ആണഹന്ത കുടിച്ചുവറ്റിച്ച് കുന്നിക്കുരു ശോഭയാര്‍ന്ന പെണ്‍കരുത്ത്; ഇതാ രക്തചാമുണ്ഡി!

By Prashobh Prasannan  |  First Published Jan 19, 2023, 4:18 PM IST

മഹിഷാസുരന്‍റെയും ശുംഭനിശുംഭരുടെയും ചണ്ഡമുണ്ഡന്മാരുടെയും ആണഹന്തയെയും ക്രൂരതയെയും തുള്ളിയൊന്നൊഴിയാതെ മോന്തിക്കുടിച്ച ആദിപരാശക്തിയുടെ പെണ്‍കരുത്തിനോളം ആഴവും പരപ്പുമുണ്ട് രക്തചാമുണ്ഡിയുടെ കഥയ്ക്കും. 


ക്തചാമുണ്ഡി. മലയന്‍റെ മെയ്യേറി ഉറഞ്ഞാടുന്ന അമ്മത്തെയ്യം. തെയ്യപ്രപഞ്ചത്തിലെ അനേകായിരം തെയ്യക്കോലങ്ങള്‍ക്കിടയിലെ സര്‍വ്വസാനിധ്യം. പൂവാരിയ മൂവാരികളുടെ വിശപ്പാറ്റിയ കുലദേവത. മഹിഷന്‍റെയും ശുംഭനിശുംഭരുടെയും ചണ്ഡമുണ്ഡന്മാരുടെയും ആണഹന്തയെയും ക്രൂരതയെയും തുള്ളിയൊന്നൊഴിയാതെ മോന്തിക്കുടിച്ച ആദിപരാശക്തിയുടെ പെണ്‍കരുത്തിനോളം ആഴവും പരപ്പുമുണ്ട് രക്തചാമുണ്ഡിയുടെ കഥയ്ക്കും. 

Latest Videos

undefined

മഹിഷ വധത്തിനും ശേഷം
മഹിഷന്‍റെ തലയറുത്തശേഷം എപ്പോഴൊക്കെ ദുർഘടങ്ങൾ വന്നാലും അപ്പോഴെല്ലാം തുണയാകുമെന്ന് ദേവന്മാരോടരുളി അപ്രത്യക്ഷയായി പരാശക്തി. പക്ഷേ അധികം വൈകാതെ കണ്ണീരും നൊമ്പരവുമായി ദേവന്മാര്‍ വീണ്ടുമെത്തി. ശുംഭനും നിശുംഭനുമായിരുന്നു ഇത്തവണ അവരുടെ ഉറക്കം കെടുത്തിയ അസുരന്മാര്‍. ഒരു സ്ത്രീക്കല്ലാതെ മറ്റാര്‍ക്കും കൊല്ലാനാവില്ല എന്നതായിരുന്നു മഹിഷനെപ്പോലെ ഇവരുടെയും വരബലം. ദേവദു:ഖം കണ്ട് ശ്രീപാര്‍വ്വതിയുടെ മനമലിഞ്ഞു. അങ്ങനെ ദേവിയുടെ ശരീരകോശത്തില്‍ നിന്നും അതിസുന്ദരിയായൊരു കന്യക രൂപമെടുത്തു. കൌശികി എന്നു പേരായ ഈ ശക്തിസ്വരൂപിണി പാര്‍വ്വതിയില്‍ത്തന്നെ വിലയം പ്രാപിച്ച് അംബിക എന്ന നാമത്തില്‍ കൈലാസത്തില്‍ വാസമുറപ്പിച്ചു. 

ഒരുദിവസം ഉപവനത്തില്‍ പാട്ടുപാടി ഊഞ്ഞാലാടിക്കൊണ്ടിരിക്കുകയായിരുന്നു അംബികാ ദേവി. ശുംഭ-നിശുംഭന്മാരുടെ സേവകരായ ചണ്ഡനെന്നും മുണ്ഡനെന്നും പേരായ രണ്ടുപേര്‍ ഈ സമയം ദേവിയെ കണ്ടു. ഈ അനുചരര്‍ വഴി ദേവിയുടെ അഭൌമസൗന്ദര്യം ശുംഭ-നിശുംഭരുടെ കാതിലുമെത്തി. ഭ്രമിച്ചുപോയ ശുംഭനിശുംഭന്മാര്‍ ദേവിയെ പിടിച്ചുകൊണ്ടു ചെല്ലാൻ കിങ്കരന്മാരോട് കല്‍പ്പിച്ചു. കൈലാസത്തില്‍ കടന്നുകയറി ദേവിയെ പിടിച്ചെടുക്കാൻ ചണ്ഡമുണ്ഡന്മാര്‍ പാഞ്ഞെത്തി. അവര്‍ ദേഹത്ത് കൈവച്ചപ്പോള്‍ അംബികാ ദേവി കോപം കൊണ്ടു ജ്വലിച്ചു. ആ മുഖം കറുത്തിരുണ്ടു. നെറ്റിത്തടത്തില്‍ നിന്നും അതിഭയങ്കരമായൊരു രൂപം പുറത്തുചാടി. കരിമുകിലൊത്തെ പുരിങ്കുഴലി. കാളിമപെറ്റ പെരുങ്കാളി. കയ്യില്‍ കരിവള. കഴുത്തില്‍ തുള്ളുന്ന കങ്കാളം. കാലില്‍ കലിയുടെ പാദസരം. പാമ്പുകള്‍ പിണയുന്ന ജഘനതടം. നൊടിയിടെ കൊണ്ട് ചണ്ഡമുണ്ഡന്മാരുടെ തലയറുത്തു പെരുങ്കാളിയമ്മ. എന്നിട്ട് ആ ശിരസുകള്‍ അംബികാദേവിക്ക് കാഴ്‍ചവച്ചു പെരുങ്കാളിയമ്മ. സന്തുഷ്‍ടയായ അംബികാദേവി കാളിമ പെറ്റ പെരുങ്കാളിയെ 'ചാമുണ്ഡി' എന്നു പേരിട്ടുവിളിച്ചു. 'ചണ്ഡിക' എന്നപേരും ദേവിക്ക് ലഭിച്ചു. 

