Opinion: ബില്‍ക്കിസ് ബാനു: ഇന്ത്യയുടെ മുന്നിലെ ചോരയിറ്റുന്ന ചോദ്യചിഹ്‌നം!

By P R Vandana  |  First Published Aug 26, 2022, 5:31 PM IST

ഇന്ന് അന്താരാഷ്ട്ര സ്ത്രീ സമത്വദിനം. സ്ത്രീ നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയുടെ മുന്നില്‍ ചോദ്യചിഹ്‌നമായി നില്‍ക്കുന്ന ബില്‍ക്കിസ് ബാനുവിനെക്കുറിച്ച് പി ആര്‍ വന്ദന എഴുതുന്നു


അടുത്ത ഘട്ടം പോരാട്ടത്തിന് നിയമവിദ്ധര്‍ തയ്യാറെടുക്കുമ്പോള്‍ നാരീശക്തിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ജയില്‍മോചിതരായവര്‍ക്കുള്ള സ്വീകരണവും ഒറ്റ കൊളാഷ് ആയി മുന്നില്‍ നില്‍ക്കുമ്പോള്‍ എന്താകും ബില്‍ക്കിസിന്റെ മനസ്സില്‍?

 

Latest Videos

undefined

Also Read: ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

..................................

 

ബില്‍ക്കിസ് ബാനു, സ്ത്രീയാണോ മുസ്‌ലിമാണോ?  ഉചിതമായ തീരുമാനമെടുക്കാന്‍ രാജ്യത്തിനോട് ആവശ്യപ്പെടുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. 

ബില്‍ക്കിസ് ബാനു ആകട്ടെ, മറ്റേതെങ്കിലും സ്ത്രീ ആകട്ടെ, ബലാത്സംഗത്തിനിരയായ സ്ത്രീക്ക് നീതി കിട്ടണം, രാഷ്ട്രീയത്തിനും ആശയസംഹിതകള്‍ക്കും അപ്പുറമായി പിന്തുണ വേണം. ഓര്‍മപ്പെടുത്തുന്നത് ബിജെപി നേതാവും നടിയുമായ ഖുഷ്ബു.

വനിതകള്‍ക്കുള്ള തുല്യാവകാശത്തെ കുറിച്ച് ആഹ്വാനം ചെയ്യുന്ന ദിനത്തില്‍ ഇക്കുറി ഇന്ത്യയുടെ മുന്നില്‍ നില്‍ക്കുന്ന ഏറ്റവും വലിയ ചോദ്യചിഹ്നത്തിന്റെ പേരാണ് ബില്‍ക്കിസ് ബാനു. പേരുണ്ടെങ്കിലും മേല്‍വിലാസമില്ലാത്ത സ്ത്രീ. പേരു തന്നെ വേദനിപ്പിക്കുന്ന ഓര്‍മകളുടെ പര്യായമായിപ്പോയ ഒരു പാവം സ്ത്രീ. നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ മകളെ പാറക്കടിച്ച് കൊല്ലുന്നത് കണ്ടവള്‍. വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റേയും ഹിംസാവതാരം പൂണ്ട ആണ്‍ കൂട്ട അക്രമത്തിന് വിധേയയായവള്‍. ഉറ്റവരുടെയും ഉടയവരുടെയും ജീവന്‍പിടയുന്നത് കണ്ടുള്ള നിലവിളി നെഞ്ചിനകം കുടുങ്ങിപ്പോയവള്‍. സംശയത്തിന്റെ ആനുകൂല്യത്താല്‍ മരണത്തിലേക്കുള്ള നൂല്‍പാലയാത്രക്കിടെ ഒരു നിമിഷത്തെ ശ്വാസത്തിന്റെ കൈപ്പിടിയില്‍ ജീവന്‍ തിരിച്ചുകിട്ടിയവള്‍. തുണയാകേണ്ട സംവിധാനങ്ങളും ഭരണകൂടവും പിന്തിരിഞ്ഞു നിന്നപ്പോഴും  ഉന്നത നീതിപീഠം വരെ പോരാടിയവള്‍. തെരുവുകള്‍ തോറും അഭയകേന്ദ്രങ്ങള്‍ തോറും ഭയന്നോടിയപ്പോഴും ഭീഷണിക്കും വാഗ്ദാനങ്ങള്‍ക്കും വഴങ്ങാതെ പോരാട്ടം തുടര്‍ന്നവള്‍. ഒടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ കൈത്താങ്ങില്‍  ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടവള്‍. ഒടുവില്‍ ആ നീതിയുടെ കരുതലിന്റെ ന്യായം പറഞ്ഞ് ചട്ടങ്ങളുടെ വിടവിലൂടെ തന്റെ ജീവിതം തിരിച്ചുപിടിക്കാനാവാത്ത വിധം മാറ്റിയെഴുതിയ പതിനൊന്നു പേരും ജയില്‍ മോചിതരായത് കണ്ട് ഞെട്ടിയവള്‍. ബില്‍ക്കിസ് ബാനു നേരിട്ടത് സമാനതകളില്ലാത്ത പീഡനവും വേദനയുമാണ്. ബില്‍ക്കിസ് ബാനു നയിച്ചത് സമാനതകളില്ലാത്ത ദുരിതവും ദുരന്തവുമാണ്. ബില്‍ക്കിസ് ബാനു നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. 

