സാക്ഷരതാ നിരക്ക്, ആദ്യം മഴ ലഭിക്കുന്ന സംസ്ഥാനം, ലോകത്തിലെ തന്നെ സമ്പന്ന ക്ഷേത്രം... നമ്മുടെ സംസ്ഥാനത്തെ, കേരളത്തെ വേറിട്ടതാക്കി നിര്‍ത്തുന്ന ചില പ്രത്യേകതകള്‍.
നാളെ നവംബർ ഒന്ന്, കേരളപ്പിറവി ദിനമാണ്. മലയാളി എന്ന നിലയിൽ നാം ഓരോരുത്തരും അഭിമാനം കൊള്ളുന്ന നാൾ. 1956 നവംബർ ഒന്നിനാണ് നമ്മുടെ സംസ്ഥാനം രൂപം കൊള്ളുന്നത്. കേരളം എന്ന പേര് പിറവിയെടുത്തതിന് പിന്നിൽ തന്നെ നിരവധി കഥകളുണ്ട്. അതിലൊന്ന് കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലമായതു കൊണ്ട് ആ പേര് വന്നു എന്നത് തന്നെയാണ്. ഏതായാലും ലോകത്തിലെ അറിയപ്പെടുന്ന സ്ഥലങ്ങളിൽ ഒന്ന് തന്നെയാണ് നമ്മുടെ കേരളം എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. കേരളത്തിന് മാത്രമുള്ള ചില പ്രത്യേകതകളും നമ്മുടെ നാടിനെ തനതായ ഒരിടമാക്കി നിലനിർത്തുന്നു.
സാക്ഷരതാ നിരക്ക്:
undefined
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 -നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അന്നത്തെ സാക്ഷരതാ നിരക്ക് 90.86 ശതമാനം ആയിരുന്നു. 2011 -ലെ സെൻസസ് അനുസരിച്ച് ആകെ സാക്ഷരതാനിരക്ക്- 93.91 ശതമാനമാണ്. അതിൽ പുരുഷ സാക്ഷരതാനിരക്ക്- 96.02 ശതമാനവും സ്ത്രീ സാക്ഷരതാനിരക്ക്- 91.98 ശതമാനവുമാണ്.
ആദ്യം മഴ ലഭിക്കുന്ന സംസ്ഥാനം:
ഇന്ത്യയിൽ ഏറ്റവും ആദ്യം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റെല്ലായിടങ്ങളിലും ജൂലൈയോടെയാണ് മഴ പെയ്യുന്നതെങ്കിൽ കേരളത്തിലെ മഴക്കാലം ജൂണിൽ തന്നെ തുടങ്ങും. അതുപോലെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് തെക്കു പടിഞ്ഞാറൻ മൺസൂണിൽ നിന്നാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം:
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രമാണത്. ഈ ക്ഷേത്രത്തിലെ സമ്പത്ത് ഇനിയും കൃത്യമായി അളന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.
വായിക്കാം: കേരള എന്ന കേരളം; ഭാഷാടിസ്ഥാനത്തില്‍ സ്ഥാപിതമായ സംസ്ഥാന ചരിത്രം
സുഗന്ധവ്യഞ്ജനങ്ങൾ:
ഇന്ത്യയിലെ തന്നെ ഏറ്റവും അധികം സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ലോകത്തിൽ തന്നെ അറിയപ്പെടുന്നതാണ് കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ.
കേരളത്തിലെ ചില ഗ്രാമങ്ങൾ: കേരളത്തിൽ ചില ഗ്രാമങ്ങളും രസകരമായ ചില കാര്യങ്ങളാൽ അറിയപ്പെടുന്നുണ്ട്. അതിലൊന്നാണ് കൊടിഞ്ഞി. ഈ ഗ്രാമം അറിയപ്പെടുന്നത് ട്വിൻ ടൗൺ എന്നാണ്. ഇരട്ടക്കുട്ടികളുടെ ജനനം കൊണ്ടാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഇരട്ടക്കുട്ടികളുടെ ആദ്യ അസോസിയേഷൻ രൂപപ്പെടുന്നതും ഇവിടെത്തന്നെ. 2008 -ലാണ് എകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇവിടെ ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷന് രൂപം നൽകുന്നത്.
അതുപോലെ പ്രശസ്തമായ മറ്റൊരു ഗ്രാമമാണ് തൃശൂരിലെ മരോട്ടിച്ചാൽ. ഈ നാട് അറിയപ്പെടുന്നത് ചെസ്സിന്റെ പേരിലാണ്. ഇവിടെ ജനസംഖ്യയുടെ 70 ശതമാനവും ചെസ്സ് കളിക്കുന്നവരാണ്. അമിതമായ മദ്യപാനത്തിൽ നിന്നും വിടുതൽ നേടാനാണ് ഇവിടുത്തുകാർ ചെസ്സ് കളിച്ച് തുടങ്ങിയതത്രെ. എന്നാൽ, പിന്നീട് അതൊരാവേശമായി മാറുകയും ആളുകളെല്ലാം അതിലേക്ക് ആകൃഷ്ടരാവുകയുമായിരുന്നു.
ഇതുകൊണ്ടൊന്നും തീരുന്നില്ല നമ്മുടെ നാടിന്റെ പ്രത്യേകതകൾ. വേറിട്ട ഭക്ഷണം കൊണ്ടും ഉത്സവങ്ങൾ കൊണ്ടും ആഘോഷങ്ങൾ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും ഒത്തൊരുമ കൊണ്ടും അറിയപ്പെടുന്ന നാടാണ് നമ്മുടെ കേരളം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: