ചൈനീസ് കമ്പനികള്‍ കണ്ണുരുട്ടി,  കാട്ടുമൃഗങ്ങളെ  വളര്‍ത്തി വിറ്റു കാശാക്കാന്‍ നേപ്പാള്‍!

By Web Team  |  First Published Jun 26, 2021, 5:39 PM IST

വംശനാശ ഭീഷണിയുള്ളതടക്കമുള്ള വന്യമൃഗങ്ങളെ കൃഷിചെയ്ത് വില്‍ക്കാവുന്ന തരത്തില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്താണ്, സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുള്ള പദ്ധതിയുമായി നേപ്പാള്‍ മുന്നോട്ടുപോവുന്നത്.
 


കാഠ്മണ്ഡു: വ്യാപകപ്രതിഷേധങ്ങള്‍ക്കിടെ, കാട്ടുമൃഗങ്ങളെ ഫാമുകളില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയുമായി നേപ്പാള്‍ മുന്നോട്ട്. വംശനാശ ഭീഷണിയുള്ളതടക്കമുള്ള വന്യമൃഗങ്ങളെ കൃഷിചെയ്ത് വില്‍ക്കാവുന്ന തരത്തില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്താണ്, സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുള്ള പദ്ധതിയുമായി നേപ്പാള്‍ മുന്നോട്ടുപോവുന്നത്.  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്, ചൈനയില്‍ ഇത്തരം ഫാമുകള്‍ അടച്ചതിനെ തുടര്‍ന്ന്, വമ്പന്‍ ചൈനീസ് മരുന്നു കമ്പനികള്‍ പദ്ധതിയില്‍ കണ്ണുനട്ട് രംഗത്തുവന്നിട്ടുണ്ട്. 

കച്ചവട ആവശ്യങ്ങള്‍ക്കായി വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന് അനുമതി നല്‍കുന്ന നിയമഭേദഗതി കഴിഞ്ഞ മാസമാണ് നേപ്പാള്‍ പാര്‍മെന്റ് അംഗീകരിച്ചത്.  വന്യ മൃഗങ്ങളെയും അവയുടെ ശരീരാവയങ്ങളെയും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് കര്‍ശനമായി വിലക്കുന്ന 1973-ലെ നാഷനല്‍ പാര്‍ക്‌സ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ നിയമം ഭേദഗതി ചെയ്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.  നേപ്പാളിലെ വന്യമൃഗ സംരക്ഷണ പദ്ധതികളെ ഗുരുതരമായി ബാധിക്കുന്നതാണ് പദ്ധതിയെന്ന് വ്യക്തമാക്കി നിരവധി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നാല്‍, രാഷ്ട്രീയ കക്ഷികളും ചില പരിസ്ഥിതി ഗ്രൂപ്പുകളും ഇതിന് അനുകൂലമായും രംഗത്തുണ്ട്.  ചൈനീസ് കമ്പനികളടക്കം വ്യക്തികളും സ്ഥാപനങ്ങളും വന്യമൃഗ വളര്‍ത്തു ലൈസന്‍സിനായി രംഗത്തുവരികയും ചെയ്തു. 

Latest Videos

undefined

2017-ലാണ് കച്ചവട ആവശ്യത്തിന് വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന് നേപ്പാള്‍ പാര്‍ലമെന്‍ന്റില്‍ വന്യമൃഗ സംരക്ഷണ നിയമം ഭേദഗത ബില്‍ അവതരിപ്പിച്ചത്.  രണ്ടു വര്‍ഷത്തിനു ശേഷം, വനം പരിസ്ഥിതി മന്ത്രാലയം, വളര്‍ത്താവുന്ന വന്യ മൃഗങ്ങളുടെ പട്ടിക പുറപ്പെടുവിച്ചു. ഒപ്പം, വന്യമൃഗ കൃഷി ലൈസന്‍സിനുള്ള നടപടിക്രമങ്ങളും ഉത്തരവായിറക്കി. ഇക്കഴിഞ്ഞ മാസമാണ് നേപ്പാള്‍ പാര്‍ലമെന്റ് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.  വംശനാശഭീഷണിയിലായ മാന്‍ ഇനങ്ങള്‍ അടക്കം 10 സസ്തനികള്‍, 12 പക്ഷികള്‍, പെരുമ്പാമ്പ് ഒഴികെയുള്ള എല്ലാ ഉരഗങ്ങളും എന്നിവയാണ് വളര്‍ത്തി വില്‍ക്കാവുന്ന വന്യമൃഗങ്ങളുടെ പട്ടികയിലുള്ളത്.  

