'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

By Web Team  |  First Published Jul 1, 2023, 4:26 PM IST

'ഒരു രാത്രി മുഴുവന്‍ ഒരു മേശയ്ക്കിരുപുറം കൈയ്യില്‍ വിസ്‌കി നിറച്ച ഗ്ലാസുമായി ഒരു സ്ത്രീയോടൊപ്പം ഇരിക്കുന്നത് ചിന്തിച്ചു നോക്കൂ.


പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്നു

...............................

Latest Videos

undefined

Read More: 'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'

Read More: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍...

..................................

 

'ഒരു രാത്രി മുഴുവന്‍ ഒരു മേശയ്ക്കിരുപുറം കൈയ്യില്‍ വിസ്‌കി നിറച്ച ഗ്ലാസുമായി ഒരു സ്ത്രീയോടൊപ്പം ഇരിക്കുന്നത് ചിന്തിച്ചു നോക്കൂ. അടച്ചിട്ട ഒരു മുറിയില്‍ ഞാനങ്ങനെ ഇരുന്നിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍, മനസ്സു നിറയെ അവരോടുള്ള ആരാധനയുമായി, ആ കൈയ്യിലൊന്ന് തൊടുക പോലും ചെയ്യാതെ.'-ഒരു സ്വകാര്യ സംഭാഷണത്തിനിടയില്‍ ഒരു സുഹൃത്ത് പങ്കുവച്ച അനുഭവമാണ്. 

അന്ന് 'സ്പിരിറ്റ്' സിനിമ റിലീസായിട്ടില്ല. അങ്ങനെ രണ്ടു പേര്‍ക്ക് ഇരിക്കാനാവുമോയെന്ന ചോദ്യം എത്രയോ നാള്‍ എന്റെ ഉറക്കം കെടുത്തി. അതും നോട്ടി ഫോട്ടീസില്‍ ( Naughty Fourties). 

പലവട്ടം ഞാനയാളോട് ചോദിച്ചു, 'അങ്ങനെ ഇരിക്കാന്‍ പറ്റോ. മാംസനിബദ്ധമല്ല രാഗമെന്നത് കവിയുടെ ഒരു തോന്നലല്ലേ എന്നൊക്കെ. അപ്പോഴൊക്കെ അയാള്‍ പറഞ്ഞു. 'പറ്റും. പറ്റിയിട്ടുണ്ട്. അവര്‍ ഒരു സാധാരണ സ്ത്രീയല്ല.'

പിന്നീടൊരിക്കല്‍ പരിചയപ്പെട്ടപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് അവര്‍ ഒരു സാധാരണ സ്ത്രീയല്ലെന്ന്.  മനസ്സിലിത്തിരി സ്ത്രീസഹജമായ കുശുമ്പോടെ ഞാനും നോക്കിയിരുന്നിട്ടുണ്ട്. വെറും പെണ്ണല്ലാന്ന് സ്വയം അവകാശപ്പെടുന്ന വെറും പെണ്ണുങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തയായൊരു സ്ത്രീ.

 

..............................................

Read More: മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി

Read More: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?

.............................

 

2012 -ല്‍ ബിഗ് സ്‌ക്രീനില്‍ 'സ്പിരിറ്റ് എന്ന രഞ്ജിത് - മോഹന്‍ലാല്‍  ചിത്രത്തിലെ ഗാനരംഗം കണ്ടിരിക്കുമ്പോള്‍ അറിയാതെ അയാളും ഒരു വിസ്‌കി ബോട്ടിലും ആ രാത്രിയുമൊക്കെ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു. മീരയില്‍, രഘുനന്ദനില്‍ ഞാന്‍ കണ്ടത് അവര്‍ രണ്ടാളെയുമായിരുന്നു. വാക്കുകള്‍ നിഷ്പ്രഭമാവുന്ന അത്തരം സന്ദര്‍ഭങ്ങളിലൂടെ ചിലരെങ്കിലും ചിലനേരത്ത് കടന്നുപോയിട്ടുണ്ടാവില്ലേ.

'ഒരു ചുംബനത്തിന്നായ് 
ദാഹം ശമിക്കാതെ 
എരിയുന്ന പൂവിതള്‍ത്തുമ്പുമായി, 
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി,
വെറുതേ പരസ്പരം നോക്കിയിരിക്കുന്നു
നിറമൗന ചഷകത്തിനിരുപുറം നാം...'