ദുഷ്‍ടരക്തം കോരിക്കോരിക്കുടിച്ചവള്‍
പിന്നെ ചാമുണ്ഡിയമ്മയുടെ സാനിധ്യം ലോകമറിയുന്നത് രക്തബീജനെന്ന അസുരനോട് അംബികാദേവി ഏറ്റുമുട്ടിയപ്പോഴായിരുന്നു. ദേവീഭാഗവതം പഞ്ചമസ്‌കന്ധത്തിലെ രക്തബീജാസുര കഥ ഇങ്ങനെ. ക്രോധവതി എന്ന അസുരന്‍റെ മകനായിരുന്നു രക്തബീജാസുരൻ. മഹാവീര്യപരാക്രമിയായ രംഭാസുരൻ ചിതയില്‍ സ്വയം ദഹിച്ചപ്പോഴുണ്ടായ പുനര്‍ജ്ജന്മമായിരുന്നു രക്തബീജൻ എന്ന കുപ്രസിദ്ധൻ.  മുപ്പാരും കീഴടക്കി ദേവാധിദേവനാകാൻ കഠിനതപം തുടങ്ങി രക്തബീജൻ.  ഒടുവില്‍ പ്രത്യക്ഷനായ കൈലാസനാഥനോട് അവൻ ചോദിച്ചത് വിചിത്രമായൊരു വരം. യുദ്ധത്തിനിടെ തന്‍റെ ദേഹം മുറിഞ്ഞാല്‍ മുറിവായില്‍ നിന്നൊഴുകുന്ന ഓരോ തുള്ളിച്ചോരയില്‍ നിന്നും ഓരായിരം അസുരന്മാര്‍ വീതം ജനിക്കണം! അങ്ങനെ വരബലം നേടിയ രക്തബീജന്‍ പണിയും തുടങ്ങി. സ്വര്‍ഗ്ഗം, ഭൂമി, പാതാളം തുടങ്ങി മുപ്പാരുകളെയും കാല്‍ക്കീഴിലിട്ട് ചവിട്ടിക്കൂട്ടി. 

സഹികെട്ട ദേവന്മാര്‍ എന്നത്തെയും പോലെ ആദിപരാശക്തി അംബികാ ദേവിയെത്തന്നെ വീണ്ടും അഭയം പ്രാപിച്ചു. ദേവി പോരിനിറങ്ങി. രക്തബീജന്‍ മായായുദ്ധം തുടങ്ങി. മഹാപരാക്രമികളായ അസുരമുഖ്യന്മാരായിരുന്നു മുന്നില്‍. അസുരപ്പടയെ അരിഞ്ഞുതള്ളി ആദിപരാശക്തി. ചോരപ്പുഴയൊഴുകി. ശരമാരിയില്‍ രക്തബീജന്‍റെ ദേഹം മുറിഞ്ഞു. എന്നാല്‍ ആര്‍ത്തു ചിരിച്ചു രക്തബീജൻ. കാരണം അവന്‍റെ ശരീരത്തില്‍ നിന്നും ദേവി ചീന്തുന്ന ഓരോ തുള്ളി രക്തവും ആയിരം രണവീരന്മാര്‍ക്ക് ഉയിര്‍പ്പാകുന്നു. അവരുടെ ഹൂങ്കാരശബ്‍ദം കേട്ട് അംബികാദേവിക്ക് അരിശം ജ്വലിച്ചു.  കഠിനമായ ആ കോപത്തില്‍ നിന്നും ചാമുണ്ഡി വീണ്ടും പിറന്നു. വായ വലുതാക്കി രക്തബീജന്റെ ശരീരത്തിൽ നിന്നും വീഴുന്ന രക്തം മുഴുവന്‍ ഒരു തുള്ളിപോലും ഭൂമിയില്‍ വീഴാതെ മോന്തിക്കുടിക്കുവാൻ ചാമുണ്ഡിയോട് പറഞ്ഞു ദേവി.

'ഞാൻ പ്രയോഗിക്കുന്ന ശസ്ത്രങ്ങളേറ്റുടൻ സാംപ്രതം വീഴുന്ന രക്തബിന്ദുക്കളെ
കൂടെക്കുടിച്ചുകളകനീയപ്പോഴേ കൂടുകയുണ്ടാകയില്ലസുരപ്പട"

എന്ന് ദേവീ മാഹാത്മ്യം കിളിപ്പാട്ട്. നല്ലമ്മയുടെ വാക്ക് അക്ഷരംപ്രതി അനുസരിച്ചു തിരുമകള്‍. ദേവീ മാഹാത്മ്യം കിളിപ്പാട്ട് എട്ടാം അധ്യായം ഇങ്ങനെ തുടരുന്നു

