'സിഗ്രറ്റ് ഉണ്ടോ,'പരലോകത്തുവെച്ച് കാണാനിടയായാല്‍ ഇതേ ചോദ്യം ചോദിക്കുമോ വി കെ എന്‍!

By Web Team  |  First Published May 6, 2023, 6:02 PM IST

പല കാലങ്ങള്‍. പല ഓര്‍മ്മകള്‍. വി.കെ എന്നിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ സുരേഷ് പട്ടാമ്പി എഴുതുന്നു
 


വി.കെ എന്‍ മരിച്ചുപോയിട്ട് ഇപ്പോള്‍ വര്‍ഷം 19 കഴിഞ്ഞു. വീട്ടില്‍ക്കയറിച്ചെല്ലുമ്പോള്‍ വി.കെ.എന്‍ ആദ്യം ചോദിക്കുക, സിഗ്രറ്റ് ഉണ്ടോ എന്നാണ്. അതു കൊടുക്കണം. അതു ചുണ്ടത്തു വെച്ച് തീയെറിഞ്ഞ് അദ്ദേഹം പുകയൂതും. ആത്മാവിന്റെ റങ്കാണല്ലോ സുഖം. സുഖിമാനായി വി.കെ. എന്‍ എന്റെ ഉള്ളില്‍ ജീവനോടെ നില്‍ക്കുന്നു. സിഗ്രറ്റ്! പരലോകത്തു വെച്ച് എന്നെങ്കിലും കാണാനിടയായാലും ആദ്യം ഇതേ ചോദ്യമായിരിക്കുമോ എന്നോടു ചോദിക്കുക? അറിഞ്ഞു കൂടാ.

 

Latest Videos

 

വായനാലോകത്ത് എന്നും പ്രിയപ്പെട്ടവരായിരുന്നു എനിക്ക് ഒ വി വിജയനും വി കെ എന്നും. ഖസാക്കിന്റെ ഇതിഹാസം വേദ പുസ്തകമായിരുന്ന കാലം. കവിതയും പ്രണയവും സംഗീതവും രാഷ്ട്രീയവും ജന്മാന്തര ഭീതികളുമായി കൂടിക്കുഴഞ്ഞ കഠിനവിഭ്രമകാലം. എഴുത്തും വായനയുമാണ് ആശ്വസിപ്പിച്ചത്. പ്രശ്‌ന സങ്കീര്‍ണ്ണതകള്‍ക്കിടയിലും സൗഹൃദങ്ങള്‍ ശാന്തി തന്നു.

അക്കാലത്ത്, 1992 -ല്‍ ഒരുച്ചക്ക് ഒ.വി വിജയനൊപ്പമാണ് ആദ്യമായി വി. കെ. എന്നെ വീട്ടില്‍ ചെന്നു കാണുന്നത്. പട്ടാമ്പി ഗവ. കോളജില്‍ എം.എ ക്കു പഠിക്കുന്ന കാലത്ത്. 

നക്‌സലൈറ്റ് അനുഭാവമുള്ള സഹൃദയരായ ചില സുഹൃത്തുക്കളും സഹപാഠികളും ചേര്‍ന്ന് ഒ.വി വിജയനെ പട്ടാമ്പിയിലേക്കു ക്ഷണിക്കാന്‍ തിരുമാനിക്കുന്നു. അന്ന് കോളേജിലുണ്ടായിരുന്ന എഴുത്തുകാരിയായ സുജാത ടീച്ചറാണ് (ബി. സുജാതാ ദേവി) വിജയനുമായി ഞങ്ങളെ ബന്ധപ്പെടുത്തുന്നത്.  വിജയന്‍ പാലക്കാട്ടെ സഹോദരിയുടെ വിട്ടിലുണ്ട്. അക്കാലം ദീര്‍ഘയാത്രകളോട് വൈമുഖ്യം കാണിച്ചിരുന്ന വിജയനെ ശാന്ത ടീച്ചറുടെ വീട്ടില്‍ നിന്ന് കോളേജിലെ സംവാദ വേദിയിലേക്ക് നിര്‍ബ്ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുവന്നത് സുജാത ടീച്ചറാണ്.

 

ബി. സുജാതാ ദേവി

 

യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയും കമ്യൂണിസ്റ്റ് അപചയങ്ങളും അതേത്തുടര്‍ന്നുള്ള ആഗോള രാഷ്ട്രിയവും കലാസാഹിത്യ സാഹചര്യങ്ങളും അന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. വിജയന്റെ വാക്കും മൗനവും കൊണ്ട് ഉണര്‍ന്നു നിന്ന അരനേരം. ഉച്ചയൂണു കഴിഞ്ഞ് വിജയനെ പാലക്കാട്ടെത്തിക്കാനുള്ള നിയോഗം ഞങ്ങള്‍ക്കായിരുന്നു. സുഹൃത്തായ സാജന്റെ കാറില്‍ ഞാനും രാജീവും ശ്യാമും വേണുവും സഹപാഠിയായ തമ്പാനും കൂടി വിജയനോടൊപ്പം പുറപ്പെട്ടു. വാചാലമല്ലാത്ത ആ മടക്കയാത്രയില്‍ ഒറ്റപ്പാലം കഴിഞ്ഞപ്പോഴാകണം വിജയന്‍ പറഞ്ഞു, ബുദ്ധിമുട്ടില്ലെങ്കില്‍ തിരുവില്വാമലയ്ക്കു തിരിക്കൂ. വി.കെ. എന്നെ ഒന്നു കണ്ടിട്ടു പോകാം.'

അതൊരു വലിയ സാധ്യതയായിരുന്നു.  അപ്രതീക്ഷിതമായി വിണുകിട്ടിയ മഹാഭാഗ്യം. ഞങ്ങള്‍ അങ്ങോട്ടു തിരിച്ചു. 

അതികായനെ കാണാന്‍ പോവുകയാണ്! സന്തോഷത്തോടൊപ്പം ഭീതിയും എന്നെ പിടികൂടി. വാ തുറക്കാതിരിക്കാനും അബദ്ധങ്ങള്‍ പുറത്തുചാടിപ്പോകാതിരിക്കാനും തിരുമുമ്പാകെ വാക്കയ്യും പൊത്തിയാണ് ഞങ്ങള്‍ പ്രവേശിച്ചത്. എന്നാല്‍ ചിരകാല പരിചിതരോടെന്ന മട്ടിലായിരുന്നു  വി.കെ എന്‍ ഞങ്ങളെ സ്വീകരിച്ചത്. പാനോപചാരങ്ങള്‍ക്കു ശേഷം, രണ്ടു പഴയ സുഹൃത്തുക്കള്‍ക്കിടയില്‍ വെറും ശ്രോതാക്കള്‍ മാത്രമായി അന്ന് ഞങ്ങള്‍. സന്ധ്യയോടെ വിജയനെയും കൊണ്ട് പാലക്കാട്ടേക്ക് മടങ്ങുകയും ചെയ്തു. എപ്പോള്‍ വേണമെങ്കിലും പരിചയം പറഞ്ഞ് വി.കെ. എന്റെ വീട്ടിലേക്ക് കയറിച്ചെല്ലാനുള്ള അപൂര്‍വ്വഭാഗ്യം വിജയന്റെ കണക്കില്‍ ഞങ്ങള്‍ക്ക് കരസ്ഥമാവുകയും ചെയ്തു.

 

ഒ വി വിജയനും വി കെ എന്നുമൊത്ത് വി കെ എന്നിന്റെ തിരുവില്വമലയിലെ വീട്ടില്‍. വലത്തേ അറ്റത്തുള്ളത് ലേഖകന്‍.
 

പഠിപ്പു കഴിഞ്ഞ് കേരള കൗമുദിക്കുവേണ്ടി ജോലി ചെയ്യുന്ന കാലത്തും മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായിരുന്ന കാലത്തും വെറുതെ ചെന്നു കാണാനും സംസാരിച്ചിരിക്കാനും സാധിച്ചു. ഏഷ്യാനെറ്റ് പാലക്കാട് ബ്യൂറോ തുറന്ന 1997 കാലത്ത് റിപ്പോര്‍ട്ടറായി സ്ഥലം മാറിവന്ന ഞാന്‍ അവിടെ താമസവുമായി. വി.കെ.എന്റെ തിരുവില്വാമലക്കടുത്ത്.  ഔദ്യോഗികാവശ്യാര്‍ത്ഥവും അല്ലാതെയും പലവട്ടം അദ്ദേഹത്തെ കാണാന്‍ പോകാനുമായി. 

