സെക്‌സ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍  എത്ര സ്ത്രീകള്‍ക്ക് അവകാശമുണ്ട്?

By Web Team  |  First Published Apr 15, 2021, 2:20 PM IST

സ്വന്തം ശരീരത്തിനു മേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടോ? പങ്കാളിയുമൊത്തുള്ള ലൈംഗികത, ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടോ? 


സ്വന്തം ശരീരത്തിനു മേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടോ? പങ്കാളിയുമൊത്തുള്ള ലൈംഗികത, ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടോ? 

ഇത് വായിക്കുന്നത് പുരുഷന്‍മാരോ കൗമാരക്കാരായ ആണ്‍കുട്ടികളോ ആണെങ്കില്‍, അതെ എന്നോ ഉണ്ട് എന്നോ ആയിരിക്കും ഉത്തരം. എന്നാല്‍, വായിക്കുന്നത് സ്ത്രീകളോ കൗമാരക്കാരികളോ ആണെങ്കില്‍ അതാവില്ല. അത്ര ഉറപ്പോടെ അവര്‍ക്ക് 'അതെ' എന്ന് പറയാനാവണമെന്നില്ല. കാരണം, ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ പകുതിയിലധികം സ്ത്രീകള്‍ക്കും അങ്ങനെ ഉത്തരം പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഐക്യരാഷ്ട്ര സഭ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്. 

Latest Videos

undefined

ആണ്‍കോയ്മ നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഈ അവസ്ഥ. വീട്ടകങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ സാധാരണമാണെങ്കിലും വൈവാഹിക ബലാല്‍സംഗങ്ങള്‍ കുറ്റകരമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സെക്‌സില്‍ പങ്കാളിയുടെ താല്‍പ്പര്യം നോക്കേണ്ട കാര്യമില്ലെന്ന സാമൂഹ്യ ധാരണ സാര്‍വത്രികമാണ്. സെക്‌സില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാലും അനുസരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ. അതോടൊപ്പമാണ്, ഗര്‍ഭധാരണം വേണ്ടേ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശമില്ലായ്മ. ആരോഗ്യ സംരക്ഷണത്തില്‍ പോലും സ്വയം തീരുമാനം എടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാത്ത അവസ്ഥയുണ്ട്. 

പങ്കാളികളുമായുള്ള സെക്സ്, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം പാതി സ്ത്രീകള്‍ക്കുമില്ലെന്നാണ് യു എന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  സ്വന്തം ശരീരത്തിനുമേലുള്ള അവകാശമില്ലായ്മ സ്ത്രീ സുരക്ഷയെയും സാമ്പത്തിക രംഗത്തെ ഉല്‍പ്പാദനക്ഷമതയെയും ബാധിക്കുന്നതായും രാജ്യങ്ങളുടെ ആരോഗ്യ, നീതിന്യായ മേഖലകള്‍ക്ക് ഇത് കൂടുതല്‍ ബാധ്യത വരുത്തിവെക്കുന്നതായും 'എന്റെ ശരീരം എന്‍േറതാണ്' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 


റേപ്പിസ്റ്റിനെ വിവാഹം ചെയ്യണമെന്ന 
നിയമം 20 രാജ്യങ്ങളില്‍

57 വികസ്വര രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ ആകത്തുകയാണ് ഈ റിപ്പോര്‍ട്ട്. ആരോഗ്യ സംരക്ഷണം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ലൈംഗികതയിലുള്ള സ്വയം നിര്‍ണയാവകാശം എന്നിവയെക്കുറിച്ചായിരുന്നു പഠനം. പ്രദേശികമായ വ്യത്യാസങ്ങള്‍ സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ 76 ശതമാനത്തിലേറെ സ്ത്രീകള്‍ സ്വന്തം ശരീരത്തിനുമേല്‍ തീരുമാനമെടുക്കാനുള്ള അധികാരം കൈയാളുമ്പോള്‍ സബ് സഹാറന്‍ ആഫ്രിക്കയിലും മധ്യ, ദക്ഷിണ ഏഷ്യയിലും 50 ശതമാനം സ്ത്രീകള്‍ക്കും ഇതിനുള്ള അവസരമില്ല. മാലി, നൈജര്‍, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ 90 ശതമാനം സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തിനു മുകളില്‍ നിര്‍ണയാവകാശമില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യു എന്‍ പോപ്പുലേഷന്‍ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. നതാലിയ കെയിം പറയുന്നു.

ലിംഗപരമായ വിവേചനമാണ് ഈ പ്രശ്‌നത്തിന് അടിസ്ഥാന കാരണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ആണ്‍കോയ്മയും പിതൃദായക അധികാര ക്രമവും ലിംഗപരമായ അസമത്വവും അശാക്തീകരണവും വര്‍ദ്ധിപ്പിക്കുന്നതായും പഠനം പറയുന്നു.

സ്ത്രീവിരുദ്ധമായ നിയമങ്ങളുടെ സാന്നിധ്യവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ബലാല്‍സംഗം ചെയ്ത ആളെ വിവാഹം ചെയ്യാന്‍ അനുശാസിക്കുന്ന നിയമം 20 രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ ബലാല്‍സംഗ കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ക്ക് അനായാസം കഴിയുന്നു. 43 രാജ്യങ്ങളില്‍ വൈവാഹിക ബലാല്‍സംഗം തടയാന്‍ ഒരു നിയമവുമില്ല. വീടിന് പുറത്തേക്കു പോവാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന 30 രാജ്യങ്ങളാണ് നിലവിലുള്ളത്. ലിംഗ സമത്വം ഭരണഘടനാപരമായി ഉറപ്പാക്കിയ 71 ശതമാനം രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ക്ക്് ലഭിക്കുന്ന നിയമപരമായ അവകാശങ്ങളുടെ 75 ശതമാനമേ ലഭിക്കുന്നുള്ളൂ. 

വില്ലന്‍ വരുമാനക്കുറവല്ല

രാജ്യങ്ങളുടെ സാമ്പത്തിക നിലയും ലിംഗ സമത്വവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പഠനം വ്യക്തമാക്കുന്നു. താഴ്ന്ന വരുമാനമുള്ള കംബോഡിയ, ലാവോസ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ ലൈംഗിക, ഗര്‍ഭധാരണം, ആരോഗ്യസംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീ പുരുഷന്‍മാര്‍ക്ക് തുല്യ അവകാശം പ്രദാനം ചെയ്യുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ശരീരത്തിന്റെ മേലുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കുന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ യു എന്‍ പോപ്പുലേഷന്‍ ഫണ്ട് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഈ അവസ്ഥ അടിയന്തിരമായി അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.    

click me!