Brunei Sultan : 1,800 മുറികളുള്ള കൊട്ടാരം, 7000 ആഡംബര കാറുകള്‍, ഇതു താന്‍ ഡാ സുല്‍ത്താന്‍!

By Web TeamFirst Published Feb 26, 2022, 6:18 AM IST
Highlights

ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളാണ് അദ്ദേഹം. 1929-ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ് രാജ്യം സാമ്പത്തികമായി ഉയരാന്‍ തുടങ്ങിയത്. അതോടെ സമ്പന്നമായ രാജ്യമായി ഇത് മാറി. ഒപ്പം രാജാവും അതിസമ്പന്നനായി മാറി. 

ലോകത്ത് ഇന്നും രാജവാഴ്ച്ച പിന്തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രുണെ (Brunei) . ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ (Borneo Island) വടക്കുകിഴക്കുള്ള കൊച്ചു രാജ്യമാണിത്. വെറും 5,795 ചതുരശ്ര കിലോമീറ്റാണ് അതിന്റെ വിസ്തീര്‍ണം. ഈ ചെറിയ രാജ്യത്ത് താമസിക്കുന്നതാകട്ടെ നാലരലക്ഷം ജനങ്ങളും. 

എന്നാല്‍ ബ്രുണെയെ ഏറെ പ്രശസ്തമാക്കുന്നത് മറ്റൊന്നാണ്. അത് അവിടത്തെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയാണ് (Hassanal Bolkiah). ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളാണ് അദ്ദേഹം. 1929-ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ് രാജ്യം സാമ്പത്തികമായി ഉയരാന്‍ തുടങ്ങിയത്. അതോടെ സമ്പന്നമായ രാജ്യമായി ഇത് മാറി. ഒപ്പം രാജാവും അതിസമ്പന്നനായി മാറി. 

Latest Videos

ഹസനുല്‍ ബോല്‍കിയ ഇബ്‌നി ഒമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. അദ്ദേഹം ബ്രൂണെയിലെ 29-ാമത്തെ സുല്‍ത്താനാണ്. 1984-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ് കൂടിയാണ് ബോല്‍കിയ. 2017-ല്‍ തന്റെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി അദ്ദേഹം ആഘോഷിച്ചിരുന്നു. 

 

 

അദ്ദേഹത്തിന്റെ ആഡംബരജീവിതത്തെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ പോലും, അദ്ദേഹത്തിന് നിരവധി ലോക റെക്കോര്‍ഡുകള്‍ സ്വന്തമാണ്. ഏറ്റവും വലിയ കാര്‍ ശേഖരമുള്ളയാള്‍, ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരത്തിനുടമ തുടങ്ങിയവയാണ് അതില്‍ ചിലത്.  

അദ്ദേഹത്തിന്റെ ഒരു വണ്‍ മാന്‍ ഷോയാണ് രാജ്യത്ത് നടക്കുന്നത്. അതായത് രാജാവ്, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങള്‍ക്ക് പുറമേ ധനമന്ത്രി, വിദേശകാര്യ വ്യാപാര മന്ത്രി, സായുധ സേനയുടെ കമാന്‍ഡര്‍, പോലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, ബ്രോഡ്കാസ്റ്റിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തലവന്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ബ്രൂണൈയുടെ ഇസ്ലാം മതകാര്യ സമിതി പരമോന്നത തലവന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.  

ഇനി അദ്ദേഹത്തിന്റെ സമ്പത്തിന്റെ കാര്യമെടുത്താല്‍, ഫോര്‍ബ്‌സ് കണക്ക് പ്രകാരം 2008-ലാണ് ഹസനുല്‍ ബോല്‍കിയയുടെ ആസ്തി അവസാനമായി രേഖപ്പെടുത്തിയത്. അന്ന് അത് 1.4 ലക്ഷം കോടി രൂപയായിരുന്നു. യുകെയിലെ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മുടിവെട്ടാന്‍ മാത്രം സുല്‍ത്താന്‍ ഇപ്പോഴും ഏകദേശം 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. അതുപോലെ ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക ചായയാണ് അദ്ദേഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചായയുടെ വില കിലോയ്ക്ക് ഒരു ലക്ഷത്തോളം രൂപയാണ്.  

ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്ലി മെയില്‍ പറയുന്നതനുസരിച്ച്, സുല്‍ത്താന്‍ ഏകദേശം 3,000 കോടി രൂപ കൊടുത്ത്  ഒരു ബോയിംഗ് 747 വിമാനം വാങ്ങുകയുണ്ടായി. അതിലാണ് അദ്ദേഹം ലോകം ചുറ്റുന്നത്. അതുപോലെ സ്വര്‍ണ്ണത്തോട് ഭ്രമമുള്ള അദ്ദേഹത്തിന്റെ പക്കല്‍ ഒരു സ്വര്‍ണ്ണ വാഷ്ബേസിന്‍ ഉള്‍പ്പടെ 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആക്സസറികളും ഉണ്ടെന്ന് പറയപ്പെടുന്നു. 

കാര്‍പ്രേമിയായ അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തെ കുറിച്ചാണ് അടുത്തത്. 341 ബില്യണ്‍ രൂപ വിലമതിക്കുന്ന 7000 ആഡംബര കാറുകളാണ് സുല്‍ത്താന്റെ കൈവശമുള്ളത്. സുല്‍ത്താന്റെ കാറുകളുടെ ശേഖരത്തില്‍ 600 റോള്‍സ് റോയ്സും 300 ഫെരാരി കാറുകളുമുണ്ട്. 1990-കളില്‍ പുറത്തിറങ്ങിയ റോള്‍സ് റോയ്സിന്റെ പകുതിയോളം വാങ്ങിയത് ബോള്‍കിയ കുടുംബമായിരുന്നു എന്നാണ് പറയുന്നത്. 24 കാരറ്റ് സ്വര്‍ണം പൂശിയ നിരവധി കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.

 

 

ഇത്രയൊക്കെ ആഡംബര ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ സ്ഥിതി എന്താകും? സുല്‍ത്താന്റെ വസതിയായ ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുന്നു. രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം പതിച്ചിട്ടുണ്ട്. പ്രകാശത്തിന്റെ കൊട്ടാരം എന്ന് വിളിക്കപ്പെടുന്ന വസതിയില്‍ ഏകദേശം 1,800 മുറികളും, 250-ലധികം കുളിമുറികളുമുണ്ട്. കൂടാതെ, 110 ഗാരേജുകളും, അഞ്ച് നീന്തല്‍ക്കുളങ്ങളും, 200 കുതിരകള്‍ക്കായി എയര്‍കണ്ടീഷന്‍ ചെയ്ത ആലകളുമുണ്ട്. കൊട്ടാരത്തിന്റെ വില 2550 കോടി രൂപയിലധികം വരും.

ഇതുകൊണ്ടും തീര്‍ന്നില്ല, ഇന്‍സൈഡര്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് പ്രകാരം, സുല്‍ത്താന് ഒരു സ്വകാര്യ മൃഗശാലയുമുണ്ട്. അതില്‍ ഏകദേശം 30 ബംഗാള്‍ കടുവകളുണ്ട്. ഹസനല്‍ ബോല്‍കിയയുടെ സന്ദര്‍ശകരുടെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് മൃഗശാല. ബാസ്‌ക്കറ്റ്ബോള്‍ കളിക്കാനും സൈക്കിള്‍ ഓടിക്കാനും പാടാനും സംസാരിക്കാനും മറ്റ് മൃഗങ്ങളെ അനുകരിക്കാനും കഴിയുന്ന ഫാല്‍ക്കണുകള്‍, അരയന്നങ്ങള്‍, കൊക്കുകള്‍ എന്നിവയും മൃഗശാലയുടെ സവിശേഷതയാണ്.

 ബ്രൂണെയിലെ സുല്‍ത്താന് ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്ത ഒരു റോള്‍സ് റോയ്സ് കാറുമുണ്ട്. കാറിന്റെ മുകളില്‍ കുട ഉള്‍ക്കൊള്ളാന്‍ പാകത്തിന് ഒരു തുറന്ന മേല്‍ക്കൂരയുണ്ട്, കൂടാതെ കാര്‍ അടിമുടി സ്വര്‍ണ്ണം പൂശിയതാണ്.  

click me!