സൗഹാര്‍ദ്ദപരമായിരുന്നു വി.കെ.എന്നുമായുള്ള സമ്പര്‍ക്കം. വലിയ ആളായിട്ടും വലിപ്പം നടിച്ചതേയില്ല. തുല്യത തന്നു. തമാശ പറഞ്ഞു. സ്വയം രസിക്കുകയും എന്നെ രസിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള ഏതോ ഒരു ദിവസമാണ് അദ്ദേഹത്തെക്കുറിച്ചൊരു ഡോക്യുമെന്ററി തയാറാക്കാനുളള ഏഷ്യാനെറ്റിന്റെ താല്പര്യം ഞാന്‍ വി.കെ.എന്നെ  അറിയിച്ചത്. ഉടനടി സമ്മതവും തന്നു. പ്രതിഫലമായി അദ്ദേഹം ചോദിച്ചത് വലിയ പണച്ചിലവില്ലാത്ത ഒരു കാര്യമായിരുന്നു: ഒരു ഡിഷ് ആന്റിന വച്ചു കൊടുക്കണം. എഷ്യാനെറ്റിന്റെ വക അത് ചെയ്യാമെന്നേല്‍ക്കുകയും ചെയ്തു. പക്ഷേ ഒന്നും നടന്നില്ല. പിന്നീട് ഡോക്യുമെന്ററി കാര്യം അദ്ദേഹം ചോദിച്ചതുമില്ല.

ഇതു പോലൊരാവശ്യവുമായി വീണ്ടും എനിക്ക് വി.കെ.എന്നെ കാണേണ്ടി വന്നു. കുറേക്കൂടി വലിയൊരു ദൗത്യമായിരുന്നു ഇത്തവണ. അത് വി.കെ. എന്ന് സാമ്പത്തികമായി ഗുണം ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എഴുതി ജീവിക്കാമെന്ന ധൈര്യത്തില്‍ ദില്ലി വിട്ടു പോന്ന ആളാണ്. വീട്ടില്‍ സ്വയം തടവുകാരനെപ്പോലെ ഇരിക്കുന്ന ആളാണ്. കൃഷിപ്പണി ഉപേക്ഷിക്കുകയോ  ഭൂമി വില്‍ക്കുകയോ ചെയ്തിട്ടുണ്ടാവണം. ഏഷ്യാനെറ്റിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന ഡോ. റെജി മേനോന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ഒരു ടെലിവിഷന്‍ പരമ്പരക്കു വേണ്ടി വി.കെ.എന്നോട് സംസാരിച്ചത്.  അദ്ദേഹമത് ചെയ്യാമെന്നേല്‍ക്കുകയും ചെയ്തു.

അതേത്തുടര്‍ന്ന് റെജി മേനോന്റെ സെക്രട്ടറിയായിരുന്ന, സന്ധ്യ എന്നു പേരായ ഒരു കശ്മീരി വനിതയും ഞാനും വി.കെ. എന്നെ പോയി കണ്ടു. സന്ധ്യയുടെ കൈവശം ഒരു വിസി ആറും ഏതോ റഷ്യന്‍ കോമഡി പരമ്പരയുടെ വിഡിയോ കാസറ്റുകളും ഉണ്ടായിരുന്നു. അവ വി.കെ. എന്നെ കാണിച്ച് അതു പോലൊരു പരമ്പര മലയാളത്തില്‍ ചെയ്യിക്കുകയായിരുന്നു ഉദ്ദേശ്യം. റഷ്യന്‍ പരമ്പരയുടെ നിലവാരക്കുറവിനെ പരിഹസിച്ച വി.കെ.എന്‍ 'നമുക്ക് ഇതിനേക്കാള്‍ നന്നായി മലയാളത്തില്‍ ചെയ്യാമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അതും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങി.