"വീഴുന്ന വീഴുന്ന ശോണിതമൊക്കവേ കാളി കുടിച്ചു കുടിച്ചു തുടങ്ങിനാൾ
ചക്രശൂലാംസിബാണാദിശസ്ത്രങ്ങളാൽ വിക്രമത്തോടു പ്രയോഗിച്ചതംബയും
ശക്തനാം രക്തബീജൻ ദേവിതന്നുടെ ശാസ്ത്രങ്ങളേറ്റു മരിച്ചുവീണീടിനാൻ"

കാളി തന്‍റെ കൊടുംവായ നെടുകെ പിളര്‍ന്നു. ആ വായില്‍ നിന്നും പെരും നാവ് നീണ്ടുവന്ന് ഭൂമിയാകെ പരന്നു. പരത്തിവിരിച്ച ആ നാവിന്മേലേക്ക് രക്തബീജന്റെ കഴുത്തറുത്തിട്ടു ദേവി അംബിക. മലപോലുള്ള അസുരകബന്ധവും ആ നാക്കിലേക്കു തന്നെ വീണു. ഒഴുകിക്കൊണ്ടിരുന്ന ചോരത്തുള്ളികള്‍ ഒരിറ്റു പോലും മണ്ണില്‍ വീഴാതെ മോന്തിക്കുടിച്ചു ചാമുണ്ഡി ദേവി. ഒടുവില്‍ മേലാസകലം ചോരപ്പാടുമായി രക്തബീജന്റെ ശിരസും കയ്യിലേന്തി മുന്നില്‍ നമസ്‌ക്കരിച്ച ചാമുണ്ഡി ദേവിയെ അംബികാദേവി 'രക്തചാമുണ്ഡി' എന്ന് പേരിട്ടുവിളിച്ചു. രക്തേ മുഴുകിയ ദേവിയങ്ങനെ രക്ത ചാമുണ്ഡിയായി. 

"പുഷ്‍ടിയോടൊഴുകും ചോരയിൽ നിന്നും പൊട്ടിയെഴുന്നൊരു കുന്നി കണക്കെ 
പൊട്ടീടുന്നൊരു രൂപം കണ്ടിട്ടിഷ്‍ടമോടരുൾ ചെയ്‌തിതു ദേവി, 
രക്തേ മുഴുകിനമൂലം രക്ത ചാമുണ്ഡേയെന്നൊരു നാമം" 

ഇനി മറ്റൊരു കഥയില്‍ രക്തബീജന്‍റെ ചുടുചോര മുഴുവൻ കോരിക്കുടിച്ചിട്ടും ദേവിയുടെ ദേഷ്യവും രക്തക്കൊതിയും തീരുന്നില്ല. രക്തബീജാസുര വധിക്കപ്പെട്ടതു പോലും ദേവി അറിയുന്നില്ല. ഉന്മത്തയായ ദേവി നടനം തുടങ്ങി. പലരെയും കൊന്ന് രക്തം കുടിച്ചുതുടങ്ങി. ഒടുവില്‍ ദേവിയെ സാന്ത്വനിപ്പിക്കാൻ സാക്ഷാല്‍ പരമിശിവൻ തന്നെ നേരിട്ടിറങ്ങി. ദേവി ഉന്മാദ നടനം തുടരുന്നിടത്തെ മൃതശരീരങ്ങൾക്കിടയിൽ ശിവൻ ചെന്നു കിടന്നു. അതറിയാതെ നൃത്തം ചെയ്യുന്ന ദേവിയുടെ കാൽ ശിവന്‍റെ നെഞ്ചില്‍ പതിച്ചു. അടുത്ത ക്ഷണം ഞെട്ടിയുണര്‍ന്നു ദേവി. സമനില വീണ്ടെടുത്തെന്നും കോപാഗ്നി ഉടനടി കെട്ടടങ്ങിയെന്നും ഈ കഥ.  എന്തായാലും രക്തബീജന് പിന്നാലെ ശുംഭ നിശുംഭന്മാരുടെ ദൈത്യപ്പടകളെല്ലാം ചേര്‍ന്ന് ദേവിയോട് പോരാടാനെത്തിയെന്നും അനേകം രൂപങ്ങളായി അവരെ ദേവി നേരിട്ടെന്നും കഥകള്‍. അപ്പോള്‍ ഒറ്റയ്ക്ക് തങ്ങളെ നേരിടാൻ ആക്രോശിച്ചു ശുംഭനിശുംഭന്മാര്‍. അതോടെ രൂപങ്ങളെല്ലാം ഒന്നാക്കിച്ചേര്‍ത്ത ദേവി ശുംഭനിശുംഭന്മാരുടെ തലകള്‍ അറുത്തെറിഞ്ഞെന്നും കഥകള്‍.

മലനാട്ടിലേക്ക്
ചെറുകുന്നിലമ്മയോടൊപ്പം ആര്യർനാട്ടിൽനിന്നും തുണയായ് വന്ന് ചെറുകുന്ന് ആയിരം തെങ്ങിൽ കപ്പലിറങ്ങിയ ദേവതയാണ് രക്തചാമുണ്ഡിയെന്നൊരു കഥയുണ്ട്. പൂവാരുന്ന മൂവാരിമാർ പൂവെറിഞ്ഞെതിരേറ്റെന്നും അങ്ങനെ ഈ ദേവത അവരുടെ കുലദേവതയായെന്നും കഥകള്‍. മറ്റൊരു കഥയില്‍ മംഗലാപുരത്തെ കോയിൽ കുടുപ്പാടി വീട്ടില്‍ നിന്നും ജന്മനാടായ നീലേശ്വരം പള്ളിക്കരയിലേക്ക് നടകൊണ്ട പാലന്തായി കണ്ണനെന്ന തീയ്യനൊപ്പമാണ് ഈ ദേവത മലയാള നാട്ടിലെത്തുന്നത്. പാലന്തായി കണ്ണന് പോറ്റമ്മ നല്‍കിയ നരസിംഹമൂർത്തീ ചൈതന്യമുൾക്കൊള്ളുന്ന ചുരികയാധാരമാക്കി കുമ്പള ചിത്രപീഠത്തിൽ നിന്നാണ് രക്തചാമുണ്ഡി അള്ളടനാട്ടിലെ കോട്ടപ്പുറം എത്തിയത്.

