ലോകത്തിലെ അപൂർവ പക്ഷികളിലൊന്നായ വുഡ്‌ഹെൻ ഉൾപ്പെടെ അഞ്ഞൂറോളം പക്ഷികളും 90 -തരം പവിഴശേഖരവും ഈ ദ്വീപിലുണ്ട്. കഴിഞ്ഞ 40 വർഷമായി ദ്വീപിൽ താമസിക്കുന്ന ഹട്ടൻ ഇതിനെ വിശേഷിപ്പിക്കുന്നത് 'തെളിഞ്ഞ ജലവും ഉഷ്ണമേഖലാ വനങ്ങളും നിറഞ്ഞ ആവേശകരമായ ജീവിതം' എന്നാണ്.
വെറും 11 കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതിയുമുള്ള ഒരു ചെറിയ ദ്വീപാണ് ലോർഡ് ഹോവേ ദ്വീപ്. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ആ ദ്വീപ് സിഡ്‌നിയിൽ നിന്ന് 780 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട പ്രദേശത്ത് മഴക്കാടുകളും, അപൂർവങ്ങളായ മൃഗങ്ങളും, പക്ഷികളും, സസ്യങ്ങളും അധിവസിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് 875 മീറ്റർ ഉയരമുള്ള രണ്ട് വലിയ പർവതങ്ങൾ. അതിന് മുകളിൽ മേഘത്തിന്റെ ഒരു വലിയ കൂട്ടമുണ്ട്. ആകാശത്ത് മേഘങ്ങൾ ഒഴുകി നടക്കുന്ന പോലെ ആ പർവ്വതത്തിനു മുകളിലും മേഘങ്ങൾ ഒഴുകി നടക്കുന്നു.
അതിന്റെ കാരണം ദ്വീപിനുചുറ്റുമുള്ള സമുദ്രമാണ്. സമുദ്രത്തിന് മുകളിൽ എത്തുന്ന വായു നീരാവിയായി മാറുന്നു. കാറ്റിന്റെ ഒഴുക്കിൽ അത് പർവതങ്ങളിൽ എത്തുകയും തണുക്കുകയും മേഘങ്ങളായി ഘനീഭവിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഇതിന് മുകളിൽ മേഘങ്ങളുടെ കൂട്ടം ദൃശ്യമാകുന്നത്. ഈ പ്രതിഭാസം അന്തരീക്ഷത്തിൽ വളരെയധികം ഈർപ്പം സൃഷ്ടിക്കുന്നു. ഇത് പായലുകൾ, പൂച്ചെടികൾ എന്നിവയുൾപ്പെടെയുള്ള സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ഇവിടെ കാണപ്പെടുന്ന ചില സസ്യങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കില്ല. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഇയാൻ ഹട്ടനും സിഡ്നിയിൽ നിന്നുള്ള ഒരു കൂട്ടം സസ്യശാസ്ത്രജ്ഞരും 2019 -ൽ കീടങ്ങളെ ഉന്മൂലനം ചെയ്യുന്ന പരിപാടിക്ക് ശേഷം മേഘവനത്തിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി നാല് ദിവസം പർവ്വത പ്രദേശത്ത് ചിലവഴിച്ചു. എന്നാൽ, അപ്പോഴാണ് പതിയിരിക്കുന്ന ഒരു ശത്രുവിനെ അവർ കണ്ടെത്തിയത്. അത് അവിടത്തെ ജീവജാലങ്ങളുടെ സന്തുലിതവസ്ഥയ്ക്ക് കോട്ടം തട്ടുന്നു രീതിയിലുള്ള അപകടകരമായ സ്വാധീനമാണ് എന്നവർ കണ്ടെത്തി. ദ്വീപിലെ വന്യജീവികളുടെ എണ്ണത്തെ സ്വാധീനിച്ച ആ അപകടം എലികളായിരുന്നു.
