നിധീഷ് നന്ദനം എഴുതുന്നു: കൊവിഡ് മഹാമാരി ലോകത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട് - 'അതിജീവനമാണ് വിജയം.' ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ എട്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധകാലത്തു നിന്നും കണ്ടെടുക്കാനാവും സമാനമായ ഒരേട്. കൃത്യം 80 കൊല്ലം മുമ്പ്.
ശരിക്കു പറഞ്ഞാല്‍ ഇതൊരു യുദ്ധമാണ്. മൂന്നാം ലോകമഹായുദ്ധം. ഭൂലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും തോളോടുതോള്‍ ചേര്‍ന്ന് പൊരുതുന്നൊരു യുദ്ധം കൊറോണയെന്ന ഒരൊറ്റ ഭീകരനാണ് അപ്പുറത്ത്. പല തിരക്കുകളാല്‍ പരക്കം പാഞ്ഞവരെ വീട്ടില്‍ കതകടച്ചിരുത്തിയ ഈ മഹാമാരി ലോകത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട് - 'അതിജീവനമാണ് വിജയം.' ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ എട്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധകാലത്തു നിന്നും കണ്ടെടുക്കാനാവും സമാനമായ ഒരേട്. കൃത്യം 80 കൊല്ലം മുമ്പ്.
undefined
തോല്‍വിയിലും തിളങ്ങുന്ന ചില ഏടുകളുണ്ട് ചരിത്രത്താളുകളില്‍. ഒന്നുമില്ലായ്മയില്‍ നിന്നും കയ്യെത്തിപ്പിടിക്കുന്ന വിജയങ്ങള്‍. പരസ്പരം പടവെട്ടിപ്പോരാടി, യുദ്ധഭൂമിയില്‍ തോറ്റോടി തളര്‍ന്നിരിക്കുമ്പോള്‍ അതിജീവനമാണ് വിജയമെന്ന് തിരിച്ചറിയുന്ന നിമിഷം. യുദ്ധ തന്ത്രത്തില്‍ പ്രാവീണ്യമുള്ളവര്‍ അതെളുപ്പം തിരിച്ചറിയും. അതുപയോഗപ്പെടുത്തുന്നത് പോലും പില്‍ക്കാലത്ത് വിജയമായി വിലയിരുത്തപ്പെടും. അങ്ങനെയൊരു ഉദ്വേഗജനകമായ കഥയാണ് 'ഡെന്‍കിര്‍ക്കിലെ അത്ഭുതം' (Miracle of Dunkirk) അഥവാ 'ഓപ്പറേഷന്‍ ഡൈനാമോ.'
1939-ല്‍ ഹിറ്റ്‌ലറുടെ നാസിപ്പട പോളണ്ടിനെ ആക്രമിച്ചു. അതോടെ ബ്രിട്ടന്‍ ജര്‍മ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ബി ഇ എഫ് എന്ന ബ്രിട്ടന്റെ പ്രത്യേക സേനാവിഭാഗത്തെ യുദ്ധമുഖത്തേക്കയച്ചു. ബ്രിട്ടനും ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സുമൊക്കെ ചേര്‍ന്ന് ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ജര്‍മനിയും, മറുവശത്തു നിന്ന് സോവിയറ്റ് യൂണിയനും പോളണ്ട് പിടിച്ചടക്കി പരസ്പരം പങ്കിട്ടെടുത്തു. പിന്നെ വളരെപ്പെട്ടെന്നു തന്നെ നെതര്‍ലന്‍ഡ്‌സും ബെല്‍ജിയവും കീഴടക്കി ജര്‍മന്‍ സൈന്യം 'ഓപ്പറേഷന്‍ റെഡ്' എന്ന പേരില്‍ ഫ്രാന്‍സിലേക്കുള്ള തേരോട്ടം ആരംഭിച്ചു.. ആളുകളേറെയുണ്ടായിട്ടും ജര്‍മനിയുടെ കരുത്തിലും സാങ്കേതിക വിദ്യയിലും പതറിപ്പോയ ബ്രിട്ടീഷ് സൈന്യവും മറ്റു സഖ്യകക്ഷികളും യൂറോപ്പിന്റെ വടക്കന്‍ തീരമായ ഡെന്‍കിര്‍ക്കിലേക്കു ഒതുക്കപ്പെട്ടു.
'അസാധാരണമായ സൈനിക ദുരന്തം' (Colossal Military Disaster) എന്നാണ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്ത വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്.
യൂറോപ്പിലേക്കുള്ള ബ്രിട്ടന്റെ കവാടമായ ഡോവറിലെ യുദ്ധമുറിയിലിരുന്ന്, ബ്രിട്ടീഷ് റോയല്‍ നേവി അഡ്മിറല്‍ സര്‍ ബര്‍ട്രാം റാംസെയാണ് ഡെന്‍കിര്‍ക്കിലെ യുദ്ധഭൂമിയില്‍ നിന്നും അടിയന്തിരമായി സൈന്യത്തെ ഒഴിപ്പിക്കണം (Evacuation of Dunkirk) എന്ന ആശയം മുന്നോട്ടു വെച്ചത്. ഗത്യന്തരമില്ലാതെ ചര്‍ച്ചില്‍ അതിനു സമ്മതം മൂളി. 1940 മെയ് 27ന് റാംസെയുടെ പ്ലാന്‍ അനുസരിച്ച് ഓപ്പറേഷന്‍ ഡൈനാമോ ആരംഭിച്ചു.
യുദ്ധത്തില്‍ തകര്‍ന്ന ഡെന്‍കിര്‍ക്ക് തുറമുഖം
ഇതിനും മൂന്ന് നാലു ദിവസം മുന്‍പേ തന്നെ ബ്രിട്ടന്റെയും സഖ്യ കക്ഷികളുടെയും നാല് ലക്ഷത്തില്‍പരം വരുന്ന സൈനികരെയും യുദ്ധ സംവിധാനങ്ങളെയും ഫ്രാന്‍സിലെ തീരദേശ പട്ടണമായ ഡെന്‍കിര്‍ക്കിലേക്ക് ഒതുക്കിയിരുന്നു. എന്നാല്‍, അവരെ ആക്രമിച്ചു കൊല്ലാന്‍ ഹിറ്റ്‌ലര്‍ സമ്മതം മൂളിയില്ല. പകരം പ്രത്യാഘാതങ്ങള്‍ക്ക് കരുതിയിരിക്കാനും ലില്ലേ, കലായീസ് തുടങ്ങിയ ഇടങ്ങളില്‍ തിരിച്ചടിയുണ്ടാവില്ലെന്നുറപ്പു വരുത്താനുമാണ് ജര്‍മ്മനി ഈ ദിവസങ്ങള്‍ വിനിയോഗിച്ചത്. ഇത് സഖ്യ സേനക്ക് പ്രതിരോധം തീര്‍ക്കാനും അതിജീവനത്തിനുള്ള യുദ്ധതന്ത്രം മെനയാനും അവസരമൊരുക്കി. കൂടാതെ യുദ്ധഭൂമിയില്‍ നിന്നും ഫ്രാന്‍സിലെ മറ്റിടങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്കും ഡെന്‍കിര്‍ക്കിലേക്ക് മുന്നേറുന്നതില്‍ നിന്നും താല്‍ക്കാലികമായെങ്കിലും ജര്‍മനിയെ തടഞ്ഞു. കിട്ടിയ സമയം കൊണ്ട് രക്ഷപ്പെടാനുള്ള വഴി തരപ്പെടുത്തിയ ബ്രിട്ടണ്‍, തങ്ങളുടെ മുഴുവന്‍ പടക്കപ്പലുകളെയും ജലയാനങ്ങളെയും സൈനികരെ രക്ഷിക്കാന്‍ ഡെന്‍കിര്‍ക്കിലേക്ക് അയച്ചു. മാത്രമല്ല രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നും മോട്ടോര്‍ ബോട്ടുകളും ഹൗസ് ബോട്ടുകളും എല്ലാം ഈയൊരു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങണമെന്നു സര്‍ക്കാര്‍ ആഹ്വാനം ചെയ്തു..
യൂറോപ്യന്‍ വന്‍കരയ്ക്കും ബ്രിട്ടനും ഇടയിലുള്ള ഡോവര്‍ ഇടനാഴിയിലെ രക്ഷാപ്രവര്‍ത്തനം പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല. ജര്‍മ്മനി കരയില്‍ മാത്രമല്ല കടലിലും ആകാശത്തും നിരന്തര ആക്രമണം നടത്തി. യുദ്ധ വിമാനങ്ങള്‍ പരസ്പരം ആക്രമിക്കുകയും തകര്‍ന്നു വീഴുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പടക്കപ്പലുകളെയും കൂട്ടുപോയ മറ്റു കപ്പലുകളില്‍ പലതിനെയും ജര്‍മ്മനി മുക്കി. ആദ്യ ദിവസം ഏഴായിരത്തില്‍ പരം ആളുകളെ മാത്രമേ രക്ഷപ്പെടുത്താന്‍ ആയുള്ളൂവെങ്കിലും എട്ടാം ദിവസം ഓപ്പറേഷന്‍ ഡൈനാമോ അവസാനിക്കുമ്പോള്‍ 3,38,226 സൈനികര്‍ ഡോവര്‍ കാസിലിലെ അഭയ കേന്ദ്രത്തിലെത്തി. അന്ന് വരെ കാണാത്ത അതിജീവനത്തിന്റെ പുതിയൊരധ്യായമായിരുന്നു അത്.