റഫീക്ക് അഹമ്മദിന്റെ കവിത തുളുമ്പുന്ന വരികള്‍ക്ക്  ഷഹബാസ് അമന്റെ  ആര്‍ദ്രമായ ഈണം. ഒരിക്കല്‍ പരസ്പരം സ്‌നേഹിച്ചിരുന്ന, ജീവിതം പങ്കിട്ട  രണ്ടു പേര്‍. രഘുനന്ദനും മീരയും. രഘുനന്ദനയായി മോഹന്‍ലാലും മീരയായി കനിഹയും. മദ്യപാനം സഹിക്കാനാവാതെ അയാളുടെ ജീവിതത്തില്‍ നിന്ന്    മകനേയും കൂട്ടി ഇറങ്ങി പോയതാണവള്‍. ഇന്നയാള്‍ മദ്യപാനിയല്ല. പക്ഷേ അവള്‍ മറ്റൊരാളുടെ ഭാര്യയാണ്. അവളും, ഭര്‍ത്താവ് അലക്‌സിയും അയാളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളും. ഒരു രാത്രിയില്‍, ഒരു വീഞ്ഞു മേശയ്ക്കിരുപുറം വെറുതേ പരസ്പരം നോക്കിയിരിക്കുമ്പോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും അവരറിയുന്നുണ്ടായിരുന്നു, ഉള്ളിലെ പ്രണയം. മണ്ണിനടയില്‍ ആണ്ടു പോയ ചിലവിത്തുകള്‍ മഴയില്‍ മുളപൊട്ടുന്നതുപോലെ, എത്ര അടക്കി നിര്‍ത്തിയാലും പ്രണയവും ഒരുനാള്‍ മനസ്സിന്റെ ഓടാമ്പലുകള്‍ തുറന്ന് പുറത്തുവരും.

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.
പ്രണയത്തിനാല്‍ മാത്രമെരിയുന്ന 
ജീവന്റെ 
തിരികളുണ്ടാത്മാവിനുള്ളില്‍.'

 

...............................

Read More: കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം

Read More : നന്‍പകല്‍ നേരത്തെ തമിഴ് പാട്ടുകളും സിനിമാകഷണങ്ങളും; ചില പാട്ടുരഹസ്യങ്ങള്‍!

..................

 

ഒരിയ്ക്കല്‍  നഷ്ടപ്പെടുത്തിയതൊന്നും തിരിച്ചു കിട്ടില്ലെന്നയാള്‍ക്കറിയാം. അയാളുടെ ജീവിതത്തിലേക്ക് തിരിച്ചു പോവാന്‍ അവള്‍ക്കുമാവില്ല. എങ്കിലും ഒന്ന് ചേര്‍ത്തുപിടിക്കാന്‍, ഒരുമിച്ചുണ്ടായിരുന്നപ്പോഴത്തേക്കാള്‍ തീവ്രമായി ചുംബിക്കാന്‍ വെമ്പുന്നുണ്ട് അയാളുടെ ഉള്ളം. അവളും അത് ആഗ്രഹിക്കുന്നുണ്ട്. കെട്ടുപാടുകളില്ലാത്ത അയാളും ബന്ധങ്ങളുടെ കെട്ടുപാടില്‍ അതിനാവാതെ അവളും. ചേര്‍ത്തുപിടിച്ച  അയാളുടെ കൈകള്‍ തട്ടിമാറ്റാന്‍ അവള്‍ മറന്നുപോവുന്നു. പിന്നെ, ആ കൈകള്‍ തട്ടി മാറ്റുമ്പോള്‍  അയാളെക്കാള്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരിക്കുക അവളായിരുന്നിരിക്കില്ലേ? തന്റെ ആത്മസംഘര്‍ഷത്തെ, എത്ര സരസമായാണ് രഘുനന്ദന്‍ അതിജീവിക്കുന്നത്- 'കള്ള് നിര്‍ത്തിയില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ.'  

ഗാനത്തിനിടയില്‍ മീരയും (കനിഹ) രഘുനന്ദനും (മോഹന്‍ലാല്‍) തമ്മിലുള്ള ഇത്തരം സംഭാഷണ ശകലങ്ങളിലെ രഞ്ജിത് മാജിക് പറയാതെ വയ്യ. ചേര്‍ത്തുപിടിക്കുന്ന രഘുനന്ദന്റെ കൈ തട്ടി മാറ്റി മീര പറയുന്നു: 'ഇതുപോലൊരു രാത്രിക്കുവേണ്ടി എന്നെയും ബാക്കി വയ്ക്കണമായിരുന്നു.' 