ലോകത്തിലെ അപൂർവ പക്ഷികളിലൊന്നായ വുഡ്‌ഹെൻ ഉൾപ്പെടെ അഞ്ഞൂറോളം പക്ഷികളും 90 -തരം പവിഴശേഖരവും ഈ ദ്വീപിലുണ്ട്. കഴിഞ്ഞ 40 വർഷമായി ദ്വീപിൽ താമസിക്കുന്ന ഹട്ടൻ ഇതിനെ വിശേഷിപ്പിക്കുന്നത് 'തെളിഞ്ഞ ജലവും ഉഷ്ണമേഖലാ വനങ്ങളും നിറഞ്ഞ ആവേശകരമായ ജീവിതം' എന്നാണ്. എന്നാൽ, ദ്വീപിൽ 120,000 എലികളുണ്ടെന്നും ഒരു എലി ഒരു ദിവസം 15 ഗ്രാം ഭക്ഷണം കഴിക്കുമെന്നും അവർ കണ്ടെത്തി. എലികൾ ഓരോ രാത്രിയും ദ്വീപിന്റെ ജൈവവൈവിധ്യത്തെ ഉപയോഗിക്കുന്നതായി അവർ കണ്ടെത്തി. നിർഭാഗ്യവശാൽ കടുത്ത കാലാവസ്ഥ മൂലം ആസൂത്രിതമായ സർവേകൾ വെട്ടിക്കുറക്കേണ്ടി വന്നു. ഈ എലിശല്യം മൂലം പല ജീവികളും വംശനാശത്തിന് ഇരയായി.
എലികൾ കുറഞ്ഞത് അഞ്ച് പക്ഷികൾ, 13 അകശേരുക്കൾ, രണ്ട് സസ്യങ്ങൾ എന്നിവയുടെ വംശനാശത്തിന് കാരണമായതായി അവർ കണ്ടെത്തി. “എല്ലാ രാത്രിയും അവ കൈയിൽ കിട്ടിയതെല്ലാം കഴിക്കാൻ തുടങ്ങി. ചെറിയ ഒച്ചുകൾ, അകശേരുക്കൾ, വിത്തുകൾ, കുഞ്ഞുങ്ങൾ, മുട്ടകൾ” അദ്ദേഹം പറഞ്ഞു. എലിശല്യം പച്ചക്കറികളും പഴങ്ങളും വളർത്താനുള്ള താമസക്കാരുടെ താല്പര്യത്തെ ഇല്ലാതാക്കി. 1918 -ൽ മുങ്ങിയ കപ്പലിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് എലികൾ ദ്വീപിൽ വന്നതെന്ന് കരുതുന്നു. ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ്, 2019 ജൂണിൽ ദ്വീപ് ബോർഡും എൻഎസ്‌ഡബ്ല്യു പരിസ്ഥിതി ട്രസ്റ്റും കോമൺവെൽത്ത് സർക്കാരും 15.5 മില്യൺ ഡോളർ നിർമാർജന പദ്ധതിക്ക് ധനസഹായം നൽകി. ദ്വീപിനുചുറ്റും 22,000 കെണികൾക്കുള്ളിൽ വിഷം സ്ഥാപിച്ചു. പ്രവേശിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ഹെലികോപ്റ്റർ വഴി ഉരുളകൾ വിതരണം ചെയ്തു. പതിയെ എലികളുടെ എണ്ണം കുറയാൻ തുടങ്ങി.
എലികളുടെ എണ്ണം കുറഞ്ഞപ്പോൾ വിത്തുകളും അതിൽ നിന്ന് മുളപൊട്ടി സസ്യങ്ങളും തളച്ചു വളരാൻ തുടങ്ങി. കഴിഞ്ഞ 100 വർഷമായി എലികൾ തിന്നുന്ന വനമേഖലയിൽ തൈകളുടെ പരവതാനികൾ ഗവേഷകർ കണ്ടു. അവിടെയുള്ള സസ്യജാലങ്ങളിൽ ഒച്ചുകളെയും കണ്ടു തുടങ്ങി. മേഘവനം കൂടുതൽ വികസിക്കുമെന്നും പക്ഷികളും പ്രാണികളും തഴച്ചുവളരുമെന്നും സതേൺ ക്രോസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയ ഹട്ടൻ പറഞ്ഞു. ഇന്ന് ദ്വീപിൽ എലികളില്ല. പ്രാണികൾക്കും ഒച്ചുകൾക്കും സ്ലഗുകൾക്കും ജീവിക്കാൻ കൂടുതൽ ഭക്ഷണം ഇന്നുണ്ട്. അതിനാൽ അവയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇത് ദ്വീപിൽ വസിക്കുന്ന നിരവധി പക്ഷികൾക്ക് ഭക്ഷണമാണ്. എലികളെ പൂർണമായും നീക്കം ചെയ്തതിനാൽ പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സാധിച്ചു എന്നദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ വിലയിരുത്തുന്ന ക്ലൗഡ് ഫോറസ്റ്റ് സർവേകൾ ഈ വർഷാവസാനം നടത്തും.