സ്‌കൂള്‍ യൂനിഫോമില്‍ ജോലിക്ക് കൂള്‍ബാറില്‍ ചെന്നപ്പോള്‍ അവിടെ വന്നു, ടീച്ചര്‍!

By Web Team  |  First Published Sep 3, 2022, 5:31 PM IST

വാചാലതയ്ക്കൊടുവില്‍ വലതു കയ്യില്‍  ഒഴിഞ്ഞ പ്‌ളേറ്റും തുടക്കുന്ന തുണിയും വലതു കയ്യിലെ വിരലുകളാല്‍ ചേര്‍ത്ത് പിടിച്ച ഗ്ലാസുകളും ടേബിളില്‍ നിന്നുയര്‍ത്തിയാണ് കസേരകളിലിരിക്കുന്നവരുടെ മുഖത്തേക്ക് നോക്കിയത്.  അതുവരെ വാതോരാതെ വാക്കുകള്‍ പൊഴിച്ചവന്‍ കുറച്ചു നിമിഷങ്ങള്‍ സ്തംബ്ധനായി നിന്നു.


മാറഞ്ചേരി സ്‌കൂളില്‍ പതിനൊന്നാം തരത്തില്‍ പഠിക്കാന്‍ തുടങ്ങിയ ആദ്യ ദിവസങ്ങളിലൊന്ന്. പത്താം തരം തോറ്റാല്‍ നാടുവിട്ട്  തൊഴിലും തേടി ഗള്‍ഫില്‍ പോകേണ്ടി വരുമെന്ന ഭയം കൊണ്ട് വീണ്ടുമെഴുതി മാര്‍ക്കിരട്ടിപ്പിച്ച്  എട്ടാം തരം മുതല്‍ പത്തുവരെ പഠിച്ച മാറഞ്ചേരി സ്‌കൂളില്‍ തന്നെ ചേര്‍ന്നതാണ്. ക്ലാസ് കഴിഞ്ഞാല്‍ ആദ്യം ചെല്ലുന്നത് വീടിനടുത്തെ കൂള്‍ബാറിലേക്കാണ്. ലഘു ഭക്ഷണത്തിനായല്ല, ലഘുവായ  ഒരു ജോലിക്ക് വേണ്ടിയാണ്.  ഒരുമണിക്കൂറോളം സപ്ലയറായോ കൗണ്ടറിലോ  അവിടെ നില്‍ക്കും. ഞാന്‍ ചെന്നയുടനെ മുഴുവന്‍ സമയമുള്ള ജോലിക്കാരന്‍ വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കുമായി പുറത്തുപോകും. അതിന്റെ കൂലിയെന്നത് ഇഷ്ടപ്പെട്ട ജ്യൂസോ അന്ന് അത്ര വ്യാപകമായി ഞങ്ങളുടെ നാട്ടില്‍ ലഭ്യമല്ലാതിരുന്ന പഫ്സോ കട്ട്‌ലറ്റോ ഒക്കെ ആയിരുന്നു. വീട്ടിലാണെങ്കില്‍ റസ്‌കും കട്ടന്‍ ചായയുമേ കാണൂ. അത് തന്നെ കിട്ടാക്കനിയായവര്‍ക്ക് മുമ്പില്‍ ഇതൊരു ആര്‍ഭാടമെന്ന സത്യം വിസ്മരിക്കുന്നില്ല.

സ്‌കൂളിലെ യൂണിഫോമില്‍ തന്നെ പണി തുടങ്ങി.  ജ്യൂസ്, മുട്ട പഫ്‌സ്, പൊടിച്ചായ അങ്ങിനെ അങ്ങിനെ ഓര്‍ഡര്‍ പ്രകാരം സാധനങ്ങള്‍ കൗണ്ടറില്‍ നിന്ന് ടേബിളിലേക്കെത്തിച്ചു. ഒന്നിന് പിറകെ ഒന്നായി ആളുകള്‍ പോയും വന്നുമിരുന്നു. ഒരു സ്ത്രീയും പുരുഷനും ടേബിളിനിരുവശത്തായി വന്നിരുന്നു. മുമ്പേ കഴിച്ചു പോയവര്‍ ആ ടേബിളില്‍ അവശേഷിപ്പിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടം തുടച്ച്  ഗ്ലാസ്സും പാത്രവും എടുത്തുമാറ്റുന്നതിനിടയില്‍ ഞാന്‍ ലഭ്യമായ വിഭവങ്ങളെ കുറിച്ച് അവരുടെ മുഖത്തേക്ക് നോക്കാതെ തന്നെ ചെറിയൊരു വിവരണം നടത്തി.  'ജ്യൂസില്‍ ഷാര്‍ജ, ചിക്കു, ഓറഞ്ച്, മുന്തിരി പൈനാപ്പിള്‍, ബട്ടര്‍, ലൈം, ചായ, ഐസ്‌ക്രീം, പഫ്‌സ് എഗ്ഗ് , ചിക്കന്‍,  കട്ട് ലറ്റ് വെജ്, ചിക്കന്‍, കേക്ക്‌സ്...'

