ആ മീനുകളും പക്ഷികളും എവിടെയാണ് മറഞ്ഞത്?

By Web Team  |  First Published Jun 16, 2021, 6:35 PM IST

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍


അനക്കമില്ലാതെ ചുഴിയില്‍ കിടക്കുന്ന സുഖം ലോകത്ത് ഒരിടത്തും കിട്ടില്ല. പുഴയിലെ ജീവികള്‍, സസ്യങ്ങള്‍; അവയ്ക്കൊപ്പമുള്ള ഞങ്ങളും ഒരു തരത്തില്‍ പുഴയിലെ ജൈവാവസ്ഥയുടെ ഭാഗങ്ങളായിരുന്നു. പുഴയോട് ചേന്ന് കാട്ടില്‍ നിന്നൊഴുകിയെത്തുന്ന തോട്ടിലെ ജലത്തിന് പുഴയിലെ വെള്ളത്തേക്കാള്‍ സുഖമുണ്ടായിരുന്നു. ഉരുളന്‍ കല്ലുകളില്‍ പറ്റിപ്പിടിച്ചു വളരുന്ന കല്ലൂര്‍ വഞ്ചികള്‍, കരയിലെ മരോട്ടിമരങ്ങള്‍, മണിമരുതില്‍ നിന്ന് വീണൊഴുകുന്ന വയലറ്റ് പൂക്കള്‍. കാഴ്ചകള്‍ക്കപ്പുറം ഉള്ളില്‍ വറ്റാതെ അനുഭവങ്ങള്‍.

 

Latest Videos

undefined

 

കെട്ടിനില്‍പ്പിന്റെ ഉറച്ച കാലത്ത് ഒഴുകുക എന്നത് അത്രമേല്‍ അപരിചിതമായിരിക്കുന്ന ഒന്നാണ്. അതിനാലാവണം, ഇന്നാലോചിക്കുമ്പോള്‍, പുഴയോടൊപ്പമുള്ള നേരങ്ങള്‍ വലിയ ഒഴുകിപ്പോകലിന്റെ അനുഭവങ്ങളായി ഉള്ളില്‍ നിറയുന്നത്. 

പഴയ പുഴക്കാലങ്ങളില്‍ വെള്ളത്തിന് നല്ല ഒഴുക്കായിരുന്നു. അങ്ങകലെ മലമുകളില്‍ നിന്നാരംഭിച്ച് കടല്‍ വരെയുള്ള പ്രവാഹം. ഒഴുക്കിന്റെ ചലനത്തിനൊപ്പം നേര്യമംഗലവും പലതായി മാറിപ്പോയി.

കുട്ടിക്കാലത്ത് ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും പുഴയിലാവും ഉണ്ടാവുക. പക്ഷികള്‍, മീനുകള്‍, പലതരം ചെടികള്‍ പുഴയോടടുത്ത കാടിന്റെ കാഴ്ച.. അങ്ങനെയങ്ങനെ ഒഴുക്കിന്റെ കാലം. ക്ലാസ് മുറിയില്‍ കേട്ട പെരിയാര്‍ എന്ന പുഴയായിരുന്നില്ല അത്. നേര്യമംഗലം പുഴ, വടക്കന്‍ പുഴ എന്നൊക്കെ ആയിരുന്നു അതിന്റെ പേര്. അല്ലെങ്കിലും വെള്ളമൊഴുക്കിന് എന്തിനാണ് പേര്?

.................................

Read more : തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

 

