ഇന്ന്, ഞാനിതെഴുതി തീര്‍ക്കുമ്പോള്‍, ഞാനാദ്യം മൂളിയ വരികള്‍ക്ക് പാട്ടിന്റെ ആത്മാവ് നല്‍കിയ കെ ജെ ജോയ് നമ്മോടൊപ്പമില്ല. സംഗീത സാന്ദ്രമായ ആ ജീവിതത്തിന് വിധി കഴിഞ്ഞ ദിവസം വിരാമമിട്ടിരിക്കുന്നു.
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
undefined
Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
...........................
അന്ന്, തെല്ലൊരു മടിയോടെയാണ് പതിവു നടത്തത്തിനിറങ്ങിയത്. തലേന്ന് സ്‌കൂട്ടര്‍ പണിമുടക്കിയതിനാല്‍ കാറുമെടുത്ത് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഉപദേശം വന്നു: 'ഈ സമയത്ത് അവിടെ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടില്ല. ഇന്ന് ട്രഡ് മില്ലില്‍ നടക്കുന്നതാ നല്ലത്.'
അടുത്ത ഉപദേശത്തിനു കാത്തു നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി.
കാര്‍ പാര്‍ക്ക് ചെയ്ത് മ്യൂസിയം വളപ്പിലേയ്ക്ക് കയറുമ്പോള്‍ ഉപദേശം എത്ര ശരിയായിരുന്നെന്ന് ഓര്‍ത്തു. എങ്കിലും എന്തുകൊണ്ടോ അന്ന് നടത്തം വേണ്ടെന്ന് വയ്ക്കാന്‍ മനസനുവദിച്ചിരുന്നില്ല.
മരങ്ങള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യകിരണങ്ങള്‍. ചില്ലകളില്‍ ചേക്കേറിയ പേരറിയാക്കിളികളുടെ സംഗീതം. ചിരി തൂകി നില്‍ക്കുന്ന പൂക്കളെ തഴുകിയെത്തുന്ന ഇളം കാറ്റ്. മ്യൂസിയം പതിവിലും സുന്ദരിയായിരുന്നു.
കാറ്റു വീശുന്നതും പൂവാലന്‍ അണ്ണാറക്കണ്ണന്‍ വരുന്നതും കാത്ത്, മാവിന്‍ ചോട്ടില്‍ പുസ്തകവും പിടിച്ചിരുന്ന കാലം ഓര്‍മ്മയില്‍ മിന്നി മാഞ്ഞു. ആര്‍ക്കും പങ്കു വയ്‌ക്കേണ്ടതില്ലാത്ത ഒരു മണിക്കൂര്‍. പാട്ടുകേട്ട് ചുറ്റുപാടുകള്‍ മറന്ന് നടക്കുക, അതായിരുന്നു എനിക്കെന്നും പ്രഭാത നടത്തം. തട്ടി വീഴാതെ, മൊബൈലില്‍ നോക്കി നടക്കാനുള്ള വിദ്യയും ഈ നടത്തത്തിനിടയില്‍ സ്വായത്തമാക്കിയിരുന്നു.
അങ്ങനെയൊരു നടത്തത്തിനിടെ അതു സംഭവിച്ചു. ഞങ്ങളുടെ കോളജ് ബാച്ചിന്റെ വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ഒരു പടം വന്നു വീണു. മ്യൂസിയം വളപ്പിലൂടെ നടക്കുന്ന ഞാന്‍!
ആരെടുത്തു ഈ പടം? ഒന്ന് അന്തംവിട്ട് ഞാന്‍ പുറകിലേക്ക് നോക്കി, ഇല്ല പരിചയമുള്ള മുഖങ്ങളൊന്നുമില്ല. മുന്നിലുമില്ല അറിയാവുന്ന ഒരാളും.
ഞാനവിടെ നിന്നു. എന്നിട്ട് വാട്ട്‌സാപ്പ് വീണ്ടും പരിശോധിച്ചു. എന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത് അറിയാത്ത ഏതോ നമ്പറില്‍ നിന്നാണ്. ഞാന്‍ സേവ് ചെയ്യാത്ത ഒരു നമ്പര്‍.
നോക്കി നില്‍ക്കെ വീണ്ടും വന്നു, എന്റെ ഫോട്ടോ. മൊബൈല്‍ നോക്കി അമ്പരന്നു നില്‍ക്കുന്ന ഞാനായിരുന്നു അതില്‍. അതിനു പിന്നാലെ വന്നു, വീണ്ടും എന്റെ ഫോട്ടോകള്‍!
