കത്തിക്കരിഞ്ഞൊരു കര്‍ഷകൻ തെയ്യമായി പുനര്‍ജ്ജനിച്ച കഥ!

By Prashobh Prasannan  |  First Published Dec 30, 2022, 10:29 PM IST

മാറിൽ രണ്ടു നാഗങ്ങളുമായി കത്തിക്കരിഞ്ഞു കിടക്കുന്ന മനുഷ്യരൂപം കണ്ടു ആദിതീയ്യൻ. തൻറെ പിൻകാലുകൊണ്ട്‌ വെണ്ണീരിൽ അടിച്ചു തീയ്യരുടെ തൊണ്ടച്ചൻ . പൊന്‍വില്ല് നീട്ടി വെണ്ണീരില്‍ തൊട്ടു കുലവൻ. അതോടെ വെണ്ണീരിന്ന് ജീവൻ വച്ചു.

ഇതാ കണ്ടനാര്‍ കേളൻ തെയ്യക്കോലത്തിന്‍റെ കഥ


തകതകതകതകതകതകതകതകതക..
തകതകതകതകതകതകതകതകതകാാാാ..

മുറുകുന്ന തോറ്റത്തിനും ചെണ്ടത്താളത്തിനുമൊപ്പം ഉയര്‍ന്നു പൊങ്ങുന്നൊരു ശബ്‍ദം. കനലാടികളുടെ തൊണ്ട പൊട്ടുന്ന ഒച്ച. അതൊരു പ്രത്യേകതരം ശബ്‍ദമാണ്. അതുകേട്ടു നിന്നപ്പോള്‍ നെഞ്ചില്‍ ആദ്യം തെളിഞ്ഞതൊരു പൂമ്പുനം. മുക്കുറ്റികാട്, മുവരുക്കുന്ന്, നല്ലതേങ്ങ , കരിമ്പനക്കാട് എന്നീ നാലുകാടുകള്‍. ഈ നാലുകാടുകളും ചേര്‍ന്ന വയനാടൻ പൂമ്പുനം. മാനും നരികളും മലാനും മയിലുകളുമൊക്കെ ഓടിത്തിമര്‍ക്കുന്ന പൂമ്പുനം. മുക്കുറ്റിക്കാട്ടിലെ പുല്‍ത്തകിടിയില്‍ അതാ കൈകാലിട്ടടിച്ചു കിടക്കുന്നൊരു ഓമനക്കുഞ്ഞൻ. അമ്മയാരെന്നോ അച്ഛനാരെന്നോ അറിയാത്തൊരു കുഞ്ഞിപ്പൈതലൻ.  

Latest Videos

undefined

പിന്നെ നെഞ്ചില്‍ തെളിഞ്ഞത്  ഏഴിമലയുടെ താഴ്‍വാരം. കുന്നരു എന്നൊരു കൊച്ചുഗ്രാമം. മേലടത്തെന്ന തീയ്യ തറവാട്. ചക്കി എന്ന തറവാട്ടമ്മ. നാലുകാടുകള്‍ ചേര്‍ന്ന വയനാട്ടിലെ ആ പൂമ്പുനം ഉള്‍പ്പെടെയുള്ള സ്വത്തിനുടമകള്‍. പക്ഷേ ഭൂപ്രഭുക്കളെങ്കിലും അനപത്യദു:ഖിതയായിരുന്നു പാവം ചക്കിയമ്മ. ഒരിക്കല്‍ ഭൂമി കാണാൻ പൂമ്പനത്തിലേക്കൊരു യാത്ര പോയി ചക്കിയമ്മ. മുക്കുറ്റിക്കാട്ടിലെ ഓമനക്കുഞ്ഞനെ അങ്ങനെ ചക്കിയമ്മയ്ക്ക് കിട്ടി. അവർ അവനു കേളനെന്ന് പേരിട്ടു. സ്വന്തം കുഞ്ഞിനെപ്പോലെ പോറ്റി വളർത്തി. 