Latest Videos

undefined

വാചാലതയ്ക്കൊടുവില്‍ വലതു കയ്യില്‍  ഒഴിഞ്ഞ പ്‌ളേറ്റും തുടക്കുന്ന തുണിയും വലതു കയ്യിലെ വിരലുകളാല്‍ ചേര്‍ത്ത് പിടിച്ച ഗ്ലാസുകളും ടേബിളില്‍ നിന്നുയര്‍ത്തിയാണ് കസേരകളിലിരിക്കുന്നവരുടെ മുഖത്തേക്ക് നോക്കിയത്.  അതുവരെ വാതോരാതെ വാക്കുകള്‍ പൊഴിച്ചവന്‍ കുറച്ചു നിമിഷങ്ങള്‍ സ്തംബ്ധനായി നിന്നു. ഇന്നാദ്യമായി എക്കണോമിക്സ് സബ്ജക്ടിന് ക്ലസ്സെടുക്കാന്‍ വന്ന അതേ ടീച്ചറും മറ്റൊരു സ്‌കൂളില്‍ അധ്യാപകനായ അവരുടെ ഭര്‍ത്താവും! 

യൂണിഫോമിലായതിനാല്‍ ടീച്ചര്‍ക്ക് സംശയമൊന്നുമുണ്ടായില്ല.

'നീയല്ലേ സി വണ്‍ ക്ളാസിലുണ്ടായിരുന്നത്... '  ഓര്‍ഡര്‍ തരുന്നതിനു മുമ്പായി ടീച്ചര്‍ ചോദിച്ചു.

'അതേ, ടീച്ചറെ..'

'അപ്പൊ ഇവിടെ?'

'വീടിതാ ഇതിന്റെ പുറകിലാണ്, അവധി ദിവസവും  ക്ളാസ് കഴിഞ്ഞു വന്നാല്‍ കുറച്ചു സമയവും ഇവിടെ സഹായത്തിന് നില്‍ക്കും..'  ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ അടുക്കളയുടെ ഭാഗത്തുള്ള കിളിവാതില്‍ ചൂണ്ടി ഞാന്‍ പറഞ്ഞു.

'ഗുഡ്, ഗുഡ്, അധ്വാന ശീലം നല്ലതാ..'

അതുവരെ പ്രത്യേക ശൈലിയില്‍ കിച്ചണിലേക്ക് ഓര്‍ഡര്‍ കൊടുത്തും കാശ് കൗണ്ടറിലേക്ക് ഉച്ഛത്തില്‍  ബില്‍ തുക വിളിച്ചു പറഞ്ഞും സജീവമായിരുന്ന ഞാന്‍ ക്‌ളാസ്മുറിയിലെന്ന പോലെ നിശബ്ദമായി. കുരുത്തക്കേട് കാണിച്ചപ്പോള്‍ അടുത്തേക്ക് വിളിച്ച പോലെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുമായി ഭവ്യതയോടെ ടീച്ചറുടെ അരികിലേക്ക് ചെന്നു. അപ്പോളവിടെ വന്നവര്‍ക്കും പോയവര്‍ക്കും ആ ഭവ്യത അനുഭവിക്കാനും പറ്റി!

