ജീവിതങ്ങളിലേക്ക്, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ,   വാക്കുകളിലൂടെ ഒരു യാത്ര.  കൊവിഡ് കാലത്ത്, വീടിനുള്ളില്‍ അടച്ചിടപ്പെട്ട്, മറ്റൊരാളുടെ കണ്ണിലൂടെ അകലങ്ങളിലെ വിചിത്രദ്വീപിലേക്ക് നടത്തിയ യാത്ര.

 

Latest Videos

undefined

 

മൂന്ന് ദിവസം ഇടവിടാതെ പെയ്ത മഴയില്‍ കൊച്ചി തണുത്തു വിറങ്ങലിച്ച നേരത്താണ് പാപ്പുവ ന്യൂ ഗിനിയില്‍നിന്ന് ഫോണ്‍ വന്നത്. അവിടെയേതോ ഉള്‍നാടന്‍ ഗ്രാമത്തിലേക്ക്, യാത്ര പോവാനുള്ള ക്ഷണം. 

''വേഗം ഇറങ്ങിക്കോളൂ , നമുക്കിന്ന് കുഴിമന്തി കഴിക്കാം'' 

''കുഴിമന്തി  പാപ്പുവ ന്യൂ ഗിനിയിലോ?''

'അതെ, ഇവിടെത്തന്നെ. മുമു എന്നാണ് ഇവിടുത്തുകാര്‍ കുഴിമന്തിയെ പറയുന്നത്.''

എനിക്കത് പുതിയ ഒരു അറിവായിരുന്നു.

''കുഴിമന്തിയുടെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ ആണെന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ?''

''സമ്മതിക്കാം. പക്ഷെ ആദ്യം ഞാനതൊന്ന് കാണട്ടെ''

''മണ്‍ചട്ടികളോ കലമോ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള ഒരു കാലം സങ്കല്‍പ്പിക്ക്.''

അത്ര എളുപ്പമല്ലായിരുന്നു ആ കാലം സങ്കല്‍പ്പിക്കാന്‍. ഞാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിഞ്ഞ കൂട്ടുകാരന്‍ വിവരണം തുടര്‍ന്നു.

''ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലം. അക്കാലത്താണ് അവര്‍ മുമു പാകം ചെയ്യാന്‍ തുടങ്ങിയത്.''

''പാത്രമില്ലാതെയാണോ അവരത് ഉണ്ടാക്കുക?''-ഞാന്‍ കുഴങ്ങി.  

നിലത്ത് അഞ്ച് അടിയോളം താഴ്ചയില്‍ വലിയൊരു കുഴ. അത് കിണര്‍ പോലെ വട്ടത്തില്‍. അടിഭാഗം ഒരു ചെരുവം പോലെ.'' 

''അപ്പോള്‍, കുഴി തന്നെ പാത്രമോ?''എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

''ഏറ്റവും അടിയില്‍ മൂന്നു പാളി വാഴയില നിരത്തിയിരിക്കുന്നു. എല്ലാ വീടുകളിലും ഉരുളന്‍ കല്ലുകളുടെ ശേഖരം ഉണ്ട്. അത് ആഴി കൂട്ടി ചുട്ടു പഴുപ്പിച്ചു കുഴിയില്‍ നിരത്തുന്നു.''

''എന്നിട്ട്?'' 

''കിശ്...എന്നും പറഞ്ഞ് വാഴയില ഒന്നനങ്ങുന്നു. ചവണ പോലെ വളച്ചെടുത്ത മുളംകമ്പുകൊണ്ടു രണ്ടായി മുറിച്ച ചിക്കന്‍ കഷണങ്ങളെ പാകപ്പെടുന്നതിനായി ആ കുഴിയിലേക്ക് തള്ളി വിടുന്നു.''

''ആഹാ...എന്നിട്ട്...?'' 

സാജു ആ പാചകത്തിന്റെ ഒരു വീഡിയോ അയച്ചു. 

