'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍

By Web Team  |  First Published Nov 21, 2020, 4:49 PM IST

പാരമ്പര്യ വാദികളെ ഇതിനകം അലോസരപ്പെടുത്തിയ ആല്‍ബം പെണ്‍ജീവിതത്തിന്റെ അസാധാരണമായ ഉടല്‍വഴികളെയാണ് അടയാളപ്പെടുത്തുന്നത്. 'മാരവൈരി'യെക്കുറിച്ച് പാര്‍വ്വതി എഴുതുന്നു. 


രാജ്യാന്തര ഫെസ്റ്റിവലുകളില്‍ ശ്രദ്ധേയമായ ഒരു മ്യൂസിക് ആല്‍ബം കഴിഞ്ഞ ആഴ്ച യൂട്യൂബില്‍ റിലീസ് ചെയ്തു. കറുപ്പിനും വെളുപ്പിനുമപ്പുറം ജീവിതത്തെ മഴവില്‍ചാരുതയോടെ കാണുന്ന 'മാരവൈരി' എന്ന മ്യൂസിക് ആല്‍ബം. ഭിന്നലൈംഗികതയുടെ ഭിന്ന ഭാവങ്ങളെ ഫ്യൂഷന്‍ സംഗീതത്തിലേക്ക് ആവാഹിക്കുന്ന ഈ ആല്‍ബം മലയാളി സംഗീതജ്ഞയും ഐ ടി പ്രൊഫഷണലുമായ രേണുക അരുണാണ് സംഗീതം നല്‍കി, നിര്‍മിച്ചത്. പാരമ്പര്യ വാദികളെ ഇതിനകം അലോസരപ്പെടുത്തിയ ആല്‍ബം പെണ്‍ജീവിതത്തിന്റെ അസാധാരണമായ ഉടല്‍വഴികളെയാണ് അടയാളപ്പെടുത്തുന്നത്. 'മാരവൈരി'യെക്കുറിച്ച് പാര്‍വ്വതി എഴുതുന്നു. 

 

Latest Videos

 

'മാരവൈരി രമണി'  എന്ന കൃതിയെ ഏതുവിധത്തിലാണ് സമീപിക്കുന്നത്? 

ഒരഭിമുഖത്തില്‍, ഈ ചോദ്യത്തിന് രേണുക അരുണ്‍ നല്‍കുന്ന മറുപടിയിലുണ്ട്, 'മാരവൈരി രമണി' എന്ന മ്യൂസിക ആല്‍ബം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും ദാര്‍ശനിക സമീപനവും. കാമത്തെ നശിപ്പിക്കുന്ന ദേവി, പ്രപഞ്ചതൃഷ്ണയെ നശിപ്പിക്കുന്നവള്‍  തുടങ്ങിയ അര്‍ത്ഥങ്ങളാണ് കൃതിയില്‍ വരുന്നതെന്ന് രേണുക പറയുന്നു. ''കാമത്തെയാണല്ലോ നശിപ്പിക്കുന്നത്, സ്‌നേഹത്തിനോട് ദൈവത്തിന് എതിര്‍പ്പൊന്നും ഇല്ലല്ലോ. കാമവും പ്രണയവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പറയാന്‍ ശ്രമിച്ചിട്ടുമുള്ളത്. പ്രോഗ്രസീവ് കര്‍ണാടിക് -റോക് ശൈലിയിലേക്ക് കൃതിയെ പരിചരിക്കുക എന്ന ഉദ്ദേശത്തില്‍ തുടങ്ങിയ ഇതിന്റെ  വീഡിയോയുടെ പ്രമേയം ഇത്തരത്തിലാവുന്നത് പിന്നീടാണ്' - രേണുകയുടെ വാക്കുകള്‍.