ആ സംഭവത്തോടെ ടീച്ചര്‍ക്കൊപ്പം മറ്റു അധ്യാപകരുമെന്നെ ശ്രദ്ധിച്ചു തുടങ്ങി. കഥാ പുസ്തക വായനയും എന്തെങ്കിലും എഴുതാനുള്ള ത്വരയുമല്ലാതെ പഠിത്തത്തില്‍ ഒട്ടും ഒരു ശരാശരിക്കാരനാവാന്‍ പോലും കഴിയാതിരുന്നവന് ആ കരുതല്‍ നല്ലൊരു പ്രചോദനമായിരുന്നു. മനസ്സിലായില്ലെങ്കിലും മനഃപാഠമാക്കിയെങ്കിലും വിജയിക്കാനുള്ളത് നേടാനുള്ള ഒരൂര്‍ജ്ജം എവിടെ നിന്നോ കൈവന്നു. അല്ലെങ്കിലും നമ്മളെ നമ്മളേക്കാള്‍ മുമ്പ് മനസ്സിലാക്കുന്നവരും നമ്മളെന്തായി തീരണമെന്ന് നമുക്കൊപ്പം സ്വപ്നം കാണുന്നവര്‍ കൂടിയാണല്ലോ അദ്ധ്യാപകര്‍.  പഠിപ്പിച്ചത് സാമ്പത്തിക ശാസ്ത്രമായിരുന്നെങ്കിലും മനഃശാസ്ത്രമറിഞ്ഞ് കട്ടക്ക് കൂടെ നിന്ന പ്രീതി ടീച്ചര്‍.. വിഷയങ്ങള്‍ക്കുപരി മനസ്സറിഞ്ഞും ചുറ്റുപാടറിഞ്ഞും അവര്‍ ചൊരിഞ്ഞ കരുതലില്‍ തന്നെയാണ് ഓരോ വിദ്യാര്‍ത്ഥിയുടെയും വളര്‍ച്ച.

മാറഞ്ചേരി സ്‌കൂളില്‍ നിന്ന് പടിയിറങ്ങിയത് പ്ലസ്ടു സര്‍ട്ടിഫിക്കറ്റിനൊപ്പം കാഴ്ച്ച എന്ന അച്ചടി രൂപത്തില്‍ ഇറക്കിയിരുന്ന സ്‌കൂള്‍ പത്രം നല്‍കിയ അനുഭവ സമ്പത്ത് കൊണ്ടായിരുന്നു. പിന്നീട് പ്രാദേശിക തലത്തില്‍ 'ദര്‍പ്പണം' എന്നൊരു വാര്‍ത്താ പത്രം തുടങ്ങാനുള്ള ഊര്‍ജ്ജം അതായിരുന്നു. ശേഷം സ്‌കൂള്‍ ഓര്‍മ്മയില്‍ 'കാഴ്ച്ച' എന്ന ആദ്യ കഥാ സമാഹാരം, പരാജിതന്‍, നെല്ലിക്ക, ചെക്കന്‍, നാലുവരക്കോപ്പി തുടങ്ങി കഥകളും നോവലുമൊക്കെയായി എട്ടോളം പുസ്തകങ്ങള്‍. ആനുകാലികങ്ങളിലെ അച്ചടി മഷി പുരണ്ട രചനകള്‍. അവയില്‍ പലതും ടീച്ചര്‍മാര്‍ക്ക് പലപ്പോഴായി സമ്മാനിച്ചു. അപ്പോഴും ഉള്ളിലൊരു ഭയം ബാക്കി നിന്നു, എഴുതിയത് ശരിയായോ എന്ന് ശങ്കിച്ച് നടുമടക്കി നല്‍കിയ ഉത്തരക്കടലാസ് പോലെ..

അന്നങ്ങിനെ കൂള്‍ബാറില്‍ പ്രീതി ടീച്ചറുമായി അവിചാരിതമായ കണ്ടുമുട്ടല്‍ നടന്നില്ലായിരുന്നെങ്കില്‍, പശ്ചാത്തലമറിഞ്ഞ് മനോബലം നല്‍കാനും അഭിരുചിയറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും അശോകന്‍ മാഷ് ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇല്ലായിരുന്നെങ്കില്‍ എത്രയെത്ര വാക്കുകളാവും പുറം ലോകം കാണാതെ ഒളിപ്പിക്കേണ്ടി വന്നിട്ടുണ്ടാവുക! 

അച്ചടി മഷി പുരട്ടാതെ എത്രയെത്ര കണ്ടതും കേട്ടതും കൊണ്ടതുമാവും ഉള്ളില്‍ തന്നെ കൊണ്ടു നടക്കേണ്ടി വന്നിട്ടുണ്ടാവും! 

ഇന്ന് കുറിക്കുന്ന ഓരോ വാക്കും സ്മൃതിയാണ്.. ഉള്ളമറിഞ്ഞവര്‍ക്ക് ഉള്ളറിഞ്ഞ് നല്‍കുന്ന സ്മൃതി!


 

click me!