മണവാട്ടിമഴ, വെളിച്ചപ്പാട് മഴ, പൂരമഴ, അമ്മമഴ, കാമുകമഴ; കാലാവസ്ഥാ മാറ്റം മായ്ച്ചുകളഞ്ഞ നമ്മുടെ മഴക്കാലങ്ങള്‍!

By Web Team  |  First Published Jun 5, 2024, 5:48 PM IST

പിന്നീടെപ്പോഴോ  കാലാവസ്ഥാവ്യതിയാനം വന്നു. കാര്‍മേഘങ്ങള്‍ കാലംതെറ്റിപ്പെയ്തു, വരള്‍ച്ചയും വെള്ളപ്പൊക്കവും മാറിമാറി നമ്മെ പരീക്ഷിച്ചു. വേനലിലെ കൊടും ചൂടില്‍ വിയര്‍ത്തിരുന്ന്, ഇനിയും പെയ്യാത്ത മഴമേഘങ്ങളെയും,  ഒറ്റപ്പെയ്ത്തിന് സര്‍വ്വതും മുക്കിക്കളയുന്ന മഴയത്തിരുന്ന് കാലവര്‍ഷത്തെയും മലയാളി സമയാസമയം ശപിക്കാന്‍ തുടങ്ങി. 


കര്‍ക്കടകത്തിലെ മഴ വെളിച്ചപ്പാടിനെ ഓര്‍മിപ്പിക്കും. പല താളത്തില്‍, പല രാഗത്തില്‍ ഉറഞ്ഞു തുള്ളും. നെറുകയില്‍ ഉടവാള് കൊണ്ടു വെട്ടി ചോര ചീറ്റും. മാസം മുഴുവന്‍ തോരാത്ത മഴയില്‍ ആവോളം വെള്ളം കുടിച്ച ഭൂമി തനിക്ക് താങ്ങാന്‍ പറ്റാത്ത നിലയില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ പ്രതികരിച്ചുപോവും

Latest Videos

undefined

മഴ പെയ്യുന്നത് മണ്ണിലാണെങ്കിലും അത് പെയ്ത് തിമിര്‍ക്കുന്നത് മനസ്സില്‍ കൂടിയാണ്. അതിനാലാവണം എല്ലാകാലത്തും മലയാളികള്‍ മഴയെ ജീവിതതാളത്തിനൊപ്പം ചേര്‍ത്തുപിടിച്ചത്. 

മഴയുടെ വരവും പോക്കുമെല്ലാം മാസവും ദിവസവും തെറ്റാതെ കണക്കുകൂട്ടി കൃഷിയിറക്കിയ കാലത്തിന്റെ ജൈവഘടികാരവും ജീവതാളവും കാര്‍ഷിക സംസ്‌കാരവും നമുക്കുണ്ടായിരുന്നു. പിന്നീടെപ്പോഴോ  കാലാവസ്ഥാവ്യതിയാനം വന്നു. കാര്‍മേഘങ്ങള്‍ കാലംതെറ്റിപ്പെയ്തു, വരള്‍ച്ചയും വെള്ളപ്പൊക്കവും മാറിമാറി നമ്മെ പരീക്ഷിച്ചു. വേനലിലെ കൊടും ചൂടില്‍ വിയര്‍ത്തിരുന്ന്, ഇനിയും പെയ്യാത്ത മഴമേഘങ്ങളെയും,  ഒറ്റപ്പെയ്ത്തിന് സര്‍വ്വതും മുക്കിക്കളയുന്ന മഴയത്തിരുന്ന് കാലവര്‍ഷത്തെയും മലയാളി സമയാസമയം ശപിക്കാന്‍ തുടങ്ങി. 