ഈശ്വരാ, എന്താണ് സംഭവിക്കുന്നത്! ഞാന്‍ അതിശയിച്ച് മുന്നോട്ടും പിറകോട്ടും നോക്കിക്കൊണ്ടിരുന്നു. പരിചയമുള്ള ഒരു മുഖവും എവിടെയും പ്രത്യക്ഷപ്പെട്ടില്ല. അറിയാവുന്ന സ്വരങ്ങളോ, ചിരികളോ ഒന്നും കണ്ടെത്താനുമായില്ല.
പെട്ടെന്ന് കണ്ടു, പിന്നിലൊരാള്‍! ഒരു താടിക്കാരന്‍!
ഒന്നും അറിയാത്ത ഭാവത്തില്‍, കൃത്രിമ ഗൗരവത്തോടെ നടക്കുകയാണ് അയാള്‍. കണ്ണുകള്‍ക്ക് കള്ളം പറയാനാവില്ലല്ലോ, അയാളുടെ കണ്ണില്‍ ഒരു കുസൃതിച്ചിരി. ആരെയോ കബളിപ്പിച്ച ഒരു കൊച്ചുകുട്ടിയുടെ ഭാവം.
...........................
....................
ഒന്നുകൂടി നോക്കേണ്ടിവന്നില്ല, ആളെ തിരിച്ചറിയാന്‍. താടിയും, അവിടവിടെ നര പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നതുമൊഴിച്ചാല്‍ അയാള്‍ക്കൊരു മാറ്റവുമില്ല. ക്ലാസില്‍ പിന്‍ ബഞ്ചിലിരുന്ന് ബഹളം കൂട്ടിയിരുന്ന അതേ കുറുമ്പന്‍ പയ്യന്‍.
ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയായിരുന്നു . കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍പോലും പരസ്പരം മിണ്ടിയിട്ടില്ലാത്തവര്‍. ഒരിയ്ക്കലും ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചുപോലും കാണേണ്ടി വരരുതെന്ന് അവനാഗ്രഹിച്ചിരുന്ന രണ്ടു പേരില്‍ ഒരാളായിരുന്നുവത്രെ ഞാന്‍.
അതെന്താ താനങ്ങനെ ആഗ്രഹിച്ചതെന്ന് അന്നേരം എനിക്ക് ചോദിക്കാതിരിക്കാനായില്ല.
'താന്‍ വലിയ പഠിപ്പിസ്റ്റായിരുന്നില്ലേ. പഠിത്തത്തില്‍ മോശമായവരൊക്കെ തന്റെ കണ്ണില്‍ അന്ന് മണ്ടന്‍മാരായിരുന്നല്ലോ. അങ്ങനൊരുത്തിയെ കാണരുതെന്നല്ലാതെ പിന്നെന്താ ആഗ്രഹിക്കേണ്ടത്?'
എത്ര ശരിയാണവന്‍ പറഞ്ഞത്. പഴയ എന്നെ എനിക്കു പോലും ഇഷ്ടപ്പെടാന്‍ പറ്റുന്നില്ലല്ലോ ഇപ്പോഴെന്നോര്‍ത്തപ്പോള്‍ ചുണ്ടില്‍ അറിയാതൊരു ചിരി വിടര്‍ന്നു. നഷ്ടപ്പെടുത്തിയ കൗമാരം. ഉള്ളിലൊരു ഹാര്‍മോണിയം പഴയൊരു പാട്ടിന്റെ ഈണമായി മാറി.
'എവിടെയോ കളഞ്ഞുപോയ കൗമാരം
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു,
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാന്‍ തിരയുന്നു.
ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിന്മേല്‍ നിഴല്‍വീഴും നഗരത്തിലോ
എവിടെയോ... എവിടെയോ..'
സ്വപ്നങ്ങള്‍ക്കുപോലും വിലക്കേര്‍പ്പെടുത്തിയിരുന്ന കൗമാരം. എവിടെ തിരിഞ്ഞാലും അരുതുകള്‍. നിറം മങ്ങിയ ദിനങ്ങള്‍. മനസിന്റെ കോണിലെവിടെയോ ചാരം മൂടി കിടപ്പുണ്ടിപ്പോഴും വിടരാതെപോയ കൗമാര സ്വപ്നങ്ങള്‍. ബിച്ചു തിരുമല എനിക്കായി എഴുതിയതായി തോന്നിയിട്ടുണ്ട് ഈ വരികള്‍ .
....................
Also Read: പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!
...........................