അന്നൊക്കെ അവധി ദിനങ്ങളില്‍ ചൂണ്ടയിട്ട് മണിക്കൂറുകള്‍ കാത്തുകിടക്കും. മീനുകളെ കിട്ടുന്നത് വല്ലപ്പോഴുമായിരിക്കും. മീന്‍ കിട്ടുക എന്നതിനപ്പുറം പുഴയോട് ഒപ്പമിരിക്കുക എന്നതാണ് പ്രധാനം. നിക്കറിന്റെ പോക്കറ്റില്‍ കാട്ടില്‍ നിന്ന് പെറുക്കുന്ന പലതരം പഴങ്ങള്‍ തിരുകി, പുഴവെള്ളം കുടിച്ച് രാവിലെ മുതല്‍ പുഴയില്‍ കളി തുടങ്ങുകയായി. വാഴയ്ക്കാ പരലിന്റെ നിറ വ്യത്യാസങ്ങളില്‍, നെറ്റിപ്പൊട്ടന്റെ കുസൃതിയില്‍ മുഴുപ്പകല്‍. നീര്‍ക്കോലിയും കാരിയും ഒഴുകി നടക്കുന്ന പുഴ. പാറയിടുക്കുകളില്‍ കുയിലും (ഒരുതരം മത്സ്യം) വാളയും, മഞ്ഞക്കൂരിയും.  ആറ്റുവഞ്ചിയും നീര്‍മാതളവും സങ്കേതങ്ങളാക്കിയ വയലറ്റു പൊന്മാനുകള്‍. കാട്ടില്‍ നിന്നൊഴുകി പുഴയിലേക്ക് ചേരുമ്പോള്‍ ഹാ.. എന്ന് ഉറക്കെ പറയുന്ന തോട്ടിലെ വെളുപ്പും കറുപ്പും നിറഞ്ഞ കൊഞ്ചിന്‍ കൂട്ടങ്ങള്‍. കുമിളകള്‍ തീര്‍ത്ത് മറയുന്ന കരിമീന്‍ കൂട്ടങ്ങള്‍, മഞ്ഞപ്പിനിടയില്‍ കറുത്ത വരകള്‍ എഴുതി സുന്ദരിയെന്ന് നീന്തി മറയുന്ന പള്ളത്തികള്‍. ആരോന്റെയും മനഞ്ഞിലിന്റെയും പുളച്ചിലില്‍ പാമ്പെന്നോര്‍ത്ത് ചൂണ്ട വലിച്ചെറിഞ്ഞ് ഓടുന്ന പേടികള്‍. മീനുകളിലെ തലയെടുപ്പുകാരായ വരാലും ഉരുളും പതുങ്ങിയിരിക്കുന്ന ആഴങ്ങള്‍.  അന്നൊക്കെ ഒഴുക്കുകളെ, ആഴങ്ങളെ ഒക്കെ നീന്തി തോല്‍പ്പിച്ചിരുന്നു. എത്ര നേരവും ആഴങ്ങളില്‍ മുങ്ങി നില്‍ക്കാന്‍ പറ്റുമായിരുന്നു. തെളിഞ്ഞ വെള്ളത്തിന്റെ ചില്ലിനടിയിലെ പലതരം കാഴ്ചകള്‍!

കയങ്ങള്‍ക്കടിയിലെ ചുഴിയില്‍ വട്ടം ചുറ്റി കറങ്ങുമ്പോള്‍ ആരുമൊന്ന് ഭയക്കും! എന്നാല്‍ അനക്കമില്ലാതെ ചുഴിയില്‍ കിടക്കുന്ന സുഖം ലോകത്ത് ഒരിടത്തും കിട്ടില്ല. പുഴയിലെ ജീവികള്‍, സസ്യങ്ങള്‍; അവയ്ക്കൊപ്പമുള്ള ഞങ്ങളും ഒരു തരത്തില്‍ പുഴയിലെ ജൈവാവസ്ഥയുടെ ഭാഗങ്ങളായിരുന്നു. പുഴയോട് ചേന്ന് കാട്ടില്‍ നിന്നൊഴുകിയെത്തുന്ന തോട്ടിലെ ജലത്തിന് പുഴയിലെ വെള്ളത്തേക്കാള്‍ സുഖമുണ്ടായിരുന്നു. ഉരുളന്‍ കല്ലുകളില്‍ പറ്റിപ്പിടിച്ചു വളരുന്ന കല്ലൂര്‍ വഞ്ചികള്‍, കരയിലെ മരോട്ടിമരങ്ങള്‍, മണിമരുതില്‍ നിന്ന് വീണൊഴുകുന്ന വയലറ്റ് പൂക്കള്‍. കാഴ്ചകള്‍ക്കപ്പുറം ഉള്ളില്‍ വറ്റാതെ അനുഭവങ്ങള്‍. പാലത്തിനോട് ചേര്‍ന്ന ഇരട്ടപ്പാറയുടെ ആഴങ്ങളില്‍ മുങ്ങി നിവരാത്ത നേര്യമംഗലംകാര്‍ ഉണ്ടാവില്ല. പത്താഴപാറയുടെ ആഴങ്ങളില്‍ നിന്ന് കല്ലെടുക്കല്‍ എന്നൊരു കളിയുമുണ്ടായിരുന്നു അക്കാലം. ചീങ്കണ്ണിപ്പാറ, ഇറച്ചിപാറ, ആനപ്പാറ, കോഴിത്തുരുത്ത്്്, അങ്ങനെ അങ്ങനെ എത്ര പേരുകളാണ് പുഴയെന്ന ഭൂപടത്തില്‍ ഉണ്ടായിരുന്നത്. നായുംകണകള്‍ക്കിടയിലെ മണല്‍പ്പരപ്പില്‍ ഇഴയുന്ന ഉടുമ്പുകള്‍, വെള്ളത്തിലിറങ്ങി ഊളിയിട്ട് അകലെ പൊങ്ങുന്ന നീര്‍ന്നായകള്‍, നീര്‍ക്കാക്കകള്‍, പലതരത്തിലുള്ള കൊക്കുകള്‍. അന്നത്തെ കാഴ്ചകള്‍ക്ക് അവസാനമില്ല. 

 

..........................................

Read more: പ്രകൃതിയുടെ താളം തെറ്റിക്കുന്നത് ആരാണ്?

 

പെട്ടെന്ന് അവയൊക്കെ എവിടെ പോയി? 