കാലവര്‍ഷവും കാലാവസ്ഥയും എന്നുമിതുപോലെയുണ്ടാവും എന്ന വിശ്വാസങ്ങള്‍ കൂടെയാണ് മഴയുടെ വെറികള്‍ മായ്ച്ചുകളയുന്നത്. സാമൂതിരി പണ്ട് പറഞ്ഞ പ്രശസ്തമായ ആ ഉദ്ധരണി ഓര്‍മ്മയില്ലേ. പറങ്കികള്‍ നമ്മുടെ വെറ്റിലക്കൊടി കളൊക്കെ കടത്തിക്കൊണ്ട് പോവുന്നു എന്നാരോ പരാതി പറഞ്ഞപ്പോള്‍ സാമൂതിരി പറഞ്ഞ വാചകങ്ങള്‍. 'അവര്‍ക്ക് നമ്മുടെ വെറ്റിലയും, കുരുമുളകുമല്ലേ കൊണ്ടുപോവാന്‍ പറ്റുള്ളൂ,  തിരുവാതിര ഞാറ്റുവേല കൊണ്ടുപോവാന്‍ കഴിയില്ലല്ലോ!' ഈ വിശ്വാസവും പഴഞ്ചൊല്ലായി വളര്‍ന്ന പഴമ്പറച്ചിലുമാണ് കാലാവസ്ഥാ വ്യതിയാനം അപ്പാടെ തൂത്തുകളഞ്ഞത്. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മലയാളിയുടെ മനസ്സിലെ മഴക്കാലം അതുപോലെ തന്നെയുണ്ട്. ഗൃഹാതുരത്വത്തിന്റെ നനഞ്ഞ ഏടുകളില്‍ മഴവില്‍ക്കവിതകള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ഓര്‍മകളില്‍ പഴയ മഴക്കാലങ്ങള്‍ നിന്നുപെയ്യുന്നുണ്ട്. ആ മഴച്ചില്ലകളില്‍ നമ്മുടെ ജീവിതങ്ങളെയും കാര്‍ഷിക സംസ്‌കാരത്തെയും നിര്‍ണയിച്ച ഋതുക്കളും മാസങ്ങളും മായാതെ കിടപ്പുണ്ട്. 

ഇളം ചുണ്ടിലെ ആദ്യ മുലപ്പാല്‍ 

വേനലിലെ ആദ്യത്തെ മഴ. ദാഹിച്ചു വലഞ്ഞു വരണ്ടുണങ്ങിയ മണ്ണില്‍ വീഴുന്ന ആദ്യമഴത്തുള്ളികള്‍. പെറ്റു വീണ ഇളം പൈതലിന്റെ ചുണ്ടിലിറ്റിക്കുന്ന അമ്മയുടെ ആദ്യത്തെ മുലപ്പാല്‍ പോലെയാണത്. തുള്ളി വെള്ളം കുടിക്കാതെ ഉപവസിച്ച ശേഷം തൊണ്ടയില്‍ വീഴുന്ന ദാഹജലം  പോലൊന്ന്. മണ്ണിനെയും മനസ്സിനെയും അത് ഒരുപോലെ തണുപ്പിക്കുന്നു. ചുട്ടുപഴുത്ത ഭൂമി തന്റെ ആയിരം കൈകളും നീട്ടി ആ മഴയെ ആലിംഗനം ചെയ്യുന്നു. വരണ്ട നാവുനീട്ടി ആ ദാഹജലം മുഴുവന്‍ കുടിച്ചു വറ്റിക്കുന്നു. 

രൗദ്രരൂപം പൂണ്ട കാളിയെ പോലാണ് വേനല്‍മഴ  ചിലപ്പോഴൊക്കെ അത് മുന്നില്‍ കാണുന്നതെന്തും തട്ടിത്തെറിപ്പിച്ച് മുന്നേറും. മിന്നല്‍ തീയാളുന്ന സഹസ്രനയനങ്ങളോടെ, ഇടിവെട്ടോട്ടെ. മറ്റുചിലപ്പോള്‍ ജഡാ ഭാരം അഴിച്ചുലച്ച് താണ്ഡവമാടുന്ന കാളിയെപ്പോലെ വന്‍ മരങ്ങളെ അവള്‍ അഴിച്ചുവെക്കും. ആദ്യദാഹം തീര്‍ന്ന ഭൂമി ഇതെപ്പോള്‍ തീരും എന്നറിയാതെ ആ താണ്ഡവം നോക്കി നില്‍ക്കും. എങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ ആ ആസുര നൃത്തം പതിയെ ശമിക്കും.

