അവളെക്കുറിച്ച് അവസാനമായി അറിഞ്ഞത് പത്തുവര്‍ഷം മുമ്പാണ്. അപ്പോഴേക്കും വിഷാദം പിടികൂടിയ ആ സാധുപെണ്‍കുട്ടി ഒന്നിലും താല്‍പ്പര്യമില്ലാത്തവളായിത്തീര്‍ന്നിരുന്നു.
യാഹൂ ഡോട്ട് കോമിലൂടെ ലോകം ചാറ്റിങ്ങ് തുടങ്ങിയ കാലം. ആശയസംവേദനത്തിനും സൗഹൃദത്തിനും അനവധി സാധ്യതകള്‍ തെളിഞ്ഞു തുടങ്ങിയത് അന്നുമുതലാണ്. സാങ്കേതികവിദ്യ ലോകത്തെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ തുടങ്ങിയ പ്രാരംഭകാലം.
ലോകം വിരല്‍ത്തുമ്പില്‍ ആയിത്തുടങ്ങിയതോടെ ചില അദൃശ്യമുഖങ്ങള്‍ അതിരുഭേദിച്ച് ചിലരുടെ ജീവകോശങ്ങളോളമെത്താന്‍ തുടങ്ങി! സൗഹൃദവും പ്രണയവും രതിയും സാമ്പത്തിക ഇടപാടുകളും കലാപ്രവര്‍ത്തനങ്ങളും വീഡിയോ ചാറ്റിങ്ങുമൊക്കെ നമ്മുടെ കണ്‍വെട്ടെത്തെന്നപോലെ സുതാര്യമായിക്കൊണ്ടിരുന്നു. അവയൊക്കെയും ഓണ്‍ലൈന്‍ വഴി ആകാശമേലാപ്പിലൂടെ ദേശദേശങ്ങള്‍ താണ്ടി ഇടതടവില്ലാതെ പറക്കാന്‍ തുടങ്ങി!
undefined
ഒരു ചാറ്റിങ് ദിവസമാണ് blue_iceninja എന്ന ഐഡിയില്‍ ചെന്ന് കേവലമായ ഒരു കൗതുകത്തോടെ 'hai' പറഞ്ഞത്. ഉടനെ വന്നു മറുപടിയും മറുചോദ്യവും. 'hru, asl plz'.
ഞാനെന്റെ പ്രായവും ജന്ററും ലൊക്കേഷനും വെളിപ്പെടുത്തി.
'ഞാന്‍ ടിഫനി അലന്‍, പതിനെട്ടുകാരി.' അവള്‍ തുടര്‍ന്നു. 'മിഷിഗണ്‍ സ്വദേശിനി, ചിത്രലയില്‍ ബിരുദ വിദ്യാര്‍ത്ഥിനി.'
തുടര്‍ന്ന് സംസാരിച്ചു മുന്നേറിയപ്പോള്‍ അതൊരു പെണ്‍കുട്ടിയാണെന്ന് വെളിപ്പെട്ടുവന്നു. വ്യാജ ഐഡിയിലൂടെ ആളുകളെ കബളിപ്പിക്കുന്ന ചിലരുണ്ട്. എന്നാല്‍ ഇത് അങ്ങനെയല്ലെന്ന് വാക്കുകളിലെ നിഷ്‌കളങ്കത കൊണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു.
പിക്കാസോ സ്വീകരിച്ച ആദ്യകാല നിറങ്ങളും പിന്നീട് നിറങ്ങളെ മന:ശ്ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളുമായിരുന്നു എന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യ പ്രതികരണം. ആളുകളോട് ഇടപെടുമ്പോള്‍ അവര്‍ വ്യാപരിക്കുന്ന വിഷയത്തെ സ്പര്‍ശിച്ചാല്‍ സ്വാഭാവികമായും തിരിച്ചുള്ള ഇടപെടലിന് താല്‍പര്യം കാണുമല്ലോ. ചില കലാകാരന്മാരോട് ഇടപെടുമ്പോള്‍ അവരുടെ പള്‍സില്‍ പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ? അതേ രീതി ഒന്നു പയറ്റിനോക്കിയതാണ്. അതവള്‍ക്ക് നന്നേ ബോധിച്ചു. ആ നിമിഷം 'wow' എന്ന് അതിശയപ്പെട്ട് അവളെന്നില്‍ സുഹൃത്തായി വീണു!