അബദ്ധപഞ്ചാംഗമായി തട്ടിക്കൂട്ട് പട്ടിക
പ്രകൃതി സംരക്ഷണത്തിനുള്ള രാജ്യാന്തര സമിതി വംശനാശ ഭീഷണി സംഭവിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഹിമാലയന്‍ കസ്തൂരി മാന്‍ അടക്കമുള്ള മൃഗങ്ങളാണ് പട്ടികയിലുള്ളത്. ആണ്‍ കസ്തൂരി മാനുകളില്‍ കാണപ്പെടുന്ന കസ്തൂരി ഗ്രന്ധിയ്ക്കു വേണ്ടിയാണ് ഈ മൃഗങ്ങള്‍ വന്‍തോതില്‍ വേട്ടയാടപ്പെടാറുള്ളത്. ചൈനീസ് പാരമ്പര്യ ഔഷധവ്യവസായത്തിലും സുഗന്ധ വ്യവസായത്തിലും ഇവ അത്യാവശ്യമാണ്. ഇതിനാലാണ് കസ്തൂരി മാനുകളെ വന്‍തോതില്‍ കൃഷി ചെയ്ത് വില്‍ക്കുന്നതിന് നേപ്പാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. വംശനാശ ഭീഷണിയിലുള്ള മറ്റ് മറ്റ് രണ്ട് ഇനം മാനുകളും പട്ടികയിലുണ്ട്. 

എന്ത് അടിസ്ഥാനത്തിലാണ് ഈ മൃഗങ്ങളെ തെരഞ്ഞെടുത്തത് എന്ന കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഒരു പഠനവും നടത്താതെയാണ്, കമ്പനികള്‍ക്ക് ആവശ്യമുള്ള മൃഗങ്ങളെ പട്ടികയില്‍ പെടുത്തിയത്. പക്ഷികളുടെ കാര്യത്തിലും അവ്യക്തതകളുണ്ട്. പൊതു നേപ്പാളി ഭാഷയിലുള്ള പട്ടികയില്‍ ഒരേ പക്ഷി തന്നെ രണ്ടു തവണ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഉരഗ വിഭാഗത്തില്‍ പെട്ട ആമകളെ ഉഭയജീവികള്‍ എന്നാണ് പട്ടികയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഓരോ ജനുസ്സിലുമുള്ള സ്പീഷീസുകളെ പ്രത്യേകം വ്യക്തമാക്കാതെ പൊതുവായാണ് പട്ടികയില്‍ പേരു വെച്ചിരിക്കുന്നത്. ഉദാഹരണത്തിന് പ്രാവുകള്‍. നിരവധി ഇനങ്ങളില്‍ പെട്ട പ്രാവുകള്‍ ഉള്ളപ്പോള്‍, ഏതിനം എന്ന് വ്യക്തമാക്കാതെ പ്രാവ് എന്ന് മാത്രമാണ് പട്ടികയില്‍ കൊടുത്തിട്ടുള്ളത്. ഇതിനാല്‍, ഏതിനത്തിലുള്ള കാട്ടുപ്രാവിനെയും കാട്ടില്‍നിന്നു പിടിച്ച് വളര്‍ത്തി വില്‍ക്കാന്‍ കഴിയുന്ന സാഹചര്യമാണ്. ഇതേപോലെ തവള, മുതല എന്നിങ്ങനെ പൊതുനാമം മാത്രമാണ് പട്ടികയില്‍ നല്‍കിയിരിക്കുന്നത്. വംശനാശ ഭീഷണിയിലുള്ളതടക്കം എല്ലാ ഇനത്തിലും പെട്ട വന്യമൃഗങ്ങളെ യഥേഷ്ടം പിടിക്കാനും വളര്‍ത്താനും വില്‍ക്കാനുമുള്ള അവസരമാണ് ഇതോടെ സ്വകാര്യ വ്യക്തികള്‍ക്ക് ലഭിക്കുന്നത്. 

അടിസ്ഥാന ധാരണകള്‍ പോലുമില്ലാത്തവര്‍ പെട്ടെന്ന് തട്ടിക്കൂട്ടിയതാണ് പട്ടികയെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. പട്ടിക തയ്യാറാക്കും മുമ്പ് വിദഗ്ധരുമായോ ശാസ്ത്ര ഏജന്‍സികളുമായോ ചര്‍ച്ച നടത്തുകയോ ശാസ്ത്രീയ പഠനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വനം പരിസ്ഥിതി വകുപ്പ് തന്നെ സമ്മതിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല. അപഹാസ്യമാണ് ഈ പട്ടികയെന്ന് പക്ഷികളുടെ സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ സമിതി അംഗമായ വിമല്‍ താപ്പ പരസ്യമായി വിമര്‍ശിച്ചു. 