പ്രോഗ്രസീവ് റോക് ശൈലിയില്‍ ഒരു കര്‍ണ്ണാടക സംഗീത കൃതി പാടി, അതിലേയ്ക്ക് ഒരു വീഡിയോ കൂടി ചേരുന്നതാണീ ആല്‍ബം. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ലെസ്ബിയന്‍ പ്രണയമാണ് വീഡിയോയിലെ ഇതിവൃത്തം. തീര്‍ച്ചയായും അത് സംബോധന ചെയ്യുന്നത് എല്‍.ജി.ബി.ടി.ക്യു സമൂഹത്തെയാണ്. ആ സമൂഹത്തോടുള്ള പിന്തുണയാണ്.

 

 

കര്‍ണ്ണാടക സംഗീത കൃതിയായി രേണുക  തിരഞ്ഞെടുത്തത്,  നാസികഭൂഷണി രാഗത്തിലുള്ള, ത്യാഗരാജകൃതിയായ (എന്ന് പറയപ്പെടുന്ന) 'മാരവൈരി രമണി'ആണ്. ഈ തിരഞ്ഞെടുപ്പ് തന്നെ കൃത്യമായ നിലപാടാണ്. സാഹിത്യത്തില്‍ നായിക പാര്‍വ്വതി ദേവിയാണ്. ദേവിയുടെ സ്വഭാവങ്ങളെ വര്‍ണ്ണിക്കുന്നതാണ് കൃതി. സാഹിത്യം അവിടെ നില്‍ക്കട്ടെ.

ഈ ആല്‍ബം കേള്‍ക്കുമ്പോള്‍, ഒറ്റക്കേള്‍വിയില്‍ തന്നെ നാസികാഭൂഷണിക്ക് ഒരു മഴവില്‍ ചാരുത കൈവരുന്നു. നാസികഭൂഷണിക്ക് അങ്ങനെയൊരു പ്രണയഭാവം മിഴിവോടെ, സൗന്ദര്യം ചോരാതെ പകര്‍ന്നു വരുന്നു. വിവാദി സ്വരങ്ങള്‍ വരുന്ന രാഗങ്ങള്‍ക്കൊക്കെ ഒരുപക്ഷെ, ഇത്തരത്തിലുള്ള തീക്ഷ്ണമായ സ്‌ത്രൈണ ഭാവങ്ങളെ പ്രകാശിപ്പിക്കാനാവുന്ന സവിശേഷമായ കെല്‍പ്പുണ്ടാകാമല്ലോ എന്നാലോചിച്ച് പോയി! ഒരു തംബുരു ശ്രുതി വെച്ച് ഒറ്റയ്ക്കിരുന്നു പാടിയിരുന്നെങ്കില്‍ പോലും ഇതേ അനുഭവം കിട്ടുമായിരുന്നു എന്നിപ്പോള്‍ വെറുതെ തോന്നുന്നു. രാഗത്തിന്റെ സ്വരൂപത്തില്‍  അതടങ്ങിയിട്ടുണ്ട് എന്നും തോന്നിപ്പോവുന്നു. അത്രയ്ക്ക് തീക്ഷ്ണഭാവം. അനുഭവത്തിന്റെ ചൂടുള്ളത്. മനുഷ്യനും മനുഷ്യനും ഒന്നാകുന്നത്. വിവാദി സ്വരങ്ങള്‍ ഓരോന്ന് തൊട്ടു പോകുന്നതും വരുന്നതും അതിന് തീക്ഷ്ണത കൂട്ടുന്നു. മുഴങ്ങുന്നു.  

ഒരു കര്‍ണ്ണാടക സംഗീത കൃതിക്ക് ഇങ്ങനെ ഒരനുഭവം തരാനാവുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കര്‍ണ്ണാടക സംഗീത ഗമകങ്ങള്‍ക്ക് പ്രകാശിപ്പിക്കാന്‍ ഇനിയുമൊരുപാട് ഭാവരസങ്ങള്‍ ഉണ്ടെന്ന് തീര്‍ച്ചയാണ്.