'ഒരു കാലത്ത് എന്റെ ഭാര്യയായിരുന്നവളേ, വരും ജന്മങ്ങളില്‍ നമുക്ക് മുട്ടാം ഇതേ റോളില്‍' എന്ന് പറഞ്ഞ്  രഘുനന്ദന്‍ ഗുഡ് നൈറ്റ് പറഞ്ഞു പിരിയുമ്പോള്‍ മനസ്സില്‍ പടരുന്ന വിങ്ങല്‍ ഇതിലും ഭംഗിയായി എങ്ങനെ വരച്ചുകാട്ടാനാവും. 


'സമയ കല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍
ഒരു മൗനശില്‍പ്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യ വിഷാദമായി.
ഒരു സാഗരത്തിന്‍ മിടിപ്പുമായി..'

പ്രണയത്തിലേക്ക് വഴുതി വീഴാന്‍ ശ്രമിക്കുമ്പോഴും ഒരു മൗനശില്‍പം മെനഞ്ഞു തീര്‍ത്തെന്തിനോ  കുതറി മാറുന്നവര്‍.  തീവ്രപ്രണയത്തിന്റേയും വിരഹത്തിന്റേയും നൊമ്പരം വരച്ചിടുന്ന വരികള്‍.  കവിതയുടെ ചാരുത ഒട്ടും നഷ്ടപ്പെടാതെയുള്ള ഷഹബാസ് അമന്റെ ഈണം. വിജയ് യേശുദാസിന്റെയും ഗായത്രിയുടേയും  ഘനസാന്ദ്രസ്വരം. പ്രണയത്തിന്റെ മാത്രമല്ല വിരഹത്തിന്റേയും സിംഫണിയായി ആ ഗാനം മാറി. 

 

...........................

Read More: വിപ്ലവ ഗായികയ്ക്കപ്പുറം കെ. പി എ സി സുലോചന

 

പറയാനാവാത്ത വികാരങ്ങള്‍ പകര്‍ത്താന്‍ ഒരു ഗാനത്തിനാവുമെന്ന്  പലപ്പോഴും തോന്നാറുണ്ട്. സംഗീതത്തിനു മാത്രം സാധ്യമാവുന്ന മായാജാലം. വിവാഹമോചിതനായ ഒരു സുഹൃത്തിന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ രണ്ട് നാള്‍ മുമ്പ് ഗാനത്തിലെ ഈ ഡയലോഗ് ഉള്‍പ്പെടുന്ന ഭാഗം കണ്ടപ്പോള്‍ വീണ്ടും ഗാനരംഗം കാണണമെന്നൊരു തോന്നല്‍. 

എത്ര മനോഹരമായ സംഗീത, ദൃശ്യാനുഭവം. ഓരോ കാഴ്ചയിലും തോന്നാറുണ്ട്,  കേള്‍ക്കുന്നതിനേക്കാള്‍ മനസ്സിനൊരു വിങ്ങല്‍ ഗാനരംഗം കാണുമ്പോഴാണെന്ന്.  റഫീക്ക് അഹമ്മദിന്റെ വരികളോ, ഷഹബാസ് അമന്റെ സംഗീതമോ, വിജയ് യേശുദാസിന്റേയും ഗായത്രിയുടേയും ആലാപനമോ മാത്രമാണോ ഈ ഗാനം  പ്രിയപ്പെട്ടതാക്കിയത്? വരികളിലെ ഭാവം മുഴുവന്‍ ഉള്‍ക്കൊണ്ട മോഹന്‍ലാലിന്റെ  അതുല്യ നടനവൈഭവം കൂടിയല്ലേ അത്? 

അതുകൊണ്ടു തന്നെയല്ലേ, മീര  രഘുനന്ദന്റെ ജീവിതത്തിലേക്ക് മടങ്ങി ചെന്നിരുന്നങ്കിലെന്ന് അയാളെപ്പോലെ ഞാനും ഒരു മാത്ര ആഗ്രഹിച്ചു പോവുന്നത്! 

........................................

Read More: പുഷ്പവതി: പാട്ടും പോരാട്ടവും

 

click me!