............................

Also Read :  'ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിച്ചത് തെറ്റ്, ന്യായീകരണമില്ല'; രൂക്ഷ വിമര്‍ശനവുമായി ഫഡ്നവിസ്
............................

 

ബില്‍ക്കിസ് ബാനു എന്ന ആ പേര് ഓര്‍മപ്പെടുത്തുക, മനസ്സിലെത്തിക്കുക ഉറക്കെ കേള്‍ക്കുന്ന നിലവിളികളും കത്തിയമരുന്ന വീടുകളും പലായനം ചെയ്യുന്ന കാലടികളിലൂറുന്ന ചോരത്തുള്ളികളുമാണ്. സിരകളിലെത്തിക്കുക വിദ്വേഷത്തിന്റെ ശക്തിയോര്‍ത്തുള്ള ഞെട്ടലും ഭയവുമാണ്. അതുകൊണ്ടാണ് രാജ്യത്തെ മതേതരവിശ്വാസികളും ജനാധിപത്യവാദികളും സമാധാനപ്രേമികളും ഉള്‍പെട്ട വലിയൊരു ശതമാനവും ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവില്‍ കഴിഞ്ഞ 11 പ്രതികളെയും മോചിപ്പിച്ചപ്പോള്‍ ഞെട്ടിയതും പ്രതിഷേധിച്ചതും. 

നീതിന്യായ വ്യവസ്ഥയുടെ മുഖത്തേറ്റ അടി എന്ന് വിധിയെ പറ്റി പറഞ്ഞ് സുപ്രീംകോടതിക്ക് കത്തെഴുതിയ ആറായിരത്തോളം പേരില്‍  ചരിത്രകാരന്‍മാരും ആക്ടിവിസ്റ്റുകളും നിയമവിദഗ്ധരുമുണ്ട്. നിയമത്തിന്റെയും ചട്ടങ്ങളുടെയും നൂലാമാലകള്‍ക്കിടയില്‍ ന്യായം കണ്ടെത്തി,  ദീല്‍ദയാല്‍ ഉപാധ്യായ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തടവില്‍ നിന്ന് പുറത്തിറങ്ങിയ 11 പേര്‍ക്കും സ്വീകരണം നല്‍കിയ   ബിജെപി പ്രതിരോധത്തിലായതും അതുകൊണ്ടാണ്. അവരെല്ലാവരും നല്ല ബ്രാഹ്മണരാണെന്നും നല്ല സാംസ്്കാരികമൂല്യങ്ങള്‍ പിന്തുടരുന്നവരാണെന്നും പറഞ്ഞ ഗോധ്ര എംഎല്‍എ പിന്നീട് തിരുത്തിയതും അതുകൊണ്ടുതന്നെ. 

ജയിലില്‍ 1 5വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സമീപിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനായിരുന്നു ഗുജറാത്ത് സര്‍ക്കാരിനുള്ള സുപ്രീംകോടതി നിര്‍ദേശം. ഇതിന് പിന്നാലെ സംസ്ഥാനസര്‍ക്കര്‍ നിയോഗിച്ച മൂന്നംഗസമിതി നല്‍കിയ നിര്‍ദേശം എല്ലാവരേയും വിട്ടയക്കാമെന്ന്. പതിനാല് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയ്ക്കാന്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു  92 -ലെ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2014 -ലെ പുതുക്കിയ ഉത്തരവ് പ്രകാരം ബലാത്സംഗം, കൊലപാതകം അടക്കം കേസുകളില്‍ പെട്ടവര്‍ക്ക് ഈ പരിഗണനയുണ്ടാകില്ല. ഈ പരിമിതി അല്ലെങ്കില്‍ തടസ്സം സര്‍ക്കാര്‍ മറികടന്നത് ബില്‍ക്കിസ്  കേസില്‍ ശിക്ഷാവിധി 2008 -ലാണെന്നും അതുകൊണ്ട് ബാധകം 1992ലെ ഉത്തരവവ് ആണെന്നുമുള്ള സാങ്കേതികന്യായം ഉന്നയിച്ചാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടിയിലെ നിയമവശങ്ങളിനി സുപ്രീംകോടതി വിലയിരുത്തും .  വേണ്ടത്ര ആലോചന വല്ലതും ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും കോടതി. സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്. 