'ശക്തി' എന്ന ചിത്രത്തിനായി ബിച്ചു തിരുമല എഴുതിയ ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍. സംഗീത വഴികളിലെ ഒറ്റയാന്‍ കെ ജെ ജോയ് ഈണം നല്‍കി ഗാനഗന്ധര്‍വ്വന്‍ ഭാവാത്മകമായി ആലപിച്ച നിത്യ ഹരിത ഗൃഹാതുര ഗാനം.
1975-ല്‍ 'ലൗ ലെറ്റര്‍' എന്ന ചിത്രത്തിലൂടെയാണ് കെ.ജെ.ജോയ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ 'ടെക്‌നോ മ്യുസിഷ്യന്‍' എന്നറിയപ്പെട്ട അദ്ദേഹം 200 -ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. 1994-ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ദാദ' ആയിരുന്നു അദ്ദേഹം ഈണമിട്ട അവസാനചിത്രം. അകാലത്തില്‍ പിടിപെട്ട രോഗം അരനൂറ്റാണ്ടോളം നീണ്ട ആ സംഗീതയാത്രയ്ക്ക് വിരാമമിട്ടത് ഞാനിത് എഴുതിത്തീര്‍ക്കുന്നതിന് തൊട്ടുമുമ്പാണ്.
സിനിമയില്‍ ആ പാട്ടിന് ഒരു സ്‌റ്റേജിന്റെ മേലാപ്പുണ്ട്. സ്റ്റേജില്‍ നിന്ന് കൃഷ്ണ ചന്ദ്രന്‍ അവതരിപ്പിക്കുന്ന അന്ധഗായകന്‍ പാടുന്നു:
'മറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും
മരിയ്ക്കാത്ത വാചാല നിമിഷങ്ങളും..
കൊതിയോടെ ഒരുനോക്കു കണികാണുവാന്‍
തുടിയ്ക്കുന്ന ഹൃദയത്തിന്‍ വഴിവക്കിലോ..'
മനസ്സില്‍ ഒരായിരം ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന, ഒരിയ്ക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വരികള്‍. കൃഷ്ണചന്ദ്രന്റെ ഗാനം കേട്ടിരിക്കുന്ന ഡോ. മാലതിയുടേയും (ശ്രീവിദ്യ) വിജയന്റേയും (ജയന്‍) ഓര്‍മ്മയില്‍ പഴയ കാലം മിന്നിമറയുന്നു.
'മിഴികളിലൊരുതുള്ളി വെളിച്ചത്തിനായ്
വഴിപാടു ഹോമിച്ച നടക്കാവിലോ..
മനസ്സിന്റെ വീണയില്‍ അപസ്വരം മീട്ടുവാന്‍
മടിക്കാത്ത കാലത്തിന്‍ മടിത്തട്ടിലോ....
എവിടെയോ കളഞ്ഞു പോയ കൗമാരം
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാന്‍ തിരയുന്നു'
'പ്രണയത്തിനോട് പരമ പുച്ഛമായിരുന്ന താനെങ്ങനാടെ പ്രണയ കവിത എഴുതി തുടങ്ങിയത്' എന്ന അവന്റെ ചോദ്യം എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി.
പെട്ടെന്നാണ് മഴ പെയ്തു തുടങ്ങിയത്. ചാറ്റല്‍ മഴ . എന്റെ മനസ് നിന്നിലേക്ക് നീണ്ടു. അന്നത്തെ അതേ മഴ. വെറുതേ നിന്നോടൊപ്പം ചാറ്റല്‍ മഴയത്ത്, പഴയതു പോലെ തര്‍ക്കിച്ചു നടക്കാന്‍ തോന്നി. കൈയ്യില്‍ ഒരു പുസ്തകം. മനസില്‍ ഇനിയും പിറക്കാത്തൊരു കവിത. എത്ര രസകരം!
ഞാനന്നേരം അവനെ നോക്കി. അവനും മറ്റേതോ ലോകത്തായിരുന്നു.
'ഓരോ മഴയും എന്നെ പിന്നിലേക്ക് നടത്തും, പിന്നെ ലതാജിയുടെ ഈ പാട്ടും'-അതും പറഞ്ഞ് അവനൊരു പഴമ്പാട്ടിലേക്ക് മൂളിപ്പോയി.
'റിം ജിം ഗിരേ സാവന്‍
സുലഗ് സുലഗ് ജായേ മന്‍
ഭീഗെ ആജ് ഇസ് മൗസം മേം
ലഗി കൈസി യേ ആഗന്‍.. '
....................
Also Read: ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍
.............................