ഈയൊരുദ്യമത്തില്‍ ബ്രിട്ടനു മാത്രം നഷ്ടമായത് 68000 സൈനികരെയാണ്. ആയിരത്തിലധികം നാവികസേനാ കപ്പലുകളിലും ബോട്ടുകളിലും പകുതിയിലധികവും മുങ്ങുകയോ ഭാഗികമായി തകരുകയോ ചെയ്തു. മാത്രമല്ല, 65000 സൈനിക വാഹനങ്ങളും 20000 മോട്ടോര്‍ ബൈക്കുകളും ലക്ഷക്കണക്കിന് ടണ്‍ പടക്കോപ്പുകളും ഇന്ധനവും ബ്രിട്ടന് ഡാന്‍കിര്‍ക്കില്‍ ഉപേക്ഷിച്ചു പോരേണ്ടി വന്നു. എങ്കിലും, ലക്ഷക്കണക്കിന് പേരുടെ ഈ രക്ഷപ്പെടലിനെ വിജയമായിത്തന്നെ ബ്രിട്ടണ്‍ ആഘോഷിച്ചു. മറുവശത്ത് ലോകം കണ്ടതില്‍ വെച്ചേറ്റവും മഹത്തായ യുദ്ധ വിജയമെന്നാണ് ഹിറ്റ്‌ലര്‍ ഇതിനെ വിശേഷിപ്പിച്ചത്. ബ്രിട്ടന്റെയും സഖ്യസേനയുടെയും എണ്ണമറ്റ ആയുധങ്ങളാണ് ഒറ്റയടിക്ക് ജര്‍മ്മനി ഇതിലൂടെ സ്വന്തമാക്കിയത്.
ഹിറ്റ്‌ലറുടെ ഏറ്റവും വലിയ അബദ്ധമായി പലരും ഡെന്‍കിര്‍കിലെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചുവെങ്കിലും, രക്ഷപ്പെട്ടോടിയ ബ്രിട്ടന്‍ ഇനിയൊരിക്കലും തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യാന്‍ യൂറോപ്പിലേക്ക് വരില്ലെന്നും, കൂട്ടത്തോടെ കൊന്നൊടുക്കി ബ്രിട്ടന് പ്രതികാരം ചെയ്യാന്‍ അവസാനം ഒരുക്കി കൊടുക്കാതിരിക്കുന്നതാവും നല്ലതെന്നും ഹിറ്റ്‌ലര്‍ കരുതിക്കാണും എന്നഭിപ്രായമുള്ളവരും കുറവല്ല.
കാര്യമെന്തുതന്നെ ആയാലും അതിജീവനമാണ് വിജയം (Survival is victory) എന്നൊരു വലിയ പാഠം ഇന്നും സജ്ജമായിരിക്കുന്ന ഡോവര്‍ കാസിലിലെ യുദ്ധമുറി നമുക്ക് പറഞ്ഞു തരും. ഇവിടെ ഓപ്പറേഷന്‍ ഡൈനാമോ പുതിയ കാഴ്ചക്കാര്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ വീഡിയോ ക്ലിപ്പുകളും റേഡിയോ സന്ദേശങ്ങളുമായിത്തന്നെ ഇതള്‍ വിരിയുന്നു. സമീപത്തെ തുരങ്കപാതയിലൂടെ കയറിവന്ന ലക്ഷക്കണക്കിന് പട്ടാളക്കാരുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഈ ഇരുട്ടറയുടെ ഇടനാഴികളില്‍ ഇന്നും പ്രതിധ്വനിക്കുന്നുണ്ട്... ആ മുഴക്കങ്ങളാണ് ആധുനിക ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഡോവര്‍ കാസിലിനെ ഉയരെ നിര്‍ത്തുന്നതും.