നിരവധി ചോദ്യങ്ങളാണ് ഈ പുതിയ പദ്ധതി മുന്നോട്ടുവെക്കുന്നത്. 

1. എവിടുന്നാണ് വിത്തുമൃഗങ്ങളെ ലഭിക്കുക? 
ആരായിരിക്കും കര്‍ഷകര്‍ക്ക് വിത്തുമൃഗങ്ങളെ നല്‍കുക എന്ന കാര്യത്തില്‍ ഉത്തരവില്‍ വ്യക്തതയില്ല. ആവശ്യക്കാര്‍ക്ക് കാട്ടില്‍ കയറി മൃഗങ്ങളെ യഥേഷ്ടം പിടിച്ചുകൊണ്ടുപോവുന്നതിനുള്ള അവസരമായിരിക്കും ഇതു തുറക്കുക എന്നാണ് വിമര്‍ശനം. 

2. കാട്ടുമൃഗങ്ങളെയും വളര്‍ത്തു മൃഗങ്ങളെയും എങ്ങനെ തിരിച്ചറിയും? 
കാട്ടില്‍ കടന്നു വന്യമൃഗങ്ങളെ പിടിക്കുകയോ കടത്തുകയോ വില്‍ക്കുകയോ ചെയ്യുന്നത് നിലവിലെ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍, ഫാമുകളില്‍ വളര്‍ത്തുന്ന കാട്ടുമൃഗങ്ങളെ എന്തും ചെയ്യാനാവും. എങ്ങനെയാണ് ഈ മൃഗങ്ങളെ വേര്‍തിരിച്ചറിയുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ കാട്ടുമൃഗങ്ങളെ കച്ചവട ആവശ്യത്തിനായി വളര്‍ത്തുന്ന ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഇതു ഗുരുതരമായ വിഷയമായി നിലനില്‍ക്കുന്നുണ്ട്. 

3. തദ്ദേശീയ സമൂഹങ്ങള്‍ക്ക് ഗുണം ചെയ്യുമോ? 
കൃഷി തുടങ്ങിയാല്‍ സാധാരണക്കാരായ തദ്ദേശീയ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക മെച്ചം ഉണ്ടാവുമെന്നാണ് പുതിയ നിയമഭേദഗതിയില്‍ പറയുന്നത്. എന്നാല്‍, വന്‍തുക ലൈസന്‍സ് നല്‍കി വലിയ മുതല്‍മുടക്കുള്ള ഈ കൃഷി നടത്താന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. വന്‍കിട കച്ചവടക്കാര്‍ക്കും കമ്പനികള്‍ക്കുമാണ് ലൈസന്‍സ് നല്‍കുക എന്നാണ് വനം വകുപ്പ് തന്നെ ഇപ്പോള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍, പദ്ധതിയുടെ ഗുണഭോക്താക്കള്‍ സാധാരണക്കാരാണെന്ന പ്രചാരണത്തില്‍ ഒരു കാര്യവുമില്ല. 

4. വേട്ടകള്‍ കുറയുമോ? 
വന്യമൃഗങ്ങളെ ഭക്ഷണ ആവശ്യത്തിനും മറ്റുമായി ആവശ്യാനുസരണം ലഭ്യമാക്കിയാല്‍ വേട്ടകളും അനധികൃത കടത്തുകളും കുറയുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്ന ഒരു കാര്യം. എന്നാല്‍, ഇതിന് ഒരു ആധികാരിക കണക്കുകളുടെയും പിന്‍ബലമില്ല. കാട്ടുമൃഗങ്ങള്‍ ആവശ്യാനുസരണം ലഭ്യമാവുന്നതിന് അനുസരിച്ച് ഡിമാന്റ് കൂടുകയാണ് ചെയ്യുന്നത് എന്നാണ്, ചൈനയിലും വിയറ്റ്‌നാമിലും നിന്നുള്ള ഉദാഹരണങ്ങള്‍. ഫാമില്‍ വളര്‍ത്തുന്ന കാട്ടുമൃഗങ്ങള്‍ക്ക് പകരം യഥാര്‍ത്ഥ കാട്ടുമൃഗങ്ങള്‍ക്കുള്ള ഡിമാന്റ് കൂടുകയും വേട്ടകള്‍ കൂടുകയും ചെയ്തതായാണ് നിലവിലെ അനുഭവം. 

