മിസുക്കോ കുയോ ആചാരം വഴി മാതാപിതാക്കൾക്ക് ഉപാധികളില്ലാതെ തങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുകയും ജനിക്കാതെ പോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്യാം.
പലതരത്തിലുള്ള സംസ്കാരവും ഈ ലോകത്ത് നിലനിൽക്കുന്നുണ്ട്. ഓരോ സമൂഹത്തിനും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെയുണ്ട്. അതുപോലെ ജപ്പാനിൽ നിലനിൽക്കുന്ന മിസുക്കോ കുയോ എന്ന ആചാരത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഗർഭച്ഛിദ്രത്തിലൂടെയോ, ഗർഭമലസുന്നതിലൂടെയോ ഒക്കെ ഇല്ലാതായിപ്പോകുന്ന 'കുഞ്ഞുങ്ങൾ'ക്ക് വേണ്ടിയാണ് ഈ ആചാരം. ഈ ജാപ്പനീസ്-ബുദ്ധിസ്റ്റ് ചടങ്ങ് സാധാരണയായി നടത്തുന്നത് ഗർഭം അലസുന്നവർ, ഗർഭച്ഛിദ്രത്തിന്റെ വേദന അനുഭവിച്ചവർ തുടങ്ങിയവർക്കൊക്കെ വേണ്ടിയാണ്. 1970 -കളിൽ മിസുക്കോ കുയോയ്ക്ക് വേണ്ടി മാത്രം ആരാധനാലയങ്ങളും സ്ഥാപിച്ചു തുടങ്ങി. ഇതോടെ ഈ ആചാരത്തിന് വലിയ പ്രാധാന്യം ലഭിച്ചു.
undefined
മാതാപിതാക്കളുടെ ദുഃഖം മനസിലാക്കുക, ഗർഭസ്ഥശിശുവിന്റെ ആത്മാവിനെ ആശ്വസിപ്പിക്കുക, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കുറ്റബോധത്തെ മറികടക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. ബുദ്ധമത വിശ്വാസം അനുസരിച്ച്, ജനിക്കാതെ പോകുന്ന കുട്ടികൾക്ക് സ്വർഗത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. ഇതിന് കാരണമായി അവർ കാണുന്നത്, നല്ല കർമ്മങ്ങൾ ചെയ്യുന്നവരാണ് സ്വർഗത്തിൽ പ്രവേശിക്കുന്നത്. ഈ കുഞ്ഞുങ്ങൾക്ക് അങ്ങനെ നല്ല കർമ്മങ്ങൾ ചെയ്യാനുള്ള അവസരം കിട്ടുന്നില്ലല്ലോ എന്നാണ്.
അതിനാൽ, ഈ ഗർഭസ്ഥ ശിശുക്കളെ സാൻസു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സായ് നോ കവാരയിൽ പ്രതിമകളായി പ്രതിഷ്ഠിക്കുന്നു. ഇത് അവരുടെ മാതാപിതാക്കളുടെ ദുഃഖത്തെയാണ് കാണിക്കുന്നത്. മിസുക്കോ കുയോ ആചാരം വഴി മാതാപിതാക്കൾക്ക് ഉപാധികളില്ലാതെ തങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുകയും ജനിക്കാതെ പോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്യാം.
സാധാരണയായി ബുദ്ധ പുരോഹിതന്മാരാണ് ഈ ചടങ്ങ് നടത്തുക. കുട്ടികളെ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്ന ബോധിസത്വനായ ജിസോയ്ക്ക് ഇതിൽ വച്ച് വഴിപാടുകൾ അർപ്പിക്കാം. ഇതുവഴി പിറക്കാതെ പോയ കുഞ്ഞുങ്ങളെ മരണാനന്തര ജീവിതത്തിലേക്ക് നയിക്കുകയും, അവരെ ഭൂതങ്ങളിൽ നിന്ന് സംരക്ഷിക്കുകയും, സ്വർഗത്തിൽ എത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം.
ദാരിദ്ര്യം കാരണം ശിശുമരണവും, ഗർഭച്ചിദ്രവുമുണ്ടായ എഡോ കാലഘട്ടത്തിലാണ് ഈ ആചാരത്തിന്റെ തുടക്കം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം