നീതിരഹിതമായ കൊലകള്‍. പ്രദീപ് ഭാസ്‌കര്‍ എഴുതുന്നു
വലിയ സാമൂഹ്യ പ്രതിബദ്ധതയോടെ നാം ചെയ്യുന്ന കൊതുകുനശീകരണം. ആ ജീവിവര്‍ഗ്ഗത്തിന്റെ ഉന്മൂലനാശമാണ് ഈയൊരു പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം. കൊതുകുകള്‍ എങ്ങനെയാണ് പെരുകിയത്? തവളകള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന് ശേഷമാണത് ഉണ്ടായത്. തവളകള്‍ എങ്ങനെയാണ് കൂട്ടമായി ചത്തൊടുങ്ങിയത്? അവയുടെ ആവാസസ്ഥലികള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, അമിതമായ രാസവളപ്രയോഗം ഉണ്ടായപ്പോള്‍. അത് ചെയ്തത് ആരാണ്? അത് ചെയ്തത് നമ്മളാണ്. തവളകളെ കൊന്നത് നമ്മളാണ്. പാടങ്ങളും കുളങ്ങളും നീരരുവികളുമൊക്കെ നശിപ്പിച്ചത് നമ്മളാണ്. രാസവളം പ്രയോഗിച്ചത് നമ്മളാണ്.
പാറ്റ എന്ന അടുക്കളജീവിയെ ഓടിച്ചിട്ടുപിടിച്ച് തല്ലിക്കൊല്ലുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കളരിയഭ്യാസികളെപ്പോലെയാണവ. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് അവ അടിയില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞുമാറുകയും ഒളിയിടം കണ്ടത്തി കടന്നുകളയുകയും ചെയ്യും. അടിക്കുന്നയാളിന്റെ പൊട്ടഭാഗ്യത്തിന് പാറ്റയുടെ മേല്‍ അടിയെങ്ങാന്‍ കൊണ്ടാലോ, ചതഞ്ഞരഞ്ഞ അവക്ക് വല്ലാത്തൊരു ഉളുമ്പുനാറ്റമാണ്. ഓക്കാനം വരും. അങ്ങനെയുള്ള പാറ്റകളെ സുഗമമായും മണരഹിതമായും കൊലചെയ്യുന്നതിനു വേണ്ടിയാണ് ലക്ഷ്മണരേഖ, ഹിറ്റ് എന്നിങ്ങനെയുള്ള കെമിക്കല്‍ വെപ്പണ്‍സ് മനുഷ്യന്‍ കണ്ടെത്തിയത്. മനുഷ്യന്‍ മാത്രമല്ല ഭൂമിയിലെ താമസക്കാര്‍ എന്ന വിശാലമായ പ്രപഞ്ചബോധത്തിന്റെ അകമ്പടിയോടെ ചിന്തിച്ചാല്‍, തീര്‍ത്തും സ്വാര്‍ത്ഥമായ ലക്ഷ്യത്തിനു വേണ്ടി നടത്തപ്പെടുന്ന, നീതിരഹിതമായ കൊലയാണത്. കണ്ണീച്ചോരയില്ലാത്ത ചതിയുമാണ്.
ഇനി മറ്റൊന്ന്.
