എര്‍ത്തുഗ്രുലിന്റെ മകന്‍ ഉസ്മാന്‍, ടര്‍ക്കി ചരിത്രം പറഞ്ഞ് പുതിയ വെബ്‌സീരീസ്

By Suhail Ahammed  |  First Published Sep 26, 2022, 4:40 PM IST

ഉഥ്മാനിയ്യ ഖിലാഫത്തിന്റെ സ്ഥാപകനും എര്‍തുറുല്‍ ഗാസിയുടെ മകനുമായ ഉസ്മാന്‍ ഗാസിയാണ് പുതിയ സീരീസിന്റെ കേന്ദ്രസ്ഥാനത്ത്. 2019 നവംബറില്‍  ടെലികാസ്റ്റ് ചെയ്തു തുടങ്ങിയ പരമ്പര മൂന്ന് സീസണ്‍ പിന്നിട്ടു. 


പല കാരണങ്ങള്‍ കൊണ്ട്, മാതൃകഥയായ 'ദിറിലിഷ് എര്‍തുറുലി'ന്റെ അത്ര മികവ് 'കുര്‍ലുസ് ഉസ്മാനി'ല്‍ കാണാനില്ല. പരമ്പരയിലെ  കഥയുടെ ഒഴുക്ക്, താളം, പശ്ചാത്തല സംഗീതം, ആര്‍ട്ട് വര്‍ക്ക് എന്നിവ ദിറിലിഷ് എര്‍തുഗ്രലിനോളം മികച്ചതല്ല.  പ്രേക്ഷകരെ പിടിച്ചിരുത്തുന്ന  തിരക്കഥയില്ലാത്തതാണ് പ്രധാന ന്യൂനത. പുതുമയില്ലാത്ത പശ്ചാത്തല സംഗീതവും ആവര്‍ത്തന വിരസമായ മുഹൂര്‍ത്തങ്ങളും തിരിച്ചടിയായി.

 

Latest Videos

undefined

 

നെറ്റ് ഫ്‌ളിക്‌സിലൂടെ ആഗോള ഹിറ്റായ 'ദിറിലിഷ് എര്‍ത്തുഗ്രുല്‍' എന്ന ടര്‍ക്കിഷ് ചരിത്ര വെബ്സീരീസിന് തുടര്‍ച്ചയായി പുതിയ പരമ്പര. പതിമൂന്നാം നൂറ്റാണ്ടിലെ ഏറെ സങ്കീര്‍ണമായ മുസ്ലിം രാഷ്ട്രീയ, സാമൂഹിക, ആത്മീയ പശ്ചാത്തലം പ്രമേയമാക്കിയ എര്‍ത്തുഗ്രുലിന്റെ കഥയുടെ തുടര്‍ച്ചയായാണ് പുതിയ സീരീസ് പുറത്തുവന്നത്. തുര്‍ക്കി ഭാഷ സംസാരിക്കുന്ന കായി ഗോത്രത്തിലൂടെ നേടുന്ന രാഷ്ട്രീയ സാമ്പത്തിക മുന്നേറ്റത്തിന്റെ  ആദ്യഘട്ടങ്ങളായിരുന്നു ദിറിലിഷ്  എര്‍ത്തുഗ്രുല്‍  പറഞ്ഞതെങ്കില്‍ അതിനു ശേഷമുള്ള ഘങ്ങളാണ് 'കുര്‍ലുസ് ഉസ്മാന്‍' എന്ന് പേരിട്ട പുതിയ സീരീസിലുള്ളത്.  

