ഓട്ടോയിലും ബാങ്കിലും ആശുപത്രിയിലും എന്നുവേണ്ട സകലസ്ഥലങ്ങളിലും മീൻമണക്കുന്നെന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെടുന്നത് അവരോരോ ദിവസവും അനുഭവിച്ചുപോരുന്ന നാട്ടിലെ ദുരിതം. അങ്ങനെ, മൂക്ക് ചുളിക്കുന്നവരോട് അവർ ഉറക്കെ ചോദിച്ചു, 'മീനില്ലാതെ ചോറിറങ്ങാത്ത നിങ്ങളാണോ ഞങ്ങളെ മീൻമണമെന്ന് പറഞ്ഞ് അകറ്റി നിർത്തുന്നത്?'.
തെരുവുകളിലെ സമരങ്ങളൊരു പുതിയ കഥയല്ല. ദൃശ്യമോ അദൃശ്യമോ ആകാം, അതിജീവനത്തിന്റെ കഥകളടയാളപ്പെടുത്താതെ ലോകത്തൊരു തെരുവും മാഞ്ഞുപോയിട്ടുമില്ല. കേരള തലസ്ഥാനത്ത്, പാളയം മാർക്കറ്റിന് മുന്നിൽ കടലോരത്ത് നിന്നുമെത്തിയ ആറ് പെണ്ണുങ്ങൾ ചേർന്നൊരു കഥ പറഞ്ഞു. കടൽ പോലുള്ള കുറച്ച് ജീവിതങ്ങളുടെ കഥ. അതിൽ, ചിരിയുണ്ടായിരുന്നു, കണ്ണീരുണ്ടായിരുന്നു, ആധികളും, വ്യാധികളും അവരുടെ അതിജീവനവുമുണ്ടായിരുന്നു.
നെഞ്ചുപൊട്ടിക്കൊണ്ടവർ പാടി,
undefined
''കടലമ്മ കനിഞ്ഞുതന്ന
കനികൊണ്ട് കഴിഞ്ഞോര്
കടലിന്റെ മക്കളിന്ന് കണ്ണീരിലല്ലോ?
കടലടിയിലെ നിധിയും തേടി
വലവീശിപ്പോയോർക്ക്
ഒടുവിലീ കണ്ണീർമുത്തുകൊടുത്തതാരോ
ഏലോ ഏലേലോ, ഏലേ ഏലോലോ''
നിരീക്ഷ വനിതാ നാടകവേദി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഭാഗമായിട്ടാണ് വലിയ തുറയിൽ നിന്നുള്ള പരമ്പരാഗമത്സ്യത്തൊഴിലാളികളായ ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് തെരുവോരത്ത് ആ നാടകം 'ജീവിച്ചത്'. പേര് -ഇത് എങ്കള കടല്.
Image: Anup Dev Kishore/Asianet News
ഓരോ ദിവസവും തങ്ങൾ കടന്നുപോകുന്ന ജീവിതദുരിതങ്ങളും, തോൽക്കാൻ പാടില്ലാത്ത സമരങ്ങളുമാണവർ പറഞ്ഞുവച്ചത്. കണ്ടുനിന്നവർ ആണെന്നില്ലാതെ, പെണ്ണെന്നില്ലാതെ കയ്യടിച്ചു കൊണ്ടേയിരുന്നു. ഓരോ ഡയലോഗിനും കയ്യടി. കുടിച്ചാടിയെത്തിയ ആണൊരുത്തനായി കൂട്ടത്തിലൊരു പെണ്ണ് തന്നെ വേഷമിട്ടു. കുടിക്കാൻ കാശ് കൊടുക്കാത്തതിന് ഭാര്യയുടെ തലമണ്ടയടിച്ച് അവൻ ആടിയാടിപ്പോയി -അത് അവരുടെ വീടുകളിലെ ദുരിതപ്പാട്.
