പോപ് ലോകത്തെ ഒരേയൊരു ചക്രവർത്തി, എംജെ -യുടെ കസേര ഇന്നും ശൂന്യമാണ്

By P R Vandana  |  First Published Aug 29, 2022, 2:35 PM IST

പ്രകൃതിദിനാഘോഷങ്ങൾക്കും പാരിസ്ഥിതിക പരിപാടികൾക്കും ഇപ്പോഴും അണിയറയിൽ EARTH SONG കേൾക്കുന്നത് യാദൃച്ഛികമല്ല. വംശീയവിരുദ്ധതക്കും മനുഷ്യാവകാശനിഷേധത്തിനും എതിരെയാണ് എംജെ THEY DON’T REALLY CARE ABOUT US എന്നുറക്കെ പറഞ്ഞത്. ആമസോൺ മഴക്കാടുകളിലും മൃഗവേട്ട വ്യാപകമായ താൻസാനിയയിലുമൊക്കെ ചിത്രീകരിച്ച EARTH SONG ആകട്ടെ വെറും പാട്ടുമായിരുന്നില്ല.


പോപ് ലോകത്തെ ഒരേയൊരു ചക്രവർത്തിയുടെ ജന്മദിനമാണിന്ന്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 6 എന്നും  4 എന്നുമുള്ള രണ്ട് മെഴുകുതിരികളിലെ നാളം ഈതിക്കെടുത്തി ഹാപ്പി ബർത്ത്ഡേ പാട്ടിനൊപ്പം കാലനക്കി തല വെട്ടിച്ച് ആഘോഷിച്ചേനെ മൈക്കൽ ജാക്സൺ. താൻ ബാക്കിയാക്കിയ ചക്രവർത്തിക്കസേര ഇപ്പോഴും പുതിയ ഉടമസ്ഥനെ കാത്തിരിക്കുന്നതു കണ്ടിട്ട് സന്തോഷിച്ചേനെ എംജെ. ആശങ്ക ബാക്കിയാക്കിയ യുക്രൈൻ പ്രദേശത്തെ നോക്കി ഒന്നുകൂടി ഹീൽ ദ വേൾഡ് മൂളിയേനെ.
 
നാല് പതിറ്റാണ്ട് നീല കലാജീവിതം ജാക്സൺ തുടങ്ങിയത് സഹോദരങ്ങളുടെ ഒപ്പമാണ്. ജാക്സൺ 5 -ലെ ഇളയവൻ കാണികളുടെ പ്രിയങ്കരനായിരുന്നു. 1978 -ല്‍ മ്യൂസിക് പ്രൊഡ്യൂസര്‍ ക്വിന്‍സി ജോണ്‍സിനെ കണ്ടുമുട്ടുന്നതാണ് വഴിത്തിരിവായത്. ആ നാൽക്കവലയിൽ വെച്ച് ജാക്സൺ ഒറ്റക്ക് നടന്നു തുടങ്ങുന്നു. ക്വിൻസിയുമായി ചേർന്നുള്ള ജാക്സന്റെ ത്രില്ലർ എന്ന ആൽബം അതുവരെയുള്ള മ്യൂസിക് വീഡിയോകളുടേയും പാട്ടുകളുടേയും എല്ലാം ശീലങ്ങൾ മാറ്റിമറിച്ചു. ആൽബത്തിലെ ബീറ്റ് ഇറ്റ്, വിജയത്തിന്റെ കാര്യത്തിൽ പേര് സാർത്ഥകമാക്കി. 

Latest Videos

undefined

ബീറ്റ് ഇറ്റിന്റെ ചടുലതാളവും ഊർജവും ചുവടുകളും പോപ് ആരാധകർക്ക് പുതിയ അനുഭവമായിരുന്നു. അതുവരെ കേട്ട പോപ് ഗാനങ്ങളെല്ലാം തോൽവി സമ്മതിച്ചു. എംജെ അന്താരാഷ്ട്ര പോപ് ഐക്കൺ ആയി.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആല്‍ബമായ ത്രില്ലർ ഗ്രാമി വേദിയിൽ കരസ്ഥമാക്കിയത് എട്ട് പുരസ്കാരങ്ങൾ. ഇന്നും വർഷങ്ങൾക്കിപ്പുറവും ഈ പാട്ടുകൾ യുവതയുടെ ആഘോഷത്തിന് ചുവടുകളാകുന്നു. ഇപ്പോഴും അമേരിക്കയിലെ ഹാലോവീൻ ആഘോഷങ്ങൾക്ക് ത്രില്ലാകുന്നു. എം ജെ വേറിട്ട വഴിയിലൂടെ നടന്ന ഡെയ്ഞ്ചറസ്   അപകടകസന്ദേശമുയർത്തുംവിധം ജനപ്രീതി നേടി.   

