'വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന ബോധത്തെക്കാള്‍ അവളെ ദുഃഖിപ്പിച്ചത്, താന്‍ എത്ര വലിയ ബുദ്ധിശൂന്യതയായിരുന്നു എന്ത ചിന്തയാണ്. അത് മനുഷ്യന്റെ ഒരുതരം ദുര്‍ബലതയാണ്. ആണിന്റെയും പെണ്ണിന്റെയും..'
അതൊരു കഥയായിരുന്നു.പ്രണയത്തിന്റെ, വിശ്വാസ വഞ്ചനയുടെ, ഒരു നാടുകടത്തലിന്റെ കഥ. പെണ്ണ് മാത്രം ശിക്ഷയേറ്റ് വാങ്ങുന്ന പ്രേമനാടകത്തിന്റെ കഥ. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട്, ഗ്രാമത്തിന്റെ ഇടവഴികള്‍ ഒരു പ്രണയത്തിന്റെ മൂകസാക്ഷികളാകുന്നു. പ്രേമമാണ് പ്രേമം. ആണിനും പെണ്ണിനും സര്‍വ്വവും ത്യജിക്കാന്‍ ഉള്ള് മിടിപ്പിക്കുന്ന പ്രേമം.
undefined
പെയ്തു തോര്‍ന്ന പെരുമഴയുടെ അവശിഷ്ടം കണക്കേ തണുത്ത് പോയ പ്രഭാതത്തില്‍ അവരുടെ ഓര്‍മ്മകള്‍ ഇടവഴികള്‍ കടന്നുവരുന്നു. ദുര്‍ബ്ബലങ്ങളായ ഓര്‍മ്മകളില്‍ ദുഃഖം പോലെ ആ മുഖം തെളിയുകയാണ്.
വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒരു മഴക്കാല സായാഹ്നം. പുള്ളിക്കുടയുടെ മുകളിലേക്ക് നിലക്കാതെ പതിക്കുന്ന മഴയുടെ ശബ്ദം. ഞാന്‍ അവരെയും അവര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് മഴ ആസ്വദിക്കുന്ന കുഞ്ഞിനേയും നോക്കി നില്‍ക്കുകയാണ്.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രണ്ട് മുഖങ്ങളുടെ ഭൂതകാലം പരതി അന്ന് രാത്രിയില്‍ ഉറക്കമുപേക്ഷിച്ച് ഞാന്‍ കഥകള്‍ തേടി നടന്നു. ഒരുപക്ഷേ എന്റെ ബാല്യത്തിന്റെ അക്ഷരപിശകുകളാവാം എനിക്കവരെ വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
പിന്നേയും കാലങ്ങള്‍ ഒഴുകിക്കടന്നു. ഒരു നാട് മുഴുവന്‍ ആ കഥ പറഞ്ഞു. അക്ഷരത്തെറ്റുകളില്ലാതെ ഞാന്‍ കഥ ഗ്രഹിക്കുമ്പോഴേക്കും മടങ്ങി വരവില്ലാത്ത വിധം അവര്‍ ഈ നാട് ഉപേക്ഷിച്ചു പോയിരുന്നു. ആട്ടിയോടിച്ച ബന്ധങ്ങളില്‍ നിന്നും സ്‌നേഹത്തിന്റെ പൊരുള്‍ തേടി അവര്‍ യാത്രയായിരുന്നു.
അതൊരു കഥയായിരുന്നു.
പ്രണയത്തിന്റെ, വിശ്വാസ വഞ്ചനയുടെ, ഒരു നാടുകടത്തലിന്റെ കഥ. പെണ്ണ് മാത്രം ശിക്ഷയേറ്റ് വാങ്ങുന്ന പ്രേമനാടകത്തിന്റെ കഥ.
മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട്, ഗ്രാമത്തിന്റെ ഇടവഴികള്‍ ഒരു പ്രണയത്തിന്റെ മൂകസാക്ഷികളാകുന്നു. പ്രേമമാണ് പ്രേമം. ആണിനും പെണ്ണിനും സര്‍വ്വവും ത്യജിക്കാന്‍ ഉള്ള് മിടിപ്പിക്കുന്ന പ്രേമം. പ്രേമത്തിന്റെ ഏതോ ഘട്ടത്തില്‍ നാടും വീടും കുടുംബവും ഉപേക്ഷിച്ച് സുന്ദരമായ ഭാവിയിലേക്ക് അവര്‍ ഒളിച്ചോടി. പ്രേമസുരഭിലമായ ആഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ ആണിന്റെ പ്രേമഹൃദയത്തിന് മടുപ്പ് ബാധിച്ചു. പെണ്ണിന്റെ അനുവാദത്തിന് കാക്കാതെ കിട്ടിയ അടുത്ത വണ്ടിക്കയാള്‍ നാടണഞ്ഞു.
