കൊറോണക്കാലത്തെ പരീക്ഷാ സാധ്യതകള്‍

By Web Team  |  First Published May 4, 2020, 3:17 PM IST

പരീക്ഷ വീട്ടിലാക്കിയാലെന്താണ്-അമൃത് ജി കുമാര്‍ എഴുതുന്നു 


ഗൃഹപരീക്ഷാ സമ്പ്രദായത്തില്‍ ഏറ്റവും വലിയ വെല്ലുവിളി രക്ഷാകര്‍ത്താക്കളുടെ ഇടപെടലിനുള്ള സാദ്ധ്യതയാണ്. ഉത്തരങ്ങള്‍ക്കുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിലും, അവയെ വിശകലനം ചെയ്ത് നല്‍കുന്നതിലും നല്ല ഭാഷയില്‍ ഉത്തരം എഴുതുന്നതിനും ഒക്കെ രക്ഷകര്‍ത്താക്കള്‍ ഇടപെടാം. ഇത്തരത്തില്‍ ഇടപെടുന്നവരില്‍ നല്ല വിദ്യാഭ്യാസവും കാര്യവിവരവും ഉള്ള രക്ഷകര്‍ത്താക്കളുടെ മക്കള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചേക്കാം. നേരത്തെ ചര്‍ച്ച ചെയ്ത് വിശ്വാസ്യത എന്ന വൈറസ തന്നെയാണ് ഇവിടെ വീണ്ടും കടന്നുവരുന്നത്. ഇതുവഴി മക്കള്‍ ഷണ്ഡീകരിക്കപ്പെടുകയാണ് എന്ന കാര്യം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി നമ്മുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. താത്കാലിക മാര്‍ക്കുസമ്പാദനത്തിനു സഹായിക്കുമെങ്കിലും വിദൂരഭാവിയില്‍ ഇത്തരം കുട്ടികള്‍ തൊഴിലടക്കമുള്ള ജീവിതാവശ്യങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാനാണ് സാദ്ധ്യത. 

 

Latest Videos

undefined

 

കൊറോണ വ്യാപനത്തെ തടയുന്നതിന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കേരളം കടന്നിരിക്കുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. സ്‌കൂള്‍ പരീക്ഷകള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസത്തിന്റെ ഫലമായി വിദ്യാര്‍ത്ഥി ആര്‍ജ്ജിക്കുന്ന വൈജ്ഞാനിക ശേഷി അളക്കുന്ന പ്രവൃത്തിയാണ് പരീക്ഷ. ഒരു വ്യക്തി തന്റെ വൈജ്ഞാനികശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നത് തീര്‍ത്തും വ്യക്ത്യാധിഷ്ഠിതമായ പ്രവര്‍ത്തനമാണ്. ബാഹ്യമായ ഒരു ചോദനയുടെ-പരീക്ഷയുടെ കാര്യത്തില്‍ ചോദ്യ പേപ്പര്‍-  അടിസ്ഥാനത്തില്‍ ഒരു വ്യക്തി തന്റെ അറിവിനെയും ആന്തരികമായ വ്യാപാരങ്ങളെയും  ലിഖിതരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവൃത്തിയാണ് അത്.  വൈജ്ഞാനികശേഷി അളക്കുന്നതിന് ഒരു എഴുത്തുപരീക്ഷക്കു സാധിക്കുമോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഇത്തരത്തില്‍ ഒരാളുടെ വൈജ്ഞാനികശേഷി, അളന്നുനോക്കാന്‍ ക്ലാസ് മുറി പോലെ ഒരു പൊതു ഇടം ആവശ്യമുണ്ടോ എന്നതാണ് കോറോണക്കാലം ചോദിക്കുന്നത്്.