അവളെ സ്‌നേഹപൂര്‍വ്വം ഞാന്‍ 'മകള്‍' എന്ന് സംബോധന ചെയ്തു. 'വേണ്ട സഹോദരി' എന്നവള്‍ അപ്പോള്‍ത്തന്നെ തിരുത്തി. ഒരു അനിയത്തിയില്ലാത്ത എനിക്കാകട്ടെ ആ തിരുത്ത് നന്നേ ബോധിക്കുയും ചെയ്തു.
അന്നു തുടങ്ങിയ സൗഹൃദമാണ്. അത് ഏതാണ്ട് ഒരു പതിറ്റാണ്ടോളം നീണ്ടുപോയി. ഇണക്കം, പിണക്കം, വാശി, ഓണ്‍ലൈന്‍ സംവാദം എന്നിത്യാദി സകലപൊല്ലാപ്പുകളും അതിനിടയില്‍ വന്നുംപോയുമിരുന്നു.
റെഡ് ഇന്ത്യന്‍ വംശജയായ ആ കുട്ടിക്ക് ഇന്ത്യന്‍ സംസ്‌കാരത്തോടും ജീവിതരീതിയോടുമൊക്കെ വലിയ പ്രതിപത്തിയായിരുന്നു. ഹിന്ദുക്കളുടെ പ്രാര്‍ത്ഥനകള്‍, അവരുടെ ദൈവങ്ങള്‍, ഭക്ഷണം, വിവാഹബന്ധങ്ങള്‍, വിശ്വാസരീതികള്‍ എന്നിവയൊക്കെ അക്കാലത്ത് അവള്‍ നിരന്തരം ചോദിച്ചറിഞ്ഞു കൊണ്ടിരിക്കുമായിരുന്നു.
ഞാനന്ന് ദുബായിലെ ജോലിവിട്ട് മുംബെയില്‍ ചരിഷ്മ യില്‍ (റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് കമ്പനി) ജോലി. അല്ല, തിരക്കിന്റെ കുപ്പായമിട്ട് ഓടിനടക്കുന്ന കാലമാണ്. വിദേശത്തുനിന്നും വരുന്ന ക്ലെയന്റ്‌സ്, വിദേശത്തേക്കു പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍, അവരുടെ ടിക്കറ്റ്, ഇമിഗ്രേഷന്‍, യാത്ര... ഊണും ഉറക്കവുമില്ലാത്ത തിരക്ക്. ചിലപ്പോഴൊക്കെ സൗദി കോണ്‍സിലേറ്റില്‍ വിസ സ്റ്റാമ്പിങ്ങിനുള്ള ഉത്തരവാദിത്വം... പിന്നെ, അങ്ങോട്ടുമിങ്ങോട്ടുമായി മുംബൈ എയര്‍പോട്ടില്‍ രാവും പകലും.
പലപ്പോഴും അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ നീണ്ട സംസാരങ്ങള്‍ക്കോ സമയം കിട്ടാറില്ല. എന്റെ തിരക്കൊന്നും അവള്‍ക്കൊരു പ്രശ്‌നമേ അല്ലായിരുന്നു. ഒരു അനിയത്തിയോടെന്ന പോലെ അവളോട് മിണ്ടിയും പറഞ്ഞും ഇരുന്നാല്‍ മതിയെന്ന വാശി. എനിക്കതിന് സമയം കിട്ടുന്നില്ല. സ്വാഭാവികമായും സൗഹൃദത്തിന് മങ്ങലേറ്റു. എന്നാലും ഇടയ്ക്ക് സംസാരിക്കുമ്പോള്‍ ആ സാഹോദര്യം നിലനിര്‍ത്താന്‍ ഞാന്‍ ഉത്തരവാദപ്പെട്ട ചേട്ടനെപ്പോലെ അവളുടെ പഠിപ്പും കുടുംബത്തിലെ ക്ഷേമകാര്യങ്ങളും അന്വേഷിക്കാതിരുന്നില്ല.
