എക്കാലത്തെയും പ്രണയിനിയുടെ മുഖമായി ഈ പെണ്‍കുട്ടി മാറിയതെങ്ങനെയാണ്?

By Web Team  |  First Published May 2, 2020, 5:34 PM IST

'ശരദിന്ദു മലര്‍ ദീപ നാളം നീട്ടി' എന്ന പാട്ടിനൊപ്പം ഒരാള്‍ നടന്ന ദൂരങ്ങള്‍. വിജു നായരങ്ങാടി എഴുതുന്നു


ജീവിക്കാനുള്ള പ്രേരണ എന്നാണ് അവളുടെ പേര്. മരണത്തെ മുഖാമുഖം കണ്ടു കഴിയുമ്പോഴാണ് അങ്ങനെയൊരു പ്രേരണ ആവശ്യമുണ്ടോ ഒരാള്‍ക്ക് എന്ന ചോദ്യം മുന്നില്‍ ഉണരുന്നത്.അപ്പോഴാണ് മഹത്തായ പ്രണയ രചനകള്‍ ഉണ്ടാവുന്നത്. അപ്പോഴാണ് ചങ്ങമ്പുഴ മനസ്വിനി എഴുതുന്നത്. അപ്പോള്‍ മാത്രമാണ്, അപ്പോള്‍ മാത്രമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്  'ചൂടാതെ പോയ് നീ' എന്ന് എഴുതുന്നത്. അങ്ങനെയൊരു മുഹൂര്‍ത്തത്തിലാണ് ശരദിന്ദു പോലൊരു പാട്ട് വന്നു ഭവിക്കുന്നത്. 

 

Latest Videos

undefined

 

ഞാനൊരു പാട്ടിനെക്കുറിച്ച് പറയാം. നിങ്ങള്‍ക്കും പ്രിയപ്പെട്ട പാട്ട് തന്നെ അത്. കാരണം ഒരു കാലഘട്ടത്തിലെ കൗമാര യൗവന മനസ്സുകളെ ആ പാട്ട് അത്രമേല്‍ മഥിച്ചിട്ടുണ്ടായിരുന്നു എന്ന് ഇന്നെനിക്കും അറിയാം. ആ കൂട്ടത്തില്‍ നിങ്ങളും ഉണ്ടായിരിക്കും. പക്ഷെ, എന്നെ മാത്രമേ ആ പാട്ട് തൊട്ടിട്ടുണ്ടായിരുന്നുള്ളൂ എന്നൊരു സ്വകാര്യ അഹങ്കാരം ഞാനെന്നും ആ പാട്ടിനെക്കുറിച്ച് കൊണ്ട് നടന്നിരുന്നു. 

ഏതായാലും പറയാം, ആ പാട്ട് നിങ്ങള്‍ നിങ്ങളെ എന്നപോലെ അറിയുന്നതാണ്, ഉള്‍ക്കടലിലെ 'ശരദിന്ദു മലര്‍ ദീപ നാളം നീട്ടി, സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി.'

വേണു നാഗവള്ളിയും ശോഭയും അഭിനയിക്കുന്ന രംഗത്തിനു വേണ്ടി ഒ എന്‍ വി. എഴുതി എം. ബി. ശ്രീനിവാസന്‍ യമന്‍ കല്യാണില്‍ ചിട്ടപ്പെടുത്തിയത്. ഒരു പാട്ട് ചിത്രീകരിക്കുന്നതിന്റെ പ്രാഥമിക പാഠങ്ങള്‍ തൊട്ടു വിപുലാശയങ്ങള്‍ വരെ നിറഞ്ഞു നില്‍ക്കുന്ന, സംവിധായകന്‍ കെ. ജി. ജോര്‍ജിന്റെ സൗന്ദര്യ ബോധം അടിമുടി നിറഞ്ഞു നില്‍ക്കുന്ന പാട്ട്. ജയചന്ദ്രനും സെല്‍മ ജോര്‍ജും പാടി നിറഞ്ഞ പാട്ട്. നായകന്‍ എഴുതി വെച്ച ഒരു കവിത നായിക കണ്ടെടുത്ത് അറിയാതെ മൂളിപ്പോകുന്നത് മുതലാണ് പാട്ട് തുടങ്ങുന്നത്. അവളുടെ മൂളലിന് തൊട്ടു പിന്നാലെ അതെ വരികള്‍ തുറന്നു പാടിക്കൊണ്ട്, അവളെ തെല്ലൊന്നമ്പരപ്പിച്ചു കൊണ്ട് ഫ്രെയിമിലേക്കു വരുന്ന നായകന്‍. 

 

 

തൊട്ടടുത്ത നിമിഷങ്ങളില്‍ രണ്ടു പേരുടെയും ക്ലോസ് അപ്പിലേക്ക് വരുന്നുണ്ട് സീന്‍. നായികയുടെ കണ്ണില്‍ വന്നു നിറയുന്ന ആര്‍ദ്രസ്‌നേഹത്തിന്റെ, പ്രണയത്തിന്റെ കടലിലേക്ക് ആ സീന്‍ മുങ്ങി നിവരുന്നു. പിന്നെ അവനോടൊപ്പം പാടുന്നത് അവളല്ല അവളുടെ അഞ്ചു ഇന്ദ്രിയങ്ങളെയും മറികടന്നു കൊണ്ട്, അവളുടെ പ്രാണങ്ങളെ മുഴുവനും അടക്കി ഭരിക്കുന്ന പ്രണയം മാത്രമാണ്. അതിന്റെ പരകോടിയിലാണ് 'ആരോ മധുരമായ് പാടി വിളിക്കുന്നു' എന്ന് അവള്‍ ഉച്ചരിച്ചു പോകുന്നത്. ജീവിതം അടിമുടി മധുരിക്കുന്ന നിമിഷങ്ങളില്‍ വെറുതെ ഉച്ചരിക്കുന്ന വാക്കുകള്‍ സംഗീതമാവുന്നത് ഇങ്ങനെയാണ്. 

പല്ലവിയിലെ ഷോട്ടുകള്‍ ഇന്റീരിയര്‍ ആണ്. ബീജിയെം കഴിഞ്ഞു ക്യാമറ ഫിക്‌സ് ചെയ്യുന്നത് ഒരു ചാര്‍കോള്‍ പെയ്ന്റിങ്ങിലേക്ക് സൂം ചെയ്തു കൊണ്ടാണ്. മറ്റൊരാളുടെ ചുമലിലേക്ക് കൈയ്യമര്‍ത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ, പാതിയിലേറെ പരിഭ്രമത്തില്‍ മുങ്ങിയ ഒരു മുഖത്തേക്ക്. പക്ഷെ നായിക ആ നിലയെ മറികടക്കുന്നതിന്റെ തീക്ഷ്ണസുന്ദരമായ ഒരു ചിരി വിരിയുന്നുണ്ട് അപ്പോള്‍ അവളുടെ ചുണ്ടില്‍. 'ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും' എന്ന് പാടുന്ന അവളുടെ മുഖത്തു നിറയുന്ന സാത്വിക സ്‌നേഹത്തിന്റെ നിലാ വെളിച്ചത്തില്‍ ഒന്ന് നനഞ്ഞു കുതിരാന്‍ കൊതിച്ചിട്ടില്ലാത്ത ആരുണ്ടാവും ദൈവമേ അക്കാലത്ത് ...? 

 

..................................................

അവളെ തെരഞ്ഞു നടന്നു നടന്നു എത്ര കാതങ്ങളാണ് ജീവിതം ഇതിനകം നടന്നു തീര്‍ത്തത്?  ജീവിതത്തിന്റെ ഏത് വഴിത്തിരിവിലാണ് അവള്‍ എനിക്ക് വേണ്ടി കാത്തു നിന്നത്?