നാം ഇന്നു കാണുന്ന പരീക്ഷാ സമ്പ്രദായം വളര്‍ന്നു വന്നതിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്: ഒന്ന്, ഓര്‍മ്മ ശക്തിക്ക് നല്‍കുന്ന പ്രാധാന്യം. ഔപചാരിക വിദ്യാഭ്യാസത്തിന്റെപ്രാരംഭഘട്ടത്തില്‍ ഏറ്റവും പ്രധാന  ബൗദ്ധിക ശേഷിയായി കണക്കാക്കപ്പെട്ടിരുന്നത് ഓര്‍മ്മ ശക്തിയാണ്. കൂടുതല്‍ ഓര്‍ക്കുന്ന ആള്‍ ഒരു ഡേറ്റാ ബാങ്ക് ആയിരുന്നു. അറിവിനെ സൂക്ഷിച്ചു വയ്ക്കാനുളള സാധന സാമഗ്രികളുടെ അഭാവവും, അവ കൊണ്ടുനടക്കാനുള്ള അസൗകര്യവും ഓര്‍മ്മയില്‍ കാര്യങ്ങള്‍ സൂക്ഷിക്കേണ്ട ആവശ്യകത വര്‍ദ്ധിപ്പിച്ചു. അതിനാല്‍ ഓര്‍മ കൂടുതലുള്ള ആള്‍ക്കാരെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായി. അത്തരമാളുകള്‍ സമൂഹത്തിന്റെ നേതൃസ്ഥാനങ്ങളില്‍ ഉയര്‍ന്നു വരാനുള്ള  അവസ്ഥ ഉണ്ടായി. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ നേര്‍വിപരീതമാണല്ലോ. ഓര്‍മ്മയെ വെല്ലുവിളിച്ചാണ് ലിപികള്‍, കടലാസ് എന്നിവ മുതല്‍ ഡിജിറ്റല്‍ വരെയുള്ള സാങ്കേതികവിദ്യ വളര്‍ന്നുവന്നത്. ഫോണ്‍ നമ്പറുകള്‍, തീയതികള്‍ തുടങ്ങിയ വലിയ വിവരശേഖരം പോലും തലച്ചോറിന് വെളിയില്‍ ഒരു മൊബൈല്‍ ഫോണിലോ ഹാര്‍ഡ് ഡിസ്‌കിലോ സൂക്ഷിക്കാവുന്നതാണ്. മാത്രമല്ല ഓര്‍മ്മപ്പിശകുമൂലമുള്ള ബുദ്ധിമുട്ടുകളെ മറികടന്ന് ചിട്ടയായി അതു സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ നൊടിയിടകൊണ്ട് അവയെ മുന്നിലെത്തിക്കാനുമാവും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമുക്ക് വാഗ്ദാനം ചെയ്യുന്നത് ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ള ഈ സാദ്ധ്യതയാണ്. 

രണ്ടാമത്തെ കാരണം, അവിശ്വാസ്യതയാണ്. മനുഷ്യപുരോഗതിയുടെ പരിണാമ ഘട്ടങ്ങളില്‍ നമ്മുടെ ഇടയില്‍ പടര്‍ന്നുപിടിച്ച ഒരു 'വൈറസ്' ആണത്. സമൂഹം അംഗീകരിച്ച പൊതു മൂല്യങ്ങള്‍ പിന്തുടരുക എന്നത് വിദൂരഭാവിയില്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന കാര്യമാണ്. എന്നാല്‍, സമീപഭാവിയില്‍ അത് വ്യക്തിക്ക് ഗുണകരമായിരിക്കില്ല. പരസ്യവും രഹസ്യവുമായി പൊതു മൂല്യങ്ങള്‍ ലംഘിക്കുന്നത് വ്യക്തികള്‍ക്ക് ചില സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സാധൂകരിക്കാന്‍ വഴിയൊരുക്കി. പരീക്ഷാ ഹാളില്‍ കോപ്പിയടി ഉണ്ടാവാനുള്ള പ്രധാന കാരണം വ്യക്തിക്ക് അത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കും എന്നതാണ്. കോപ്പി അടിക്കാതെ പരീക്ഷ എഴുതി മിടുക്കരായവര്‍ മാത്രം തുടര്‍പഠനം നടത്തി മുന്നേറുന്നതിലൂടെ ലഭിക്കാവുന്ന ഗുണത്തേക്കാള്‍ കൂടുതല്‍ കോപ്പിയടിയിലൂടെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടിക്ക് ലഭ്യമാവുന്നു. അത്തരം സാഹചര്യങ്ങളില്‍ എല്ലാവരും 'വിശ്വാസ്യത' എന്ന മൂല്യത്തെ മറ്റാരും കാണാതെ ലംഘിക്കാനുള്ള സാധ്യതയുണ്ട്. ഇത് സമൂഹം പടുത്തുയര്‍ത്തിയ മൂല്യ വ്യവസ്ഥയുടെ ലംഘനത്തിന് വ്യക്തികള്‍ക്ക് പ്രചോദനം നല്‍കുന്ന അടിസ്ഥാനഘടകമാണ്.