കരുത്തനായി വളർന്നു കേളൻ. ബുദ്ധിയും വീര്യവും നേടി കേളൻ. അങ്ങനെ അവനൊരു മികച്ച കര്‍ഷനായി. അവനെറിഞ്ഞ വിത്തൊക്കെ നൂറിരട്ടി പൊലിച്ചു. അവൻറെ അധ്വാനശേഷി ചക്കിയമ്മയുടെ കൃഷിയിടങ്ങളെ പൊലിപ്പിച്ചു. കേളൻറെ മിടുക്കില്‍ കുന്നുരു ദേശം സമ്പൽസമൃദ്ധിയിലായി.   തൻറെ വയനാട്ടിലുള്ള സ്ഥലവും കൃഷിയോഗ്യമാക്കണം. നൂറുമേനി കൊയ്യണം. കേളനെ വിളിച്ചു കാര്യം പറഞ്ഞു ചക്കിയമ്മ. 

നാല് കാടുകൾ ചേർന്ന പൂമ്പുനം വെട്ടിത്തെളിക്കണം. പണിയായുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. വില്ലും ശരങ്ങളും ഒപ്പമെടുത്തു. പൂമ്പുനം തേടി പടിയിറങ്ങും മുമ്പ് വീട്ടിൽ ഉണ്ടായിരുന്ന കളള് മുഴുവൻ കുടിച്ചുതീര്‍ത്തു കേളൻ. യാത്രക്കിടെയില്‍ കുടിക്കാനായി ഒരു കുറ്റി കളള് കയ്യിലും മറ്റൊന്ന് മാറാപ്പിലും കരുതി കേളൻ.  അങ്ങനെ യാത്ര തുടർന്ന കേളൻ പൂമ്പുനത്തിൽ എത്തി. ആദ്യം കള്ളു മോന്തി. പിന്നെ നാലു കാടും വെട്ടിത്തെളിച്ചു. മൂന്നുകാടും പൂര്‍ണ്ണമായും വെട്ടിവെളുപ്പിച്ചു. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ അതാ ഒരൊത്ത നെല്ലിമരം. എന്താണെന്നറിയില്ല, അത് മാത്രം വെട്ടാൻ കയ്യറച്ചു. ബാക്കിയെല്ലാം വെട്ടിക്കൂട്ടി. തുടർന്നു പൂമ്പുനം നാലും തീയിടാൻ തുടങ്ങി കേളൻ. കാടിൻറെ നാലു മൂലയിലും നാലു കോണിലും തീയിട്ടു കേളൻ.  പിന്നെ അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി കേളൻ. 

അങ്ങനെ രണ്ടു കാടുകളിലെ തീ മലകളില്‍ നിന്നും സാഹസികമായി പുറത്തു ചാടി കേളൻ. അതോടെ അവനു രസം കയറി. മൂന്നാം പൂമ്പുനവും ഇതേ രീതിയില്‍ തീയിട്ട് ചാടിക്കടന്നു കേളൻ. ഒടുവില്‍ നെല്ലിമരം നിൽക്കുന്ന നാലാം കാട്ടിലെത്തി കേളൻ. മറ്റ് മൂന്നിടത്തും ചെയ്‍ത പോസെ അക്കാടിനും നാലു മൂലയിലും നാലു കോണിലും തീയിട്ടു. പിറന്ന മണ്ണിന്‍റെ നെഞ്ച് പൊള്ളി. കൈവളരുന്നോ കാല്‍വളരുന്നോ എന്നു നോക്കിപ്പോറ്റിയ പുല്‍നാമ്പുകളുടെ കണ്ണെരിഞ്ഞു. ഇക്കാഴ്‍ച കണ്ടാവണം ആദ്യം അഗ്നി കോപിച്ചു, പിന്നെ വായുവും. പിന്നത്തെ കാര്യം പറയാനുണ്ടോ? അതാ എട്ടു ദിക്കിൽ നിന്നും ആളിപ്പടരുന്നു തീക്കടല്‍. തനിക്ക് ചാടിക്കടക്കാവുന്നതിലും ഉയരത്തിലാണ് തീ എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു കേളൻ. തലയിലെ ലഹരിയിറങ്ങി. നെഞ്ചില്‍ ഭയം കുടുങ്ങി. 