വളപട്ടണം തൊട്ടു കുമ്പള സീമവരെയുള്ള മിക്ക കാവുകളിലും മുണ്ട്യകളിലും രക്തചാമുണ്ഡി ദേവിയെ ആരാധിച്ചുവരുന്നു. മുണ്ട്യക്കാവുകളില്‍ വിഷ്‍ണു മൂര്‍ത്തിയുടെ ചങ്ങാതിയായി മുഖ്യസ്ഥാനം പങ്കിടുന്ന രക്തചാമുണ്ഡിക്ക് അള്ളടനാട്ടില്‍ രക്തേശ്വരി എന്നും പേരുണ്ട്. കാലിക്കടവിനടുത്തുള്ള പടക്കളമായിരുന്ന പടുവളത്തില്‍ ശൗര്യമേറിയ യുദ്ധദേവത എന്ന സങ്കല്‍പ്പമാണ് ദേവിക്ക്. വിഷ്‍ണു, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി എന്നീ മൂന്നു ദേവതകളെ ചേര്‍ത്ത് ഇവരെ പടുവളത്തില്‍ പരദേവതമാര്‍ എന്നും വിളിക്കുന്നു. തീച്ചാമുണ്ഡി എന്ന ഒറ്റക്കോലം മേലേരിയിലേക്ക് ചാടുന്ന അഗ്നിപ്രവേശന സമയത്ത് ചങ്ങാതിയായ രക്തചാമുണ്ഡിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.

രക്തചാമുണ്ഡിയമ്മ മൂവാരിമാരുടെ കുലദേവതയായതിന് പിന്നലെ കഥ ഇങ്ങനെ. നാട്ടിൽ പ്രളയവും പട്ടിണിയും കളിയാടിയ കാലം. പരിഹാരത്തിനായി കോലത്തുനാട്ടരചന്‍ ഉദയവര്‍മ്മന്‍ കാശിയില്‍ പോയി ഭജനമിരുന്നു. കോലത്തിരി തമ്പുരാന്‍റെ പ്രാർത്ഥന ജഗദീശ്വരിയായ സാക്ഷാല്‍ അന്നപൂർണ്ണേശ്വരി ദേവി കേട്ടു. അങ്ങനെ അണ്ടാർ വിത്തും ചെന്നെല്ലുമായി കൂറ്റൻ മരക്കലമേറി അന്നപൂർണ്ണേശ്വരിയും ആറില്ലത്തമ്മമാരും മലനാട്ടിലേക്ക് വന്നു. അന്നപൂര്‍ണ്ണാമ്മയുടെ തുണക്കാരിയായിരുന്നു രക്തചാമുണ്ഡിയമ്മ. കപ്പല്‍ കോലത്തുനാട്ടിലെ ആയിരം തെങ്ങെന്ന കടവിലടുത്തു. പച്ചോലപ്പന്തലും പൂജാവിധികളുമൊരുക്കി ദേവസംഘത്തെ വരവേറ്റു നാട്ടുകൂട്ടം. ജലഗന്ധപുഷ്‍പാദികള്‍ കൊണ്ട് അര്‍ച്ചന നടത്തി എമ്പ്രാന്തിരിമാര്‍. 

അപ്പോള്‍ വയറ്റത്തടിച്ചു നിലവിളിച്ചുകൊണ്ട് കടപ്പുറത്തു നില്‍ക്കുന്ന ഒരു കൂട്ടം പട്ടിണിപ്പാവങ്ങളെക്കണ്ടു രക്തചാമുണ്ഡി.  ചുറ്റിലും വീണടിഞ്ഞു കിടക്കുന്ന പൂജാ പുഷ്‍പങ്ങള്‍ വാരിയെടുക്കാൻ ശ്രമിക്കുകയായിരുന്ന പട്ടിണിക്കോലങ്ങള്‍. നെരിപ്പോടെരിയുന്ന കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. ക്രോധമുറഞ്ഞ മുഖത്ത് വാത്സല്യം നുരഞ്ഞു. ദുഷ്‍ടരക്തം കോരിക്കുടിച്ച ചുണ്ടുകളില്‍ കരുണരസം പൊടിഞ്ഞു. അങ്ങനെ അന്ന് പൂവാരിയ സമുദായക്കാര്‍ ആണത്രെ പില്‍ക്കാലത്ത് പൂവാരികള്‍ അഥവാ മൂവാരികള്‍ എന്നറിയപ്പെട്ടത്.