തിരികെ ദുബായില്‍ ചെന്നപ്പോള്‍ അവള്‍ വിളിക്കാനും പറയാനും തുടങ്ങി. ദുബായിലേക്കുള്ള ഹ്രസ്വസന്ദര്‍ശനത്തിന് അവള്‍ തയ്യാറായി. വിസ അയക്കാമെന്ന് ഞാനേറ്റു. അതിനു ചെലവാകുന്ന പണമൊക്കെ അവള്‍ തരാമെന്നും.
പൊതുവെ നാണം കുണുങ്ങിയായ അവള്‍ ഇന്ത്യക്കാരനായ ഒരു യുവാവിന്റെ നമ്പര്‍ തന്നിട്ട് വിളിക്കാന്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ എന്തോ ചില പന്തികേട് തോന്നി എനിക്ക്. അവനെന്നെ അറിയാമെന്നും ഉടനെ വിളിക്കണമെന്നും ആവശ്യപ്പെട്ടു.
യശ്വന്ത് പട്ടേല്‍ എന്ന ആ ഗുജറാത്തിപ്പയ്യന്‍ എന്റെ വിളികാത്തിരിക്കുകയായിരുന്നു. സംസാരത്തിനിടയില്‍ അവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന കാര്യം അവന്‍ പറഞ്ഞു! എന്നാല്‍
യശ്വന്തിന്റെ കള്ളച്ചിരിയില്‍ ഉത്തരവാദിത്വമുള്ള ഒരാളല്ലെന്ന് വായിച്ചെടുക്കാന്‍ വലിയ സമയം വേണ്ടിവന്നില്ല. അവന് ഏതെങ്കിലും വിധേന അമേരിക്കയിലെത്തണം. അതിനുള്ള എളുപ്പവഴിയായിരുന്നു ടിഫനി അലനുമായുള്ള വിവാഹം!
ഞാനവളെ വിവാഹത്തില്‍നിന്നും വിലക്കി നോക്കി. പക്ഷേ, നിഷ്‌കളങ്കയായ ആ ചെറുപ്പക്കാരി അതൊന്നും ചെവിക്കൊണ്ടില്ല. പിന്നീടെപ്പൊഴോ വിവാഹിതയായി ഗുജറാത്തിലും ഗോവയിലും മുംബൈയിലും കറങ്ങിത്തിരിച്ച് അവള്‍ രണ്ടേരണ്ടുമാസം കഴിഞ്ഞ് യുഎസിലേക്ക് തിരിച്ചുപോയി.
യശ്വന്തിനെയും ഗുജറാത്തിനെയും ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷം കരഞ്ഞുകൊണ്ട് അവളെന്നോട് കുമ്പസാരിച്ചു. പിന്നീട് പതിയെപ്പതിയെ, അവള്‍ തന്റെ ഉല്ലാസകരമായ ജീവിതത്തില്‍നിന്നും സൗഹൃദങ്ങളില്‍നിന്നും വിശ്വാസങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞുകൊണ്ടിരുന്നു.
മിഷിഗണ്‍ കോര്‍പ്പറേഷനിലെ റെഡ് ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അവളുടെ അച്ഛന്‍ അലന്‍. അമ്മയ്ക്ക് ഒരു കാര്‍ കമ്പനിയില്‍ ജോലി. ചേട്ടന്‍ പഞ്ചനക്ഷത്രഹോട്ടലിലെ ഷെഫ്. ചേച്ചി കൂട്ടുകാരനോടൊപ്പം അയാളുടെ തന്നെ രണ്ടു കുഞ്ഞുങ്ങളുടേയും അമ്മയായി ലിവ് ഇന്‍ ജീവിതം. ഇളയവളാണ് ടിഫനി. ജീവിതത്തില്‍ വലിയതോതില്‍ സ്‌നേഹമൊന്നും കിട്ടാതെ വളര്‍ന്ന പെണ്‍കുട്ടി.