പല്ലി പ്രാണികളെ പിടിക്കുന്നത്, പ്രത്യേകിച്ച് പാറ്റയെ പിടിക്കുന്നത് കണ്ടിട്ടില്ലേ? പല്ലിക്ക് വിശക്കുമ്പോഴാണത്. ആ വേട്ടയുടെ സമയത്ത് അവ രണ്ടിന്റെയും ചലനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അതിര്‍ത്തിയിലെ പട്ടാളക്കാരന്‍ നിലത്ത് ഇഴഞ്ഞുനീങ്ങുന്ന സീനുകള്‍ നമ്മള്‍ പല സിനിമകളിലും കണ്ടിട്ടില്ലേ, അതേ ശരീരഭാഷയും ശ്രദ്ധയുമാണ് ആ സമയത്ത് പല്ലിക്കുണ്ടാവുക. പാറ്റയാകട്ടെ, അടുത്തെത്തട്ടെ അപ്പോള്‍ നോക്കാം എന്ന മട്ടില്‍ ഒട്ടുമനങ്ങാതെ ഒറ്റയിരുപ്പാണ്. പല്ലി അടുത്തെത്തുമ്പോഴാണ് പാറ്റയുടെ ചടുലമായ നീക്കം. ഇരക്കും വേട്ടക്കാരനും 50-50 ചാന്‍സാണ്. ചിലപ്പോള്‍, പല്ലി കുതിച്ചെത്തുന്നതിന് തൊട്ടുമുമ്പ് പാറ്റ പറന്നുമാറും. ചിലപ്പോള്‍, പല്ലിയുടെ കുതിക്കലും പാറ്റയെ കടിച്ചെടുത്ത് പാതി വിഴുങ്ങി വിജയം വരിക്കലുമെല്ലാം ഒറ്റനിമിഷം കൊണ്ട് നടക്കും. മുന്‍പ് പറഞ്ഞ അതേ പ്രപഞ്ചബോധത്തിന്റെ അകമ്പടിയോടെ ചിന്തിച്ചാല്‍, പാറ്റയുടെ കൊല്ലപ്പെടല്‍ നീതീകരിക്കപ്പെടുന്നത് പല്ലിയുടെ വിശപ്പ് എന്ന ശാരീരികാവസ്ഥ കൊണ്ടാണ്. വിശപ്പ് ഒരിക്കലും ഒരു സ്വാര്‍ത്ഥചിന്തയല്ലെന്നിരിക്കേ, പല്ലിയുടെ പ്രവൃത്തിയെ കൊലപാതകം എന്ന് വിളിക്കാനാവില്ല. ചതിയെന്നും നമുക്കതിനെ വിശേഷിപ്പിക്കാനാവില്ല.
ഇതോടൊപ്പമാണ്, മനുഷ്യന്റെ മുന്‍പറഞ്ഞ നീതിരഹിതമായ പ്രവൃത്തിയെക്കുറിച്ച് വീണ്ടും ഓര്‍ക്കേണ്ടത്. ഞാന്‍ മാത്രമുള്ള ഇടം എന്ന വികൃതചിന്തയാലാണ് അയാള്‍ വൃത്തിയുള്ള ഭൂമി എന്ന സങ്കല്‍പ്പത്തെ വിശദീകരിക്കുന്നത്. അങ്ങനെയാകുമ്പോള്‍, താന്‍ ചെയ്യുന്നത് കൊലപാതകമാണെന്ന് അയാള്‍ക്ക് ഒരിക്കലും തോന്നുകയുമില്ല. ഇത്തരത്തിലുള്ള കൊലകള്‍ക്ക് വേണ്ടി നിരവധി പുതിയ ആയുധങ്ങള്‍ വീണ്ടും വീണ്ടും അയാള്‍ നിര്‍മ്മിക്കുകയും ചെയ്യും.
പാറ്റയുടെ കൊലപാതകം ഒരുദാഹരണം മാത്രമാണ്. തവള, കൊതുക്, പാമ്പ്, പട്ടി, പൂച്ച തുടങ്ങി നിരവധിയാണ് മറ്റു കൊലപാതകങ്ങള്‍. തവളയെ കല്ലെറിഞ്ഞാണവര്‍ കൊല്ലുക. പാമ്പിനെ തല്ലിക്കൊല്ലും. പട്ടിയെയും പൂച്ചയെയും വിഷം കൊടുത്ത് കൊല്ലും. കൊതുകിനെയും എട്ടുകാലിയെയും പഴുതാരയെയുമൊക്കെ അടിച്ചുകൊല്ലും. എലിയെ വിഷം കൊടുത്തോ കെണിവെച്ച് പിടിച്ച് വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചോ കൊല്ലും. അങ്ങനെയങ്ങനെ സ്വാര്‍ത്ഥമോഹത്തോടെയുള്ള എത്രയെത്ര കൊലപാതകങ്ങള്‍.
