'ശാക്തീകരിക്കപ്പെട്ട മുസ്ലിം സ്ത്രീ മതത്തിന് ഭീഷണിയല്ല'

By Web Team  |  First Published Sep 25, 2024, 7:39 PM IST

'മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഒരാളെന്ന നിലയിൽ, സ്ത്രീകളുടെ അവകാശങ്ങൾ അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് എടുത്തുപറ‍ഞ്ഞുകൊണ്ടിരിക്കുക എന്നത് എന്റെ ആദ്യ പരിഗണനയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിം സ്ത്രീകളിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ അവരെ കുറിച്ച്  പറയുകയും വിശകലനം ചെയ്യുകയും ചെയ്യുമ്പോൾ, സര്‍ക്കാര്‍ എടുത്തുപറയുന്ന ന്യൂനപക്ഷ മുസ്‌ലിം സ്ത്രീ ശാക്തീകരണ ശ്രമങ്ങൾ, അതിന്റെ സ്വാധീനം, സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്നിവ പരിശോധിക്കേണ്ടത് അനിവാര്യമാണ്' - ഡോ സയ്യിദ് മുബിൻ സെഹ്റ


നുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഒരാളെന്ന നിലയിൽ, സ്ത്രീകളുടെ അവകാശങ്ങൾ അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് എടുത്തുപറ‍ഞ്ഞുകൊണ്ടിരിക്കുക എന്നത് എന്റെ ആദ്യ പരിഗണനയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിം സ്ത്രീകളിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ അവരെ കുറിച്ച്  പറയുകയും വിശകലനം ചെയ്യുകയും ചെയ്യുമ്പോൾ, സര്‍ക്കാര്‍ എടുത്തുപറയുന്ന ന്യൂനപക്ഷ മുസ്‌ലിം സ്ത്രീ ശാക്തീകരണ ശ്രമങ്ങൾ, അതിന്റെ സ്വാധീനം, സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്നിവ പരിശോധിക്കേണ്ടത് അനിവാര്യമാണ്

ഞാൻ ഒരു മതപണ്ഡിതയല്ല, എന്നാൽ ചരിത്രവും വസ്തുതകളും തേടിയുള്ള എന്റെ ചെറിയ യാത്രയിൽ ഇസ്‌ലാമിനെ കുറിച്ച് ഞാൻ മനസിലാക്കിയിട്ടുണ്ട്. പെൺ ശിശുഹത്യയ്‌ക്കെതിരെ ഇസ്‌ലാം നിലകൊണ്ടതും, ലിംഗനിര്‍ണയം നടത്തി പെൺകുട്ടികൾ ഗര്‍ഭപാത്രത്തിൽ വച്ച് തന്നെ കൊല്ലപ്പെടുന്ന സമയത്തും ഇതിനെതിരായി ഇസ്ലാം നിലപാടെടുത്തതും അറിയാം. മകൾ എന്നത് എത്ര പ്രധാനമാണെന്നും അവളോടുള്ള സ്നേഹവും വാത്സല്യവും എങ്ങനെയാണെന്നും പ്രവാചകൻ അറബ് ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ടെന്ന അറിവുണ്ടെനിക്ക്.

Latest Videos

undefined

ബിബിസിയിലെ സീനിയർ ജേണലിസ്റ്റ് അമിതാഭ് പരാശറിൻ്റെ ഒരു അന്വേഷണ റിപ്പോർട്ട് കണ്ട് ഞാൻ കരഞ്ഞു പോയി.  'ദി മിഡ് വൈഫ് കൺഫഷൻ' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ബീഹാറിൽ നവജാതയാകുന്ന പെൺകുട്ടികളെ കൊല്ലുന്നത് തങ്ങൾ പതിവാക്കിയിരുന്നതായി സമ്മതിക്കുന്ന ഗ്രാമീണ വയറ്റാട്ടിമാരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതമായിരുന്നു അതിൽ. 30 വർഷമായി അവര്‍ അത് പിന്തുടർന്നു. എന്നാൽ ഇപ്പോൾ, കാര്യങ്ങൾ മാറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതുപോലെ ഒരു പെൺകുട്ടിയായി ജനിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ന്യൂനപക്ഷ മുസ്ലീം കുടുംബത്തിലായാലും മറ്റേത് മതത്തിൽപ്പെട്ടതോ കുടുംബത്തിൽ പെട്ടതോ ആയാലും പെൺകുട്ടിക്ക് പ്രധാനപ്പെട്ട വെല്ലുവിളികൾ ഒരുപോലെയാണ്. ആദ്യം പെണ്ണായി ജനിക്കുക എന്നത് തന്നെയാണ്. രണ്ടാമതായി പെണ്ണായി അതിജീവിക്കുക എന്നതും. അതുകൊണ്ടാണ് പെൺമക്കളെ പരിപാലിക്കുകയും അവർക്ക് അർഹമായ ബഹുമാനവും ഇടവും നൽകുകയും ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും ഞാൻ ബഹുമാനിക്കുന്നത്. 

ഒരു അടിസ്ഥാന സമൂഹിക സംവിധാനങ്ങളും സ്ത്രീകൾക്ക് അനുകൂലമല്ല. എങ്കിലും മുസ്ലീം സ്ത്രീകളുടെ പ്രശ്നം കൂടുതൽ ഗൗരവമുള്ളതാണ്, കാരണം അവർ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിനുള്ളിൽ പാർശ്വവത്കരിക്കപ്പെടുന്നു. മുസ്‌ലിം സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സമൂഹത്തിലെ മറ്റേതൊരു സ്ത്രീയുടെ പ്രശ്നങ്ങൾ പോലെയും എളുപ്പമുള്ള കാര്യമല്ല. മറ്റ് സ്ത്രീകളെപ്പോലെ, മുസ്ലീം സ്ത്രീകളും പ്രധാന ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന സാമൂഹിക വ്യവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്.