വിശന്നു തളര്‍ന്ന ആ ജനതയെ നെഞ്ചോടുചേര്‍ത്ത് ആശ്വസിപ്പിച്ചു ദേവി. പിന്നെ അവിടെ ചെക്കിത്തറയ്ക്കടുത്ത് വലിയൊരു അടുപ്പുണ്ടാക്കി. മായകൊണ്ടു ചമച്ചൊരു വലിയ ചെമ്പെടുത്ത് ആ അടുപ്പത്തുവച്ചു. നിമിഷങ്ങള്‍ക്കകം ചെമ്പില്‍ നിറഞ്ഞത് കുത്തരിച്ചോറ്. വിശക്കുന്ന വയറുകള്‍ക്കെല്ലാം അമ്മ തന്നെ സ്വര്‍ണ്ണക്കോരികകൊണ്ട് അന്നം വിളമ്പി നല്‍കി. വിശപ്പകന്ന സന്തോഷ ശബ്‍ദം തിരകളേക്കാള്‍ മേലെ കടപ്പുറത്ത് മുഴങ്ങി. അങ്ങനെ പട്ടിണിക്കാലത്ത് വയറുനിറയെ അന്നം വിളമ്പിയ രക്തചാമുണ്ഡിയമ്മ മൂവാരിമാര്‍ക്ക് കണ്‍കണ്ട ദൈവമായിത്തീര്‍ന്നു. മൂവാരിക്കഴകങ്ങളില്‍ 'ചെമ്പും ചോറുമെടുക്കല്‍' എന്നൊരു ചടങ്ങുണ്ട്. രക്തചാമുണ്ഡീ ദേവി പുറപ്പെടുമ്പോള്‍ മൂവാരി വാല്യക്കാര്‍ തിളയ്ക്കുന്ന ചെമ്പും ചോറും കൈകളില്‍ ഉയര്‍ത്തി ആരവങ്ങളോടെ പള്ളിയറയ്ക്കു ചുറ്റും പ്രദക്ഷിണം വെക്കുന്ന ചടങ്ങാണിത്. പണ്ട് വിശപ്പാറ്റിയ നല്ലമ്മയെ ആ പാവങ്ങള്‍ മറക്കുവതെങ്ങനെ?!

മൂവാരിക്കഴകത്തില്‍ രക്തചാമുണ്ഡിക്കുള്ള മറ്റൊരനുഷ്‍ഠാനമാണ് ചാമുണ്ഡിമുദ്ര. പത്താമുദയ ദിവസം നടത്തുന്ന ഈ ചടങ്ങിനെക്കുറിച്ച് തെയ്യം ഗവേഷകൻ ഡോ ആര്‍സി കരിപ്പത്ത് എഴുതുന്നത് ഇങ്ങനെ. ചാമുണ്ഡിയുടെ കോമരം കുളിച്ച് കുറിയണിഞ്ഞ് ഉരുളിയില്‍ ചോറുവെച്ച്, അത് കലശത്തറയില്‍ കൊണ്ടുവെക്കും. 16 വാഴപ്പോളകൊണ്ട് ചതുരാകൃതിയിലുള്ള കളിയാമ്പള്ളിത്തട്ട് അവിടെ തയ്യാറാക്കി വച്ചിരിക്കും. ഇതിലാണ് മുതിര്‍ച്ച വെക്കുക. പള്ളിയറയില്‍ നിന്ന് തൊഴുതിറങ്ങുന്ന കോമരം കോത്തിരി കത്തിച്ച് ചോറും കയ്യിലേന്തി കലശത്തറയ്ക്കു ചുറ്റും മൂന്നുവട്ടം പ്രദക്ഷിണം വെക്കും. ചാമുണ്ഡിക്കുള്ള ആണ്ടുനിവേദ്യമാണ് ചാമുണ്ഡിമുദ്ര. മുതിര്‍ച്ചവെച്ച് കലശക്കാരനും കോലക്കാരനും സ്‍തുതിപാടുന്നതും ഈ അനുഷ്‍ഠാനത്തിന്‍റെ ഭാഗമാണ്. 

വയലാട്ടം
ഭക്തന്മാര്‍ക്ക് വന്നുചേരുന്ന അഹിതങ്ങളെല്ലാം തുടച്ചു മാറ്റുന്ന ദേവി കൂടിയാണ് മഹാദേവിയായ രക്തചാമുണ്ഡിയമ്മ. മുണ്ട്യൻപറമ്പ് ഭഗവതിയും രക്തചമുണ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അത്തരമൊരു കഥയാണ്. സപ്‍തമാതാക്കളില്‍പ്പെടുന്നൊരു രൌദ്ര മൂര്‍ത്തിയാണ് മുണ്ട്യന്‍ പറമ്പ് ചാമുണ്ഡി അഥവാ മുണ്ട്യൻപറമ്പ് ഭഗവതി. ആളിനെയോ ആനയേയോ കൊന്നു ചോര കുടിച്ചാല്‍ മാത്രം പകയടങ്ങുന്ന ദേവാണിതെന്നാണ് ഐതിഹ്യം.  അതുകൊണ്ടുതന്നെ ഈ കാളിക്ക് കെട്ടിക്കോലമില്ല.  എല്ലാ ദേവതമാര്‍ക്കും കെട്ടിക്കോലവും പൂജയും വിളക്കുമുണ്ടെന്നും കൊടിയ കാളിയായ തനിക്കും വേണം കാവും പീഠവും വിളക്കുമെന്നും കൊതിച്ച മുണ്ട്യൻ പറമ്പില്‍ ഭഗവതി ഒരിക്കല്‍ ഭൂമിയിലേക്കിറങ്ങിയത്രെ. രാശിയില്‍ തെളിഞ്ഞ ദുശകുനങ്ങള്‍ രക്തചാമുണ്ഡി തിരിച്ചറിഞ്ഞു. മദയാനയായി മണ്ണിലേക്ക് മഹാകാളി ഇറങ്ങുന്ന വിവരം നാട്ടുമന്നനും നാട്ടുകൂട്ടത്തിനും സ്വപ്‌നം വഴി കാട്ടിക്കൊടുത്തു മഹാദേവി രക്തചാമുണ്ഡിയമ്മ. അതോടെ കാവായ കാവുകളിലെല്ലാം നാമജപങ്ങളുമായി ഭക്തന്മാര്‍ ഭജനമിരുന്നു. 