പെണ്ണോ? അവള്‍ക്ക് ശിഷ്ടജീവിതം ഏത് വിധേനയിട്ട് ഗണിതക്രിയകള്‍ ചെയ്താലും ഭീമമായ പിഴവുകള്‍ സംഭവിക്കാന്‍ പാകത്തിന് നഷ്ടങ്ങളുടേതായിരുന്നു.
വീട്ടുകാരാല്‍ അവള്‍ ഉപേക്ഷിക്കപ്പെട്ടു. കരുണ തോന്നിയ നാട്ടുകാരില്‍ ഒരാള്‍ അവള്‍ക്ക് ഇടം നല്‍കി. മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രേമനാടകത്തിന്റെ ശേഷിപ്പ് എന്നോണം അവള്‍ക്കുള്ളില്‍ ഒരു കുഞ്ഞ് വളര്‍ന്ന് തുടങ്ങിയിരുന്നു. ഉള്ളിലൊരു കുഞ്ഞിനെ ചുമക്കേണ്ടതില്ല എന്ന കാരണത്താല്‍ മാത്രം പുരുഷന്‍ സ്വതന്ത്രനായി. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഏതോ രണ്ടാംകെട്ടുകാരന്‍ അവളെ കെട്ടിക്കൊണ്ടുപോകുമ്പോഴും അയാള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ വിവാഹകമ്പോളത്തില്‍ നിന്നും ഏറ്റവും മികച്ചതൊന്ന് തനിക്ക് വേണ്ടി കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ എപ്പോഴോ വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ പൊറ്റക്കാടിന്റെ നാടന്‍പ്രേമം വായിച്ചു. ഒട്ടും ആഗ്രഹിക്കാത്ത വായന എങ്കിലും വായിച്ചു, ഏടുകളില്‍ നിന്നും ഞാന്‍ അവരിലേക്ക് കണ്മിഴിച്ചു കിടന്നു. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ.
പ്രേമിക്കാന്‍ മാത്രമറിഞ്ഞത് കൊണ്ട് തോറ്റുപോയ ഒരു പെണ്ണിനെയോര്‍ത്ത് ആവില്ലയത്. മുന്നിലേക്ക് എന്തെന്ന് ചിന്ത പോലും സാധ്യമല്ലാതെ നിസ്സഹായയായി പോകുന്ന ഒരുവളെ കണ്ടുനിന്നവരില്‍ പലരും പിഴച്ചവള്‍ എന്ന് ഉറക്കെ വിളിച്ചിരുന്നിരിക്കണം. കഠിനമായ വേദനകളുടെ കാണിക്കപ്പെട്ടിയിലേക്ക് ആളുകള്‍ കുത്തുവാക്കുകളുടെ മുള്ളുകള്‍ അനവധി നിക്ഷേപിച്ചിരുന്നിരിക്കണം.
എന്തുകൊണ്ടോ ഞാന്‍ അവരെ വീണ്ടും വീണ്ടും ഓര്‍ത്തു. എന്നൊ കണ്ടു മറന്ന മുഖത്തില്‍ വിഷാദം മായുന്നതും സന്തോഷം നിറയുന്നതും സങ്കല്പ്പിച്ചു. ആ ഓര്‍മ്മകള്‍ക്കിടയിലൂടെ ആരോ പത്മരാജന്റെ വരികള്‍ കുറിച്ചിട്ടു.
'വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന ബോധത്തെക്കാള്‍ അവളെ ദുഃഖിപ്പിച്ചത്, താന്‍ എത്ര വലിയ ബുദ്ധിശൂന്യതയായിരുന്നു എന്ത ചിന്തയാണ്. അത് മനുഷ്യന്റെ ഒരുതരം ദുര്‍ബലതയാണ്. ആണിന്റെയും പെണ്ണിന്റെയും..'