ഉഥ്മാനിയ്യ  ഖിലാഫത്തിന് വിത്തിട്ട, പോരാളിയും നയതന്ത്രജ്ഞനും യുദ്ധതന്ത്രജ്ഞനും ഭരണാധികാരിയുമായ എര്‍തുഗ്രുലിന്റെ ജീവിതം പറയുന്ന ടെലിവിഷന്‍ പരമ്പരയായിരുന്നു ദിരിലിസ് എര്‍ത്തുഗ്രുല്‍ അഥവാ എര്‍ത്തുഗ്രുലിന്റെ നവോത്ഥാനം. തുര്‍ക്കിക്കാരനായ മുഹമ്മദ് ബൊസ്താഗ് ആണ് സംവിധായകന്‍. ടര്‍ക്കിഷിന് പുറമേ അനേകം ഭാഷകളിലും നിരവധി രാജ്യങ്ങളിലും ഒട്ടേറെ ചാനലുകളിലും ഈ ചരിത്രാധാര ചിത്രം നിറഞ്ഞോടി. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിലും വെബ്സീരീസ് ഹിറ്റായി മാറി. 2015 മുതല്‍  ടര്‍ക്കിഷ് ചാനലായ ടിആര്‍ടിയിലൂടെ സംപ്രേഷണം തുടങ്ങിയ പരമ്പരയ്ക്ക് അഞ്ചു സീസണുകളിലായി 448 എപ്പിസോഡുകളുണ്ട് ( നെറ്റ് ഫ്ലിക്സില്‍ ആണ് 50 മിനിറ്റ് ദൈര്‍ഘ്യം, TRT ചാനലില്‍ 150 എപ്പിസോഡ്, ഒന്നര മണിക്കൂര്‍ നീളം.)

ഒരിക്കല്‍ നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നാത്ത ദൃശ്യഭംഗി. അതിഗംഭീരമായ നിര്‍മാണം. മനസ്സും മനവും പുളകം കൊള്ളുന്ന പശ്ചാത്തല സംഗീതം. അത്ഭുതപ്പെടുത്തുന്ന യുദ്ധരംഗങ്ങള്‍. കാഴ്ചക്കാരെ അടിമയാക്കാന്‍ പാകത്തിനുളള ദൃശ്യശ്രാവ്യ വിരുന്നൊരുക്കുന്ന സീരിസ്. പ്രണയും സംഗീതവും സൗഹൃദങ്ങളും  വിരുന്നും ഇഴചേരുന്ന രംഗങ്ങള്‍ എന്നിവയായിരുന്നു  'ദിറിലിഷ്  എര്‍ത്തുഗ്രുല്‍' എന്ന സീരീസിനെ കാഴ്ചക്കാര്‍ക്ക് പ്രിയങ്കരമാക്കിയത്. 

 

 

എര്‍തുറുല്‍ ഗാസിയുടെ മകന്‍ ഉസ്മാന്‍ 

ഉഥ്മാനിയ്യ ഖിലാഫത്തിന്റെ സ്ഥാപകനും എര്‍തുറുല്‍ ഗാസിയുടെ മകനുമായ ഉസ്മാന്‍ ഗാസിയാണ് പുതിയ സീരീസിന്റെ കേന്ദ്രസ്ഥാനത്ത്. 2019 നവംബറില്‍  ടെലികാസ്റ്റ് ചെയ്തു തുടങ്ങിയ പരമ്പര മൂന്ന് സീസണ്‍ പിന്നിട്ടു. രണ്ടുമണിക്കൂറിലേറെ നീളമുള്ള 98 എപ്പിസോഡുകളാണ് പൂര്‍ത്തിയായത്. ഏഴു സീസണുകള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്ന സീരീസിന്റെ നാലാം സീസണ്‍ ഒക്ടോബറില്‍ പുറത്തിറങ്ങുമെന്നാണ് വാര്‍ത്തകള്‍.  

