കാസര്‍കോട് ജില്ലയിലെ പിലിക്കോട്ടെ രയരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ വിഷ്‍ണുമൂര്‍ത്തിക്ക് മറ്റൊരു കാവിലും ഇല്ലാത്ത ചില പ്രത്യേകതകളുണ്ട്. അതെന്തെന്നല്ലേ?
ചുട്ടുപൊള്ളുന്ന കനല്‍ക്കൂമ്പാരത്തില്‍ പലതവണ ചാടും. നെഞ്ചുതല്ലിയും നടുതല്ലി വീണുമൊക്കെ കനലില്‍ ആറാടും. തെയ്യപ്രപഞ്ചത്തിലെ വൈഷ്‍ണവാംശമായ വിഷ്‍ണുമൂര്‍ത്തി അഥവാ ഒറ്റക്കോലത്തെ അറിയാത്തവരുണ്ടാകില്ല. അത്യുത്തര കേരളത്തിലെ തെയ്യക്കാവുകളിലെ സജീവ സാന്നിധ്യമാണ് വിഷ്‍ണുമൂര്‍ത്തി. ഒറ്റക്കോലമെന്നും തീച്ചാമുണ്ഡിയെന്നുമൊക്കെ അറിയപ്പെടുന്നു വിഷ്‍ണുമൂര്‍ത്തിക്കോലം. എന്നാല്‍ കാസര്‍കോട് ജില്ലയിലെ പിലിക്കോട്ടെ രയരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ വിഷ്‍ണുമൂര്‍ത്തിക്ക് മറ്റൊരു കാവിലും ഇല്ലാത്ത ചില പ്രത്യേകതകളുണ്ട്. അതെന്തെന്നല്ലേ?
മേലേരിയില്‍ ആറാടിയ ശേഷം ഈ വിഷ്‍ണുമൂര്‍ത്തി ഒരൊറ്റ നടപ്പ് നടക്കും. വയലും റെയില്‍വേ ട്രാക്കുമൊക്കെ മുറിച്ചുകടന്ന് കിലോമീറ്ററുകളോളം ദൂരേക്ക് നീളും ഈ നടത്തം. അങ്ങകലെയുള്ള ഒരു കുന്നാണ് ലക്ഷ്യം. ആ കുന്നിന്‍റെ പേര് വീതുകുന്ന്. രൌദ്രഭാവത്തിലാണ് യാത്ര. നടപ്പ് കുന്നിന് തൊട്ടുതാഴെ എത്തുമ്പോള്‍ വിഷ്‍ണുമൂര്‍ത്തിയുടെ മുഖം കൂടുതല്‍ രൌദ്രമാകും. പിന്നെ കുന്നിന്മേലക്ക് ഓടിയൊരു കയറ്റമാണ്. പിന്നെ ഉറഞ്ഞാടും. ആ ചടുലതാണ്ഡവത്തില്‍ ആരുമൊന്ന് ഭയക്കും.
undefined
മലയ സമുദായക്കാര്‍ കെട്ടിയാടുന്ന വിഷ്‍ണുമൂര്‍ത്തി തെയ്യത്തിന്‍റെ പിറവി മഹാവിഷ്‍ണുവിന്‍റെ നരസിംഹാവതാര കഥയുമായും അള്ളടനാട്ടിലെ പാലന്തായി കണ്ണന്‍ എന്ന തീയ്യയുവാവിന്‍റെ ദാരുണമായ കൊലപാതക കഥകളുമായും ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ ആ കഥകള്‍ പിന്നെ കേള്‍ക്കാം. പിലിക്കോട്ടെ വിഷ്‍ണുമൂര്‍ത്തിയുടെ നടത്തത്തിന്‍റെ കഥയും രണ്ടുക്ഷേത്രങ്ങളിലായി നടക്കുന്ന അപൂര്‍വ്വ ചടങ്ങിനെക്കുറിച്ചും അറിയാം. ഒരുക്ഷേത്രത്തിലെ അരങ്ങിലെത്തുന്ന വിഷ്‍ണുമൂര്‍ത്തി തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത് മറ്റൊരു പ്രദേശത്തെ കുന്നിന്‍മുകളിലെ ക്ഷേത്രത്തിലാണ്. കാല്‍നടയായിട്ടാണ് ഇരുക്ഷേത്രങ്ങളും തമ്മിലുളള ചെറുതല്ലാത്ത ദൂരം തെയ്യം പിന്നിടുന്നത്. വീതുകുന്നിലേക്ക് വിഷ്‍ണുമൂര്‍ത്തി തെയ്യം എത്തിയതിന് പിന്നിലെ കഥ കേള്‍ക്കാം.