മറ്റൊരവസരത്തില്‍ ക്ഷമാപണപൂര്‍വ്വം ഇക്കാര്യം അനുസ്മരിച്ചപ്പോള്‍ എന്നെ സഹതാപപൂര്‍വ്വം  നോക്കി  ചിരിക്കുക മാത്രം ചെയ്തു. പേരോ പ്രശസ്തിയോ പണമോ പദവിയോ കാര്യമാക്കാത്ത ഒരാള്‍. എറ്റവും ഇഷ്ടം മൂടിപ്പുതച്ചു കിടന്നുറങ്ങാനാണെന്നു പറഞ്ഞയാള്‍. ഒന്നിനും കീഴടങ്ങിയില്ല സകലതിനേയും നിര്‍മ്മത്വത്തോടെ കണ്ടു.

വി.കെ.എന്‍ എന്റെ നേര്‍ക്ക് പടി കൊട്ടിയടച്ചില്ല. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ പരിഭ്രമത്തോടെ വി.കെ.എന്നെ കാണാന്‍ വീണ്ടും വീണ്ടും പോയി. വര്‍ത്തമാനം പറഞ്ഞിരുന്നു. അതേ ഉന്മേഷത്തോടെ പാലക്കാട്ടേക്കു മടങ്ങിപ്പോന്നു.

 

വി.കെ.എന്‍

 

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഒരു ദിവസം വി.കെ.എന്‍ പാലക്കാട് ഇന്ദ്ര പ്രസ്ഥത്തില്‍ അവതരിച്ചു. പാലക്കാട്ടെ ഒരു പ്രമുഖ സാംസ്‌ക്കാരിക സംഘടനയുടെ പരിപാടി ഉല്‍ഘാടനം ചെയ്യാനായിരുന്നു അത്. അന്ന് തമ്മില്‍ കണ്ടു. ചടങ്ങിനു മുമ്പ് വിശ്രമിക്കാന്‍ അദ്ദേഹത്തിന് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു മുറിയും ഉണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഞങ്ങള്‍ അവിടെ ഇരുന്ന് സംസാരിച്ചു. ഇതിനിടയില്‍ പല പലകുപ്പികള്‍ കാലിയായിക്കൊണ്ടിരുന്നു. ലഹരിയുടെ മൂര്‍ദ്ധന്യത്തില്‍ വി.കെ.എന്‍ പ്രഖ്യാപിച്ചു, തിര്ല്ലാമലയ്ക്ക്തിരിച്ചു പോകുന്നില്ല. അന്നവിടെ കൂടും. സംഘാടകര്‍ അങ്കലാപ്പിലായി. ചടങ്ങ് കഴിഞ്ഞ് പരുക്കില്ലാതെ വീട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു അവരുടെ പ്ലാന്‍. അത് വി.കെ എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു.

ഞാന്‍ എത്ര കെഞ്ചിയിട്ടും വി കെ.എന്‍ അലിഞ്ഞില്ല. അവസാനം വേദവതി അമ്മയെ വിളിച്ച് നാളെയെ വരുന്നുള്ളൂ എന്ന് പറയേണ്ടി വന്നു. അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലേല്‍പ്പിച്ചു കൊള്ളാമെന്ന്  സംഘാടകരോട് ഏറ്റ് ഞാന്‍ എന്റെ വസതിയിലേക്ക് മടങ്ങിപ്പോരുകയും ചെയ്തു. വി.കെ.എന്‍ അന്നവിടെ ഒറ്റയ്ക്ക് തങ്ങി. പിറ്റേ ദിവസം അതിരാവിലെ എനിക്ക് ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ഫോണ്‍, മറുതലയ്ക്കല്‍ വി.കെ എന്നാണ്.  ഉടന്‍ അങ്ങോട്ടു ചെല്ലണം!

ഞാനെന്റെ മാരുതി ഓംനിയുമായി ചെന്നു. മുറിക്കു പുറത്ത് അസ്വസ്ഥനായി വി.കെ.എന്‍. കണ്ടപാടെ എന്നോടു പറഞ്ഞു, എനിക്ക് ഇത്തിരി കുടിക്കണം. 

ഞാന്‍ വാച്ചു നോക്കി. അപ്പോള്‍ സമയം എട്ട് ആവുന്നതേയുള്ളു. 

ഞാന്‍ പറഞ്ഞു: 'ബാറ് പത്തു മണി കഴിയും തുറക്കാന്‍.' 

'അതിവരും പറഞ്ഞു. പക്ഷേ സാധനം കൂടിയേ തീരൂ. സുരേഷ് സംഘടിപ്പിച്ചു തരണം.'

