''കൊഴിയുന്ന ഒരു മനുഷ്യമരമാണ് ഞാന്‍. പുതിയ ഇലകള്‍ക്ക് ഇടം കൊടുക്കാതെ നിലവില്‍ ഉള്ളവയെ കൊഴിക്കുക മാത്രം ചെയ്യുന്ന ഒരു വിചിത്രമരം. ഒരുപാട് നാളുകള്‍ക്ക് ശേഷം ആണ് ഒരു അപരിചിതയോട് ഇങ്ങനെ സംസാരിക്കുന്നത്."
അയാള്‍ തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന് സംസാരിച്ചു. ഒരിക്കല്‍ പോലും എന്റെ മുഖത്തേക്ക് അയാള്‍ നോക്കിയില്ല. എന്നോട് തന്നെയാണോ സംസാരിക്കുന്നത് എന്നു പോലും ഞാന്‍ സംശയിച്ചു പോയി.
undefined
കൊഴിയുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? മനുഷ്യമരങ്ങള്‍. ചിന്തകളുടെ, ആഗ്രഹങ്ങളുടെ, ഭൂതകാലത്തിന്റെ, ബന്ധങ്ങളുടെ, വികാരങ്ങളുടെ ഇലകള്‍ കൊഴിക്കുന്നവര്‍. കൊഴിഞ്ഞവയ്ക്ക് പകരം പുതിയ ഇലകള്‍ കാത്തിരിക്കുന്നവര്‍. അവയ്ക്ക് ഇടം ഒരുക്കുന്നവര്‍. കൊഴിഞ്ഞു പോകുന്നവയെ ഓര്‍ത്തു നിരാശപ്പെടുന്നവര്‍. അങ്ങനെയുള്ള മനുഷ്യരെ കണ്ടിട്ടുണ്ടോ? നമ്മളിലേക്ക് ഒന്ന് നോക്കിയാല്‍ മതിയാകും. അതില്‍ ഒരാളെ കണ്ടെത്താന്‍ സാധിക്കും.
ഇങ്ങനെ അല്ലാത്ത മനുഷ്യര്‍ ഉണ്ടാവുമോ?
കന്യാകുമാരി -ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിലെ ഒരു യാത്രയിലാണ് ഞാന്‍ അങ്ങനൊരു മനുഷ്യനെ ആദ്യമായി കാണുന്നത്. തിരിച്ചറിയുന്നത് എന്ന് പറയുന്നതാവും ശെരി. പുതിയ ഇലകള്‍ക്ക് ഇടം കൊടുക്കാത്തൊരാള്‍.
എന്റെ തൊട്ടടുത്ത സീറ്റിലേക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ തൊട്ട് എന്റെയോ ആ തീവണ്ടിമുറിയിലെ മറ്റുള്ളവരുടെയോ മുഖത്തേക്ക് ഒരിക്കല്‍ പോലും അയാള്‍ നോക്കുന്നത് ഞാന്‍ കണ്ടില്ല.
പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു 50, 55 വയസ്സ് പ്രായം തോന്നിക്കുന്നൊരു സ്ത്രീ അയാള്‍ക്ക് തൊട്ട് അപ്പുറത്തായി വന്നിരിക്കുന്നതുവരെ ഏതോ പുസ്തകം വായിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് അയാള്‍ എന്നോട് എന്തോ പറയാന്‍ പ്രയാസപ്പെടുന്നതായി തോന്നി. കണ്ണുകള്‍ അപ്പോഴും താഴേക്ക് തന്നെയായിരുന്നു.
''എന്താണ്?'' ഞാന്‍ ചോദിച്ചു.
''ഞാ.. ഞാന്‍.. ഞാന്‍ ജനാലയ്ക്കരികില്‍ ഇരുന്നോട്ടെ?
കിട്ടിയ എല്ലിന്‍ കഷ്ണം പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നവനെ നോക്കി കുരയ്ക്കുന്ന ഒരു പട്ടിയുടെ കണ്ണുകളോടെ ഞാന്‍ അയാളെ തുറിച്ചു നോക്കി.