വെള്ളത്തിന് പുറത്ത് പറന്നു നടന്ന പലതരം പക്ഷികള്‍, അടിയില്‍ പാഞ്ഞു നടന്നിരുന്ന മീനുകള്‍, സസ്യങ്ങള്‍, തുരുത്തുകള്‍ ഒന്നും ഇന്നില്ല. നേര്യമംഗലത്തിന് താഴെ ഭൂതത്താന്‍ കെട്ട് അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചപ്പോള്‍ അവയെല്ലാം എങ്ങോട്ടോ പോയി. ഒരു തുരുത്തില്‍ ശേഷിച്ച ഒരു നീര്‍മാതളം ഇല്ലാതാവുന്നത്് വേദനയോടെ കണ്ടുനിന്നിട്ടുണ്ട്. 

ഉള്ളില്‍ നിന്ന് സങ്കടത്തിന്റെ കാട്ടരുവികള്‍ ഒഴുകുന്നതു കേള്‍ക്കാം. കൂരലും കുറുവയും കൊന്തംക്കൊലുവയുമൊക്കെ ഇപ്പോള്‍ ഇല്ല. ഒഴുക്കിനെ തടഞ്ഞു നിര്‍ത്തിയപ്പോള്‍ അവയെല്ലാം കെട്ടിക്കിടന്ന് മരിച്ചുപോയിക്കാണുമെന്ന് വലുതായപ്പോള്‍ ഓര്‍ത്തു. സ്‌കൂളില്‍ നിന്നെത്തിയാല്‍ നീന്തിയൊഴുകി നടക്കുന്ന കുട്ടിക്കൂട്ടങ്ങളില്ലാതെ പുഴയിന്ന് കെട്ടി നില്‍പ്പാണ്. മഴക്കാലത്ത് മാത്രം അണക്കെട്ട് തുറക്കുമ്പോള്‍ പുഴ പഴയതുപോലെ ഒഴുകി നീന്തുന്നതു കാണുമ്പോള്‍ പുഴക്കരയിലെ ആറ്റുവഞ്ചികള്‍ ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

എല്ലാ ഒഴുക്കിനെയും കെട്ടി നിര്‍ത്താനാവുമോ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ആ ഒഴുക്കിനൊപ്പം ഒഴുകേണ്ട ജീവനുകളെ കെട്ടിനിര്‍ത്തി നശിപ്പിക്കാന്‍ ആരാവും അനുവാദം നല്‍കിയത്.  പലവിധത്തിലുള്ള മാലിന്യങ്ങളൊഴുക്കി ഇന്ന് പെരിയാര്‍ മാലിന്യയാറായി മാറി. ഹോട്ടലുകളില്‍ നിന്നടക്കമുള്ള മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നത് എന്ത് ക്രൂരതയാണ്? പണ്ട് പുഴയില്‍ മുങ്ങി നിവരുമ്പോള്‍ ഉണ്ടായിരുന്ന കാടിന്റെ ചൂര് ഇന്ന് മുങ്ങുമ്പോള്‍ മണക്കാറില്ല. അല്ലെങ്കിലും ഇല്ലാതായതിനെ സങ്കടത്തോടെ ഓര്‍ത്തു നില്‍ക്കാനല്ലേ ആവൂ.. ഭാരതപ്പുഴയെക്കുറിച്ചുണ്ടായ കവിതാ ആധികള്‍ പോലും പെരിയാറിന് അന്യമാണ്. കേരളത്തിലെ എറ്റവും ജലസാന്ദ്രമായ പുഴ, പെരിയാര്‍ എന്ന പെരിയ പുഴ ഇല്ലാതാവുന്നോ എന്ന് ചോദിച്ചുകൊണ്ടിരിക്കാം. 

മണല്‍ക്കൂനകളും കല്ലുകളും നോക്കി ഇവിടെയൊരു പുഴയുണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയുണ്ടാവല്ലേ എന്ന് ഉള്ളുകൊണ്ട് ആവര്‍ത്തിച്ച് ഉരുവിടുന്നു. മുറ്റത്തെ ചെടിക്കൂട്ടങ്ങള്‍ കൂടെ ചൊല്ലുന്നു. മഴ പെയ്യുന്നു. മഴയില്‍ മലകള്‍ക്ക് മോളില്‍ നിന്നൊരു തുള്ളി കാടുകളെ തൊട്ടു കുതിച്ചു പായുന്നു. ഉറവകളില്‍ നിന്ന് ഒഴുകിയറങ്ങി താഴ്‌വരയിലേക്ക് നടക്കുന്നു. പുഴ ഉള്ളിലൂടെ ഒഴുകി നടക്കുന്നു. കണ്ണ് നിറഞ്ഞൊഴുകുന്നു..

 

ഒന്നാം ഭാഗം:  ഇളംപച്ചയിലേക്കുള്ള തിരിച്ചുപോക്കുകള്‍

രണ്ടാം ഭാഗം: കാട്; വായിക്കുന്തോറും പുതുതാവുന്ന പുസ്തകം! 

click me!