നാട്ടുവെട്ടം മങ്ങി കാവില്‍ അന്തിത്തിരി കണ്‍തുറന്ന നേരത്ത് കാവിലേക്കു ചാടിയിറങ്ങി മുണ്ട്യന്‍ പറമ്പില്‍ ഭഗവതി. ആ വരവ് മുൻകൂട്ടിക്കണ്ട് കരുതിയിരുന്ന രക്തചാമുണ്ഡി വയല്‍ വരമ്പില്‍ വച്ച് മുണ്ട്യന്‍പറമ്പില്‍ ചാമുണ്ഡിയെ തടഞ്ഞു. നടവഴിയില്‍ പിടിവലിയും ദ്വന്ദ്വയുദ്ധവും നടന്നു. അത് പുലരിവെട്ടം വീഴുവോളം നീണ്ടു. ഒടുവില്‍ പരാജയം സമ്മതിച്ച മുണ്ട്യന്‍ പറമ്പില്‍ ഭഗവതി തിരിച്ചുപോയി. ഒരു കൊടിയില നിവേദ്യം മതിയെന്നും ആണ്ടുതോറും തന്നെ അനുസ്‍മരിക്കുന്ന വയലാട്ടം ചടങ്ങുവേണമെന്നുമുള്ള മുണ്ട്യന്‍പറമ്പില്‍ ചാമുണ്ഡിയുടെ ആവശ്യം രക്തചാമുണ്ഡി അംഗീകരിച്ചു.

മൂവാരിക്കഴകങ്ങളില്‍ ഗംഭീരമായ ഒരു ചടങ്ങായാണ് ഇന്നും വയലാട്ടം അരങ്ങേറുന്നത്. മുണ്ട്യന്‍പറമ്പില്‍ ഭഗവതിയുടെ കോമരം ഇരുതോളിലും ധരിച്ച പന്തക്കുറ്റികളോടെ മുന്നോട്ടു നീങ്ങുന്നതും ചെണ്ടത്താളത്തില്‍ രക്തചാമുണ്ഡി അതു തടഞ്ഞുനില്‍ക്കുന്നതും ഈ പുരാവൃത്തത്തെ ഓര്‍മ്മിപ്പിക്കുന്നു. മിക്ക കഴകങ്ങളിലും കാവിനു താഴത്തെ പൂട്ടിമറിച്ചിട്ട വയലില്‍ ചുട്ടുപൊള്ളുന്ന കനല്‍മണ്ണില്‍ ഉച്ചതിരിഞ്ഞ നേരത്താണ് വയലാട്ടം നടത്താറുള്ളത്. 

മുണ്ട്യന്‍പറമ്പ് ചാമുണ്ഡിയെ തടഞ്ഞു നിര്‍ത്തി രക്തചാമുണ്ഡി കോപം ശമിപ്പിക്കുന്ന കഥയാണ് വയലാട്ടത്തിലൂടെ പുനരവതരിപ്പിക്കുന്നത്. കഴകങ്ങളില്‍ വൻ ജനാവലി ഈ ചടങ്ങ് കാണാന്‍ തിങ്ങിക്കൂടും. മുണ്ട്യന്‍പറമ്പില്‍ ചാമുണ്ഡിയുടെ പ്രതി പുരുഷ സങ്കല്‍പ്പത്തില്‍ കോമരം മാത്രമേയുള്ളൂ. കാവിലേക്ക് ഉറഞ്ഞാടി വരുന്ന കാളിയെ ഭക്ത വത്സലയായ രക്തേശ്വരി തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതും സാന്ത്വനിപ്പിച്ചു കാവിലേക്ക് കൂട്ടികൊണ്ട് വരുന്നതുമായ അനുഷ്ഠാനമാണ്‌ വയലാട്ടം. തീപന്തങ്ങള്‍ ദേവിയുടെ കോപാവസ്ഥയുടെ പ്രതീകങ്ങളാണ്. മകരം കുംഭം മാസങ്ങളില്‍ തെയ്യാട്ടം തുടങ്ങുമ്പോഴേക്കും മൂവരികഴകത്തിന് താഴെയുള്ള വയല്‍ ഉഴുതു മറിച്ചിട്ടിട്ടുണ്ടാകും. കത്തിക്കാളുന്ന വെയിലത്താണ് വയലാട്ടം നടക്കുക. വയലില്‍ നടക്കുന്ന ആട്ടമായത് കൊണ്ടാണ് ഇത് വയലാട്ടം എന്നറിയപ്പെടുന്നത്. മുണ്ട്യന്‍ പറമ്പില്‍ ചാമുണ്ഡിയുടെ കോമരവും രക്ത്വേശരി കോലവും മുഖത്തോടു മുഖം ചേര്‍ന്ന് നിന്നുള്ള മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിയാട്ടമാണിത്. നാല് വീതം പന്തമുറപ്പിച്ച ഓരോ പന്തക്കോല്‍ മുണ്ട്യന്‍ പറമ്പ ചാമുണ്ഡി കോമരത്തിന്റെ ഇരു കക്ഷത്തിലും ഉറപ്പിച്ചു കയ്യില്‍ വാളുമായിട്ടാണ് വയലാട്ടം തുടങ്ങുക. ആളും ആരവങ്ങളും ചെണ്ട മേളവുമെല്ലാം ചേര്‍ന്ന് വയലാട്ടം ഭക്തി നിര്‍ഭരമാക്കും. 