പല പാളികളായി ഇലകള്‍, പഴുത്ത കല്ലുകള്‍, ചതച്ച ഇഞ്ചി, പുളിപ്പിച്ച ബനാന, (അത് അവരുടെ വിനെഗര്‍ ആണെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു) പിന്നെ കൃഷി ചെയ്തുണ്ടാക്കിയ എല്ലാ കിഴങ്ങു വര്‍ഗ്ഗങ്ങളും ഇലവര്‍ഗങ്ങളും അതിലിടുന്നു. എല്ലാത്തിനും മുകളില്‍ പിന്നെയും വാഴയില. ചില പേരറിയാത്ത ഇലകള്‍. എല്ലാം കൂടി മണ്ണിട്ട് മൂടുമ്പോള്‍ ആവിയില്‍ വേവുന്ന മുമു ഉണ്ടായി വന്നു. 

 

 

''എത്ര സമയം എടുക്കും സാജു, ഇതുണ്ടാക്കാന്‍...?''

''ഏതാണ്ട്, രണ്ട് മണിക്കൂര്‍.''

ഞാന്‍ അമ്പരപ്പോടെ കേള്‍ക്കുന്നതിനിടയില്‍, സാജു തുടര്‍ന്നു. 

''കാശില്ലെങ്കിലും ആരെയും ആശ്രയിക്കാതെ ജീവിക്കാം. അതാണ് അവരുടെ രീതി...''

''ഇല്ലായ്്മയുടെ കാലത്ത് എല്ലാവരും അങ്ങനെ തന്നെയാണ് സാജു...''-ഞാന്‍ പറഞ്ഞു. 

എന്നാലും, അവരുടെയും ജീവിതം മാറണമെന്നു തോന്നും. കാലം മാറുമ്പോള്‍ അവരും പണമൊക്കെ ഉണ്ടാക്കണ്ടെ. എല്ലാവരുടെയും ജീവിതം മാറുമ്പോള്‍ അവര്‍ മാത്രം നിന്നുപോവുന്നത് ശരിയാണോ?''-സാജുവിന്റെ ചോദ്യം അല്‍പ്പനേരം ചിന്തിപ്പിച്ചു. 

''ശരിയാണ് ''-ഞാന്‍ തല കുലുക്കി സമ്മതിച്ചു. 

''ഇവിടെ ധാരാളം ഉല്പന്നങ്ങള്‍ ഉണ്ട്. എല്ലാവരും കൃഷി ചെയ്യുന്നു. അതിനാല്‍ ഇഷ്ടംപോലെ വിളവുണ്ടാവും. എന്നാലും അവയൊന്നും വില്‍ക്കാന്‍ അവര്‍ക്ക് ആവുന്നില്ല.''സാജു അവിടത്തെ യാഥാര്‍ത്ഥ്യം പറഞ്ഞു. 

 

ഞാനന്നേരം, പഴയൊരു ഓര്‍മ്മയുടെ നറുമണത്തിലേക്ക് ആഴ്ന്നുപോയിരുന്നു. മുമുവിന്റെ മണം എന്നെ അറേബ്യയിലേക്ക് കൊണ്ടുപോയി. 

അന്ന് അറബ് നാട്ടിലായിരുന്നു. തിരക്കേറിയ ഒരു സായാഹ്നം. ലെബനനില്‍ നിന്നുള്ള അബ്ദുല്ല, ഫലാഹില്‍ എെന്നാരു വിഭവം പരിചയപ്പെടുത്തി. നല്ല മൊരിഞ്ഞ ഒന്ന്. 

(ഇലകളും കുതിര്‍ത്ത കടലയും അരച്ചെടുത്താണ് അത് ഉണ്ടാക്കുന്നതെന്ന് പിന്നീട് അബ്ദുല്ല എനിക്ക് പറഞ്ഞു തന്നു.)
 