''എനിക്ക്... ശര്‍ദിക്കാന്‍ ഒക്കെ വരുന്നത് പോലെ..''
മനസ്സില്ലാമനസ്സോടെ ആണേലും ഞാന്‍ മാറി ഇരുന്ന് കൊടുത്തു.
''ആ സ്ത്രീ... നെറ്റിയില്‍ കണ്ടോ... വിയര്‍പ്പ് തുള്ളി... എനിക്ക് തല പെരുത്ത് വന്നു.. ഭാരമുള്ള പോലെ.. സോറി..''
ഞാന്‍ അമ്പരന്ന് പോയി. എന്താണ് ഇയാള്‍ പറയുന്നത്. എനിക്ക് തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആ സ്ത്രീ ഇറങ്ങി പോയി. ചെങ്ങന്നൂര്‍ എത്തിയപ്പോഴേക്കും ആ തീവണ്ടി മുറിയില്‍ ഞാനും അയാളും മാത്രമായി.
''ഞാന്‍ ബുദ്ധിമുട്ടിച്ചു.. അല്ലേ.. '
'കുഴപ്പമില്ല..''
''ഇപ്പോള്‍ ഇങ്ങനെ ഒക്കെ ആണ്. മറ്റു മനുഷ്യരോട് വല്ലാത്തൊരു അറപ്പ് ആണ്. കാരണം അറിയില്ല. ആദ്യമായി കാണുന്ന മനുഷ്യരോട് പോലും. അതുകൊണ്ട് ഇപ്പോള്‍ കണ്ണിനു മുന്നില്‍ കാണുന്നവരെ പോലും ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാല്‍ ഇതാണ് അവസ്ഥ. മുഖം വലിഞ്ഞു മുറുകും പോലെ ആകും. ഈ മാസ്‌ക് ഒരു സഹായമാണ് എനിക്ക്. കേള്‍ക്കുന്നവര്‍ക്ക് തമാശ തോന്നും.''
അയാള്‍ തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന് സംസാരിച്ചു. ഒരിക്കല്‍ പോലും എന്റെ മുഖത്തേക്ക് അയാള്‍ നോക്കിയില്ല. എന്നോട് തന്നെയാണോ സംസാരിക്കുന്നത് എന്നു പോലും ഞാന്‍ സംശയിച്ചു പോയി.
''വായിക്കാറുണ്ടോ?''
''കുറച്ചൊക്കെ..''
''ആരാച്ചാര്‍ വായിച്ചിട്ടുണ്ടോ... മീരയുടെ..''
''ഇല്ല...''
''ഹാ... അതില്‍ ഒരു വരിയുണ്ട്... മറ്റു മനുഷ്യരുടെ ശബ്ദങ്ങളും അവരുടെ സാന്നിധ്യവുമാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യരുടെ ജീവിതത്തിലെ ആഹ്ലാദം എന്ന്...''
''മ്മ്..''
''എനിക്ക് അത് വായിച്ചപ്പോള്‍ കരയാന്‍ തോന്നി. പക്ഷെ കണ്ണീര് വന്നില്ല. അലറണമെന്ന് തോന്നി. ആളുകള്‍ കൂടുമെന്ന് ഭയന്ന് ചെയ്തില്ല.. മറ്റു മനുഷ്യരുടെ നിശബ്ദതയും അവരുടെ അസാന്നിധ്യവുമാണ് എന്റെ ജീവിതത്തിലെ ചെറുതെങ്കിലുമായൊരു ആശ്വാസം. ആ വരികള്‍ വീണ്ടും വീണ്ടും എന്നെ ഭ്രാന്ത് പിടിപ്പിച്ചു.. ഒരുപാട് കാലം...''
അയാള്‍ വേറെ ഏതോ ഗ്രഹത്തില്‍ നിന്ന് വന്ന ഒരു ജീവിയാണെന്ന് എനിക്ക് തോന്നിപ്പോയി.
