അഭയമറ്റ നേരത്ത് നീണ്ടുവന്ന കൈത്താങ്ങ്, ലക്ഷ്മി എന്ന ബിഹാറി കൂട്ടുകാരി...

By Web Team  |  First Published Jan 6, 2023, 5:37 PM IST

ഡോര്‍മെറ്ററി അവള്‍ക്ക് ഇഷ്ടമായില്ല. അവളുടെ മുഖത്ത് നിരാശ ബാധിച്ചതായി തോന്നി. പക്ഷേ ഒരേ സ്‌പേസില്‍ കുടുങ്ങി പോയ രണ്ട് മനുഷ്യര്‍ എന്ന രീതിയില്‍ ഞാന്‍ അവളോട് ഐക്യപ്പെട്ടു. 


അന്ന് രാത്രി കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു. നോക്കുമ്പോള്‍ ആരോടോ ഫോണില്‍ സംസാരിച്ച് കൊണ്ട് ലക്ഷമി കരയുകയാണ്. ഹിന്ദിയിലാണ് സംസാരിക്കുന്നത്. വളരെ കുറച്ച് മാത്രമേ എനിക്ക് ഹിന്ദി അറിയൂ. എന്നിരുന്നാലും എനിക്ക് ഇവിടെ പഠിക്കാന്‍ പറ്റില്ല എന്നും വീട്ടിലേക്ക് തിരിച്ച് പോകണമെന്നും  ആണ് അവള്‍ പറയുന്നതെന്നും എനിക്ക് മനസ്സിലായി.

 

Latest Videos

undefined

 

ജീവിതം പലപ്പോഴും കൊണ്ടെത്തിക്കുന്ന ചില ആകസ്മികതകളുണ്ട്. ചില മനുഷ്യര്‍. ചില സംഭവങ്ങള്‍. ചിലയിടങ്ങള്‍. പോണ്ടിച്ചേരിയിലെ പഠന കാലം അങ്ങനെയൊന്നായിരുന്നു. കടലിരമ്പുന്ന ആ ഓര്‍മ്മകളില്‍ അവളുണ്ട്, ബിഹാറില്‍ നിന്നുള്ള ലക്ഷ്മി എന്ന കൂട്ടുകാരി. ദുരിതം പിടിച്ചൊരു നേരത്ത് അരികെ വന്ന് കൈ ചേര്‍ത്തു പിടിച്ചൊരുവള്‍. പഠനകാലം കഴിഞ്ഞ് കാലങ്ങളേറെയായിട്ടും അവളെന്നില്‍നിന്നും മാഞ്ഞുപോയിട്ടില്ല. 

പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ജോയിന്‍ ചെയ്യുന്ന സമയം. അഡ്മിഷന്‍ എടുത്ത് എനിക്ക് നാട്ടിലേക്ക്  തിരിച്ച് പോരേണ്ടി വന്നു. ക്ലാസ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് എനിക്ക് ടൈഫോയ്ഡ് പിടിപെട്ടു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടാണ് തിരിച്ച് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. 

എത്തിയപ്പോഴേക്ക് ഹോസ്റ്റിലില്‍ ഒഴിവില്ലാതായിരുന്നു. ഏഴോളം വിമന്‍സ് ഹോസ്റ്റലുകള്‍ ഉണ്ട് യൂണിവേഴ്‌സിറ്റിയില്‍. എന്നിട്ടും റൂം കിട്ടാതെ ഞാന്‍ അതിലെ ഒരു പഴയ ഹോസ്റ്റലിന്റെ ഡോര്‍മറ്റിയില്‍  അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. ഡോര്‍മറ്ററിക്കകത്ത് പാത്രം കഴുകുന്നതിനടുത്ത് രണ്ട് കട്ടിലില്‍ ഒന്നില്‍ ലഗേജ് 
വെച്ചു. 

ആദ്യമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ചെറിയ വിഷമം തോന്നി. ഒപ്പം, എത്തിപ്പെട്ട സ്ഥലം എന്നെ നിരാശപ്പെടുത്തി. എങ്കിലും സംയമനം പാലിച്ച് ഞാന്‍ ലഗേജ് അടുക്കി വെച്ച് കട്ടിലില്‍ 
ഇരുന്നു. 

