പര്‍വതത്തിന്റെ മടിത്തട്ടില്‍ ധാരാളം ഉദ്യാനങ്ങളുണ്ട്. ഷാലിമാര്‍ ഗാര്‍ഡന്‍, നിഷാദ് ബാഗ്, ചഷ്‌മേ ഷാഹി ഗാര്‍ഡന്‍ എന്നിങ്ങനെ പൂങ്കാവനങ്ങള്‍. പേരറിയാത്ത പല മരങ്ങളിലും നിറയെ പൂക്കള്‍.
ഇടയ്ക്കിടെ, ശബ്ദമുയര്‍ത്തി സംസാരിച്ചു നമ്മളെ ആകാംക്ഷയിലാക്കുമെങ്കിലും, പാവങ്ങളാണ് കശ്മീരികള്‍. ഒന്നുകില്‍ ശാന്തത, ഇല്ലെങ്കില്‍ സന്തോഷം, അതുമല്ലെങ്കില്‍ ദൈന്യത ഇതാണ് അവരുടെ കണ്ണുകളിലെ ഭാവം. ബേതാബ് വാലിയില്‍, കഴുത്തില്‍ ഒരു മണിയൊക്കെ കെട്ടിയ, വെളുത്ത മുയലിനെയും കൊണ്ട് ഒരാള്‍ നില്‍ക്കുന്നത് കണ്ടു. 10-രൂപ കൊടുത്താല്‍ ആ മുയലിനെ വാങ്ങി നമുക്ക് ഫോട്ടോ എടുക്കാം. അലസരായി നില്‍ക്കുന്നവരുടെ കൈ എപ്പോഴും അവരുടെ വലിയ കോട്ടിനുള്ളില്‍ ആയിരിക്കും.
ശ്രീനഗറില്‍ നിന്നും മഞ്ഞു മൂടിയ ചന്ദന്‍വാലിയിലേക്കുള്ള യാത്രയ്ക്കി ടയിലാണ്, ഞാനാദ്യമായി ആഗ ഷാഹിദ് അലിയെന്ന കശ്മീരി കവിയെക്കുറിച്ചും അദ്ദേഹം എഴുതിയ കശ്മീരില്‍നിന്നുള്ള പോസ്റ്റ് കാര്‍ഡ് എന്ന കവിതയെക്കുറിച്ചും കേള്‍ക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനായ പ്രമോദ് മാഷാണ് അതിലേക്ക് എത്തിച്ചത്.
തന്റെ ബാല്യവും, യൗവനവും ചിലവഴിച്ച കശ്മീരില്‍ നിന്നും വളരെ ദൂരെയായിപ്പോയ കവിയെത്തേടി, ഒരു ദിവസം കശ്മീരിന്റെ ചെറിയ ചിത്രത്തോട് കൂടിയ ഒരു പോസ്റ്റ് കാര്‍ഡ് എത്തുന്നു. തന്റെ ഉള്ളിലെ നിറപ്പകിട്ടാര്‍ന്ന കശ്മീര്‍ എന്ന ചിത്രം ഒരു ചെറിയ കാര്‍ഡിലൊതുങ്ങിയ സങ്കടവും ഹിമാലയത്തില്‍ നിന്നൊഴുകി എത്തുന്ന ശുദ്ധജലവും, മഞ്ഞും ചേര്‍ന്ന ഝലം നദിയുടെ നഷ്ടമാവുന്ന അഴകിനെക്കുറിച്ചുള്ള ആകാംക്ഷയുമായിരുന്നു ആ 12 വരി കവിതയില്‍! ഈ നദിയുടെ ഇരു കരകളിലുമുണ്ട് നിര്‍ത്തിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകള്‍. ഹൃദയാകൃതിയി ലുള്ള ഒരു പങ്കായമാണ് ഇവര്‍ തുഴയായി ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ചൊരു പരാര്‍മശം സോണിയ കമാലിന്റെ 'An isolated incident' എന്ന നോവലില്‍ വായിച്ചു. ഒരു കൊച്ചു തോണിയില്‍ യാത്ര ചെയ്യുന്ന സൈനികന്റെ ഉയര്‍ത്തി പിടിച്ച തോക്കും, ഹൃദയത്തിന്റെ ആകൃതിയിലുള്ള പങ്കായവും തമ്മില്‍ യാതൊരു ചേര്‍ച്ചയുമില്ലല്ലോ എന്ന് പരിതപിക്കുന്നുണ്ട് എഴുത്തുകാരി ആ നോവലില്‍!