പലപേരുകള്‍
തായിപ്പരദേവതയെപ്പോലെ തന്നെ തെയ്യപ്രപഞ്ചത്തില്‍ രക്തചാമുണ്ഡിയും അനേകം പേരുകളില്‍ അറിയപ്പെടുന്നു. നിലകൊള്ളുന്ന ഗ്രാമപ്പേരിന്നൊപ്പമോ കാവിന്റെ പേരിന്നൊപ്പമോ ഈ പേരുകള്‍ ചേര്‍ത്തു ദേവിയെ വിളിക്കുകയാണ് പതിവ്. മൂവാരി സമുദായത്തിന്‍റെ പ്രധാനപ്പെട്ട നാലു കഴകങ്ങളിലും ഈ ദേവി തന്നെയാണ് മുഖ്യദേവത. ആയിരം തെങ്ങ്, നീലങ്കൈ, കുട്ടിക്കര, കിഴക്കേറ എന്നവയാണ് ഈ നാലു മൂവാരി കഴകങ്ങള്‍. ഇവിടെ ആയിരം തെങ്ങു ചാമുണ്ഡി, നീലങ്കൈച്ചാമുണ്ഡി, കുട്ടിക്കരചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി എന്നീ പേരുകളിലാണ് രക്തചാമുണ്ഡി ഉപാസിക്കപ്പെടുന്നത്.  പെരിയാട്ടുചാമുണ്ഡി, എടപ്പാറ ചാമുണ്ഡി, കാരേല്‍ ചാമുണ്ഡി, ബാലിച്ചേരി ചാമുണ്ഡി, വീരചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, കട്ടച്ചേരി ചാമുണ്ഡി, രക്തേശ്വരി, ദണച്ചാമുണ്ഡി, രുധിരച്ചാമുണ്ഡി തുടങ്ങിയ പേരുകളും ഈ ദേവിക്കുണ്ട്. 

അത്യുത്തര കേരളത്തിലെ തെയ്യാരാധനയുള്ള എല്ലാ സമുദായക്കാരും പരാശക്തിസ്വരൂപിണിയായി രക്തചാമുണ്ഡിയെ കുടിയിരുത്തി ആരാധിക്കുന്നുണ്ട്. രക്തചാമുണ്ഡി ദേവിയെ ഉപാസിച്ചുവരുന്ന നിരവധി ബ്രാഹ്‌മണ ഭവനങ്ങളും കോലത്തുനാട്ടിലും അള്ളടനാട്ടിലും ഇന്നുമുണ്ട്. ഇവിടങ്ങളില്‍ മലയസമുദായക്കാര്‍ രക്തേശ്വരിയെ കെട്ടിയാടുമ്പോള്‍ കാവകത്ത് കുരുത്തോലത്തട്ടൊരുക്കി വലിയ ചെമ്പില്‍ ഗുരുസി (കുരുതി) തര്‍പ്പണം നടത്തുന്നത് ബ്രാഹ്‌മണര്‍ തന്നെയായിരിക്കും. ബലി കയ്യേല്‍ക്കുവാന്‍ തെയ്യം കളത്തിലേക്കു കുതിച്ചുപാഞ്ഞുവരുമ്പോള്‍ മലയര്‍ മുണ്ടിട്ടു പിടിച്ച് പിറകോട്ടു വലിക്കും.  ഓരോ കാവിലും ഉറഞ്ഞാടുമ്പോള്‍ അതാതിടത്തെ ഭാവഗുണപ്രധാനമായ അനുഷ്ഠാനങ്ങള്‍ അതിപ്രാധാന്യത്തോടെ നിര്‍വ്വഹിക്കും.  

അനുഷ്‍ഠനങ്ങളാല്‍ സമ്പന്നമായ അനേകം ചടങ്ങുകളിലൂടെയാണ് രക്തചാമുണ്ഡിത്തെയ്യത്തിന്റെ ഉറഞ്ഞാട്ടം. അവതാര മഹിമയും നിര്‍വ്വഹിച്ച വീരകൃത്യങ്ങളും ഭക്താനുഗ്രഹങ്ങളുമെല്ലാം ഈ തെയ്യച്ചടങ്ങുകളുടെ ഭാഗമാണ്. ഒന്നിനുപിറകെ ഒന്നായി നിരവധി കലാശങ്ങള്‍ കാവുമുറ്റത്ത് രക്തചാമുണ്ഡി നടത്തും. കോമരത്തോടൊപ്പമുള്ള തെയ്യത്തിന്റെ കൂടിയാട്ടവും കാണാം. സാധാരണയായി മലയ സമുദായക്കരാണ് രക്തചാമുണ്ഡിയുടെ കോലധാരികള്‍. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മലയരെക്കൂടാതെ വണ്ണാൻ, പുലയൻ, പാണന്‍, മുന്നൂറ്റാന്‍ എന്നീ സമുദായങ്ങളും രക്തചാമുണ്ഡിയെ കെട്ടിയാടുന്നു. 

