നിരീക്ഷയ്‍ക്കിനി നാടകകാലം, ദേശീയ വനിതാ നാടകോത്സവം ഡിസം. 27 മുതൽ തിരുവനന്തപുരത്ത് 

By Rini Raveendran  |  First Published Dec 13, 2023, 12:38 PM IST

ഡിസംബർ 27 മുതൽ നടക്കുന്ന മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്. ഡിസംബർ 27 -ന് രാവിലെ ഒമ്പതരയ്ക്ക് നാടകോത്സവത്തിന്റെ ഫ്ലാ​ഗ് ഓഫ്. ശേഷം പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന 'ഇത് എങ്കളെ കടല്' എന്ന തെരുവ് നാടകം. 


നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ ദേശീയ നാടകോത്സവം ഡിസംബർ 27,28,29 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുകയാണ്. സംവിധായകരും അഭിനേതാക്കളും എല്ലാം സ്ത്രീകൾ. പുരുഷന്മാരെഴുതുന്ന നാടകങ്ങളിലെ അഭിനേതാക്കൾ മാത്രമായി സ്ത്രീകൾ ചുരുങ്ങരുത് എന്ന തോന്നലിൽ നിന്നാണ് സ്ത്രീകളുടെ നാടകവേദിയായ നിരീക്ഷയുടെ പിറവി. 

വരാനിരിക്കുന്ന നാടകോത്സവത്തെ കുറിച്ചും നിരീക്ഷയെ കുറിച്ചും ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

Latest Videos

undefined

ആദൃശ്യരായ സ്ത്രീകൾ

കഴിഞ്ഞ 170 വർഷത്തെ മലയാളം നാടകവേദിയുടെ ചരിത്രം നോക്കിയാൽ 30 വർഷം മാത്രമേ ആയിട്ടുള്ളൂ സ്ത്രീകൾ നാടകത്തെ കുറിച്ച് സജീവമായി അന്വേഷിക്കാനും അറിയാനും തുടങ്ങിയിട്ട്. അപ്പോഴും, അഭിനയത്തിൽ മാത്രമായിരുന്നു സ്ത്രീസാന്നിധ്യമുണ്ടായത്. അതും, പുരുഷകേന്ദ്രീകൃതമായ നാടകങ്ങളിൽ പുരുഷന്മാരുടെ ആശയങ്ങൾക്കും സങ്കല്പങ്ങൾക്കും അനുസരിച്ച് രൂപപ്പെടുത്തിയ സ്ത്രീ കഥാപാത്രങ്ങൾ. അത് പോരാ എന്ന തിരിച്ചറിവിൽ നിന്നാണ് നിരീക്ഷ എന്ന സ്ത്രീ നാടകവേദി രൂപം കൊണ്ടത്.  

1999 -ലാണ് നിരീക്ഷ രൂപം കൊള്ളുന്നത്. സുധി ദേവയാനി, രാജരാജേശ്വരി എന്നിവരാണ് സ്ഥാപകാം​ഗങ്ങൾ. പിന്നീട് നാടകത്തിൽ താല്പര്യമുള്ള ഒരുപാട് പേർ ഇതിനൊപ്പം ചേർന്നു.

ആദ്യത്തെ നാടകോത്സവം

നിരീക്ഷ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ നാടകോത്സവം നടക്കുന്നത് കഴിഞ്ഞ വർഷമാണ്. വലിയതുറയിലെ പെൺകുട്ടികളുടെ സംഘം അവതരിപ്പിച്ച 'തീക്കടൽ' എന്ന തെരുവുനാടകത്തോടെയായിരുന്നു തുടക്കം. മൂന്നു ദിവസത്തെ നാടകോത്സവത്തിൽ ചെറുതും വലുതുമായ 14 നാടകങ്ങൾ അരങ്ങിലെത്തി. എല്ലാം സംവിധാനം ചെയ്തത് സ്ത്രീകൾ. അതിൽത്തന്നെ രണ്ട് നാടകങ്ങൾ കേരളത്തിന് പുറത്തുനിന്നുള്ളത്. ഒന്ന് അസ്സമിൽ നിന്നുള്ള ഓൾമോസ്റ്റ് ആന്റിഗണി, രണ്ട് കർണാടകത്തിൽ നിന്നുള്ള ഗിരിബാലെ.

