6764 നിർമ്മിതികളാണ് വലേരിയാനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് വലേരിയാന ഒരു ജനവാസ കേന്ദ്രമായിരുന്നു എന്നാണ്. വളരെ സജീവമായി നിലകൊണ്ടിരുന്ന ഒരു സമൂഹം ഇവിടെയുണ്ടായിരുന്നിരിക്കാം.
മെക്‌സിക്കോയിലെ തെക്കൻ കാംപിച്ചെയിലെ നിബിഡ വനങ്ങൾക്കുള്ളിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ ഒരു അത്ഭുതം കണ്ടെത്തി. അതിവിശാലമായ, ഒരു മായൻ നഗരമായിരുന്നു അത്. ലോകത്തിന്റെ കണ്ണിൽ പെടാതെ നിബിഡവനങ്ങൾക്കുള്ളിൽ ഒളിച്ചിരുന്ന ഈ മായൻ നഗരം കണ്ടെത്തിയത് ആകസ്മികമായിട്ടാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
'വലേരിയാന' എന്നാണ് നഗരത്തിന് പേര് നൽകിയിരിക്കുന്നത്. നിറയെ ടെംപിൾ പിരമിഡുകളും മറ്റും കൊണ്ട് സമ്പന്നമായ ഈ നഗരം ഗവേഷകർക്ക് വലിയ അമ്പരപ്പും ആവേശവുമാണ് സമ്മാനിച്ചത്.
ലിഡാർ എന്ന നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ നഗരം കണ്ടെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ആരും അറിയാതെ മറഞ്ഞിരിക്കുന്ന നഗരമാണ് ആകസ്മികമായി കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ മായൻ സാംസ്കാരിക കേന്ദ്രമാണ് ഇതെന്നും ഗവേഷകർ പറയുന്നു. 'കാലാക്മുൾ നഗര'മായിരുന്നു കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമുള്ളത്.
വലേരിയാനയുടെ കണ്ടെത്തലിന് വെറും ചരിത്രപരമായ പ്രാധാന്യം മാത്രമല്ല. മറിച്ച്, മായൻ നാഗരികതയെയും അതിൻ്റെ നഗര വ്യാപനത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിക്കാൻ ഇതു കാരണമാകുമെന്നാണ് കരുതുന്നത്.
6764 നിർമ്മിതികളാണ് വലേരിയാനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് വലേരിയാന ഒരു ജനവാസ കേന്ദ്രമായിരുന്നു എന്നാണ്. വളരെ സജീവമായി നിലകൊണ്ടിരുന്ന ഒരു സമൂഹം ഇവിടെയുണ്ടായിരുന്നിരിക്കാം. കൂറ്റൻ ടെംപിൾ പിരമിഡുകളും, സ്പോർട്സിനുള്ള സൗകര്യങ്ങളും എല്ലാം ഇതിൽ കാണാം.
സാമ്പത്തികമായും മതപരമായും കായികമായും എല്ലാം സമ്പന്നമായ ഒരിടമായിരുന്നു ഇതെന്നാണ് കണ്ടെത്തലിൽ നിന്നുള്ള വിലയിരുത്തൽ. അതുപോലെ, ഇവിടയുണ്ടായിരുന്നവർ കൃഷി ചെയ്തിരുന്നതായും അതുവഴിയാണ് ജീവിച്ചിരുന്നത് എന്നുമാണ് കണ്ടെത്തലിൽ നിന്നും ഊഹിക്കുന്നത്.
യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിലാണ് അമേരിക്കൻ-ഇന്ത്യൻ സംസ്കാരമായിരുന്ന മായൻ സംസ്കാരം നിലനിന്നിരുന്നത്. ഇത് ഏകദേശം 250 മുതൽ 900 AD വരെ അഭിവൃദ്ധി പ്രാപിച്ചുവെന്നാണ് കരുതപ്പെടുന്നത്.
(ചിത്രത്തിലുള്ളത് 'കാലാക്മുൾ മായൻ നഗരം')