ഇനി ആ നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്നു കണ്ടു കേളൻ. അതിനു മുകളിലേക്ക് ഓടിക്കയറി കേളൻ. ആ നെല്ലിമരത്തിനു മുകളില്‍ രണ്ട് നാഗങ്ങള്‍ താമസിച്ചിരുന്നു. കാളിയെന്നും കരാളിയെന്നും പേരായ രണ്ടു കരിനാഗങ്ങൾ. കൊടും ചൂടില്‍ മരണഭയത്തോടെ നെല്ലിത്തുമ്പിലിരിക്കുകയായിരുന്നു ആ സമയം ഇരു നാഗങ്ങളും. മരത്തിലേക്ക് വലിഞ്ഞു കയറി വരുന്ന മനുഷ്യനെ കണ്ടു നാഗങ്ങള്‍. അതോടെ അവന്‍റെ ദേഹത്തേക്കവര്‍ പാഞ്ഞുകയറി. അമ്മയെ വിളിച്ച് അലറിക്കരഞ്ഞു കേളൻ. കേളൻറെ ഇടതു മാറിലും വലതു മാറിലും ആഞ്ഞു കൊത്തി നാഗങ്ങൾ. കേളനും നാഗങ്ങളും അഗ്നിയിലേക്ക് മയങ്ങി വീണു. അവരെ അഗ്നി വിഴുങ്ങി. നിമിഷങ്ങള്‍ക്കകം ചാരമായിത്തീർന്നു മൂവരും.

അന്നേരം നായാട്ടുകഴിഞ്ഞു അതുവഴി വന്നൊരു രൂപം. വാര്‍ദ്ധക്യാകൃതി പൂണ്ടവൻ, വയനാട്ടുകോട്ടസ്ഥിതൻ. മറ്റാരുമല്ലവൻ, ശിവന്‍റെ പൊന്മകൻ. ആദിതീയ്യൻ വയനാട്ടുകുലവൻ. മാറിൽ രണ്ടു നാഗങ്ങളുമായി കത്തിക്കരിഞ്ഞു കിടക്കുന്ന മനുഷ്യരൂപം കണ്ടു ആദിതീയ്യൻ. തൻറെ പിൻകാലുകൊണ്ട്‌ വെണ്ണീരിൽ അടിച്ചു  തീയ്യരുടെ തൊണ്ടച്ചൻ . പൊന്‍വില്ല് നീട്ടി വെണ്ണീരില്‍ തൊട്ടു കുലവൻ. അതോടെ വെണ്ണീരിന്ന് ജീവൻ വച്ചു. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജ്ജനിച്ചു കേളൻ. തൊണ്ടച്ചന്‍റെ പിൻകാലു പിടിച്ചെഴുന്നേറ്റു കേളൻ. തൻറെ ഇടതുഭാഗത്ത്‌ ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്ത് കേളനോട് വയനാട്ടുകുലവൻ ഇങ്ങനെ പറഞ്ഞു: 

"ഞാൻ കണ്ടത് കൊണ്ടിനി നീ കണ്ടനാർ കേളൻ എന്നറിയപ്പെടും.." 

കുലവന്‍റെ പാദസ്‍പര്‍ശനമേറ്റ കേളങ്ങനെ ദൈവക്കരുവായി മാറി.  

"കണ്ടനേര മതിദിവ്യനും
കാര്‍മ്മുകാഗ്രമതുകൊണ്ടുകായ-
ചാമ്പലും തട്ടിനോക്കിനാൻ
അന്നു കണ്ടതുകൊണ്ട് കണ്ടനാര്‍-
കേളനെന്നഥനാമവും.." 

എന്ന് തോറ്റം

കേളന്‍റെ ദുര്‍മരണത്തിന് ഇനിയും പാഠഭേദമുണ്ട്. ഒരു സ്‍തുതിയില്‍,

"കാലിയും മേയ്‍ച്ചു വനത്തില്‍ നടക്കുമ്പോള്‍
ആലിൻ തണല്‍ കണ്ടിട്ടിരുന്നാനേ പൊന്മകൻ
ആക്കം പെരുതായടിച്ച കാറ്റിന്
ആല്‍ക്കൊമ്പുപൊട്ടിമരിച്ചാനല്ലോ കേളൻ.."

