ഇപ്പോഴും അവർ തങ്ങളുടെ മുൻഗാമികളുടെ ജീവിതചര്യ കർശനമായി പിന്തുടരുന്നവരാണ്. അവർ വേട്ടയാടുകയും പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.
നമുക്കറിയാത്ത പല സമൂഹങ്ങളും ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്നുണ്ട്. അതിലൊരു സമൂഹമാണ് പിഗ്മികൾ. മധ്യ ആഫ്രിക്കൻ മഴക്കാടുകളിൽ നിന്നുള്ള ഇവർ ശിലായുഗത്തിന്റെ അവസാനത്തിൽ നിന്നുള്ള വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യരുടെ നേരിട്ടുള്ള പിൻഗാമികളാണ് എന്നാണ് കരുതുന്നത്.
അടുത്തിടെ പര്യവേക്ഷകനും വീഡിയോഗ്രാഫറുമായ ഡ്ര്യൂ ബിൻസ്കി ഇവിടം സന്ദർശിച്ചിരുന്നു. കോംഗോ മേഖലയിലെ വനങ്ങളിലാണ് ഇവർ തങ്ങളുടെ ഭക്ഷണം കണ്ടെത്തുന്നത്. ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ആളുകളുടെ കൂട്ടങ്ങളിലൊന്ന് എന്നാണ് പിഗ്മി ഗോത്രത്തെ ബിൻസ്‍കി വിശേഷിപ്പിച്ചത്.
undefined
റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ നിന്നും പുരാതനമായ ഒരു മഴക്കാടിലേക്കാണ് ഡ്ര്യൂ ചെന്നത്. അവിടെ ആഫ്രിക്കൻ വനങ്ങളുടെ ഹൃദയഭാഗത്തായി 900,000 -ൽ താഴെ മാത്രം ആളുകളാണ് പിഗ്മികളായിട്ടുള്ളത്. അവരിൽ പകുതിയിലധികം പേരും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും.
ഡ്രൂ, ഭാര്യ ഡീന്ന സല്ലാവോയ്‌ക്കൊപ്പമാണ് ഇവിടേക്ക് പോയത്. സായുധരായ അംഗരക്ഷകരെയും വനത്തിലേക്കുള്ള യാത്രയിൽ കൂടെ കൂട്ടിയിരുന്നു. പ്രദേശത്ത് അർദ്ധസൈനിക വിമത ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ട് എന്നതിനാലായിരുന്നു ഇത്. 2019 -ൽ താൻ പര്യവേക്ഷണം നടത്തിയ ഒരു ഗ്രാമത്തിലെത്തുക എന്നതായിരുന്നു ഡ്രൂവിന്റെയും സംഘത്തിന്റെയും ദൗത്യം. അത് പിഗ്മികൾ ജീവിക്കുന്ന ഇടമായിരുന്നു.
ഇപ്പോഴും അവർ തങ്ങളുടെ മുൻഗാമികളുടെ ജീവിതചര്യ കർശനമായി പിന്തുടരുന്നവരാണ്. അവർ വേട്ടയാടുകയും പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. അവർക്ക് നീളം കുറവാണ്. അതിന് മഴക്കാടുകളിൽ കഴിയുന്നതോ, ഭക്ഷണരീതിയോ ഒക്കെ കാരണമായിരിക്കാം എന്നും ഡ്ര്യൂ പറയുന്നു.
തനിക്ക് വളരെ മനോഹരമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. തന്നെ വരവേറ്റത് തന്നെ അവരുടെ ഡ്രമ്മിന്റെ താളമാണ് എന്നാണ് ഡ്ര്യൂ പറയുന്നത്. ഒപ്പം തന്നെ താൻ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും സന്തോഷമുള്ള മനുഷ്യരായിട്ടാണ് പിഗ്മികളെ തോന്നിയിട്ടുള്ളത് എന്നും ഡ്ര്യൂ പറഞ്ഞു.