എര്‍ത്തുഗ്രല്‍ എന്ന പടനായകന്റെ സ്‌ക്രീന്‍ പ്രകടനത്തിലെ മാജിക് ആയിരുന്നു. പ്രേക്ഷകനെ ആദ്യ സീരീസലേക്ക് വലിച്ചടുപ്പിച്ചിരുന്നത്. തിരക്കഥയും സംവിധാനവും സീരിസിനെ അത്രയേറെ ആകര്‍ഷകമാക്കി.  മറ്റൊന്ന് അതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച  Engin Altan Düzyatan-ന്റെ മാസ്മരിക പ്രകടനമാണ്. ഭാവവ്യത്യാസം ഞൊടിയിടല്‍ മുഖത്ത് കൊണ്ട് വരുന്ന സവിശേഷത, കണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുന്ന തീക്ഷ്ണത എല്ലാം പ്രേക്ഷകരെ അമ്പരപ്പിച്ചു. പല നിരൂപണങ്ങളിലും വിശേഷിപ്പിച്ചത് ഇങ്ങനെ: 'അദ്ദേഹം എര്‍തുറുല്‍ ആയങ്ങ് ജീവിച്ചു കളഞ്ഞു.' 

 

 

ദുര്‍ബലം ഈ പുതിയ സീരീസ്, പക്ഷേ... 

എന്നാല്‍, പല കാരണങ്ങള്‍ കൊണ്ട്, മാതൃകഥയായ 'ദിറിലിഷ് എര്‍തുറുലി'ന്റെ അത്ര മികവ് 'കുര്‍ലുസ് ഉസ്മാനി'ല്‍ കാണാനില്ല. പരമ്പരയിലെ  കഥയുടെ ഒഴുക്ക്, താളം, പശ്ചാത്തല സംഗീതം, ആര്‍ട്ട് വര്‍ക്ക് എന്നിവ ദിറിലിഷ് എര്‍തുഗ്രലിനോളം മികച്ചതല്ല.  പ്രേക്ഷകരെ പിടിച്ചിരുത്തുന്ന  തിരക്കഥയില്ലാത്തതാണ് പ്രധാന ന്യൂനത. പുതുമയില്ലാത്ത പശ്ചാത്തല സംഗീതവും ആവര്‍ത്തന വിരസമായ മുഹൂര്‍ത്തങ്ങളും തിരിച്ചടിയായി.

എന്നാല്‍ ഇതിനിടയിലും ബലാ - ഉസ്മാന്‍ പ്രണയം അമ്പരപ്പിച്ചു. ബലാ ഹാത്തൂനെ വിവാഹഭ്യര്‍ത്ഥന നടത്തിയ ഉസ്മാനെ ബലായുടെ പിതാവ് ശൈഖ് എഥബലി ആത്മീയമായി മെരുക്കിയെടുക്കുന്നത് അവിസ്മരണീയമായി. പക്ഷേ, സീനുകളുടെ ഇഴച്ചില്‍ പലരെയും ചടപ്പിച്ചു.  മംഗോളിയന്‍ കമാന്‍ഡര്‍മാരായിരുന്ന
ചെര്‍കുത്തായി, ഗോക് തുഗ് എന്നിവരുടെ വിമോചനം ക്ലാസിക് എപ്പിസോഡായിരുന്നു.  പണ്ട് മംഗോളിയക്കാര്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞായിരുന്നു ഗോക്തുഗ് എന്ന് തെളിയിക്കുന്ന ഭാഗമൊക്കെ അക്ഷമരായി ഇരുത്തിക്കളയും.

ശത്രുപക്ഷത്തെ കെണിയില്‍ വീഴ്ത്തുന്ന തന്ത്രങ്ങള്‍ ആദ്യ എപ്പിസോഡുകളില്‍ ആസ്വാദ്യമെങ്കിലും പിന്നീടതൊരു ആവര്‍ത്തന സ്വഭാവം കാണിച്ചു. പുതുമയുടെ തരിപോലും അതില്‍ ഉണ്ടായില്ല. നടന്റെ സ്‌ക്രീന്‍ സാന്നിധ്യം പോലും ചന്തമുള്ളതായിരുന്നില്ല. എര്‍തുറുല്‍ ഗാസിയിലെ കഥാപാത്രങ്ങളോട് തോന്നുന്ന ഭ്രമം 'കുര്‍ലുസ് ഉസ്മാനി'ലെ ആരോടും തോന്നുന്നില്ല. ഉസ്മാന്റെ പിതാവായി പുതിയ താരം വേഷമിട്ടതടക്കം സീരിസിനെ ബാധിച്ചു. 