 

രേണുക അരുണ്‍

രാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത് ഈ ഗമകങ്ങളിലടങ്ങിയിരിക്കുന്ന സൂക്ഷ്മ ശ്രുതികളിലൂടെയാണ്. അവയുടെ പ്രയോഗങ്ങളില്‍, ഉപയോഗ ക്രമത്തില്‍, പ്രയോഗരീതികളില്‍ ഒക്കെ സാങ്കേതികമായി ബന്ധപ്പെട്ടു കിടക്കുമ്പോഴും അവയ്ക്ക് നല്‍കാനാവുന്ന സവിശേഷ രസങ്ങളുണ്ട്. അത് വഴി പകര്‍ന്നു വരുന്ന ഭാവ പ്രപഞ്ചമുണ്ട്, വൈകാരിക തലങ്ങളുമുണ്ട്. ഈയൊരു ഭാവ പ്രപഞ്ചത്തെ, വൈകാരികതലത്തെ ഒക്കെ അതിന്റെ വൈവിധ്യത്തോടെ എങ്ങിനെ ഉണ്ടാക്കിയെടുക്കാം എന്നത് വലിയൊരു സാദ്ധ്യതയായി കര്‍ണ്ണാടക സംഗീതത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഘടനാപരമായ ഒരു രൂപത്തിലായത് കൊണ്ട്, അത്ര എളുപ്പത്തില്‍ സാധിക്കാവുന്നതുമാവില്ല അത്. കര്‍ണ്ണാടക സംഗീതം അത്തരമൊരു ''തിരിവിന്റെ'' പാതയിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്, രേണുകയുടെ ഈ ശ്രമം.  ഉറപ്പാണ്, നാസികാഭൂഷണി പോലെ ഒരു വിവാദി രാഗം അതിന്റെ വെല്ലുവിളികളെ കൂട്ടിയിട്ടുമുണ്ടാകും.      

ഇനി സാഹിത്യത്തിലേക്ക് വന്നാല്‍, ത്യാഗരാജരുടെ രാമഭക്തി- ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍-സ്വതന്ത്ര ആശയം ആയിരുന്നു എന്ന് പറയാമെന്നു തോന്നുന്നു.  ഓരോ കൃതിയുടെ പിറവിയിലും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ കലര്‍ന്നിരിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഭക്തി എന്ന ആശയത്തെ ത്യാഗരാജര്‍ പല വികാരങ്ങളടങ്ങുന്ന വൈവിധ്യത്തോടെയാണ് പ്രകാശിപ്പിച്ചിട്ടുള്ളത്. സൂക്ഷ്മമമായ 'ഫിലോസഫിക്കല്‍' എന്ന് പറയാവുന്ന തന്റെ ചിന്തകള്‍ തന്നെയാണ് പലപ്പോഴും ത്യാഗരാജര്‍ തന്റെ കൃതികളിലൂടെ പറയുന്നത്. 

 

മാരവൈരിയില്‍നിന്ന് ഒരു ദൃശ്യം
 

ശ്രീരാമനോടുള്ള വ്യക്തിപരമായ സംഭാഷണങ്ങള്‍ പോലെ. എന്നാല്‍, അതില്‍ നിന്ന് ശ്രീരാമനെ മാറ്റി നിര്‍ത്തിയാലും, തനിയെ നിലനില്‍ക്കാവുന്ന ലളിതങ്ങളായ 'തത്വ'' ചിന്തകളോ, ആത്മ ഭാഷണങ്ങളുടെ വൈകാരികതകളോ ഒക്കെ ആയി. ഒരു കവിത പോലെ  വായിച്ചെടുക്കാനുള്ള സാദ്ധ്യതകള്‍ ഉണ്ടതില്‍ എന്ന് തോന്നിയിട്ടുണ്ട്. കൃതിയുടെ ഘടനയ്ക്കുള്ള ഇത്തരം പ്രത്യേകതകള്‍ കൊണ്ട് തന്നെയാവും, ഒരുപക്ഷെ  ഒരു ത്യാഗരാജകൃതി ഇത്ര മനോഹരമായി ഇതില്‍ ലയിച്ച് ചേരുന്നതും.