5. പുതിയ നിയമം ചൈനയ്ക്കു വേണ്ടിയോ? 
ചൈനീസ് പാരമ്പര്യ മരുന്നുകളുടെ അവിഭാജ്യ ഘടകമായാണ് കാട്ടുമൃഗങ്ങളെ കണക്കാക്കുന്നത്. അതിനാല്‍, വന്‍കിട ചൈനീസ് കമ്പനികളാണ് ലൈസന്‍സ് എടുക്കാനും പങ്കാളിത്തം ആവശ്യപ്പെട്ടും നേപ്പാള്‍ ഭരണകൂടത്തിനു മുന്നില്‍ ക്യൂ നില്‍ക്കുന്നത്.  ഇവരുടെ സമ്മര്‍ദ്ദമാണ്, നേപ്പാള്‍ ഭരണകൂടത്തിന്റെ പുതിയ നയംമാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. പല വട്ടം ഈ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍, ഇപ്പോള്‍ അവര്‍ ഭീഷണിയും സമ്മര്‍ദ്ദ തന്ത്രവും ഉപയോഗിക്കുകയാണെന്നാണ് ആേരാപണം.  

6. കൊവിഡ് വ്യാപന ഭീഷണിക്ക് കാരണമാകുമോ? 
ഫാമുകളില്‍ വളര്‍ത്തുന്ന കാട്ടുമൃഗങ്ങളില്‍ നിന്നാണ് കൊവിഡ് വൈറസ് ഉണ്ടായത് എന്ന സംശയത്തെ തുടര്‍ന്ന്, ചൈന കാട്ടുമൃഗങ്ങളുടെ കച്ചവടം നിരോധിച്ചിരുന്നു. ആയിരക്കണക്കിന് ചൈനീസ് കമ്പനികള്‍ ഇങ്ങനെ അടച്ചുപൂട്ടി. ഇതിനെ തുടര്‍ന്നാണ് ചൈനീസ് കമ്പനികള്‍ നേപ്പാളില്‍നിന്നും ആവശ്യത്തിന് മൃഗങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കമാരംഭിച്ചത്. 

7. മഹാമാരിക്കാലത്തെ സൗകര്യം ദുരുപയോഗം ചെയ്യുന്നുവോ? 
അടിയന്തിര പ്രാധാന്യത്തോടെ പുതിയ നിയമം നടപ്പാക്കാനാണ് നേപ്പാള്‍ സര്‍ക്കാറിന്റെ നീക്കം. ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് കരുതുന്ന ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും പഠനവും നടത്താതെയാണ് പാര്‍ലമെന്റ് ഏകപക്ഷീയമായി മുന്നോട്ടുപോവുന്നത്. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സാമൂഹ്യ അകലം സൂക്ഷിക്കുന്ന സമയത്ത്, പ്രതിഷേധങ്ങങ്ങള്‍ ഒഴിവാക്കി തന്ത്രപൂര്‍വ്വം പുതിയ നിയമം നടപ്പാക്കാനാണ് ശ്രമം. 

അയവില്ലാതെ നേപ്പാള്‍ സര്‍ക്കാര്‍

പുതിയ നിയമ ഭേദഗതിക്കെതിരെ പ്രമുഖ ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും അക്കാദമിക് സമൂഹവും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, എന്നാല്‍, പാര്‍ലമെന്റിലെ മേധാവിത്വം മുതലാക്കി സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോവുക തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനു വേണ്ടി വന്‍ പ്രചാരണമാണ് നടത്തുന്നത്. ചില പരിസ്ഥിതി സന്നദ്ധ സംഘടനകളും ഇതിന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്. വന്‍ ലാഭം കിട്ടുന്ന ബിസിനസാണ് ഇതെന്നാണ് ഇവരുടെ വാദം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ് ഇതെന്നും ഇതു കൊണ്ട് ഒരു നഷ്ടവുമില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍, വന്യമൃഗ സംരക്ഷണ രംഗത്ത് വമ്പന്‍ തിരിച്ചടി സൃഷ്ടിക്കുന്നതാണ് ഈ നീക്കം എന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വന്തം വന്യമൃഗ സമ്പത്തിനെ വിദേശ രാജ്യങ്ങള്‍ക്ക്  വിറ്റുകാശാക്കാനുള്ള ആര്‍ത്തിയും അതിന്റെ കമീഷന്‍ പറ്റാനുള്ള മനോഭാവവുമാണ് സര്‍ക്കാറിന്‍േറത് എന്നാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്. 

വന്യജീവി സംരക്ഷണ വകുപ്പിന്റെ വക്താവായ ഹരിഭദ്ര ആചാര്യ തന്നെ ഇതിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. പാര്‍ലെമെന്റ് പാസാക്കിയ നിയമത്തിന് എതിരെ നില്‍ക്കാന്‍ കഴിയില്ലെങ്കിലും വ്യക്തിപരമായി താനിതിനോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട് എന്നദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

click me!