വിദഗ്ദ്ധർ ഇപ്പോൾ പാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളും കല്ലുകളും എല്ലാം പരിശോധിച്ച് വരികയാണ്. ഇതിലൂടെ ഇത് ഏത് കാലഘട്ടത്തിലേതാണ് എന്ന് കണ്ടെത്താനാണ് ശ്രമം.
2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ സദ്യ നടത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഒരു റോഡ് വികസന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളുമാണ് ഇവിടെ നിന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബെഡ്‌ഫോർഡ്‌ഷെയറിലെ ബ്ലാക്ക് ക്യാറ്റ് റൗണ്ട് എബൗട്ടിനും കേംബ്രിഡ്ജ്ഷെയറിലെ കാക്‌സ്റ്റൺ ഗിബെറ്റിനും ഇടയിലുള്ള A428 -ലായിരുന്നു റോഡ് വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്നത്.
ഭക്ഷണക്രമങ്ങളും വിരുന്നൂട്ടലുകളും എങ്ങനെ മാറി എന്നതിലേക്ക് വിരൽ ചൂണ്ടുന്ന സുപ്രധാനമായ തെളിവുകളായി ഇത് മാറും എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഈ വർഷമാദ്യമാണ് അതുപോലെ വിദഗ്ധർ റോമൻ കാലഘട്ടത്തിൽ തന്നെ ബിയർ ഉണ്ടാക്കിയിരുന്നു എന്നതിന്റെ തെളിവ് കണ്ടെത്തിയത്.
ലണ്ടൻ ആർക്കിയോളജി മ്യൂസിയത്തിലെ സംഘമാണ് മൃഗങ്ങളുടെ അസ്ഥികളും മൺപാത്രങ്ങളും കത്തിയ കല്ലുകളുമടക്കം ഒരു കുഴിയിൽ നിന്നും കണ്ടെത്തിയത്. ബിസി 800 -നും എഡി 43 -നും ഇടയിൽ വലിയ തീ കത്തിച്ച് ചുറ്റും ആളുകൾ സദ്യക്ക് വേണ്ടി കൂടിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
വിദഗ്ദ്ധർ ഇപ്പോൾ പാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളും കല്ലുകളും എല്ലാം പരിശോധിച്ച് വരികയാണ്. ഇതിലൂടെ ഇത് ഏത് കാലഘട്ടത്തിലേതാണ് എന്ന് കണ്ടെത്താനാണ് ശ്രമം. ഒപ്പം തന്നെ എത്തരത്തിലുള്ള സദ്യയാണ് ഇവിടെ നടത്തിയിരുന്നത് എന്നും മറ്റും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇരുമ്പുയുഗത്തിന്റെ അവസാനത്തോടെ ഒലിവ്, മല്ലി തുടങ്ങി പുതിയ ഇനങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു എന്നും വിദഗ്ദ്ധരുടെ സംഘം പറഞ്ഞു.
ലണ്ടൻ ആർക്കിയോളജി മ്യൂസിയം പ്രോജക്ട് ഡയറക്ടർ ഗാരി ബ്രോഗൻ പറയുന്നത്: "A428 ഖനനം ഒരു അത്ഭുതകരമായ അവസരമാണ് സമ്മാനിച്ചിരിക്കുന്നത്. പ്രദേശത്തുടനീളമുള്ള മുൻകാല ജീവിതത്തിന്റെ വ്യക്തമായ ചിത്രം ഇതുവഴി കാണാനാവുമെന്നാണ് കരുതുന്നത്" എന്നാണ്.