'താനീ ഗാനരംഗം കണ്ടിട്ടുണ്ടോ? ഞാനൊരു നൂറു തവണ കണ്ടിട്ടുണ്ട്. മഴപ്പാട്ടുകള്‍ എത്രയുണ്ടെങ്കിലും ഇതെനിക്ക് വല്ലാത്ത നൊസ്റ്റുവാണ്. യോഗേഷിന്റെ വരികളോ ആര്‍. ഡി ബര്‍മ്മന്റെ സംഗീതമോ അല്ല എന്നെ ആകര്‍ഷിച്ചത്. ബച്ചന്റേയും മൗഷമി ചാറ്റര്‍ജിയുടേയും മുഖത്തെ നിഷ്‌ക്കളങ്കതയാണ്. താന്‍ യു ട്യൂബില്‍ അതൊന്ന് കണ്ടു നോക്കിയേ'-അവന്‍ പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എപ്പോഴോ കണ്ട ആ ഗാനരംഗം ഒരു കാന്‍വാസിലെന്നപോലെ മനസില്‍ തെളിഞ്ഞു.
നിഷ്‌ക്കളങ്കതയുടെ തിളക്കം പേറുന്ന മൗഷമി ചാറ്റര്‍ജിയുടെ കണ്ണുകള്‍! ബോളിവുഡ് ചിത്രമായ മന്‍സിലിന് വേണ്ടി ലതാ മങ്കേഷ്‌ക്കര്‍ ആലപിച്ച എവര്‍ഗ്രീന്‍ പ്രണയ ഗാനം. യോഗേഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ആര്‍ ഡി ബര്‍മന്‍. മൗഷമി ചാറ്റര്‍ജിയും അമിതാബ് ബച്ചനും, മഴയും. മനസ്സ് പ്രണയാതുരമാക്കുന്ന ദൃശ്യാവിഷ്‌കാരം.
'എന്നെങ്കിലുമൊരിക്കല്‍ ഏറെ ഇഷ്ടപ്പെടുന്നൊരാളുടെ കൈ പിടിച്ച്, മഴയത്ത് അത്രയും നിഷ്‌കളങ്കമായി ഈ പട്ടണത്തിലൂടെ നടക്കണം. അതിനിടയില്‍ ഞാന്‍ മരിച്ചു പോയാല്‍ അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷം'-എന്നതായിരുന്നു അടുത്ത നിമിഷം അവന്റെ വാചകം. 'എതോ ജന്മകല്‍പ്പനയില്‍
...................
Also Read: തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!
Also Read: പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?
....................
'ഏതോ ജന്മവീഥികളില്‍
ഇന്നും നീ വന്നു
ഒരു നിമിഷം
ഈ ഒരു നിമിഷം
വീണ്ടും നമ്മള്‍ ഒന്നായ്...'
1982 -ല്‍ പ്രദര്‍ശനത്തിനെത്തിയ, രാമുവിന്റെയും (നെടുമുടി വേണു) ഉഷയുടേയും (സെറീന വഹാബ്) നിഷ്‌ക്കളങ്ക പ്രണയത്തിന്റെ കഥ പറയുന്ന 'പാളങ്ങള്‍' എന്ന ഭരതന്‍ ചിത്രത്തിലെ അനശ്വര പ്രണയ ഗാനം. മറ്റാരും കടന്നുവരാത്ത ഏകാന്തത തള്ളിത്തുറന്ന് പലപ്പോഴും കടന്നുവരുന്ന ആര്‍ദ്രഗീതം. പൂവച്ചല്‍ ഖാദറിന്റെ ആര്‍ദ്രത കിനിയുന്ന വരികള്‍ക്ക് ജോണ്‍സണ്‍ മാഷിന്റെ ഹൃദയം തൊടുന്ന ഈണം. ഹംസധ്വനി രാഗത്തില്‍ വാണി ജയറാമിന്റെ മധുരസ്വരത്തിനൊപ്പം ഉണ്ണി മേനോന്റെ ഹമ്മിംഗും ഒഴുകിയെത്തുമ്പോള്‍ ശ്രോതാക്കളും സ്വപ്നനൗക തുഴഞ്ഞ് പ്രതീക്ഷയുടെ കാല്‍പ്പനിക ദ്വീപില്‍ ചെന്ന് നില്‍ക്കുന്നു. ഹൃദയാഴങ്ങളില്‍ നഷ്ടപ്പെട്ടതൊക്കെയും തിരികെ കിട്ടുമെന്ന പ്രതീക്ഷയുടെ തണുപ്പ് വന്നു പൊതിയുന്നു.