അവസാനം ഹോട്ടലിന്റെ മാനേജരെ ബന്ധപ്പെട്ട് ബാര്‍ തുറപ്പിച്ച് മൂന്ന് പെഗ്ഗ് മദ്യം. 

'മതി' -വി.കെ.എന്‍ നിര്‍ത്തി. 

'ഇനി പൂവ്വാം ചെട്ക്കനെ വസ്ത്രം മാറി.'

ഞാന്‍ ഡ്രൈവ് ചെയ്തു. തൊട്ടടുത്തിരുന്ന് തമാശ പറഞ്ഞും ചിരിച്ചും തിരുവില്വാമലയില്‍ വടക്കേ ക്കൂട്ടാല വിട്ടിലെത്തി. ഷര്‍ട്ടൂരിയെറിഞ്ഞ് ബനിയനും മുണ്ടുമായി കസേരയിലമര്‍ന്നു. വേദേ വേദം എന്നൊക്കെ വേദംചൊല്ലി. ഗൃഹസ്ഥനായി. ഞാന്‍ പാലക്കാട്ടേക്ക് മടങ്ങിപ്പോരുകയും ചെയ്തു.

 

 

മുപ്പത്തിനാലു വര്‍ഷം നിണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ നിരവധി സാഹിത്യകാരന്മാരുമായും സാംസ്‌കാരികപ്രവര്‍ത്തകരുമായും ഇടപെടേണ്ടി വന്നിട്ടുണ്ട്. അവരിലൊന്നും കാണാത്ത ഒരുപാട് സവിശേഷതകള്‍ ഞാന്‍ വി.കെ. എന്നില്‍ കണ്ടു. വി.കെ.എന്‍ തന്റെ കുടുസ്സു മുറിയിലിരുന്ന് റേഡിയോ തിരിച്ചു തിരിച്ച് ലോകത്തെ മുഴുവന്‍ കാണുകയും കേള്‍ക്കുകയും ആവിഷ്‌കരിക്കുകയും ചെയ്തു.

സാഹിത്യകാരന്‍ എന്നതില്‍ ഉപരിയായി മറ്റു പലതും കൂടിയാണ് വി.കെ.എന്‍. എന്നും എനിക്കു തോന്നിയിട്ടുണ്ട്, എഴുതി ജീവിച്ചത് സാഹിത്യത്തില്‍ മാത്രമായിരുന്നു എങ്കിലും. ഞങ്ങളുടെ നാടായ പട്ടാമ്പി ഭാഗത്തു നിന്ന് പറിച്ചുനട്ട ഒരു ഭൂപ്രദേശമായി തോന്നി എന്നും എനിക്ക് വി.കെ. എന്റെ  തിരുവില്വാമല. അവിടെ അടങ്ങിയിരുന്ന് അദ്ദേഹം മലയാളസാഹിത്യത്തെ അടക്കിവാണു. വാഴ്വിന്റെ സമസ്ത ഗര്‍വ്വങ്ങളേയും നേരിട്ട ഭാഷയും ആഖ്യാന ശേഷിയുമായിരുന്നു അത്.

എന്റെ കാലത്തെ ഏററവും വലിയ എഴുത്തുകാരനെ അടുത്തു കാണാന്‍ കഴിഞ്ഞതില്‍ ചെറുതല്ലാത്ത അഭി മാനവും സന്തോഷവും. ആഴത്തില്‍ അറിയാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖവും ഇന്നും ഉള്ളൊഴിഞ്ഞു പോകാതെ.

അപരിചിതത്വം ഒട്ടും അനുഭവപ്പെട്ടില്ലാത്ത ആദ്യ ദര്‍ശനം തൊട്ടിങ്ങോട്ട് ഒരോ തവണ വി.കെ എന്നെ മുഖം കാണിച്ചു മടങ്ങുമ്പോഴും മനസ്സ് നിറഞ്ഞിരുന്നു. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി എനിക്ക് വി.കെ.എന്‍. എന്നാലും, വലിയ കാര്യങ്ങള്‍ ചോദിക്കാനോ പറയാനോ ശേഷിയില്ലാത്ത ഞാന്‍ ഒഴിവു കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ പിന്നാലെ നില്‍ക്കാനും നടക്കാനുമൊക്കെ ശ്രമിച്ചു. മികച്ച ശ്രോതാവായി. 