ടൂറിസമാണ് കശ്മീരിന്റെ പ്രധാന വരുമാനം. ട്യുലിപ് പുഷ്പങ്ങള്‍ പൂത്തു നില്‍ക്കുന്നത് കാണാനെത്തിയ സംഘത്തില്‍ ചേര്‍ന്ന് കശ്മീരില്‍ എത്തിയതാണ് ഞങ്ങള്‍. അതൊരു യാത്ര തന്നെയായിരുന്നു. കണ്ണൂര്‍ -ബോംബെ, ബോംബെ -ഡല്‍ഹി, ഡല്‍ഹി -ശ്രീനഗര്‍ എന്നിങ്ങനെ ഓടി, ഓടി ശ്രീനഗറില്‍ എത്തിയപ്പോള്‍ ടൂറിസം പ്രമോട്ട് ചെയ്യുന്ന ചിത്രങ്ങള്‍ എയര്‍പോര്‍ട്ടില്‍ കണ്ടെങ്കിലും പരിശോധന കര്‍ശനമായിരുന്നു. ആന്റിജന്‍ ടെസ്റ്റ് ഇവിടെയും അവിടെയും വേണ്ടിവന്നു. ഹെല്‍ത്ത് ഡെസ്‌ക്കില്‍ നിന്നും ഒരു കശ്മീരി ഒരു മയവുമില്ലാതെ ലൂപ്പെടുത്തു മൂക്കില്‍ രണ്ട് തിരി തിരിച്ചപ്പോള്‍ സ്വതവേ അലര്‍ജിക്കായ ഞാന്‍ താമസസ്ഥലം വരെ തുമ്മി തളര്‍ന്നു. എന്റെ അനിയത്തിക്കുട്ടിക്ക് ചിരിക്കാനുള്ള വകയും!
കണ്ണുകളിലിപ്പോള്‍ ട്യുലിപ് പൂക്കളാണ്. സബര്‍വാന്‍ മലനിരകളുടെ മടിത്തട്ടില്‍ 30 ഹെക്ടറില്‍ 62 തരത്തിലധികം വൈവിധ്യമാര്‍ന്ന ട്യുലിപ് പൂക്കള്‍ നിരന്നു നില്‍ക്കുന്നു. അഴകിനാല്‍ മെഴുകിയ കശ്മീര്‍ ട്യുലിപ് പുഷ്പങ്ങളുടെ വര്‍ണ്ണവൈവിധ്യത്തില്‍ അനുപമമായ കാഴ്ചയായി മാറുന്നു. ആദ്യ ദിവസം തന്നെ ഇവിടം സന്ദര്‍ശിക്കാനായി 4000-ല്‍ അധികം ആളുകള്‍ എത്തി എന്നാണ് ഔദ്യോഗിക കണക്കുകള്‍.
പര്‍വതത്തിന്റെ മടിത്തട്ടില്‍ ധാരാളം ഉദ്യാനങ്ങളുണ്ട്. ഷാലിമാര്‍ ഗാര്‍ഡന്‍, നിഷാദ് ബാഗ്, ചഷ്‌മേ ഷാഹി ഗാര്‍ഡന്‍ എന്നിങ്ങനെ പൂങ്കാവനങ്ങള്‍. പേരറിയാത്ത പല മരങ്ങളിലും നിറയെ പൂക്കള്‍. ആപ്പിള്‍ മരങ്ങളും നിറയെ പുഷ്പിച്ചു നില്‍ക്കുന്ന സമയമാണിത്. വെള്ള പൂക്കള്‍! ശ്രീ നഗറില്‍ നിന്നും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാം നിറയെ മഞ്ഞ നിറത്തിലുള്ള പൂക്കളോട് കൂടിയ കടുക് പാടങ്ങള്‍. ക്രിക്കറ്റ് ബാറ്റ് തയ്യാറാക്കുന്ന വില്ലോ മരങ്ങളും, ഫര്‍ മരങ്ങളും, ചിനാര്‍ മരങ്ങളും മഞ്ഞിനെ മൂടിയും, മഞ്ഞിനെയണിഞ്ഞും, മഞ്ഞിനെ തടുത്തും നില്‍ക്കുന്നു.