അബ്ദുല്ല, ചോദിക്കുന്നു: മന്തി  വേണോ, മസ്ബി വേണോ?

ആദ്യത്തേത് ചാര്‍ക്കോളിലുണ്ടാക്കുന്നതാണ്. രണ്ടാമത്തേത് ആവിയില്‍. നേര്‍ത്ത സൂപ്പും  ഇലകളും കൊണ്ട് തുടക്കം. അതു കഴിഞ്ഞ് വലിയ താലത്തില്‍ എത്തുന്ന ഒരു വിഭവം. കൂടെ, വിനെഗറില്‍ ഇട്ട് വച്ച പച്ചക്കറികള്‍. 

അതിന്റെയെല്ലാം ആദിരൂപമാണ് ഇപ്പോള്‍ മുമു ആയി കണ്‍മുന്നില്‍.

എന്തിനാണ് അന്നൊക്കെ വീട് വിട്ടിറങ്ങി ആ സായാഹ്നങ്ങളുടെ ഭാഗമായത്?

മനുഷ്യരെ കാണാന്‍, കുറേ ആള്‍ക്കാരുടെ കൂടെയിരുന്ന് ആഹാരം കഴിക്കുന്നതിന്റെ നിര്‍വൃതി നേടാന്‍.

കൂട്ടായ്മയുടെ ഒരു ഭാഷ ചില വിഭവങ്ങള്‍ക്കുണ്ട്. പങ്ക് വച്ചും മനസ്സ് നിറച്ചു തന്നുമാണ് അത് വിശപ്പിന്റെ ജ്വാലയെ അണക്കുന്നത്.

സാജുവിനോട് ഞാന്‍ പറഞ്ഞു, നോക്ക്യേ, ഇവര്‍ അറിയാതെ മുമു ഈ ദേശം  വിട്ടിരിക്കുന്നു. പല പേരില്‍ പല നാട്ടില്‍ രൂപത്തിലും ഭാവത്തിലും വേഷം മാറിയിരിക്കുന്നു.

അറബിനാട്ടിലും കേരള നാട്ടിലും മനുഷ്യര്‍ ഉള്ളിടത്തെല്ലാം മുമു എത്തിയിരിക്കുന്നു.

''അതെ, അതാണ്...' സാജു ആ വാചകം പൂര്‍ത്തിയാക്കി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ''അള്‍ട്രാ മോഡേണ്‍ ആവുന്തോറും, മണ്ണിന്റെയും അഗ്‌നിയുടെയും രുചിയിലേക്ക് മനുഷ്യന്‍ തിരികെ നടക്കുകയാണ്...''

 

 

മുന്നിലെ വീഡിയോയില്‍, മുമു റെഡി ആയിക്കഴിഞ്ഞു. 

വാഴയിലയില്‍ നിരത്തിയ മൊരിഞ്ഞ വിഭവം കണ്ട് ഇരുന്നിടത്തു നിന്ന് ഓരോരുത്തരായി എണീറ്റു തൂടങ്ങി. 

സന്തോഷമാണ് എല്ലാ മുഖങ്ങളിലും. ഒരേ രുചിയാണ് അവരുടെ നാവിന്. ഒരേ കൊതിയും. 

അവരുടെ കൂട്ടായ്മക്ക് ഊര്‍ജം നല്‍കുന്നത് വിശപ്പ് എന്ന അടിസ്ഥാന വികാരമാണ്. അകലങ്ങളിലിരുന്ന് ഞാനും അവരില്‍ ഒരാളായി. 

അന്ന് വൈകിട്ടത്തെ ഭക്ഷണമായി, മസാലകളൊന്നുമില്ലാത്ത പുഴുങ്ങിയ ചിക്കനും പച്ചക്കറികളും ടേബിളില്‍ നിരത്തുന്നതോര്‍ത്ത് ഞാന്‍ ഗൂഢമായി മന്ദഹസിച്ചു.

 

 

''ഇന്നത്തെ കാഴ്ചകള്‍ മതിയല്ലോ.''-സാജു ചോദിച്ചു. 

''മതി ധാരാളം''-ഞാന്‍ പറഞ്ഞു. 

''എന്നാല്‍ സംസാരിച്ചാലോ?''

ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് വച്ചു.

''റോസ് ചോദിച്ചോളൂ, ഇനി എന്താണ് ഇവിടുത്തെ കാര്യങ്ങള്‍ അറിയാനുള്ളത്?''

''കൂടുമ്പോള്‍ കൂടുന്ന ഇമ്പം, കുടുംബം. അവരുടെ കുടുംബത്തെ കുറിച്ചു പറയാമോ''

''ഇവിടെ നിയമപരമായി, വിവാഹം എന്നൊന്നില്ല.  ഡി ഫാക്‌റ്റോ റിലേഷന്‍സ് അഥവാ ഒരുമിച്ചു താമസിക്കല്‍ ആണുള്ളത്. ബഹുഭാര്യത്വം നിലവിലുണ്ട്.  എല്ലാവരുടെയും സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ അവര്‍ ശ്രമിക്കും. അപ്പോള്‍ കൂടുമ്പോള്‍ കൂടുതല്‍ ഇമ്പം ഉണ്ടാവുമായിരിക്കും, അല്ലേ?'' 

തീര്‍ച്ചയായും, ഞാന്‍ പറഞ്ഞു.

''ഗ്രാമത്തില്‍, കല്യാണങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേക ക്ഷണം ഒന്നും ആവശ്യമില്ല. അത് എല്ലാവരുടെയും ആഘോഷമാണ് പിന്നെ വേറൊരു സംഭവം ഉണ്ട്'-ചങ്ങാതി പറഞ്ഞു നിര്‍ത്തി.

''വിവാഹം നടക്കുമ്പോള്‍ ബ്രൈഡ് പ്രൈസ്' എന്നൊരു രീതി ഉണ്ട്.

''എന്നുവെച്ചാല്‍...? സ്ത്രീകള്‍ക്ക് അങ്ങോട്ട് ധനം കൊടുക്കണമെന്നോ?''

അതെ, റോസ്. അങ്ങനെ കിട്ടിയില്ലെങ്കില്‍ വിവാഹശേഷവും അവര്‍ മിസിസ് ആകാതെ മിസ് എന്ന സ്റ്റാറ്റസില്‍ തുടരും.''

എനിക്കത് ഇഷ്ടപ്പെട്ടു. ഞാന്‍ പറഞ്ഞു, പറയൂ , കൂടുതല്‍ പറയൂ. 

മിസ് ബെല്ലിന്‍ഡയും, മിസ് തോമിറും എന്റെ സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികമാരാണ്. വിവാഹിതര്‍. കുട്ടികളുള്ളവര്‍.  അറിയാതെ പോലും മിസിസ് എന്ന് പറഞ്ഞു പോയാല്‍ അവരുടെ മുഖം വാടും.''

അതിന്റെ കാരണം ഞാന്‍ ഇവിടെയിരുന്ന് മനസ്സില്‍ കണ്ടു. 

 

ഒന്നാം ഭാഗം: പാപ്പുവ ന്യൂഗിനി; പ്രാവിന്റെ രൂപത്തില്‍ ഒരു ദ്വീപ്

രണ്ടാം ഭാഗം: സ്വാതന്ത്ര്യത്തിലേക്കുള്ള  പാത! 

 മൂന്നാം ഭാഗം: എത്ര തിന്നാലും തീരാത്ത വാഴപ്പഴം!

 നാലാം ഭാഗം: ഉപ്പിനോളം വരില്ല, ഇവിടൊരു മധുരവും!

അഞ്ചാം ഭാഗം: പൂര്‍വ്വികരുടെ ചോരമണം തേടി ചില ദേശാടനപ്പക്ഷികള്‍ 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!