ഈ വർഷം

ഡിസംബർ 27 മുതൽ നടക്കുന്ന മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്. ഡിസംബർ 27 -ന് രാവിലെ ഒമ്പതരയ്ക്ക് നാടകോത്സവത്തിന്റെ ഫ്ലാ​ഗ് ഓഫ്. ശേഷം പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന 'ഇത് എങ്കളെ കടല്' എന്ന തെരുവ് നാടകം. 
 
11 നാടകങ്ങളിൽ അഞ്ചെണ്ണം കേരളത്തിന് പുറത്ത് നിന്നും ഉള്ളതാണ്. ആദ്യ ദിവസം ദ കേജ് എന്ന ഹിന്ദി നാടകമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദെബിന രക്ഷിത്. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബേൺ ഔട്ട് എന്ന അസ്സമീസ് പ്ലേ അരങ്ങിലെത്തും സംവിധാനം ചെയ്തത് ബർണാളി മേഥി. ജ്യോതി ദോ​ഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ തന്നെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാ​ഗമായ രം​ഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവർ, ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.

നാടകങ്ങൾ ഭാരത് ഭവനിലും അനുബന്ധ പരിപാടികളായ സെമിനാറുകൾ, വർക്ക്ഷോപ്പ്, ശില്പശാല തുടങ്ങിയവ സ്വാതി തിരുനാൾ മ്യൂസിക് കോളേജിലും പരിസരത്തുമായി നടക്കും. 

ഈ വർഷത്തെ നാടകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത തിയേറ്റർ വർക്ക് ഷോപ്പ് നയിക്കുന്നത് ശ്രീലങ്കയിൽ നിന്നുള്ള തിയറ്റർ പേഴ്സൺ റുവാന്തിയാണ് എന്നതാണ്. വേറെയും പ്രശസ്തരായ സംവിധായികമാർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 

ഫണ്ടിംഗ് പ്രതിസന്ധിയിൽ

കേന്ദ്ര സർക്കാരിൽ നിന്നോ, കേരള സർക്കാരിൽ നിന്നോ വേണ്ടത്ര സാമ്പത്തികമായ പിന്തുണ ഇല്ല എന്നതിനാൽ തന്നെ വലിയ പ്രതിസന്ധിയിലാണ് തങ്ങളെന്ന് നിരീക്ഷ ഭാരവാഹികൾ പറയുന്നു. സ്പോൺസർഷിപ്പ്, സംഭാവന, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെയൊക്കെയാണ് നിരീക്ഷ തങ്ങളുടെ ഫണ്ട് കണ്ടെത്തുന്നത്.

എന്നാൽ, തുടരെത്തുടരെ വിവിധ പരിപാടികൾ കേരളത്തിൽ‌ നടക്കുന്നതിനാൽ തന്നെ എല്ലാവരും പ്രതിസന്ധിയിലാണ്. ആളുകൾ സംഭാവന നൽകണമെന്നോ സ്പോൺസർ ചെയ്യണമെന്നോ ആഗ്രഹിച്ചാൽ പോലും അതിനുള്ള സാമ്പത്തികം അവരുടെ കയ്യിൽ ഇല്ല എന്നും ഭാരവാഹികൾ പറയുന്നു. 

ആത്മവിശ്വാസമുണ്ട് കൈമുതലായി 

സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ ആണെങ്കിലും അതിനെയെല്ലാം മറികടക്കാൻ സാധിക്കും എന്ന് തന്നെയാണ് നിരീക്ഷയുടെ പ്രതീക്ഷയും ആത്മവിശ്വാസവും. ആ ആത്മവിശ്വാസവും ആർജജവവും തന്നെയാണ് നിരീക്ഷയുടെ കൈമുതലും. അപ്പോൾ തിരുവനന്തപുരത്തിനി സ്ത്രീകളുടെ ഉത്സവകാലമാണ്, നാടകോത്സവകാലം. 

click me!