രൂപവും മുഖത്തെഴുത്തും
മലയ സമുദായക്കാര്‍ കെട്ടിയാടുന്ന രക്തചാമുണ്ഡിക്ക് മടയില്‍ചാമുണ്ഡിയുടേതിന് സമാനമായ തിരുമുടിയും മെയ്ച്ചമയങ്ങളുമാണ്.  തേപ്പും കുറിയുമാണ് മുഖത്തെഴുത്ത്. പിലാത്തറ മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളില്‍ പ്രാക്കെഴുത്തും കാണാം. പുറത്തട്ടാണ് മുടി. അരയില്‍ ഒലിയുടുപ്പാണ് പതിവ്. എന്നാല്‍ ചില വിശേഷ സാഹചര്യങ്ങളില്‍ വെളുമ്പൻ ഉടുപ്പും ഉപയോഗിക്കും. കുരുത്തോല മുറിച്ച് കമനീയമായി തുന്നിച്ചേര്‍ത്ത പുറത്താട്ടുമുടിയില്‍ മയില്‍പ്പീലിത്തഴയും ചന്ദ്രക്കലകളും വെള്ളിയില്‍ തീര്‍ത്ത മിന്നികളും പട്ടുവസ്ത്രവും ഇണക്കിച്ചേര്‍ത്തിരിക്കും. ശിരോലങ്കാരമായ തലമല്ലികയും അതിനു താഴെ തലത്തണ്ടയോടൊപ്പം കമനീയമായ വെള്ളിപ്പൂക്കളും. വെള്ളിത്തൂക്കു കാതും കഴുത്തില്‍ക്കെട്ടും മാറും വയറും മറക്കും വിധമുള്ള മാറും മുലയും (മൂലാറ്) രക്തചാമുണ്ഡി തെയ്യത്തിനുണ്ടാകും. അരയില്‍ ചോരച്ചുറ്റ് ഉടയാടയും കയ്യില്‍ കടകവും കാലില്‍ പറ്റുംപാടകം, മണിക്കയല്‍ വെള്ളോട്ടു ചിലമ്പുകള്‍ എന്നിവയും ധരിച്ചിരിക്കും. പുലരുന്ന നേരത്ത് കെട്ടിയിറങ്ങുന്ന രക്തചാമുണ്ഡിക്ക് തലേദിവസം രാത്രി ഇളംകോലമായ തോറ്റമുണ്ടാകും. മറ്റു മലയക്കോലങ്ങളുടെ ഇളങ്കോലങ്ങള്‍ക്കൊപ്പമോ ഒറ്റയ്‌ക്കോ രക്തചാമുണ്ഡിയുടെ തോറ്റം അരങ്ങേറും.

ഉഗ്രകോപം വമിക്കുന്ന കരിമഷിക്കണ്ണും അരയിൽ കുരുത്തോലയുടുപ്പും നഗത്താന്മാർ ഇഴപിരിഞ്ഞാടുന്ന മടിത്തട്ടും വലിയ മാറും മയിൽ‌പ്പീലി ഞൊറിയിട്ട് കുരുത്തോല അരുതുന്നിയ അനേകം ചന്ദ്രക്കലകൾ മിന്നിതിളങ്ങുന്ന വട്ട തിരുമുടിയുമണിഞ്ഞ്, അസുര വാദ്യത്തിന്റെ അകമ്പടിയിലുള്ള രക്തചാമുണ്ഡിയമ്മയുടെ പുറപ്പാട് കണ്ടുനില്‍ക്കുന്ന ഏതൊരാളിലും സംഭ്രമം ജനിപ്പിക്കും. രക്തം കുടിച്ചുകുടിച്ച് കുന്നിക്കുരു ശോഭയാർന്നൊരു വരവാണ് അക്ഷരാര്‍ത്ഥത്തില്‍ അത്.  ദേവിയെ വന്ദിച്ചുകൊണ്ടുള്ള പൂരക്കളിയിലെ ഒരു വന്ദന ശ്ലോകം ഇങ്ങനെ

"രക്തബീജനോടെതൃത്തു പണ്ടു ഹരശക്തി
പോൽ പൊഴിയുമന്തരെ
ശക്തിതന്നിലുളവായ ദേവി
ബഹു രക്തപാന കുതുകേ തൊഴാം.
ഭക്തലോക പരിരക്ഷണത്തിനുളവായ
ഭൈരവി മഹേശ്വരി
അരുണ കിരണ വർണ്ണയെ
രക്തബീജാ സുരഘ്‌നേ
കരിവര മൃദുയാനേ
രക്ത മാല്യാദി ഭൂഷേ
നിരവധി ഗുണദായി
ന്യംബികേ രക്തപാന-
പ്രമുദിതഹൃദയേഹം
ഭാവയേത്വൻ പദാബ്‌ജം"

രക്തചാമുണ്ഡിയമ്മ വീഡിയോ കാണാം

ഇനിയും തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!

പുഴകടന്ന് അംബുജാക്ഷി താഴെക്കാവിലെത്തി, ദേവക്കൂത്ത് നാളെ

മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!

കത്തിക്കരിഞ്ഞൊരു കര്‍ഷകൻ തെയ്യമായി പുനര്‍ജ്ജനിച്ച കഥ!

തെയ്യപ്രപഞ്ചത്തിലെ ഏക പെണ്ണുടല്‍, ഇതാ വള്ളിയമ്മയും ദേവക്കൂത്തും!

click me!