പിന്നെ കുറെ നേരം അയാള്‍ സംസാരിച്ചില്ല. ചിങ്ങവനം സ്റ്റേഷന്‍ കഴിഞ്ഞതും അയാള്‍ എഴുന്നേറ്റു നിന്നു. മുഖത്ത് നോക്കുന്നില്ല.
''ഞാന്‍ കോട്ടയത്ത് ഇറങ്ങും. എങ്ങോട്ടാണെന്ന് ചോദിക്കുന്നില്ല. പേരും ഊരും ഒന്നും ഓര്‍മ്മ നില്‍ക്കില്ല... ഓര്‍മയിലേക്ക് ചേര്‍ക്കില്ല എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം...''
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ തുടര്‍ന്നു.
''കൊഴിയുന്ന ഒരു മനുഷ്യമരമാണ് ഞാന്‍. പുതിയ ഇലകള്‍ക്ക് ഇടം കൊടുക്കാതെ നിലവില്‍ ഉള്ളവയെ കൊഴിക്കുക മാത്രം ചെയ്യുന്ന ഒരു വിചിത്രമരം. ഒരുപാട് നാളുകള്‍ക്ക് ശേഷം ആണ് ഒരു അപരിചിതയോട് ഇങ്ങനെ സംസാരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു സീറ്റിന്റെ പേരില്‍ ആയാലും ഒരാളെ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കേണ്ടി വന്നത്. പരിചിതരോട് പോലും സംസാരം പരിമിതമാണിപ്പോള്‍. കാരണങ്ങള്‍ കണ്ടെത്തി ഓരോത്തരെയായി ഒഴിവാക്കി. എണ്ണിയാല്‍ തീരാത്ത ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പരിചിതര്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്ന് വേണം പറയാന്‍...''
ഞാന്‍ ഇമവെട്ടാതെ മാസ്‌കിന് പുറത്തു കൂടെയുള്ള അയാളുടെ ചുണ്ടനക്കത്തിലേക്ക് തന്നെ നോക്കിയിരുന്നു.
''വിഷാദരോഗത്തിന്റെ അവസാനം ഇങ്ങനെ ആണെന്ന് ഒരു ഭ്രാന്തന്‍ ഡോക്ടര്‍ പറഞ്ഞു. അയാളെ ഭ്രാന്തന്‍ എന്ന് വിളിച്ചതിന് കാരണമുണ്ട്. രോഗത്തിന് അയാള്‍ നിര്‍ദേശിച്ചത് പ്രിയപ്പെട്ടവരുടെ സാന്നിധ്യമാണ്. എനിക്ക് അങ്ങനെ ആരുമില്ല..''
'വീട്ടില്‍..??''
''ഹാ... എല്ലാരും ഉണ്ട്... അച്ഛന്‍.. അമ്മ.. ചേട്ടന്‍... അനിയത്തി... അവര്‍ വേണ്ടപ്പെട്ടവര്‍ തന്നെയാണ്.. സംസാരിക്കാന്‍ പ്രിയപ്പെട്ടവരാണെന്ന് പറയാന്‍ ആകുന്നില്ല.. മുറിയടച്ചിരിക്കാന്‍ കഴിയില്ല.. വിഷാദമാണെന്ന് വയറിനു മനസിലാകുന്നില്ല. അത് 4 നേരവും ശല്യം ചെയ്യുന്നുണ്ട്. ചിലപ്പോള്‍ അതില്‍ കൂടുതലും.. ആത്മഹത്യയോടൊക്കെ പയറ്റി നോക്കി. ഇപ്പോള്‍ അതിനോടും വലിയ താത്പര്യമില്ല... ദയനീയം..''
''പേരെന്താ?''
മുഖം ഉയര്‍ത്തി അയാളൊന്ന് നോക്കി. പെട്ടെന്ന് തന്നെ മുഖം തിരിച്ച് നടന്നു നീങ്ങി.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആ മനുഷ്യന്‍ നടന്നു നീങ്ങുമ്പോള്‍ അകാരണമായി ഞാന്‍ ഭയപ്പെട്ടു:
''വിഷാദം പകരുമായിരുന്നെങ്കിലോ?''