അവളെക്കുറിച്ച് അവസാനമായി അറിഞ്ഞത് പത്തുവര്‍ഷം മുമ്പാണ്. അപ്പോഴേക്കും വിഷാദം പിടികൂടിയ ആ സാധുപെണ്‍കുട്ടി ഒന്നിലും താല്‍പ്പര്യമില്ലാത്തവളായിത്തീര്‍ന്നിരുന്നു. മൗനവും വേദനയും പ്രതിഷേധവും പ്രണയവും കണ്ണീരും പങ്കുവെക്കാന്‍ അവള്‍ക്കൊരു മാധ്യമമുണ്ടായിട്ടും കാന്‍വാസിന് മുന്നില്‍നിന്നും അവള്‍ ഒഴിഞ്ഞുമാറിക്കളഞ്ഞു. സൗഹൃദം തകര്‍ത്തുകളഞ്ഞ വേദനയില്‍ അവള്‍ തനിച്ചായപോലെ!
അവളുടെ ചേച്ചിക്ക് എന്നെ അറിയാം. വിളിച്ചുചോദിക്കാന്‍ അവരുടെ ഫോണ്‍നമ്പരോ മെയില്‍ ഐഡിയോ വാങ്ങിക്കാന്‍ വിട്ടു. ചോദിച്ചപ്പോള്‍ ടിഫനി അത് തന്നേയില്ല!
കുറേ മാസങ്ങള്‍ക്കു മുമ്പ് അവളുടെ നാട്ടില്‍നിന്നുള്ള വാര്‍ത്തകള്‍ മുന്നില്‍വന്നു. മിഷിഗണില്‍ പേമാരിയും കൊടുങ്കാറ്റുമായിരുന്നു. മിഡ്‌ലാന്റ് കൗണ്ടിയിലെ, അവളുടെ നാട്ടിലെ രണ്ട് അണക്കെട്ടുകളും അപകടത്തിലാണ്. വെള്ളംപൊങ്ങാന്‍ സാധ്യതയുണ്ട്. ആളുകള്‍ കുടിയൊഴിഞ്ഞു പോകുന്നു. പ്രശസ്തമായ മിഷിഗണ്‍ തടാകം കരകവിയുന്നു!
പത്രങ്ങളില്‍ ആ വാര്‍ത്തകണ്ട വേവലാതി അടങ്ങുന്നേയില്ല. വിളിച്ചുചോദിക്കാന്‍ ബന്ധങ്ങളില്ല.
ടിഫനി അലന്‍ എന്ന ആ പഴയ അനിയത്തിയാണ് ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥനയിലും സങ്കടത്തിലും.
കാനഡയുമായി അതിരു പങ്കിടുന്ന യു എസിന്റെ വടക്കന്‍ സംസ്ഥാനമായ മിഷിഗണില്‍ അപ്പോള്‍ത്തന്നെ പെരുമഴ അടങ്ങിയിരിക്കാം. മിഡ്‌ലാന്റിലെ അണക്കെട്ടുകള്‍ തകര്‍ന്നുകാണില്ല. ജീവിതം പഴയപടി തിരിച്ചുപിടിച്ച് ഒരു ജനതയവിടെ സന്തോഷത്തോടെ കഴിയുകയാവും. അതില്‍ അലന്‍ കുടുംബവും സുഖമായ് വാഴുകയാവും. ഞാനാ വിശ്വാസത്തിന്റെ ബലത്തിലാണ് ഇപ്പോഴും.
ടിഫ് പറയൂ, ഇപ്പോള്‍ എങ്ങനെ? നീയും നിന്റെ കുടുംബവും നിന്റെ നാട്ടുകാരും സുഖമായിരിക്കുകയല്ലേ?
പറയൂ, നീ നിന്റെ പൂര്‍വ്വസ്ഥിതിയിലേക്കും ഉല്ലാസത്തിലേക്കും ചിത്രകലയിലേക്കും തിരിച്ചുനീന്തിയില്ലേ?