മുകളില്‍ പറഞ്ഞ രണ്ടു ഘടകങ്ങളുടെയും വിദ്യാഭ്യാസ പ്രതിഫലനമാണ് പരീക്ഷ പൊതുവിടങ്ങളില്‍ നടത്തപ്പെടേണ്ടതാണ് എന്ന സങ്കല്‍പ്പത്തിലേക്ക് നമ്മെ എത്തിച്ചത്. എന്നാല്‍ മനുഷ്യ സമൂഹം എത്രയോ മുന്നോട്ട് പോയിട്ടും കുട്ടികളുടെ മൂല്യങ്ങളിലുള്ള വിശ്വാസത്തെ സംശയമുനയില്‍ നിര്‍ത്തിയും ഓര്‍മ്മശക്തിയെ പരീക്ഷിക്കാനും വേണ്ടിമാത്രം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കാലം തള്ളിനീക്കുകയാണ്. ഇതാണ് കൊറോണ കാലത്ത് സ്‌കൂളുകളില്‍ നടത്തപ്പെടേണ്ട പൊതു
പരീക്ഷകള്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ മാത്രമല്ല സമൂഹത്തെയാകെ ഭയമുനയില്‍ നിര്‍ത്തുന്നത്. 

കൊറോണകാലത്തെന്നല്ല ഏതുകാലത്തും പരീക്ഷയെ ആസ്വാദ്യകരമായ പ്രവര്‍ത്തനങ്ങള്‍ ആക്കി മാറ്റുന്നതിനുള്ള കാര്യങ്ങള്‍ നാം ആലോചിക്കേണ്ടിയിരിക്കുന്നു. അതിനുള്ള  നല്ല അവസരമാണ് കൊറോണ കാലം നമുക്ക് നല്‍കുന്നത്. ഇത്തവണയെങ്കിലും 'തുറന്ന പരീക്ഷാ' സമ്പ്രദായത്തിലെ പ്രധാനമാര്‍ഗ്ഗങ്ങളില്‍ ഒന്നായ വീട്ടിലിരുന്നുള്ള പരീക്ഷകളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

എന്താണ് തുറന്ന പരീക്ഷ സമ്പ്രദായം?