ആ സമയത്താണ് ഒരു പെണ്‍കുട്ടി എന്റെ അടുത്തേക്ക് വന്നത്. അവളുടെ കയ്യില്‍ മൂന്നാല് പെട്ടികളുണ്ടായിരുന്നു. എന്റെ അടുത്ത കട്ടിലിലേക്ക് ചൂണ്ടി അവള്‍ ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു.  ഞാന്‍ സമ്മതം മൂളി. ഞാനാ സമയത്ത് ഒരു ഓറഞ്ച് തിന്നുകയായിരുന്നു.  സാധാരണ ഗതിയില്‍ ഭക്ഷണം പങ്കിടാന്‍ ഞാന്‍ അധിക സമയം എടുക്കാറില്ല. എന്നാല്‍, ഇവിടെ അതല്ല, കൊടുത്താല്‍ ഇഷ്ടപ്പെടുമോ എന്നൊരു ചിന്ത വന്നു. എങ്കിലും ഒരാളുടെ മുമ്പില്‍ നിന്ന് തിന്നുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ അവളുടെ നേരെ ഒരോറഞ്ച് നീട്ടി. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ച് അത് വാങ്ങിച്ചു.

അപ്പോഴാണ് ഞാന്‍ അവളെ ശ്രദ്ധിക്കുന്നത്. ചുണ്ടില്‍ ഒരു കടും കളര്‍ ലിപ്‌സ്റ്റിക്കും മുഖത്ത് ഫൗണ്ടേഷന്‍ ഒക്കെ ഇട്ട അവളോട് ഒരു അപരിചിതത്വം തോന്നി എനിക്ക്. എങ്കിലും അവള്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചു. ലക്ഷ്മി എന്നാണ് അവളുടെ പേര്. ബിഹാറുകാരിയാണ്. അവള്‍ പിന്നെയും സംസാരിച്ചു. ഡോര്‍മെറ്ററി അവള്‍ക്ക് ഇഷ്ടമായില്ല. അവളുടെ മുഖത്ത് നിരാശ ബാധിച്ചതായി തോന്നി. പക്ഷേ ഒരേ സ്‌പേസില്‍ കുടുങ്ങി പോയ രണ്ട് മനുഷ്യര്‍ എന്ന രീതിയില്‍ ഞാന്‍ അവളോട് ഐക്യപ്പെട്ടു. 

അന്ന് രാത്രി കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു. നോക്കുമ്പോള്‍ ആരോടോ ഫോണില്‍ സംസാരിച്ച് കൊണ്ട് ലക്ഷമി കരയുകയാണ്. ഹിന്ദിയിലാണ് സംസാരിക്കുന്നത്. വളരെ കുറച്ച് മാത്രമേ എനിക്ക് ഹിന്ദി അറിയൂ. എന്നിരുന്നാലും എനിക്ക് ഇവിടെ പഠിക്കാന്‍ പറ്റില്ല എന്നും വീട്ടിലേക്ക് തിരിച്ച് പോകണമെന്നും  ആണ് അവള്‍ പറയുന്നതെന്നും എനിക്ക് മനസ്സിലായി. എനിക്കവളോട് സഹതാപം തോന്നി. കൊതുക് കടി അസഹനീയമായതിനാല്‍ ഞാന്‍ എന്റെ കയ്യിലെ സ്‌ലീപ്പിംഗ് ബാഗിനകത്ത് കയറി കഴുത്തറ്റം മൂടി ശ്വാസം മുട്ടി കിടക്കുകയായിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍, അവള്‍ ഫോണ്‍ നിര്‍ത്തുന്നതും കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയി. 

രാവിലെ എണീറ്റപ്പോള്‍ ഞാനവളെ  കണ്ടില്ല. വൈകുന്നേരം കാണാമെന്ന വിചാരത്തില്‍ ഞാന്‍ ഹോസ്റ്റല്‍ അന്വേഷിക്കാന്‍ തുടങ്ങി. യൂണിവേഴ്‌സിറ്റി മൊത്തം നടന്നതിന്റെ ക്ഷീണമുണ്ടായിരുന്നു. റൂം കിട്ടാത്തതിനാല്‍ എനിക്ക് നിരാശ ബാധിച്ചിരുന്നു. നടന്ന് ഡോര്‍മറ്ററിയില്‍ എത്തിയപ്പോള്‍ ലക്ഷ്മിയുടെ കട്ടില്‍ കാലിയായതാണ് കണ്ടത്. ലഗേജ് എല്ലാം എടുത്തിട്ടുണ്ട്. 