 

 

പത്രപ്രവര്‍ത്തനത്തിലും പയറ്റിത്തെളിഞ്ഞ ആളായിരുന്നല്ലോ വി.കെ.എന്‍. ഞങ്ങളൊക്കെ മികച്ച പത്രപ്രവര്‍ത്തകനായി കരുതിപ്പോന്ന സി.പി. രാമചന്ദ്രനോട് വി.കെ. എന്ന് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. 'പത്രപ്രവര്‍ത്തകരില്‍ പലരും മന്ദബുദ്ധികളാണ്' -വി കെ എന്‍ പറഞ്ഞു. ചാനലില്‍ നിന്ന് മുന്‍പിവിടെ ചില ആള്വള് വന്നിരുന്നു അഭിമുഖത്തിന്, പൊട്ടമ്മാരാ. അതിലൊരുത്തന്റെ ചോദ്യം ഇതായിരുന്നു: ഇന്ത്യ ലോക ബേങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? ഞാന്‍ പറഞ്ഞു എട്‌ത്തോട്ടെ അതിനെന്താ, ലോക ബേങ്കല്ലേ പൊളിയ്യാ! ഇതായിരുന്നു വി.കെ.എന്‍.

അദ്ദേഹം മരിച്ചുപോയിട്ട് ഇപ്പോള്‍ വര്‍ഷം 19 കഴിഞ്ഞു. വീട്ടില്‍ക്കയറിച്ചെല്ലുമ്പോള്‍ വി.കെ.എന്‍ ആദ്യം ചോദിക്കുക, സിഗ്രറ്റ് ഉണ്ടോ എന്നാണ്. അതു കൊടുക്കണം. അതു ചുണ്ടത്തു വെച്ച് തീയെറിഞ്ഞ് അദ്ദേഹം പുകയൂതും. ആത്മാവിന്റെ റങ്കാണല്ലോ സുഖം. സുഖിമാനായി വി.കെ. എന്‍ എന്റെ ഉള്ളില്‍ ജീവനോടെ നില്‍ക്കുന്നു. സിഗ്രറ്റ്! പരലോകത്തു വെച്ച് എന്നെങ്കിലും കാണാനിടയായാലും ആദ്യം ഇതേ ചോദ്യമായിരിക്കുമോ എന്നോടു ചോദിക്കുക? അറിഞ്ഞു കൂടാ.

എന്തായാലും വി.കെ. എന്റെ മരണം എന്നെ തളര്‍ത്തി. ഏഷ്യാനെറ്റിനു വേണ്ടി ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യേണ്ടത് ഞാനായിരുന്നു. മനസ്സു സമ്മതിച്ചില്ല. മരിച്ചു കിടക്കുന്ന വി.കെ. എന്നെ കാണാന്‍ ഞാന്‍ പോയില്ല. റിപ്പോര്‍ട്ടു ചെയ്യേണ്ട ഭാരം തൃശൂര്‍ ബ്യൂറോയ്ക്ക് കൈമാറി.  വി.കെ. എന്നോളം തന്നെ എനിക്കു പ്രിയപ്പെട്ട ഒ.വി. വിജയന്റെ മരണം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പക്ഷേ എനിക്ക്  സാധിച്ചതുമില്ല.

വചനത്തിന്റെ സ്വാതന്ത്ര്യത്തില്‍ ജീവിച്ച എഴുത്തുകാരനാണ് വി.കെ.എന്‍. ആ ജീവിതം വെറും ചിരി മാത്രമായിരുന്നില്ല. കാലപരിധിക്കുള്ളില്‍ ഒതുക്കാവുന്നതായിരുന്നില്ല ആ സര്‍ഗ്ഗാത്മകസ്വരൂപത്തിന്റെ നിശിതഹാസം. അമരത്വ കല്‍പ്പിതമായ അക്ഷരശക്തിയാല്‍ അജയ്യനായി മലയാളിയുടെ വായനാലോകത്ത് ഇന്നും എന്നും വിഹരിക്കുകയാണ്, കാലം ചെയ്ത യവനികയ്ക്കു ശേഷവും എഴുത്തിന്റെ പരമശിവനായ വി.കെ.എന്‍.

click me!