(ഈ  കൃതി ത്യാഗരാജരുടേതെന്ന് പറയപ്പെടുന്നുവെങ്കിലും, അത് ശിഷ്യര്‍ രചിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. ചരണത്തിന്റെ അവസാനത്തില്‍ 'സദാ വദന'ക്കു പകരം  'ത്യാഗരാജ വിനുത' എന്ന വരി തന്നെയാണ് എടുത്തിട്ടുള്ളത് എന്നും രേണുക പറയുന്നു. )

കാമവും പ്രണയവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് രേണുക പറയുമ്പോഴും അതിന്റെ വിഷ്വല്‍സിലേയ്ക്ക് എത്തുമ്പോള്‍, മ്യൂസിക് അറേഞ്ച്‌മെന്റും ചേര്‍ന്ന്, വിഷ്വല്‍ -ഓഡിയോ വേറൊരു തലത്തെ ഉണര്‍ത്തുന്നുണ്ട്. കര്‍ണാടിക്, റോക് ശൈലികള്‍ മാറി മാറി വരുന്നതുപോലെ, ഇതില്‍ കാമവും പ്രണയവും മാറി മാറി വരുന്നു. രണ്ട് സ്ത്രീകളുടെ പ്രണയത്തിലടങ്ങുന്ന കാമം. കാമം ഒരു മോശം വാക്കല്ല എന്ന് ഒരു നിമിഷത്തില്‍ പറഞ്ഞു തരുന്നത് പോലെ, അത്ര സ്വാഭാവികതയോടെ അത് വന്നു പോകുന്നു.  

ഒരു സന്ദര്‍ഭത്തില്‍, ചരണത്തില്‍ രേണുകയുടെ ശബ്ദം 'കര്‍മ്മ ബന്ധ വാരണാ' എന്ന് 'ഫിലോസഫിക്കല്‍' ആയി  മുഴങ്ങുന്നു. എന്നാല്‍,  അടുത്ത വരിയില്‍ 'ധര്‍മ്മ സംവര്‍ദ്ധനി' എന്ന് രേണുക പാടുമ്പോള്‍ സാഹിത്യത്തിന്റെ അര്‍ത്ഥത്തിനു നേര്‍വിപരീത ഭാവം ദൃശ്യങ്ങളില്‍ കാണാം.  ഒരുവള്‍ സിഗരറ്റു വലിച്ചു മറ്റൊരുവളുടെ മുഖത്തേക്ക് പുകയൂതി വിടുന്നു.  'ധര്‍മ്മ സംവര്‍ദ്ധനി' എന്ന് പാടുമ്പോള്‍  കിടക്കയിലെ രാത്രി വെളിച്ചത്തില്‍ രണ്ട് പേരും പരസ്പരം തിരിച്ചറിയുന്നു. ക്രൂരന്മാര്‍ക്ക് ശത്രുവായ ആ 'ഗൗരി' അവരുടെ പെണ്‍ പ്രണയത്തിനിടയില്‍ നാസികാഭൂഷണി രാഗത്തില്‍ ഒരു പെണ്ണായി ജ്വലിക്കുന്നു!  ഇങ്ങിനെ വ്യത്യസ്ത ആശയങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പുതിയ അനുഭവങ്ങള്‍ ഉണ്ടാകുന്ന ഒരു 'ഫ്യുഷന്‍' ഉടനീളം പാട്ടിനകത്തും, പാട്ടും വിഷ്വലും ചേര്‍ന്നും നടക്കുന്നു.  

 

മാരവൈരിയില്‍നിന്ന് ഒരു ദൃശ്യം
 

അങ്ങിനെ രാഗത്തിന്റെ, സാഹിത്യത്തിന്റെ, കാഴ്ചയുടെ, ഗമകങ്ങളുടെ മഴവില്‍ ചാരുത. ഗിറ്റാര്‍, cello , സാക്‌സഫോണ്‍, തുടങ്ങി എല്ലാ  സംഗീതോപകരണങ്ങളും ചേരുന്ന മഴവില്ലഴക്. ഒന്നിന്റേയും സൗന്ദര്യം ചോരുന്നേയില്ല. കൃതിയിലെ ദേവി അവിടവിടെ പലപല പേരുകളില്‍ വന്നു പോകുന്നത് ഭക്തിയുടെ നിറം മാറി വരുന്നത് പോലെയാണ്. ഇവിടെ ഭക്തിയും പ്രണയവും ഒരു നാണയത്തിന്റെ തന്നെ രണ്ട് വശങ്ങളായോ, രണ്ടനുഭൂതികള്‍ ചേര്‍ന്നുപോകുന്നതായോ ആയും വേണമെങ്കില്‍ ചേര്‍ത്തു വായിക്കാം. 

എല്ലാത്തിലും പുറമെ, അതിന്റെ സൗന്ദര്യാനുഭൂതി ചോരാതെ, നിന്നുപോകുകയും ചെയ്യുന്നു. പ്രത്യേകിച്ച് ആ കൃതിയുടെ ലാവണ്യം ചോര്‍ത്താതെ നിര്‍ത്തുന്ന ആ സൂക്ഷ്മത. അതിന് ആനുപാതികമായ ശബ്ദ നിയന്ത്രണങ്ങളും ഉണ്ട്. ഫ്യുഷന്‍ സംഗീതത്തില്‍ എളുപ്പം പറ്റാവുന്ന പാളിച്ചകള്‍ പലപ്പോഴും അതിന്റെ  സൗന്ദര്യാനുഭൂതിയില്‍ വരുന്ന ചോര്‍ച്ചകള്‍ ആയിരിക്കും. അത്തരം ഘടനാപരമായ പരിമിതികളെ ഈ ആല്‍ബം മറികടക്കുന്നു. 

 

മാരവൈരിയില്‍നിന്ന് ഒരു ദൃശ്യം
 

മനുഷ്യര്‍ തമ്മില്‍ അടുക്കും, പ്രണയിക്കും. അതിന് പ്രത്യേകിച്ച് അതിരുകള്‍ ഇല്ലെന്നു വിളിച്ചുപറയുന്നു, ഈ  വീഡിയോ. ഇത് എല്‍.ജി.ബി.ടി.ക്യു  സമൂഹത്തിനുള്ള സ്‌നേഹവും പിന്തുണയും ആണ് . വൈവിധ്യങ്ങള്‍  ഉള്‍പ്പെടല്‍, ക്യുവര്‍ പ്രൈഡിന്റെ ആഘോഷം. 

മനുഷ്യര്‍ തമ്മില്‍ ചേരുന്നതിന്റെ, അത്തരമൊരനുഭവം വിനിമയം ചെയ്യപ്പെടുന്നതിന്റെ സ്‌നേഹം, രേണുകക്കും, വീഡിയോ ഡയറക്ടര്‍ ജിതിന്‍ ലാലിനും മ്യുസിക് പ്രോഗ്രാം ചെയ്ത സുമേഷ് പരമേശ്വരനും, ടീമിനു മൊത്തമായും.

'When you release life to black and white, you never see the rainbows' എന്ന, ആല്‍ബത്തിലെ രേണുകയുടെ അവസാന വാചകം ഇവിടെ ഒന്നുകൂടി ചേര്‍ത്തെഴുതുന്നു. 

 

ടീം മാരവൈരി: 
സംഗീതം, നിര്‍മാണം: രേണുക അരുണ്‍, സംവിധാനം: ജിതിന്‍ ലാല്‍, അഭിനേതാക്കള്‍: കേതകി നാരായണന്‍, ആരുഷി വേദിക, ഛായാഗ്രാഹകന്‍: വിനായക് ഗോപാല്‍, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍: ക്രിസ്റ്റി സെബാസ്റ്റ്യന്‍, കളറിസ്റ്റ്: ഹരി കൃഷ്ണന്‍ ബി എസ്, കോസ്റ്റ്യൂമര്‍: ചി ചി, കൊറിയോഗ്രാഫര്‍: വെറോണിക്ക ഷാരോണ്‍ ലൈസന്‍, ഏരിയല്‍ ഛായാഗ്രാഹകന്‍: അശ്വന്ത് മോഹന്‍, കലാസംവിധാനം: ശ്രീകേഷ്, ശ്രീരാഗ് എം.ജി, പ്രമോഷണല്‍ ഡിസൈന്‍: ശ്രീകേഷ്.
 

click me!