ഭൂമിയുടെ രഹസ്യകാമുകന്‍

പിന്നെ വരും ഇടവപ്പാതി. വേനല്‍ചൂട് മുഴുവനായി മാറിയിട്ടുണ്ടാവില്ല. എങ്കിലും  ഇടവത്തിന്റെ പകുതിയില്‍ കള്ളനെപ്പോലെ വരുമത്. ഭൂമിയുടെ കാമുകനെപ്പോലെ. പുതുമഴയില്‍ പുളകമണിഞ്ഞ ഭൂമി തന്റെ ഗര്‍ഭത്തില്‍ ഒളിപ്പിച്ച ജീവന്റെ തുടിപ്പുകളെ മണ്ണിന്റെ മടിത്തട്ടിലേക്ക് പകര്‍ന്ന് തുടങ്ങും. പച്ചപ്പുല്‍നാമ്പുകളായി, മഴത്തുമ്പികളായി, അനേകായിരം പുഴുക്കളും കീടങ്ങളുമായി, സുഗന്ധം വമിക്കുന്ന കുഞ്ഞുപൂക്കളായി അവയെല്ലാം പുറത്തേക്ക് തലനീട്ടും. ആ കാഴ്ച കണ്ട് ജീവജാലങ്ങള്‍ ആനന്ദനൃത്തം ചവിട്ടും. മഴയില്‍ മുങ്ങിക്കുളിച്ച് വൃക്ഷലതാദികള്‍ ഉന്മാദം കൊള്ളും. ഭൂമിയിലെങ്ങും തെളിനീരുറവകള്‍ പിറക്കും. 


കുസൃതിമഴയത്തെ കുട്ടികള്‍ 

മിഥുനമാസത്തിലെ മഴ പൂതപ്പാട്ടിലെ കുട്ടികളെ പോലെയാണ്. നിനച്ചിരിക്കാത്ത നിമിഷം അതോടിയെത്തും. ചിലപ്പോള്‍ കുറേ നേരം കളിക്കും, മറ്റു ചിലപ്പോള്‍ മുഖം വീര്‍പ്പിച്ച് വന്ന വേഗത്തില്‍ തിരിച്ചോടും. ചിരിക്കും, കരയും. വെയിലും മഴയും കണ്ണുപൊത്തി കളിക്കും. തീരെ പ്രതീക്ഷിക്കാത്ത സമയത്ത്, കുട എടുക്കാതെ പുറത്തേക്ക് ഇറങ്ങിയാല്‍ ഓടിവന്ന് അടിമുടി നനച്ചുകൊണ്ട് ആശ്ലേഷിക്കും.

കര്‍ക്കടകത്തിലെ വെളിച്ചപ്പാട് 

പിന്നെ കണ്ണുംചിമ്മിയെത്തും കള്ളക്കര്‍ക്കടത്തിന്റെ വരവാണ്. കാര്‍ഷിക സംസ്‌കൃതിയില്‍ കര്‍ക്കടകം വറുതിയുടെ കാലമാണ്. അതിവര്‍ഷം കാരണം കൃഷിപ്പണികള്‍ മുടങ്ങും, വിത്തിന് വച്ച അരിയെടുത്ത് കലത്തിലിടേണ്ടി വരും. ഇന്നിപ്പോള്‍ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും സുലഭമായി അരി വരുന്നതു കാരണം ആര്‍ക്കും കൃഷിയില്ല, വിളകളില്ല, വറുതിയില്ല. കര്‍ക്കടകത്തിലെ മഴ വെളിച്ചപ്പാടിനെ ഓര്‍മിപ്പിക്കും. പല താളത്തില്‍, പല രാഗത്തില്‍ ഉറഞ്ഞു തുള്ളും. നെറുകയില്‍ ഉടവാള് കൊണ്ടു വെട്ടി ചോര ചീറ്റും. മാസം മുഴുവന്‍ തോരാത്ത മഴയില്‍ ആവോളം വെള്ളം കുടിച്ച ഭൂമി തനിക്ക് താങ്ങാന്‍ പറ്റാത്ത നിലയില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ പ്രതികരിച്ചുപോവും. സംഹാരരുദ്രയാവും. പിന്നെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചില്‍. മനുഷ്യരെ വിറപ്പിക്കുന്ന കെടുതികള്‍.