പുസ്തകങ്ങളുടെയും മറ്റു വിവര സ്രോതസ്സുകളുടെയും സഹായത്തോടുകൂടി പരീക്ഷ എഴുതുന്ന സമ്പ്രദായമാണ് തുറന്ന പരീക്ഷാ സമ്പ്രദായം. ക്ലാസ് മുറിയില്‍ ഇരുന്നോ വീട്ടിലിരുന്നോ എഴുതാവുന്ന പരീക്ഷകളാണ് ഈ സമ്പ്രദായത്തിന്റെ പ്രത്യേകത.  വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പല രാജ്യങ്ങളിലും തുറന്ന പരീക്ഷാ സമ്പ്രദായമാണ്. എന്നാല്‍ കോപ്പിയടിയുടെ പര്യായം എന്ന രീതിയിലാണ് തുറന്ന പരീക്ഷാ സമ്പ്രദായത്തെ നാം മനസ്സിലാക്കുന്നത്. ഇത് തീര്‍ത്തും സാമ്പ്രദായികവും, തെറ്റായതുമാണ്. വിദ്യാര്‍ത്ഥികളുടെ ഉന്നതമായ വൈജ്ഞാനിക ശേഷികളെ വിലയിരുത്താനുള്ള നവീന മാര്‍ഗമായാണ് തുറന്ന പരീക്ഷാ സമ്പ്രദായം പ്രചാരം നേടുന്നത്. ഇത്തരം പുരോഗമനപരമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയാണ് സാക്ഷരതാനാന്തരകാലഘട്ടത്തില്‍ കേരളം കൂടുതല്‍ ലോകശ്രദ്ധയാകര്‍ഷിക്കേണ്ടത്.

പുസ്തകം തുറന്നു വെച്ചായാലും ശരി ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുന്നത്  ഈ കൊറോണ കാലത്ത് ഗുണകരമല്ലല്ലോ. അതിനാല്‍, ഈ സാഹചര്യത്തില്‍ നല്ലത്  രണ്ടാമത്തെ മാര്‍ഗമാണ്. വീട്ടില്‍ ഇരുന്ന് എഴുതാന്‍ പറ്റുന്ന പരീക്ഷകള്‍. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ  നിര്‍ബന്ധമാണെങ്കില്‍ ഇത്തരത്തില്‍ ഗൃഹ പരീക്ഷാ സമ്പ്രദായം  പരീക്ഷിക്കാവുന്നതാണ്.  പ്രളയം, നിപ, കൊറോണ എന്നിങ്ങനെയുള്ള സമീപകാല ദുരന്തങ്ങളും  ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


എന്തുകൊണ്ട് തുറന്ന പരീക്ഷ?

വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് ഉത്തരങ്ങളുടെ കൂമ്പാരങ്ങളാണ്. എന്നാല്‍ ഈ ഉത്തരങ്ങള്‍ ആര് തയ്യാറാക്കി, ഈ ഉത്തരങ്ങള്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ ആര് ചോദിച്ചു എന്നെന്നും പുതുതലമുറയ്ക്ക് കൃത്യമായ അവഗാഹമില്ല. അറിവിന്റെ ലഭ്യതയല്ല മറിച്ച് അറിവിന്റെ ധാരാളിത്തമാണ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍, ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന കഴിവ്  ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഓര്‍ത്തിരിക്കുക എന്നതല്ല.  മറിച്ച് ഓരോ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ എവിടെ നിന്ന് എങ്ങനെ സംഗ്രഹിച്ച് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാം എന്നതാണ്. എന്നാല്‍ നമ്മുടെ പരീക്ഷ സമ്പ്രദായങ്ങള്‍ ഇത്തരത്തില്‍ വിവരങ്ങളെ കണ്ടെത്തി വിശകലനം ചെയ്ത് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കുന്ന വിധത്തിലല്ല  ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. കാണാതെ പഠിച്ച് ഉത്തരക്കടലാസില്‍ അവ പകര്‍ത്തുന്ന പഠനത്തിന് തുറന്ന പരീക്ഷ സമ്പ്രദായത്തില്‍ പ്രാധാന്യമില്ല. വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും, കണ്ടെത്തിയ വിവരങ്ങള്‍ സംഗ്രഹിക്കാനും, അവയെ വിശകലനം ചെയ്യാനും അവയെ തന്റെ മുന്നിലുള്ള ചോദ്യങ്ങള്‍ക്കുള്ള  ഉത്തരങ്ങള്‍ എന്ന രീതിയില്‍ പുനര്‍രചിക്കുന്നതിനും പ്രാപ്തരാക്കുന്ന രീതിയിലുള്ള പഠനമാണ് ഇവിടെ ആവശ്യം. 