എര്‍തുഗ്രുല്‍ സീരീസിലെ ബാംസി ബെയ്, കുര്‍ലുസില്‍ എത്തിയപ്പോള്‍ ഒരു പ്രസരിപ്പും പ്രകടിപ്പിച്ചില്ല. ഉസ്മാന്റെ ഉമ്മ ഹലീമ മരിച്ചത് എര്‍തുഗ്രുലില്‍ കാണിക്കുന്നുണ്ടെങ്കിലും എര്‍തുറുലിന്റെ രണ്ടാംഭാര്യയായ ഇല്‍ബീഗയുടെ കഥയുടെ സൂചനപോലും കുര്‍ലുസ് ഉസ്മാനില്‍ ഇല്ല. ഇത് തുടര്‍ച്ചയില്‍ കാണികള്‍ പ്രതീക്ഷിക്കാത്ത മുറിപ്പാടുകള്‍ ഉണ്ടാക്കി. കുരിശുപടയാളികളുമായിട്ടുള്ള രംഗങ്ങളിലാണ് ആവര്‍ത്തനങ്ങളുടെ ഘോഷയാത്ര. സീരിസുകളില്‍ തുടര്‍ച്ചയായി പ്രധാന വില്ലനായി ആയാ നിക്കോള തന്നെ വരുന്നതും ഇതിന് ഹേതുവായിട്ടുണ്ടാകാം. ദിറിലിഷ് എര്‍തുറുലില്‍ ശത്രുക്കള്‍ അടിക്കടി മാറുന്നത് ആകര്‍ഷകമായിരുന്നു. ചതിപ്രയോഗം, വിഷപ്രയോഗം, എന്നിവ മികച്ചതല്ലെങ്കിലും ചാരപ്പണി കുര്‍ലുസ് ഉസ്മാനില്‍ മികച്ചു നിന്നു.  ഗുന്ദൂസിന്റെ മൂത്ത മകനെ കുരുശുപടയ്‌ക്കൊപ്പം ഇണക്കി വളര്‍ത്തിയത് തന്നെ ഉദാഹരണം.

പശ്ചാത്തലത്തില്‍ കാലാനുസൃത മാറ്റം ഒരുക്കിയതിനെ തള്ളിക്കളയാന്‍ ആകില്ല. നഗര കേന്ദ്രീകൃത സംസ്‌കാരം വളരുന്നതും, വിപണി വലുതാകുന്നതും, യുദ്ധ തന്ത്രങ്ങളില്‍ മാറ്റം വരുന്നതുമൊക്കെ ആകാം സീരിസിനെ വന്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.  തുര്‍ക്കി ഗോത്രങ്ങളുടെ ടെന്റുകള്‍, മംഗോള്‍ സൈനിക ആസ്ഥാനങ്ങള്‍, കുരിശ് സൈനികരുടെ കോട്ടകള്‍ ഇവയൊക്കെ മികവുറ്റതായി തന്നെ സീരിസില്‍ ഉണ്ട്. ബലാ ഹാത്തൂനിന്  പുറമെ മല്‍ഹൂന്‍ എന്ന ഭാര്യ കൂടി ഉസ്മാന് ഉണ്ടാകുന്നും സന്താന സൗഭാഗ്യത്തെ കുറിച്ചുള്ള  ഭാഗവുമൊക്കെ വളരെ ഭംഗിയായി ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും ഭാഗം കാണിക്കുന്നിടത്ത് കുര്‍ലുസ് ഉസ്മാന്‍ പരാജയമല്ല. പ്രത്യേകിച്ച്, അയ്ഗുല്‍ ചെര്‍കുത്തുമായുള്ള പ്രണയം പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഉസ്മാനിനും സഹോദരങ്ങള്‍ക്കിടയിലെ അധികാരത്തര്‍ക്കവും അതുണ്ടാക്കുന്ന കുടുംബ ശൈഥില്യവും മികവോടെ ചേര്‍ത്തിട്ടുണ്ട്. 

 

 

അടുത്തത് സൈമണ്‍ ബൊളിവറോ? 

സീരിസിന്റെ തലച്ചോറായ മുഹമ്മദ് ബൂസ്ദാഗ് പാശ്ചാത്യ കലാ അക്കാദമികളില്‍ പഠിക്കുകയോ അവിടെനിന്ന് യോഗ്യതകള്‍ നേടുകയോ ചെയ്തിട്ടില്ല.  ടര്‍ക്കിഷ് ഭാഷ മാത്രമേ  സംസാരിക്കൂ. തുര്‍ക്കിയിലെ സ്വഖാരിയ യൂനിവേഴ്സിറ്റിയില്‍നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. സാമൂഹിക ശാസ്ത്രമായിരുന്നു വിഷയം.  ആ തെരഞ്ഞെടുപ്പ് നിയോഗം പോലെയായി. സ്വന്തം  സമൂഹത്തിന്റെ ദീര്‍ഘ ചരിത്രത്തെ പ്രമേയമാക്കി കലാവിഷ്‌കാരം നടത്തണം എന്ന ചിന്ത ഉടലെടുത്തു. പൈതൃകത്തോടുള്ള ഇഷ്ടവും കൂറും വിധേയത്വവുമാണ് അദ്ദേഹം സീരിസാക്കി കളഞ്ഞത്. പ്രത്യേകിച്ച് കാര്യമായ അക്കാദമിക് ഡോക്യുമെന്റേഷന്‍ ഒന്നും ഇല്ലാത്ത വിഷയത്തെ ചിത്രീകരിക്കേണ്ടി വന്നിട്ടും ചരിത്ര ഡ്രാമ അല്ലെന്ന തോന്നലുണ്ടാക്കിയില്ല. 

ഒളിച്ചു കടത്തുന്ന രാഷ്ട്രീയവും പിന്നാമ്പുറക്കഥയും മറച്ചുവച്ചല്ല ഇങ്ങനെ പറയുന്നതും. എര്‍തുറുല്‍ സീരിസിനെക്കുറിച്ച് ടര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദേഗന്‍ ഒരിക്കല്‍ പറഞ്ഞു. ''തുര്‍ക്കി ജനതയെയും അവരുടെ കഴിവുകളെയും വില കുറച്ച് കാണുന്നവര്‍ക്കുള്ള മറുപടിയാണിത്.'' ഇത് ആ സീരീസിനോടുള്ള ഭരണകൂട താല്‍പ്പര്യങ്ങള്‍ വ്യക്തമാക്കുന്ന പരാമര്‍ശമാണ്. 

മുഹമ്മദ് ബൂസ്ദാഗിന്റെ പ്രശസ്തി ഏറെ അപ്പുറത്താണ്. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ ബൂസ്ദാഗിനെ സന്ദര്‍ശിക്കുകയും ഫിലിം കമ്പനിയോട് വെനിസ്വേലന്‍ ഇതിഹാസ നായകന്‍ സൈമണ്‍ ബൊളിവറെക്കുറിച്ച്  (1783-1830) ഒരു ചരിത്രഖ്യാനം  നിര്‍മിക്കാന്‍ തയ്യാറുണ്ടോ എന്ന് തിരക്കുകയും ചെയ്തതായി അദ്ദേഹം ഈയിടെ വെളിപ്പെടുത്തിയിയിരുന്നു. 

click me!