ഓണവെയിലിലെ മണവാട്ടി

അതു കഴിഞ്ഞണയും, പൊന്‍വെയിലിന്റെ ലാസ്യഭംഗി. ചിങ്ങം പിറക്കുന്നതോടെ കര്‍ക്കടകത്തില്‍ ഒളിച്ചിരുന്ന സൂര്യന്‍ മെല്ലെ പുറത്തേക്കിറങ്ങും. മണ്ണിന്റെ മാറില്‍ തൂവെളിച്ചം പരക്കും. ഓണക്കാലമാവും. കാര്‍ഷികകേരളത്തിന്റെ ഉത്സവകാലം. ചിങ്ങത്തിലെ ചാറ്റല്‍ മഴ നവോഢയായ  വധുവിനെപ്പോലെയാണ്. മഞ്ഞപ്പട്ടുചേലയുടുത്തു പുഷ്പാലംകൃതയായി നാണിച്ചു മന്ദം മന്ദം നടന്നടുക്കുന്ന സുന്ദരി. അകമ്പടിയായി പൂത്താലമേന്തിയ തരുണികള്‍. രാവിലെ മുതല്‍ അവളുടെ മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന പുഞ്ചിരി, ഉച്ചതിരിഞ്ഞ്  വീട്ടുകാരെ പിരിയാനുള്ള സമയമാവുമ്പഴേക്കും അവളുടെ മുഖം വാടാന്‍ തുടങ്ങും. സന്ധ്യ ആവുമ്പോള്‍ അതൊരു ചിണുങ്ങലും രാത്രിയാവുമ്പോള്‍ തേങ്ങിക്കരച്ചിലുമായി മാറും. നേരം പുലരുന്നതോടെ പുതുമണവാട്ടി സ്മരണകളുടെ വിരിപ്പില്‍നിന്നെഴുന്നേറ്റ് വീണ്ടും പുഞ്ചിരി തൂകിതുടങ്ങും.

അപ്രതീക്ഷിത അതിഥി

കന്നിമാസത്തിലെ മഴ അപ്രതീക്ഷിതമായി എത്തുന്ന അതിഥിയെ പോലെയാണ്. പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ഒരിക്കലുമത് വരില്ല. എന്നാല്‍ നിനച്ചിരിക്കാത്ത നേരത്ത് കടന്നുവരും, ഒന്ന് മുഖം കാണിച്ച് കുശലം പറഞ്ഞശേഷം തിരിച്ചുപോവും. അടുപ്പത്തു വച്ച ചായ തിളക്കാന്‍കൂടി കാക്കില്ല ചിലപ്പോള്‍. മറ്റു ചിലപ്പോള്‍ വിസ്തരിച്ചിരുന്നു ചായയും പലഹാരങ്ങളും ആസ്വദിച്ച് തിരികെ പോവും. തീരെ വിശ്വസിക്കാന്‍ പറ്റത്ത അതിഥി! 

ആകാശലോകങ്ങളില്‍ തുലാപ്പൂരം

ഈ അനിശ്ചിതത്വത്തിന്റെ കാര്‍മുകിലുകള്‍ കാറ്റിന്റെ കൈകളില്‍ തത്തി അപ്രത്യക്ഷമാവുമ്പോഴേക്കും ചവിട്ടിമെതിച്ചുകൊണ്ടെത്തും, തുലാവര്‍ഷം. ഇടിയും മിന്നലും അകമ്പടിസേവിക്കും. മാനത്ത് തൃശ്ശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകള്‍ പ്രകാശം വിതറും. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളുടെ അകമ്പടി. തുലാമഴയ്ക്ക് പലപ്പോഴും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്വഭാവമാണ്. ഒച്ചപ്പാടും ബഹളങ്ങളും കൂടുതല്‍, പക്ഷെ ഒട്ടും കാമ്പില്ല, പെയ്താലായി, ഇല്ലെങ്കിലായി. തുലാമഴയെ വിശ്വസിച്ചു വിത്ത് ഇറക്കാന്‍ ഇരുന്നാല്‍, കര്‍ഷകര്‍ക്ക് പണികിട്ടും. ഇക്കൊല്ലം വിതയ്‌ക്കേണ്ടെന്നു തീരുമാനിച്ചാല്‍, ആ കൊല്ലം  വൃശ്ചികവും കടന്ന് ധനു - മകരം വരെ പെയ്യും.

വേനല്‍മഴയുടെ വിരുന്ന്

തുലാവര്‍ഷം പിശുക്ക് കാണിച്ചാല്‍ വൃശ്ചികം, ധനു, മകര മാസങ്ങള്‍ മഞ്ഞിന്റെ ജലബിന്ദുക്കളായി പുല്‍ക്കൊടിത്തുമ്പുകളില്‍ തിളങ്ങിനില്‍ക്കും. കുംഭമാസം പിറക്കുന്നതോടെ ഭൂമി വീണ്ടും ചുട്ടുപഴുക്കാന്‍ തുടങ്ങും. മീനമാസത്തിലെ സൂര്യന്‍ ഉഗ്രപ്രതാപിയായി മരങ്ങളെയും മനുഷ്യരെയും ഒരുപോലെ പൊള്ളിക്കും. മേടം വരുന്നതു തന്നെ വിഷുവിനെ വരവേറ്റാണ്. പിന്നെയും വീണ്ടും വേനല്‍മഴ. മലയാളത്തിന്റെ മഴപെയ്ത്ത്. 
 

click me!