Image: Anup Dev Kishore/Asianet News
ഓട്ടോയിലും ബാങ്കിലും ആശുപത്രിയിലും എന്നുവേണ്ട സകലസ്ഥലങ്ങളിലും മീൻമണക്കുന്നെന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെടുന്നത് അവരോരോ ദിവസവും അനുഭവിച്ചുപോരുന്ന നാട്ടിലെ ദുരിതം. അങ്ങനെ, മൂക്ക് ചുളിക്കുന്നവരോട് അവർ ഉറക്കെ ചോദിച്ചു, 'മീനില്ലാതെ ചോറിറങ്ങാത്ത നിങ്ങളാണോ ഞങ്ങളെ മീൻമണമെന്ന് പറഞ്ഞ് അകറ്റി നിർത്തുന്നത്?'. നാടകം കാണാനെത്തിയ പാളയത്തെ മത്സ്യത്തൊഴിലാളിയായ ചേച്ചിയുടെ മുഖത്ത് ആ ചോദ്യം ചോദിച്ചവരോട് ഐക്യപ്പെട്ടുകൊണ്ടൊരു ചിരി വിരിഞ്ഞു. പക്ഷേ, നാടകം കാണുന്നവരാരും മിണ്ടിയില്ല. ചിലർ കുറ്റബോധത്തോടെ മുഖം കുനിച്ച് കാണണം.
Image: Anup Dev Kishore/Asianet News
മലയാളികൾ സീസണൽ സ്നേഹികളാണ്. പ്രളയം വന്നാൽ അവർ മത്സ്യത്തൊഴിലാളികളെ സ്നേഹിക്കുന്നത് പോലെ. അതിന് വലിയ ആയുസ്സൊന്നുമില്ല. കടലോരത്തെ ആണുങ്ങൾ പിന്നെയും കടലിലേക്കിറങ്ങും, പെണ്ണുങ്ങൾ ചരുവത്തിൽ മീൻ നിറച്ച് വിൽക്കാനിറങ്ങും. ആയുസ്സിലെ ഓരോ ദിവസവും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർക്ക് ഒഴിവാക്കാനാവാത്ത ഓട്ടപ്പാച്ചിലാണ്.
നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത മത്സ്യത്തൊഴിലാളിയായ ജെർമിക്ക് സർക്കാരുകളടക്കം ആരും തങ്ങളുടെ ദുരിതം കാണാത്തതിൽ പരിഭവവും ദേഷ്യവുമുണ്ട്. 'കടലാണ് ഞങ്ങളുടെ ജീവിതവും ഉപജീവനമാർഗവും. ഇപ്പോൾ, ഞങ്ങൾക്ക് കടലില്ല, കടൽത്തീരവുമില്ല' എന്ന് പറയുന്നു ജെർമ്മി. 'ഞങ്ങളെല്ലാം പാരമ്പര്യമായി മത്സ്യത്തൊഴിലാളികളാണ്. കടൽത്തീരത്ത് ചിരിച്ചും കളിച്ചും വളരേണ്ടവരാണ് ഞങ്ങളുടെ മക്കൾ. അവർക്കിന്ന് കളിക്കാൻ കളിസ്ഥലങ്ങളില്ല. ലഹരിക്കടിമയായിപ്പോകുന്ന ഞങ്ങളുടെ മക്കൾ, അവർ വീടും കളിമുറ്റവും നഷ്ടപ്പെട്ടുപോയവരാണെ'ന്ന് ജെർമ്മിയുടെ സങ്കടമുറ്റുന്നു. ആ മക്കളെ ഞങ്ങൾക്ക് തിരികെ വേണമെന്ന് അവർ വിദൂരതയിലേക്ക് മിഴികൾ നാട്ടുന്നു.
നാടകമൊന്നുമല്ല, ജീവിതം തന്നെ
ഈ നാടകം എഴുതിയതല്ല. മറിച്ച് ദിവസത്തിലെ എല്ലാ ഓട്ടവും കഴിഞ്ഞ് ഒരു മണിക്കൂർ നേരത്തെ റിഹേഴ്സലിൽ ജെർമി സംഭാഷണം പറഞ്ഞുകൊടുക്കും. ഓരോരുത്തരും അത് പറഞ്ഞു പഠിക്കും. അങ്ങനെയാണവർ തെറ്റാത്ത ഡയലോഗുകളുമായി പാളയത്തെത്തിയത്. അല്ലെങ്കിലും, സ്വന്തം ജീവിതം പറയുമ്പോൾ ആർക്കാണ് തെറ്റിപ്പോവുക?