ഇത്തരം പരീക്ഷയ്ക്ക് അടിസ്ഥാനപരമായ  ചില ഘടകങ്ങള്‍ മാറ്റേണ്ടത് അനിവാര്യമാണ്. ഒന്നാമത്തേത് നാമിപ്പോള്‍ പിന്തുടരുന്ന പരീക്ഷ ചോദ്യങ്ങളുടെ രീതിയാണ്. വസ്തുനിഷ്ഠ ചോദ്യങ്ങള്‍ തുറന്ന പരീക്ഷാ സമ്പ്രദായത്തില്‍ ഉപയോഗിക്കാറില്ല. കാരണം, അതിനുള്ള ഉത്തരം ഇന്റര്‍നെറ്റില്‍ നിന്നും മറ്റു പുസ്തകങ്ങളിലും നിന്ന് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. പകരം വിമര്‍ശനാത്മകത, വിശകലാനാത്മകത, ക്രിയാത്മകത എന്നീ ശേഷികള്‍ വിലയിരുത്തുന്ന വിധത്തിലാവണം ചോദ്യങ്ങള്‍. 

ഇത്തരം ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുസ്തകങ്ങളില്‍ നിന്നും, വിവിധ ജ്ഞാനസ്രോതസ്സുകളില്‍ നിന്നും എടുത്ത എഴുതുവാന്‍പറ്റാവുന്ന, ചോദ്യങ്ങള്‍ ഇത്തരം പരീക്ഷകള്‍ക്ക് പാടില്ല. അറിവിന്റെ  പ്രയോഗം വ്യാഖ്യാനം, വിശകലനം,  വിമര്‍ശനാത്മക,  സര്‍ഗ്ഗാത്മകത, പ്രശ്‌നപരിഹരണ ശേഷി എന്നിവയെ മനസിലാക്കുന്നതിനുള്ള ചോദ്യങ്ങളാവണം ചോദിക്കേണ്ടത്. പാഠ്യ വസ്തുവിനെ പ്രശ്‌നവല്‍ക്കരിച്ച് അവയോടുള്ള വിദ്യാര്‍ഥികളുടെ സമീപനം, അഭിപ്രായം, നിരീക്ഷണങ്ങള്‍ അത്തരം, പ്രതികരണങ്ങള്‍  എന്നിവ മനസ്സിലാകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. ഇവയുടെ ഉത്തരങ്ങള്‍  വിവിധ സ്രോതസുകളില്‍ ലഭ്യമല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.  അതിനാല്‍, പരീക്ഷക്ക് മുന്‍പ് അധ്യാപകന്‍ ചോദ്യങ്ങളുമായി വിവിധ വിവരസ്രോതസ്സുകളിലൂടെ പര്യടനം നടത്തേണ്ടിവരുന്നു.  അതിനുശേഷമേ തങ്ങളുടെ ചോദ്യത്തിന്റെ സാധുത അധ്യാപകര്‍ക്ക് ഉറപ്പിക്കാനാവൂ. അതോടൊപ്പം ഇത്തരം ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തുമ്പോള്‍  വിദ്യാര്‍ഥികളുടെ സ്വതസിദ്ധമായ രചനാരീതി  തിരിച്ചറിയുന്ന തരത്തില്‍  അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുമായി ബന്ധം ഉണ്ടായിരിക്കണം.  മുതിര്‍ന്നവരുടെ സഹായം പോലെയുള്ള ബാഹ്യമായ ഇടപെടലുകള്‍ വലിയൊരളവുവരെ അകറ്റി നിര്‍ത്തുന്നതിനും അങ്ങനെ ഉണ്ടായാല്‍ തന്നെ പെട്ടെന്ന് തിരിച്ചറിയുന്നതിനും ഇത് സഹായിക്കും. 