പിന്നില്‍ പര്‍വതനിര. മുന്നില്‍ ദാല്‍ തടാകം. നടുവില്‍ ഏക്കറുകളോളം പൂന്തോട്ടങ്ങളും, ജലധാരകളും. ആകാശത്തു അസ്തമയസൂര്യനും, മേഘങ്ങളും കൂടെ നെയ്തെടുക്കുന്ന വര്‍ണവിതാനങ്ങള്‍. ദൈവമേ !ഇതൊന്നും വര്‍ണിക്കാന്‍ ഞാന്‍ പഠിച്ച പദാവലിയിലെ വാക്കുകള്‍ ഒന്നും പോരല്ലോ?
കശ്മീരിലെ ആദ്യ ദിവസം ഞങ്ങള്‍ ദാല്‍ തടാകത്തിലെ, ദേവതാരുകൊണ്ട് നിര്‍മിച്ച ഒരു ഹൗസ് ബോട്ടിലാണ് താമസിച്ചത്. ഭംഗിയുള്ള മേല്‍ക്കുരകളോട്കൂടിയ, ഷിക്കാരാ എന്ന ചെറു തോണിയില്‍ തുഴഞ്ഞാണ് ഹൗസ് ബോട്ടില്‍ എത്തി ചേരുന്നത്. ഈ യാത്രയില്‍ കച്ചവടങ്ങളും നടക്കും. ഷിക്കാരയിലും കച്ചവടസ്ഥലമാക്കിയ ഹൗസ് ബോട്ടിലും വേണ്ട സാധങ്ങള്‍ കിട്ടും. ഷിക്കാരാ തുഴഞ്ഞു പോവുമ്പോള്‍ മസാല ചേര്‍ത്ത 'കാവ' കുടിച്ച് ഉല്ലാസത്തോടെ യാത്ര ചെയ്യാം.
സാമാന്യം വലിപ്പമുള്ള ഹൗസ് ബോട്ടിനുള്ളിലെ ഇളം ചൂട്, പുറത്ത് പടരുന്ന തണുപ്പ്, തടാകത്തില്‍ പതിയുന്ന വെളിച്ചവും പ്രതിബിംബങ്ങളും, മഞ്ഞു മൂടിയ ഹിമാലയം, നിലാവും മേഘവും ചേര്‍ന്നൊരുക്കുന്ന ആകാശകാഴ്ചകള്‍! ഈ ദേശത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജഹാംഗീര്‍ ചക്രവര്‍ത്തി മരണസമയത്തു പറഞ്ഞത്രെ 'മറ്റെല്ലാം വ്യര്‍ത്ഥം. കാശ്മീര്‍ മാത്രം സഫലം' എന്ന്.