അതുപോലെ തന്നെയാണ്, വലിയ സാമൂഹ്യ പ്രതിബദ്ധതയോടെ നാം ചെയ്യുന്ന കൊതുകുനശീകരണം. ആ ജീവിവര്‍ഗ്ഗത്തിന്റെ ഉന്മൂലനാശമാണ് ഈയൊരു പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം.
കൊതുകുകള്‍ എങ്ങനെയാണ് പെരുകിയത്?
തവളകള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന് ശേഷമാണത് ഉണ്ടായത്.
തവളകള്‍ എങ്ങനെയാണ് കൂട്ടമായി ചത്തൊടുങ്ങിയത്?
അവയുടെ ആവാസസ്ഥലികള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, അമിതമായ രാസവളപ്രയോഗം ഉണ്ടായപ്പോള്‍.
അത് ചെയ്തത് ആരാണ്?
അത് ചെയ്തത് നമ്മളാണ്.
തവളകളെ കൊന്നത് നമ്മളാണ്.
പാടങ്ങളും കുളങ്ങളും നീരരുവികളുമൊക്കെ നശിപ്പിച്ചത് നമ്മളാണ്.
രാസവളം പ്രയോഗിച്ചത് നമ്മളാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന വിധം ജീവചക്രത്തിലെ ഒരു ജീവിയെ നാശോന്മുഖമാക്കുകയും അക്കാരണത്താല്‍ പെറ്റുപെരുകിയ മറ്റൊന്നിനെ പൂര്‍ണ്ണമായും കൊന്നൊടുക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നത് എന്ത് ന്യായത്തിന്റെ പേരിലാണെന്നും, നമുക്ക് ഇതിനുള്ള അധികാരമുണ്ടോ എന്നൊക്കെയുള്ളത് എത്ര ആലോചിച്ചാലും പിടികിട്ടാത്ത കാര്യങ്ങളാണ്. ഇവിടെയും മനുഷ്യന്റെ അടങ്ങാത്ത സ്വാര്‍ത്ഥതയാണ് വില്ലന്‍.
ഇതേ സ്വാര്‍ത്ഥതയോടെ തന്നെയാണ് മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നതും. അതിനവര്‍ പ്രധാനമായും മൂന്ന് രീതികളാണ് ഉപയോഗിക്കാറുള്ളത്. ഒന്ന്, നേരിട്ടുള്ള കൊലയാണ്. രണ്ട്, മറ്റാര്‍ക്കെങ്കിലും കൂലികൊടുത്ത് നടത്തപ്പെടുന്ന കൊട്ടേഷന്‍ രീതിയാണ്. മൂന്ന്, വൈകാരികമായ താളം നഷ്ടപ്പെടുത്തി ആത്മഹത്യയിലേക്കോ മരണം വരെയുള്ള ശമിക്കാത്ത വെന്തുരുകലിലേക്കോ ഉള്ള തള്ളിവിടലാണ്. ഇവയില്‍ മൂന്നാമത്തേതാണ് ഏറ്റവും സാമര്‍ത്ഥ്യം വേണ്ട രീതി. ചതിയുടെയും കരുണയില്ലായ്മയുടെയും ഉന്നതാവസ്ഥയാണത്. സ്‌നേഹത്തെയും പ്രണയത്തെയും വരെ അവര്‍ അതിനായി ഉപയോഗപ്പെടുത്തും.
ഒറ്റ വാചകം കൂടി പറഞ്ഞ് നിര്‍ത്താം. സ്‌നേഹത്തെയും പ്രണയത്തെയുമൊക്കെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരേയൊരു ജീവി മനുഷ്യനാണ്.