 

...................
Also Read: 'ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരൂ': തന്നെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കിസ് ബാനു
...................


അടുത്ത ഘട്ടം പോരാട്ടത്തിന് നിയമവിദ്ധര്‍ തയ്യാറെടുക്കുമ്പോള്‍ നാരീശക്തിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ജയില്‍മോചിതരായവര്‍ക്കുള്ള സ്വീകരണവും ഒറ്റ കൊളാഷ് ആയി മുന്നില്‍ നില്‍ക്കുമ്പോള്‍ എന്താകും ബില്‍ക്കിസിന്റെ മനസ്സില്‍?   2002-ലെ കലാപത്തിലേറ്റ മുറിവുകള്‍ക്ക് 20 വര്‍ഷത്തിനിപ്പുറം 2022-ലും തേന്‍ പുരട്ടിയില്ലെങ്കിലും വേണ്ട, കൂടുതല്‍ കുത്തിനോവിക്കരുതെന്ന അപേക്ഷ? വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം മുറിവുണക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന വേദനയോടെയും നിസ്സഹായതയോടെയും സുപ്രീംകോടതി നല്‍കിയ ആശ്വാസവിധി (50ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും താത്പര്യപ്പെടുന്നിടത്ത് താമസസൗകര്യവും) മര്യാദക്ക് നടപ്പാകുമോ എന്ന ചോദ്യം? പുറത്തിറങ്ങിയവര്‍ക്കും ഒപ്പമുള്ളവര്‍ക്കും പ്രതികാരത്തിന്റെ അടുത്ത ഘട്ടമാകുമോ ലക്ഷ്യം എന്ന പേടി? ഇനിയും എത്ര നാള്‍ ഭയന്നും ഞെട്ടിയും വിറച്ചും ജീവിക്കണമെന്ന ആശങ്ക? ചോദ്യങ്ങള്‍ ഏറെയുള്ള, ഉത്തരങ്ങള്‍ തീരെയില്ലാത്ത, നെടുവീര്‍പ്പുകള്‍ കൂടപ്പിറപ്പായ ബില്‍ക്കിസ് ബാനു നമ്മളുടെ മുന്നില്‍ നില്‍ക്കുന്നു. എന്താ കുഴപ്പം? എന്നാലെന്താ? ഇന്ന് വനിതകളുടെ തുല്യാവകാശത്തിന്റെ ദിനമാണ്. ആഹ്വാനങ്ങള്‍ കുറക്കരുത്. പരിഷ്‌കാരി മുദ്രാവാക്യങ്ങള്‍ മുഴങ്ങാതിരിക്കരുത്.  


വാല്‍ക്കഷ്ണം: 
പൊലീസ് സേനയിലെ വനിതകളുടെ ദേശീയക്കൂട്ടായ്മയില്‍ ( PWCN National Conference of Women in Police) പങ്കെടുക്കവെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു, പൊലീസിലേക്ക് ആളുകളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കൂടുതല്‍ സ്ത്രീകളെ തെരഞ്ഞെടുക്കുമെന്ന്, കാരണം കേസന്വേഷണത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കുമെന്ന്. 

ആത്മാര്‍ത്ഥത അന്വേഷണം തേടിയെത്തുന്ന സ്ത്രീകളോടും കാണിച്ചെങ്കില്‍!

ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ജയില്‍ മോചനം ആകാമെന്ന് തീരുമാനിച്ച മൂന്നംഗസമിതിയില്‍ ബിജെപിയുടെ കാലോല്‍ എംഎല്‍എ സുമന്‍ബെന്‍ ചൗഹാന്‍ അംഗമായിരുന്നു. ആത്മാര്‍ത്ഥത ഇരയോടായിരുന്നില്ല എന്നു മാത്രം

click me!