അവിടെ എത്തിയത് മുതല്‍ കേള്‍ക്കുന്ന ഒരു വിഭവമായിരുന്നു വാ സ്വാന്‍. ബെല്‍പൂരി പോലെയോ, പാനിപൂരി പോലെയോ ഉള്ള ഒരു സാധനം എന്നേ കരുതിയുള്ളൂ. 1951-മുതലുള്ള ഒരു കാശ്മീരി ഹോട്ടലില്‍ കയറി വാ സ്വാന് ഓര്‍ഡര്‍ കൊടുത്തു. ഭക്ഷണം തയാറാവാന്‍ സമയമെടുക്കും എന്ന് പറഞ്ഞത് ഭാഗ്യം. ഇല്ലെങ്കില്‍ അതിന്റെ വിലയായ 4000 രൂപ കൊടുത്ത്, അവിടെത്തന്നെ ബോധം കെട്ടു കിടക്കുന്ന എന്നെ കാശ്മീരികള്‍ തോളിലെടുത്തു താഴെ കൊണ്ട് വരുന്ന രംഗം സ്വയം സങ്കല്‍പ്പിച്ചു നോക്കി ഞാന്‍. ഏകദേശം 36 വിഭവങ്ങളുള്ള പരമ്പരാഗതമായ, ആളുകള്‍ വട്ടം കൂടിയിരുന്ന് കഴിക്കുന്ന ഒരു കശ്മീരി അത്താഴമാണ് വാസ്വാന്‍. കബാബ്, റോഗന്‍ ജോഷ്, യാഖ്‌നി, ഗോഷ്തബ എന്നിവയെല്ലാം ചേര്‍ന്ന് ഒരു തളികയില്‍ ചോറിന് മുകളില്‍ വിളമ്പുന്ന ഒരു ഭക്ഷണം.
വെളുത്ത നിറത്തില്‍, താമര തണ്ടുകള്‍ മുറിച്ചു, കെട്ടുകളാക്കി വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു. ഇത് കൊണ്ട് ഇവരുണ്ടാക്കുന്ന ഒരു വിഭവമാണ് യാ ഖ്‌നി.
ഇടയ്ക്കിടെ, ശബ്ദമുയര്‍ത്തി സംസാരിച്ചു നമ്മളെ ആകാംക്ഷയിലാക്കുമെങ്കിലും, പാവങ്ങളാണ് കശ്മീരികള്‍. ഒന്നുകില്‍ ശാന്തത, ഇല്ലെങ്കില്‍ സന്തോഷം, അതുമല്ലെങ്കില്‍ ദൈന്യത ഇതാണ് അവരുടെ കണ്ണുകളിലെ ഭാവം. ബേതാബ് വാലിയില്‍, കഴുത്തില്‍ ഒരു മണിയൊക്കെ കെട്ടിയ, വെളുത്ത മുയലിനെയും കൊണ്ട് ഒരാള്‍ നില്‍ക്കുന്നത് കണ്ടു. 10-രൂപ കൊടുത്താല്‍ ആ മുയലിനെ വാങ്ങി നമുക്ക് ഫോട്ടോ എടുക്കാം. അലസരായി നില്‍ക്കുന്നവരുടെ കൈ എപ്പോഴും അവരുടെ വലിയ കോട്ടിനുള്ളില്‍ ആയിരിക്കും.
കശ്മീരില്‍, കാണുന്നതും, കേള്‍ക്കുന്നതുമൊന്നും, മുന്നൊരിക്കല്‍ അനുഭവിച്ചതോ, ഇനിയൊരിക്കല്‍ അനുഭവിക്കാനിടയില്ലാത്തതോ എന്ന് തോന്നും. ആട്ടിന്‍ രോമം കൊണ്ട് ഉണ്ടാക്കുന്ന പഷ്മിന ഷാള്‍, എംബ്രോയ്ഡറി, ഗുല്‍മാര്‍ഗിലെ ഗോണ്ടോല റൈഡ്, മഞ്ഞുമലയിലെ സ്ലെഡ്ജ് യാത്ര, സോന മാര്‍ഗ്, ബേതാബ് വാലി, മഞ്ഞില്‍ പ്രതീക്ഷിക്കാതെ വിരുന്നെത്തുന്ന മഴ, തിരക്കിലും, തണുപ്പിലും, മഴയിലുമായിനിന്ന് കണ്ട ഹസ്രത് ബാല്‍ പള്ളി, ശങ്കരാചര്യ ക്ഷേത്രം അങ്ങിനെ എല്ലാം.
ഫ്രഞ്ച് നോവലിസ്റ്റ് അനതോല്‍ ഫ്രാന്‍സിന്റെ ഒരു വാചകം പറഞ്ഞ് അവസാനിപ്പിക്കാം: 'മനോഹരമായ ഒരു വഴിത്താര നീളുന്നത് എങ്ങോട്ടാണെന്ന് ചോദിക്കാതിരിക്കുക!'.