ഇവളിതെവിടെ പോയി എന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ കട്ടിലില്‍ ഒരു പേപ്പര്‍. ഞാനതെടുത്ത് നോക്കി. അതില്‍ എഴുതിയത് ഇങ്ങനെയായിരുന്നു -'Rashida, I got a room in Kalpana chawla hostel, and I have found a room for you also. Please contact me in this number.' 

ഇത്രയും എഴുതിയതിന്റെ താഴെ അവളുടെ നമ്പര്‍ ഉണ്ടായിരുന്നു. ഒരു ദിവസം മാത്രം പരിചയമുള്ള എന്നെ ഇത്രത്തോളം പരിഗണിച്ചതിന് എനിക്ക് അവളോട് വല്ലാത്ത സ്‌നേഹം തോന്നി. 

അവള്‍ എനിക്ക് വേണ്ടി കണ്ടുപിടിച്ചത് അവളുടെ തൊട്ടടുത്തെ മുറി തന്നെയായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് കൂട്ടുകാരികളായി.  അവളുടെ കൂടെയുള്ള നാല് പേരും ബീഹാറിലുള്ളവരായിരുന്നു. ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കെന്നോട് ക്രഷ് ഉണ്ടായിരുന്നത് അവള്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പിന്നീട് അവന്‍ ഹിന്ദിയില്‍ പറയുന്ന കാര്യങ്ങള്‍ റൂമിലെത്തിയാല്‍ ഞാന്‍ അവളെ കൊണ്ട് പറയിപ്പിക്കും. എങ്കിലും അവന്റെ പ്രേമം കൂടാന്‍ വേണ്ടി ഹിന്ദി പഠിക്കാന്‍ ഒരുക്കമല്ലായിരുന്നു ഞാന്‍. ഞങ്ങള്‍ അഞ്ചു പേര്‍ കൂടുമ്പോള്‍ അവര്‍ കൂടുതലും ഹിന്ദിയിലായിരിക്കും സംസാരിക്കുക. ഇടക്ക് ഞാനവരോട് ഇംഗ്ലീഷില്‍ സംസാരിക്കൂ എന്ന് പറയും. അവര്‍ ഹിന്ദി സംസാരിച്ചാലും എനിക്കവരുടെ കൂടെ ഇരിക്കാന്‍ ഇഷ്ടമായിരുന്നു. എനിക്കൊരിക്കലും അവരുടെ കൂടെ ഇരിക്കുമ്പോള്‍ അന്യതാബോധം തോന്നിയില്ല.

കാംപസിന്റെ തൊട്ടു മുന്നില്‍ ബീച്ചായിരുന്നതിനാല്‍ ഞങ്ങള്‍ ഇടക്ക് ബീച്ചില്‍ പോവും. ഇടക്ക് അവരുടെ കൂടെ ആലു പൊറോട്ടയും നാരങ്ങ അച്ചാറും കഴിച്ചതോര്‍ക്കുന്നു. ജീവിതം ആഘോഷിച്ച സമയങ്ങളിലെല്ലാം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അവളോട് ഒരു പ്രതേക മമതയുണ്ടായിരുന്നു എനിക്ക്. എന്നാല്‍ പല  കാരണങ്ങള്‍ കൊണ്ട് എനിക്ക് കോഴ്‌സ് തുടരാതെ മടങ്ങേണ്ടി വന്നു. 

പോവുന്നതിന്റെ അന്ന് എന്റെ അടുത്ത് വന്ന 'What happened to you Rashida' എന്ന് ചോദിച്ച് എന്നെ കെട്ടിപിടിച്ച അവളെ ഞാന്‍ ഓര്‍ക്കുന്നു. കരുണയാണ് മനുഷ്യന് വേണ്ട ആദ്യ ഗുണം എന്ന പാഠം വീണ്ടും വീണ്ടും പഠിച്ചത് ഞാന്‍ അവളില്‍ നിന്നായിരുന്നു.

click me!