വിവേചനത്തിന് എതിരെ ശബ്ദമുയർത്താനും ന്യായത്തിന് വേണ്ടി പോരാടാനും പ്രകൃതിക്ക് വേണ്ടി നിലകൊള്ളാനും മൈക്കൽ ജാക്സൺ പാട്ടുകളിലൂടെ ആഹ്വാനം ചെയ്തു. 2014 -ലും 2015 -ലും 2020 -ലും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭങ്ങൾക്കിടെ THEY DON’T REALLY CARE ABOUT US മുഴങ്ങിക്കേട്ടത് വെറുതെയല്ല. 

പ്രകൃതിദിനാഘോഷങ്ങൾക്കും പാരിസ്ഥിതിക പരിപാടികൾക്കും ഇപ്പോഴും അണിയറയിൽ EARTH SONG കേൾക്കുന്നത് യാദൃച്ഛികമല്ല. വംശീയവിരുദ്ധതക്കും മനുഷ്യാവകാശനിഷേധത്തിനും എതിരെയാണ് എംജെ THEY DON’T REALLY CARE ABOUT US എന്നുറക്കെ പറഞ്ഞത്. ആമസോൺ മഴക്കാടുകളിലും മൃഗവേട്ട വ്യാപകമായ താൻസാനിയയിലുമൊക്കെ ചിത്രീകരിച്ച EARTH SONG ആകട്ടെ വെറും പാട്ടുമായിരുന്നില്ല. സ്വയം ചോദിച്ച് തിരുത്തൽ ശക്തികളാകാൻ  ഓരോരുത്തരേയും ഓർമപ്പെടുത്തലായിരുന്നു ആ പാട്ടിന്റെ ധർമം. നമ്മുടെ ഭൂമിയെ കുറിച്ച്, നാം പുലർത്തേണ്ട കരുതലിനെ കുറിച്ച്, നമ്മുടെ അത്യാർത്തിയെ കുറിച്ച്, നാം നേരിടാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ച്. വംശീയൈക്യത്തെ കുറിച്ച്, ഒറ്റപ്പെട്ടു പോകുന്നവരുടെ ആശങ്കകളെ കുറിച്ച് അങ്ങനെ പിന്നെയും പിന്നെയും പല വിഷയങ്ങളും എംജെയുടെ പാട്ടുകളായി.  

1983 മാർച്ചിൽ മോടൗണിലെ പരിപാടി മുതലാണ് മൂൺവാക്ക് മൈക്കൽ ജാക്സൺ എന്ന പേരിന്റെ പര്യായമായത്. നൃത്തതാളവിന്യാസത്തിലെ എംജെ ടച്ച്. ആ ചടുലതാളത്തിന്റെ താളം പല കാരണങ്ങളാൽ പല തവണ തെറ്റി. ബാലപീഡനആരോപണങ്ങൾ, മയക്കുമരുന്ന് ആരോപണങ്ങൾ, പങ്കാളികളുമായുള്ള പ്രശ്നങ്ങൾ, പല പല കേസുകൾ, സാമ്പത്തികപ്രതിസന്ധി അങ്ങനെ പല വിധ പ്രശ്നങ്ങൾ. കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലായിരുന്നു എംജെ. അതിനിടയിലാണ് അന്ത്യമുണ്ടായത്. അമ്പതാം വയസ്സിൽ. THIS IS IT എന്ന പര്യടനത്തിന് തയ്യാറെടുക്കുന്നതിനിടെ. 

മൈക്കൽ ജാക്സൺ മരിച്ചതിന് പിന്നാലെയും നടന്നു പല വിധ ചർച്ചകൾ. ശരീരവും ചുവടുകളും പരിപാലിക്കാൻ അരപ്പട്ടിണി കിടന്ന കലാകാരന്റെ രീതികൾ കേട്ട് ആരാധകർ ഞെട്ടി. സാമ്പത്തികപ്രശ്നങ്ങൾ അറിഞ്ഞ് വേദനിച്ചു. മക്കളുടെ വിഷമം കണ്ട് നൊമ്പരപ്പെട്ടു. propofol മരുന്ന് അധികം നൽകിയതിന് ഡോക്ടർക്ക് എതിരെ കേസു വന്നു.   എല്ലാം കഴിഞ്ഞ് ബാക്കിയായത് മൈക്കൽ ജാക്സൺ ലോകത്തിന് നൽകിയ പാട്ടുകളും കുറേ ഓർമകളും മാത്രം. അന്നുമുതൽ ഇന്നു വരെ ലോകം ആ പോപ് മാന്ത്രികനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരൊറ്റ കാര്യം... ഇല്ലാ മൈക്കൽ ഇല്ലാ, നിങ്ങൾ മരിച്ചിട്ടില്ല. 

NO ONE CAN BEAT IT LIKE YOU
NO ONE CAN HEAL THE WORLD LIKE YOU.

click me!