പിലിക്കോട് ദേശത്തിന്‍റെ അധിപയാണ് സാക്ഷാല്‍ രയരമംഗലത്ത് ഭഗവതി. 'പരദേവതമൂവര്‍' എന്നറിയപ്പെടുന്ന മൂന്നു ദൈവങ്ങള്‍ രയരമംഗലത്തമ്മയുടെ ഇടംവലം ചേര്‍ന്നുവാഴുന്നു. അങ്കക്കുളങ്ങര ഭഗവതി, വിഷ്‍ണുമൂര്‍ത്തി, രക്തചാമുണ്ഡി എന്നിവരാണ് 'പരദേവതമൂവര്‍'. രയരമംഗലത്തമ്മയുടെ വടക്കേ നടയാണ് വടക്കേംവാതില്‍. ക്ഷേത്രത്തിന്‍റെ പരിസരപ്രദേശമാണ് ഇന്ന് വീതുകുന്ന് എന്നറിയപ്പെടുന്ന മലമ്പ്രദേശം. പണ്ട് ഈ കുന്നില്‍ മുകളില്‍ ഒരു യോഗിവര്യന്‍ പടിഞ്ഞാറ് അറബിക്കടല്‍ ദര്‍ശനമായി ദേശാധിപയായ രയരമംഗലത്തമ്മയെ ധ്യാനിച്ച് തപസ് ചെയ്‍തിരുന്നു. ഇക്കാലത്താണ് അല്ലോഹലന്‍ എന്ന അസുരന്‍ ഈ പ്രദേശം കീഴടക്കുന്നത്. അതോടെ സന്യാസിവര്യന്‍റെ കഷ്‍ടകാലവും തുടങ്ങി, തപസ് മുടങ്ങുന്നത് പതിവായി.
സഹികെട്ട യോഗി തന്റെ സങ്കടം രയമംഗലത്തമയോട് ഉണത്തിച്ചു. സന്യാസിയുടെ കണ്ണീരുകണ്ടലിഞ്ഞ രയരമംഗലത്തമ്മ തന്‍റെ വടക്കേനടയില്‍ സ്ഥാനമുറപ്പിച്ച വിഷ്‍ണുമൂര്‍ത്തിയോട് പറഞ്ഞു:
"കുന്നിന്‍ മുകളില്‍ ചെല്ലണം.. ആ അസുരനെ തുരത്തണം.."
നല്ലമ്മയുടെ ആജ്ഞ കേട്ട വിഷ്‍ണുമൂര്‍ത്തി പിന്നെ ഒട്ടുമാലോചിച്ചില്ല. കുന്നിന്‍ മുകളിലേക്ക് പാഞ്ഞുകയറി. അസുരനെ ചവിട്ടിപ്പുറത്താക്കി. അലോഹലനെ പുറത്താക്കിയ ശേഷം രൗദ്രത വെടിഞ്ഞ് ശാന്തനായ വിഷ്‍ണുമൂര്‍ത്തി കുന്നിന്റെയും പ്രദേശത്തിന്റെയും വശ്യമനോഹാരിതയില്‍ ആകൃഷ്‍ടനായി. അങ്ങനെ ആ സ്ഥാനം മുന്‍പേതുവായി അവിടെ നിലകൊണ്ടുവെന്നും പിന്നീട് വറക്കോടന്‍ മണിയാണി ആ ചൈതന്യത്തെ കണ്ടെത്തിയെന്നും നീരും നിലവും കൊടുത്ത് ആരാധിച്ച് പോന്നുവെന്നുമാണ് വാമൊഴി. ഇങ്ങനെയാണ് വടക്കേംവാതിലില്‍ നിന്ന് വിഷ്‍ണുമൂര്‍ത്തി വീത് കുന്നില്‍ എത്തിയത് എന്നാണ് ഐതീഹ്യം.
ഗുരു തപസനുഷ്‍ഠിച്ച സ്ഥലം വീത്കുന്നില്‍ പ്രത്യേകമായി പ്രധാന പള്ളിയറയ്ക്ക് തെക്ക് ഭാഗത്തായി ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. ഈ പുരാവൃത്തത്തെ അനുസ്‍മരിപ്പിക്കുന്നതാണ് ഇന്നും കാല്‍നടയായുള്ള വിഷ്‍ണുമൂര്‍ത്തിയുടെ യാത്രയും വീതുകന്ന് കയറ്റവും. കുന്നിനും ക്ഷേത്രത്തിനും ഇടയിലൂടെ ഇന്ത്യൻ റെയില്‍വേ റെയില്‍പ്പാത സ്ഥാപിച്ചെങ്കിലും ആ യാത്രയ്ക്ക് മുടക്കമൊന്നും വന്നിട്ടില്ലെന്ന് ചുരുക്കം. അഗ്നിപ്രവേശം ചെയ്യുന്ന ഒറ്റക്കോലം തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി രൂപത്തിലേക്ക് മാറുന്നതും രാവിലെ അരങ്ങിലെത്തി രാത്രി വൈകുവോളം ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. മാത്രമല്ല രണ്ട് ക്ഷേത്രങ്ങളിലായി ചടങ്ങ് പൂര്‍ത്തീകരിക്കുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്നതും ശ്രദ്ധേയം.
തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!
നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!
കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!
ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!
തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!
ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!