Image: Anup Dev Kishore/Asianet News
നാടകമെഴുതി സംവിധാനം ചെയ്ത ജെർമിയടക്കം എൽസി, കുഞ്ഞുമോൾ, ഹൃദയമ്മ, ബിന്ദു, അലക്സ് മേരി എന്നിങ്ങനെ ആറുപേർ. തങ്ങൾ പറയുന്നത് തങ്ങളുടെ മാത്രം കഥയല്ല. തങ്ങളിലെ മനുഷ്യരുടെയെല്ലാം കഥയാണെന്ന് ഇവർ ആവർത്തിക്കുന്നു. മക്കളെ പഠിപ്പിച്ചും മറ്റുമുള്ള ലക്ഷങ്ങളുടെ കടം, അടച്ചുറപ്പില്ലാത്തെ വീടുകളിൽ കഴിയുന്നവർ, വീടുകളേ ഇല്ലാത്തവർ അങ്ങനെ പോകുമത്.
കടലിനോട് ചേർന്നാണ് ജെർമിയുടെ വീട്. വീടിന് 10 ലക്ഷം രൂപാ തരുമെന്ന് പറഞ്ഞെങ്കിലും കിട്ടിയിട്ടില്ല. കിട്ടിയാലും ഒരു പറിച്ചുനടൽ സഹിക്കാനാവാത്തവരാണ് മത്സ്യത്തൊഴിലാളികൾ. കാരണം അവരുടെ ജീവിതം കടലിനോട് ചേർന്നാണ്. അവർക്ക് 'കടലമ്മ' എന്നത് കടൽത്തീരത്തെഴുതിയാൽ എളുപ്പം മാഞ്ഞുപോകുന്നൊരു വാക്കല്ല. ആ എഴുത്തുകളി കരക്കാരുടെയാണ്. കടൽമക്കൾക്കതിൽ പങ്കില്ല.
അതിജീവനത്തിന് വേണ്ടി വിഴിഞ്ഞം സമരം നടത്തിയ കാലത്തെ ദുരിതങ്ങളും ജെർമി പറയാതെ പോയില്ല. 'ഉള്ളിലെ തീയാണ് ഞങ്ങളുടെ നാടകം' എന്ന് പറയുമ്പോൾ അവർക്ക് ഒച്ചയിടറുന്നു. ഓരോയിടത്ത് ഈ നാടകം കഴിക്കുമ്പോഴും ആരുടെയൊക്കെയെങ്കിലും ഉള്ളിൽ അത് ചെന്ന് തട്ടുമെന്ന പ്രതീക്ഷയിലാണ് ഈ സ്ത്രീകൾ.
പലകയ്ക്ക് വരെ കൊടുക്കണം കാശ്
രാവിലെ മൂന്നുമണിക്കുണരുന്നവരാണ് ഇവരിൽ മിക്കവരും. പിന്നെ വീട്ടിലെ പണികൾ തീർക്കും. മക്കളുണ്ടെങ്കിൽ ചിലപ്പോൾ സഹായിക്കും. ഇല്ലെങ്കിൽ എല്ലാം തനിയെ ചെയ്യും. മൈലുകൾ വരെ താണ്ടേണ്ടി വരും മീനെടുക്കാൻ. ചിലർ അവിടെ തന്നെയിരുന്ന് കച്ചവടം ചെയ്യും. ചിലർ വീടുകൾ തോറും ചരുവത്തിൽ മീൻ വിൽക്കാൻ ചെല്ലും. മാർക്കറ്റുകളിൽ മീൻ വിൽക്കുന്നവരുമുണ്ട്. ഒന്ന് മൂത്രമൊഴിക്കാൻ പോലും അതിനിടയിൽ സൗകര്യം കിട്ടില്ല. യൂറിൻ ഇൻഫെക്ഷൻ അടക്കം ആരോഗ്യപ്രശ്നങ്ങൾ ഈ സ്ത്രീകളിൽ സാധാരണം. ഉച്ചയ്ക്ക് ചിലർ ഉണ്ണാൻ വീട്ടിൽ പോകും. ചിലർ അതും പോകില്ല. പോകുന്നവർ വൈകുന്നേരം വീണ്ടും മീൻ വിൽക്കാനെത്തും. ഇതാണ് അവരുടെ ഒരു ദിവസത്തെ ജീവിതം.