ഉള്‍ക്കടല്‍ എന്ന സിനിമയില്‍ ശോഭ, വേണുനാഗവള്ളി


പാട്ട് ചരണത്തിലെത്തുമ്പോഴേക്കും വീണ്ടും എക്സ്റ്റീരിയര്‍ ആവുന്നു, ഷോട്ടുകള്‍. വീടിന്റെ ടെറസ്. പുറത്തു റോഡിലൂടെ പാഞ്ഞു പോകുന്ന ബസ്സുകള്‍. ജീവിതത്തെ പൊതു ചലനങ്ങളോട് ചേര്‍ത്തു വെച്ച് കൊണ്ട് ഒരു ചിത്രീകരണം. ഒരു പാട്ട് സാധാരണ സിനിമാ ദൃശ്യം പോലെ ഉദിച്ചസ്തമിക്കുന്നതല്ലെന്നും അത് സ്വാഭാവിക ജീവിതപരിതസ്ഥിതിയില്‍ നിന്ന് ഉരുവം കൊള്ളുന്നതാണെന്നും അതിന് വെറുതെ പാടിത്തീര്‍ക്കുന്നതിനപ്പുറത്ത് ചില ധര്‍മ്മങ്ങള്‍ ഉണ്ടെന്നും കാണിയേയും കേള്‍വിക്കാരനേയും ഒരേ പോലെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ ദൃശ്യങ്ങള്‍.

കണ്ണുകള്‍, കവിളുകള്‍, ചുണ്ടുകള്‍, മുഖത്തു വിരിയുന്ന വിസ്മയഭരിതമായ ചില നിമിഷങ്ങള്‍ എന്നിവ കൊണ്ട് എക്കാലത്തെയും പ്രണയിനിയുടെ മുഖമായി ആ പെണ്‍കുട്ടി മാറിപ്പോയതെന്നാണ്? അവളെ തെരഞ്ഞു നടന്നു നടന്നു എത്ര കാതങ്ങളാണ് ജീവിതം ഇതിനകം നടന്നു തീര്‍ത്തത്?  ജീവിതത്തിന്റെ ഏത് വഴിത്തിരിവിലാണ് അവള്‍ എനിക്ക് വേണ്ടി കാത്തു നിന്നത്? അറിഞ്ഞു കൂടാ. 

 

..............................................................

'ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും' എന്ന് പാടുന്ന അവളുടെ മുഖത്തു നിറയുന്ന സാത്വിക സ്‌നേഹത്തിന്റെ നിലാ വെളിച്ചത്തില്‍ ഒന്ന് നനഞ്ഞു കുതിരാന്‍ കൊതിച്ചിട്ടില്ലാത്ത ആരുണ്ടാവും ദൈവമേ അക്കാലത്ത് ...? 

 ഉള്‍ക്കടല്‍ സിനിമയുടെ പോസ്റ്റര്‍ 

 

ജീവിക്കാനുള്ള പ്രേരണ എന്നാണ് അവളുടെ പേര്. മരണത്തെ മുഖാമുഖം കണ്ടു കഴിയുമ്പോഴാണ് അങ്ങനെയൊരു പ്രേരണ ആവശ്യമുണ്ടോ ഒരാള്‍ക്ക് എന്ന ചോദ്യം മുന്നില്‍ ഉണരുന്നത്.അപ്പോഴാണ് മഹത്തായ പ്രണയ രചനകള്‍ ഉണ്ടാവുന്നത്. അപ്പോഴാണ് ചങ്ങമ്പുഴ മനസ്വിനി എഴുതുന്നത്. അപ്പോള്‍ മാത്രമാണ്, അപ്പോള്‍ മാത്രമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്  'ചൂടാതെ പോയ് നീ' എന്ന് എഴുതുന്നത്. അങ്ങനെയൊരു മുഹൂര്‍ത്തത്തിലാണ് ശരദിന്ദു പോലൊരു പാട്ട് വന്നു ഭവിക്കുന്നത്. 

ഒരു തലമുറയില്‍ എത്ര ജീവിതങ്ങളെ ആ പാട്ട് ജീവിതത്തെ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചിരിക്കും എന്ന തോന്നലോടെ, നിന്റെ കാതില്‍ ഞാനും എന്റെ കാതില്‍ നീയും മൂളാനുള്ളതാണ് ഈ പാട്ട് എന്ന തോന്നലോടെ, വിസ്മയങ്ങളുടെ വലിയ നിലവറയാണ് ആ പാട്ട് എന്ന ബോധ്യത്തോടെ..

click me!