അവന്റെ ആഗ്രഹം എന്നെങ്കിലും സഫലമാവുമോ? മനുഷ്യര്‍ പലപ്പോഴും എത്ര നിസ്സഹായരാണ്! ആരോ വരച്ച വൃത്തത്തിനുള്ളില്‍ ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ടവര്‍!
'എടോ, മോനെ വിളിക്കാറായി. ഞാന്‍ നിര്‍ത്തുന്നു. താന്‍ നടന്നോ' എന്ന് പറഞ്ഞ് അവന്‍ യാത്ര പറയുമ്പോള്‍ ഞാന്‍ വെറുതേ ചോദിച്ചു: 'എടോ എന്റെ കൗമാരം എവിടെയാവും കളഞ്ഞിട്ടുണ്ടാവുക?'
' അതാ ഫിസിക്‌സ് ലാബിന്റെ മൂലയ്‌ക്കെങ്ങാനുമാവും. സാരമില്ല താനിപ്പോള്‍ കൗമാരം ആഘോഷിക്കയാണല്ലോ.'
അവന്റെ നര്‍മ്മം കലര്‍ന്ന മറുപടി എന്നെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു.
റോബര്‍ട്ട് ഡ്രേക്ക് പറഞ്ഞതു പോലെ, 'എനിക്ക് പിന്നിലേക്ക് തിരിച്ചു പോവാന്‍ തോന്നി. ഒന്നും മാറ്റാനല്ല, ചിലതൊക്കെ ഒരിയ്ക്കല്‍ക്കൂടി അനുഭവിക്കാന്‍..'
ജീവിതം ചിലപ്പോള്‍ കല്‍പിത കഥകളേക്കാള്‍ വിചിത്രമാണ്. അല്ലെങ്കില്‍, ജീവിതത്തിലൊരിക്കലും കണ്ടുമുട്ടരുതെന്ന് അവന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍, എങ്ങനെയാവും അവന് എന്തും എപ്പോഴും തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു സുഹൃത്തായി മാറിയത്. അത്രയ്ക്ക് അടുത്ത സുഹൃത്തുക്കളായിമാറിയ ഞാനും അവനും ഒരു വര്‍ഷത്തോളം പരസ്പരം മിണ്ടാതിരുന്നത് എന്തുകൊണ്ടാവും? എങ്കിലും 'താന്‍ ചത്തോ?' എന്ന അവന്റെ ചോദ്യത്തിന് മുന്നില്‍ എന്റെ വാശി അലിയുന്നതെന്തുകൊണ്ടാവും! ചില ചോദ്യങ്ങള്‍ക്കുത്തരമില്ല, ചില ബന്ധങ്ങള്‍ക്ക് വിശദീകരണങ്ങളും!
ഇന്ന്, ഞാനിതെഴുതി തീര്‍ക്കുമ്പോള്‍, ഞാനാദ്യം മൂളിയ വരികള്‍ക്ക് പാട്ടിന്റെ ആത്മാവ് നല്‍കിയ കെ ജെ ജോയ് നമ്മോടൊപ്പമില്ല. സംഗീത സാന്ദ്രമായ ആ ജീവിതത്തിന് വിധി കഴിഞ്ഞ ദിവസം വിരാമമിട്ടിരിക്കുന്നു. പാതി തളര്‍ന്ന ശരീരവും, തളരാത്ത മനസ്സുമായി കഴിഞ്ഞിരുന്ന അദ്ദേഹം പുലര്‍ച്ചേ നമ്മെ വിട്ടു പിരിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും മലയാളിയുടെ ഗാനലോകം ആഘോഷമാക്കിയ ആ വിരലുകള്‍ നിശ്ചലമായി.
പക്ഷേ, എനിക്കറിയാം അങ്ങനെയൊന്നും നിലച്ചു പോവില്ല ഒരു പാട്ടും. അതിന്റെ വിത്തുകള്‍ ഉള്ളില്‍ വീണു കിടക്കുന്ന മനുഷ്യര്‍ ജീവിതത്തിന്റെ ഏതെങ്കിലും നിമിഷത്തില്‍ ആ പാട്ടിനെ വീണ്ടെടുക്കുക തന്നെ ചെയ്യും. മരിച്ചാലും മരിക്കാത്ത ഓര്‍മ്മകളായി തൊണ്ടയില്‍നിന്നും ഒരു ചെറുതോണി പാട്ടിലൂടെ പതിയെ ഒഴുകിപ്പോവും.