​ഗോസിപ്പുകളെഴുതി താരങ്ങളുടെ കരിയർ നശിപ്പിച്ചു, സമ്പാദിച്ചത് കോടികൾ, അഭിനേതാക്കളെ വളർത്താനും തളർത്താനുമായവള്‍!

By Web Team  |  First Published Jun 27, 2021, 12:32 PM IST

ഗോസിപ്പുകള്‍ കാരണം തന്നെ അനേകം ശത്രുക്കള്‍ ഹെഡ്ഡയ്ക്കുണ്ടായിരുന്നു. പലരും പല സന്ദര്‍ഭത്തിലും അവളോട് അത് കാണിച്ചിട്ടുമുണ്ട്. 


1930 കൾ... ഹോളിവുഡിന്‍റെ സുവര്‍ണകാലഘട്ടം... അന്ന് ആളുകളുടെ കരിയർ നശിപ്പിച്ചത് പ്രധാനമായും ഗോസിപ്പുകളാണ്. അങ്ങനെ ​ഗോസിപ്പുകളെഴുതുന്നതിലെ പ്രധാനിയാണ് ഹെഡ്ഡ ഹോപ്പര്‍. നടന്മാരുടെയും നടിമാരുടെയും പേടിസ്വപ്നം. നൂറുകണക്കിന് പേരുടെ കരിയറാണ് ​ഗോസിപ്പെഴുതി ഹെഡ്ഡ നശിപ്പിച്ചു കളഞ്ഞത്. ആളുകളെ വളർത്താനും തളർത്താനും കഴിവുണ്ടായിരുന്നു അവൾക്ക്. ​ഗോസിപ്പുകളെഴുതി അവൾ സമ്പാദിച്ചതോ കോടികളും. ഇത് ഹെഡ്ഡയെ കുറിച്ചാണ്. 

Latest Videos

undefined

1885 -ല്‍ പെനിസില്‍വാനിയയില്‍ ജനിച്ച ഹോപ്പറിന്‍റെ അന്നത്തെ പേര് എല്‍ഡ ഫെറി എന്നായിരുന്നു. പതിനെട്ടാമത്തെ വയസായപ്പോഴേക്കും അവള്‍ ജോലി തേടി ബ്രോഡ്‍വേയിലെത്തി. അവിടെ കോറസ് ഗേളായി ജോലി നോക്കവെ നടനായിരുന്ന ഡിവോള്‍ഫ് ഹോപ്പറിനെ വിവാഹം ചെയ്തു. എല്ല, ഇഡ, എഡ്ന, നെല്ല എന്നിവരായിരുന്നു അയാളുടെ ആദ്യ പങ്കാളിമാര്‍. പേരുകളിലെ ആശങ്ക ഒഴിവാക്കാനായി എൽഡ ഒരു ന്യൂമറോളജിസ്റ്റിനെ കണ്ടശേഷം പേര് ഹെഡ്ഡ എന്നാക്കി മാറ്റി. 

1916 -ല്‍ അവള്‍ സിനിമ ചെയ്ത് തുടങ്ങി. രണ്ട് വര്‍ഷത്തിനുശേഷം അവള്‍ വേഷം ചെയ്ത വെര്‍ച്ചസ് വൈവ്സ് അവള്‍ക്ക് ബിഗ് ബ്രേക്കായി. അവളുടെ അഭിനയത്തേക്കാള്‍ അവളുടെ അനേകങ്ങള്‍  വരുന്ന വസ്ത്രങ്ങളും വസ്ത്രധാരണ രീതിയുമാണ് ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിച്ചത്. ആ സമയത്ത് അഭിനേതാക്കള്‍ സ്വന്തമായിട്ടായിരുന്നു കോസ്റ്റ്യൂം വാങ്ങേണ്ടത്. ശമ്പളത്തിലെ വലിയൊരു തുക അവള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി മാറ്റിവച്ചു. നൂറ്റിയമ്പതോളം സിനിമകളിലും ടിവി സീരീസുകളിലും അവള്‍ വേഷമിട്ടു. ഭൂരിഭാഗത്തിലും സൊസൈറ്റി ലേഡിയായിരുന്നു അവള്‍. 