എന്നാണ് കേളന്‍റെ മരണകഥ മാറ്റിച്ചൊല്ലുന്ന ഈ പാട്ട്.  

ഇനിയൊരു കഥയില്‍ മേലേടത്ത് ചക്കിയില്ല. പകരം ചോരയില്‍ കണ്ടറ് തമ്മപ്പനും ചോരയൻ പൊന്നണിനായര്‍ തമ്മരവിയമ്മയുമാണ് കേളന്‍റെ മാതാപിതാക്കള്‍. തോറ്റത്തിലെ ചില വരികള്‍ ഇങ്ങനെ

"വരികവരിക വേണം കണ്ടനാർകേളൻ ദൈവം
ചേരയൻ കണ്ടറ് തമ്മപ്പൻ
ചേരയൻ പൊന്നണിനായർ തമ്മരവിയമ്മയും
അകമലവാഴുന്ന പുറവേട്ടുവരും
പുറമലവാഴുന്ന പുറവേട്ടുവരും
പുടമലവാഴുന്ന കണ്ടച്ചനമ്പിയാരും
ഉധിരശാമുണ്ഡിയാരെ മധുവനവും
കണ്ടടക്കിക്കൊണ്ടു വരുവൊരു
കണ്ടനാർകേളൻ ദൈവം.."

മക്കളില്ലാത്തെ ദു:ഖിച്ച ദമ്പതികള്‍ക്ക് ഉതിരചാമുണ്ഡി കനിഞ്ഞുനല്‍കിയ ഓമനപ്പുത്രനായിരുന്നത്രെ കേളൻ. ഉതിരചാമുണ്ഡിയാര്‍ മധുവനത്തില്‍ച്ചെന്ന് തമ്മരിവിയമ്മ നാല്‍പ്പതുനാള്‍ വരമിരുന്നു. അപ്പോള്‍ വിഷ്‍ണുവിന്‍റെ സങ്കല്‍പ്പത്തിലുള്ള ദേവതയായ ഉതിരചാമുണ്ഡിയാര്‍ പ്രത്യക്ഷമായി വരം നല്‍കുന്നു. അങ്ങനെയുണ്ടായ പൊന്മകനാണ് പില്‍ക്കാലത്ത് പൂമ്പുനത്തിലെ തീയില്‍ എരിഞ്ഞുയര്‍ന്ന കേളന്‍. 

തകതകതകതകതകതകതകതകതക..
തകതകതകതകതകതകതകതകതകാാാാ..

വീണ്ടും കനലാടികളുടെ ശബ്‍ദം മുഴങ്ങി. ചിന്തകള്‍ ഞെട്ടി. അതാ കേളൻ ഉറഞ്ഞു തുടങ്ങുന്നു. ചാടിയുമോടിയും അതാ തീക്കുമ്പാരത്തിലേക്ക് കേറുന്നു കേളൻ. ഉലര്‍ന്നുകത്തുന്ന ചൂട്ടുമലയുടെ മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പായുന്നു കേളൻ. തീയെ ചവട്ടിത്തെറിപ്പിക്കുന്നു കേളൻ. വടി കൊണ്ട് കുത്തിയിളക്കി കനലുകളെ നാലുപാടും കോരിയെറിയുന്നു കേളൻ. 

ആ മനസില്‍ എന്തൊക്കെയാകാം ഈ സമയം? കൈകാലിട്ടടിച്ചു കരഞ്ഞുവളര്‍ന്ന പൂമ്പുനമെന്ന ഗര്‍ഭപാത്രം. അമ്മയുടെ കയ്യിലെ തണുപ്പ്. കണ്ണിലെ നനവ്. നെഞ്ചിലെ മധുരം. നഷ്‍ടമായ പറുദീസ!

“പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ
കരുവേല മൂർഖൻ  വന്ന്  മാറിൽ കടിച്ചു
വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലും നേരം 
മറ്റാരുമില്ല സഖേയെനിക്ക്
കണ്ടുടൻ  മേലേടത്തമ്മയപ്പോൾ
വാഴ്‍ക നീ വളർക നീ കണ്ടനാർ കേളാ.."


 

ഇനിയും തെയ്യം കഥകള്‍ കേള്‍ക്കണോ? ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

 

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!

മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!

click me!