നിശ്ചിത സമയം, നിശ്ചിത എണ്ണം വരികള്‍, നിശ്ചിത എണ്ണം വാക്കുകള്‍ എന്നിങ്ങനെയുള്ള നിബന്ധനകളിലൂടെ വാരിവലിച്ചെഴുതുന്ന പ്രവണത അവസാനിപ്പിക്കാനും കഴിയും. വിവരപെരുക്കത്തെ തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ ഉപയോഗിക്കാനും ഇത് സഹായിക്കും. ഇത് ബൗദ്ധിക ആയാസം ആവശ്യമുള്ള  ജോലിയാണ്. അതിനാല്‍, പഠനപ്രവൃത്തി വിവരത്തിന്റെ കണ്ടെത്തല്‍, വിശകലനം, വിമര്‍ശനം, വിലയിരുത്തല്‍ എന്നിങ്ങനെയുള്ള മാനസിക പ്രവര്‍ത്തനങ്ങള്‍ ആയി മാറ്റപ്പെടുന്നു.

ഗൃഹപരീക്ഷാ സമ്പ്രദായത്തില്‍ ഏറ്റവും വലിയ വെല്ലുവിളി രക്ഷാകര്‍ത്താക്കളുടെ ഇടപെടലിനുള്ള സാദ്ധ്യതയാണ്. ഉത്തരങ്ങള്‍ക്കുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിലും, അവയെ വിശകലനം ചെയ്ത് നല്‍കുന്നതിലും നല്ല ഭാഷയില്‍ ഉത്തരം എഴുതുന്നതിനും ഒക്കെ രക്ഷകര്‍ത്താക്കള്‍ ഇടപെടാം. ഇത്തരത്തില്‍ ഇടപെടുന്നവരില്‍ നല്ല വിദ്യാഭ്യാസവും കാര്യവിവരവും ഉള്ള രക്ഷകര്‍ത്താക്കളുടെ മക്കള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചേക്കാം. നേരത്തെ ചര്‍ച്ച ചെയ്ത് വിശ്വാസ്യത എന്ന വൈറസ തന്നെയാണ് ഇവിടെ വീണ്ടും കടന്നുവരുന്നത്. ഇതുവഴി മക്കള്‍ ഷണ്ഡീകരിക്കപ്പെടുകയാണ് എന്ന കാര്യം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി നമ്മുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. താത്കാലിക മാര്‍ക്കുസമ്പാദനത്തിനു സഹായിക്കുമെങ്കിലും വിദൂരഭാവിയില്‍ ഇത്തരം കുട്ടികള്‍ തൊഴിലടക്കമുള്ള ജീവിതാവശ്യങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാനാണ് സാദ്ധ്യത. 

കുറ്റങ്ങളും കുറവുകളും എല്ലാ പരീക്ഷ സമ്പ്രദായങ്ങളുടെയും ഭാഗമാണ്. അവയെ പരിഹരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും അവയ്ക്ക് അനുയോജ്യമായ ഒരു മൂല്യവ്യവസ്ഥയെ കെട്ടിപ്പടുക്കുകയും ചെയ്യുക മാത്രമാണ് പരിഹാരം. അവശ്യഘട്ടങ്ങളിലെങ്കിലും ഇത്തരം സാധ്യതകള്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി ഭാവിയിലേക്ക് മൂര്‍ച്ചപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍, മികച്ച അവസം ദുര്‍വിനിയോഗം ചെയ്യുകയാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഈ കൊറോണ കാലത്തല്ലെങ്കില്‍ പിന്നെപ്പോഴാണ് നാമിതൊക്കെ ചെയ്യുക? 


(കാസര്‍കോട്ടെ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ് ലേഖകന്‍)

click me!