എന്നാല്‍, 1930 -കളുടെ പകുതി ആയതോടെ അവളുടെ കരിയർ താഴ്ന്നു തുടങ്ങി. ആ സമയത്ത് അവള്‍ ഭര്‍ത്താവുമായി പിരിയുകയും ഒരു സിംഗിള്‍ മദറായിത്തീരുകയും ചെയ്തു. വരുമാനം കണ്ടെത്താനുള്ള തെരച്ചിലിലായി പിന്നീടവള്‍. അവള്‍ക്ക് സിനിമാ മേഖലയിലെ എല്ലാത്തരം ഗോസിപ്പുകളും അറിയാമായിരുന്നു. അങ്ങനെ സിനിമയെക്കുറിച്ചെഴുതുന്ന ഒരു ജേണലിസ്റ്റാവാനായി അവളുടെ ശ്രമം. 1935 -ല്‍ അവള്‍ തന്‍റെ ഗോസിപ്പ് കോളം ആരംഭിച്ചു. വെറും മൂവായിരം രൂപയ്ക്ക് എഴുതി തുടങ്ങിയ ഹെഡ്ഡയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. വര്‍ഷത്തില്‍ കോടികള്‍ സമ്പാദിച്ചു തുടങ്ങി ഹെഡ്ഡ. മൂന്ന് കോടിയിലധികം ആളുകളാണ് അവളെ വായിച്ചത്. പ്രശസ്തരെല്ലാം അവളുടെ കോളത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു തുടങ്ങി. 

1939 വരെ കോളത്തിന് പുറമെ സ്വന്തമായി റേഡിയോ ഷോയും നടത്തുന്നുണ്ടായിരുന്നു അവള്‍. ഹെഡ്ഡ സുഹൃത്തുക്കളെ പ്രൊമോട്ട് ചെയ്യുകയും അവളോട് കള്ളം പറയുന്നവരെ എഴുതി നശിപ്പിക്കുകയും ചെയ്തു. അവളുടെ എഴുത്തിന് ഒരു താരത്തെ വളര്‍ത്താനും ഇല്ലാതെയാക്കാനും ഉള്ള കഴിവുണ്ടായിരുന്നു. ഹെഡ്ഡ എഴുതിയ ഗോസിപ്പ് കോളത്തിന്‍റെ പേരില്‍ മാത്രം കരീര്‍ പൂര്‍ണമായും ഇല്ലാതെ ആയവരും കരിയറിൽ വലിയ വളര്‍ച്ച ഉണ്ടായവരും ഉണ്ട്. പ്രൊഡ്യൂസര്‍മാര്‍ പോലും പലപ്പോഴും നടിമാരെ തെരഞ്ഞെടുക്കുമ്പോള്‍ ഹെഡ്ഡയോട് അഭിപ്രായം ആരാഞ്ഞിരുന്നു. 

600 അക്കാദമി വോട്ടര്‍മാരെ വിളിച്ചുകൊണ്ട് നടിയായിരുന്ന ഡേവിസിന്‍റെ സെറ്റിലെ മോശപ്പെട്ട പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു ഹെഡ്ഡ. 1936 -ല്‍ ഡേവിസിന് കിട്ടുമെന്ന് കരുതിയിരുന്ന അവാർഡ് അവള്‍ക്ക് കിട്ടാതിരിക്കാൻ ഇത് കാരണമായിത്തീർന്നു എന്ന് പറയുന്നു. കണ്‍സര്‍വേറ്റീവും റിപ്പബ്ലിക്കനും ആയ ഹെഡ്ഡ കമ്മ്യൂണിസ്റ്റുകളെയും സ്വവര്‍ഗാനുരാഗികളെയും പിശാചുക്കളായിട്ടാണ് കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് തിരക്കഥാകൃത്ത് ഡോള്‍ട്ടണ്‍ ട്രംബോയെ കുറിച്ച് ഹെഡ്ഡ മോശമായി എഴുതുകയും തുടർന്ന് അദ്ദേഹത്തെ വര്‍ഷങ്ങളോളം കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. ചാര്‍ളി ചാപ്ലിനെ കുറിച്ച് ചെറിയ പെണ്‍കുട്ടികളോട് അടുപ്പമുണ്ട് എന്നും അത് അറപ്പുണ്ടാക്കുന്നുവെന്നുമാണ് ഹെഡ്ഡ എഴുതിയത്. 

ഗോസിപ്പുകള്‍ കാരണം തന്നെ അനേകം ശത്രുക്കള്‍ ഹെഡ്ഡയ്ക്കുണ്ടായിരുന്നു. പലരും പല സന്ദര്‍ഭത്തിലും അവളോട് അത് കാണിച്ചിട്ടുമുണ്ട്. ഗോസിപ്പുകള്‍ക്ക് പുറമേ ധരിക്കുന്ന വസ്ത്രം കൊണ്ടും തൊപ്പി കൊണ്ടും അവള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. നൂറ്റിയമ്പത് തൊപ്പികളെങ്കിലും അവള്‍ ഒരുവര്‍ഷം വാങ്ങുമായിരുന്നു എന്നാണ് പറയുന്നത്. ഒരിക്കല്‍, ടൈം മാഗസിന്‍ കവറില്‍ അവളെ ഇതുവച്ച് കളിയാക്കുക പോലുമുണ്ടായി. അവസാനകാലം വരെയും അവര്‍ ഗോസിപ്പുകളെഴുതി. 1966 -ല്‍ എണ്‍പതാമത്തെ വയസില്‍ ന്യൂമോണിയ ബാധിച്ചാണ് ഹെഡ്ഡ മരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!