ഇനി, മത്സ്യമെത്തിക്കുന്നവർക്ക് ചുമട്ടുകൂലി കൊടുക്കണം. ചരുവത്തിനാണ് കാശ്. ടെൻഡർ പിടിക്കുന്നവർക്ക്, വെള്ളത്തിന്, ഐസിന്, എന്തിന് മീൻ വയ്ക്കുന്നിടത്തെ പലകയ്ക്ക് പോലും കൊടുക്കണം കാശ്. എല്ലാം കൂടി കഴിയുമ്പോൾ വൈകുന്നേരം കയ്യിൽ കിട്ടുന്നതാവട്ടെ വളരെ കുറച്ച് തുകയാണ്.
Image: Anup Dev Kishore/Asianet News
അതിനിടയിൽ കലയുടെ ശക്തി തിരിച്ചറിഞ്ഞ് തന്നെയാണ് അവർ നാടകവുമായി പാളയത്തെത്തിയത്. ഇതുപോലെ ഇനിയും നാടകം ചെയ്യണം എന്നാണ് ഇതിൽ ഓരോരുത്തരുടേയും ആഗ്രഹം.
നാടകങ്ങളിൽ നാം കഥാപാത്രങ്ങളായി മാറും. ആ കഥാപാത്രം നമ്മളിലൊരാളാവുമ്പോൾ അതിന് ചൂടും ചൂരും കൂടും. ഇനിയും കര കേൾക്കാത്ത തങ്ങളുടെ കഥ ഉറക്കെയുറക്കെ പറയാൻ ഇതുപോലെ ഒരുപാട് ഇടങ്ങൾ കിട്ടിയെങ്കിലെന്ന് ആശിച്ചുകൊണ്ടാണ് തെരുവോരത്ത് നാടകവുമാടി ആ പെണ്ണുങ്ങൾ മടങ്ങുന്നത്. നാടകത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെക്കയറി അവർ വിളിച്ചു പറയുന്നു, മീൻ മീനേയ്...
നിരീക്ഷയുടെ ദേശീയ വനിതാ നാടകോത്സവത്തിന് തുടക്കമായി
നിരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ വനിതാ നാടകോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രി ജെ. ചിഞ്ചു റാണി ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാഖി രവികുമാർ അധ്യക്ഷയായിരുന്നു. ഫെസ്റ്റിവൽ ബുക്ക് റിലീസും മന്ത്രി നിർവഹിച്ചു. ദമിന റക്ഷിത് മുഖ്യാതിഥിയായിരുന്നു. മൂന്നു ദിവസമാണ് നാടകോത്സവം.
വായിക്കാം: നിരീക്ഷയ്‍ക്കിനി നാടകകാലം, ദേശീയ വനിതാ നാടകോത്സവം ഡിസം. 27 മുതൽ തിരുവനന്തപുരത്ത്
നാടകങ്ങളിൽ അഞ്ചെണ്ണം കേരളത്തിന് പുറത്ത് നിന്നും ഉള്ളതാണ്. ആദ്യ ദിവസം ദ കേജ് എന്ന ഹിന്ദി നാടകമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദമിന റക്ഷിത്. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബേൺ ഔട്ട് എന്ന അസ്സമീസ് പ്ലേ അരങ്ങിലെത്തും സംവിധാനം ചെയ്തത് ബർണാളി മേഥി. ജ്യോതി ദോഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ തന്നെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാഗമായ രംഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവർ, ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.
നാടകങ്ങൾ ഭാരത് ഭവനിലും അനുബന്ധ പരിപാടികളായ സെമിനാറുകൾ, വർക്ക്ഷോപ്പ്, ശില്പശാല തുടങ്ങിയവ സ്വാതി തിരുനാൾ മ്യൂസിക് കോളേജിലും പരിസരത്തുമായി നടക്കും.