എന്റെ രാഷ്ട്രീയ വിശകലനങ്ങൾ ശരിയാണെങ്കിൽ മുസ്ലീം സ്ത്രീകളുടെ പ്രശ്നം ടിവി ചർച്ചകളിലും അവിടിവിടായി ചില കോണുകളിലും രാഷ്ട്രീയ തര്‍ക്കങ്ങൾ മാത്രമായി ഒതുങ്ങുന്നു. മുസ്‌ലിം സ്ത്രീ ശാക്തീകരണത്തിൻ്റെ സാമൂഹിക ആവശ്യവും ഗൗരവവും ഇല്ലാതാക്കുന്നതാണ് മതപരവും രാഷ്ട്രീയപരവുമായ പ്രശ്‌നമാക്കിയുള്ള സമീപനം. ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ മുസ്‌ലിം സ്ത്രീകൾ അവരുടെ അടിസ്ഥാന മൗലികാവകാശങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മതം തികച്ചും വ്യക്തിപരമായ ഒരു വിഷയമാണ്. അത് പക്ഷെ അവളുടെ പുരോഗതിക്ക് തടസമാകരുത്. അവൾ പുരോഗമിക്കുകയാണെങ്കിൽ, അവൾ മതവിരുദ്ധമായ ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കുന്ന സമയത്ത് മാത്രമേ ഇത് സാധ്യമാകൂ.

ചരിത്രത്തിലേക്ക് നോക്കിയാൽ, അറബ് ലോകത്ത് വനിതാ വ്യവസായികളും വനിതാ രാജ്ഞികളും സർവ്വകലാശാലകളുടെ വനിതാ സ്ഥാപകരും ഉണ്ടായിരുന്നു. എന്നിട്ടും ഇന്നത്തെ മുസ്ലിം സമൂഹം സ്ത്രീകളുടെ ശാക്തീകരണത്തിൽ  പിന്നോട്ടുപോയത് എന്തുകൊണ്ടാണ്? താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നത് മതമാണോ? അതോ ലിംഗ വർണ്ണവിവേചനത്തിന്റെ രാഷ്ട്രീയമോ? മുല്ലപ്പൂ വിപ്ലവം പോലെയുള്ളിടത്തടക്കം മുസ്ലീം സ്ത്രീകളാണ് ശക്തിയെന്ന് ഓര്‍ക്കണം.

ഇന്ത്യൻ മുസ്ലീം സ്ത്രീകളാണ് സ്ത്രീ ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ശക്തി. ധീരമായ നേതൃത്വത്തിന് കീഴിലുള്ള ഇന്ത്യൻ സർക്കാർ മുസ്ലീം സ്ത്രീകളുടെ സാമൂഹിക പീഡനത്തിന് അതീതമായ നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്. മുസ്ലീം സ്ത്രീകളുടെ യഥാർത്ഥ ശാക്തീകരണം കൊണ്ടുവരാൻ കഴിയുന്ന നിരവധി നടപടികൾ സ്വീകരിക്കേണ്ടത് സ്റ്റേറ്റിന്റെ അനിവാര്യമായ ആഗ്രഹമാണ്.

ഇവിടെ മുസ്ലിം സ്ത്രീ നേതൃത്വത്തിന്റെ അഭാവമാണ് ഏറ്റവും വലിയ തടസ്സം. മുസ്ലീം സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക നേതൃത്വമാണ് വേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ത്രീകൾ നയിക്കണം. എഎംയുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറുടെ സമീപകാല നിയമനം ഒരു വലിയ ഭീമാകാരമായ ചുവടുവെപ്പും പലയിടത്തും പിന്തുടരേണ്ട മാതൃകയുമാണ്.  എന്നിരുന്നാലും രാഷ്ട്രീയ അജണ്ടകൾ മുസ്ലീം സ്ത്രീ ശാക്തീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സര്‍ക്കാറിനും നടപടികൾ സ്വീകരിക്കാൻ പ്രയാസമാണ്. ഇവിടെയാണ് സ്ത്രീ ശാക്തീകരണത്തിന് സമൂഹവും സമുദായ നേതാക്കളും നിഷ്പക്ഷമായ സമീപനം കൊണ്ടുവരേണ്ടത്. 

സ്‌കൂളുകളോ സർവ്വകലാശാലകളോ പോലുള്ള ഏതെങ്കിലും മുസ്‌ലിം സ്ഥാപനങ്ങൾക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ, മുസ്‌ലിം സ്ത്രീകളുടെ ഇസ്‌ലാമിക ഐഡിന്റിറ്റിക്ക് അനുയോജ്യമായ സ്ത്രീകളെ മാത്രമേ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുള്ളൂ എന്നത് സങ്കടകരമാണ്. തുറന്നുപറയുന്ന വിദ്യാസമ്പന്നരായ സ്ത്രീകളെ നിരുത്സാഹപ്പെടുത്തുകയും മതത്തിന് ഭീഷണിയായി കണക്കാക്കുകയും ചെയ്യുന്നു. 

സമുദായം ഈ ചിന്തയെ മറികടക്കണം. മത സംരക്ഷണം എന്ന പേരിൽ സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് കേവലം പുരുഷാധിപത്യ ഉപകരണമാണ്. സ്ത്രീകളെ കീഴടക്കാനും അവരെ നേതൃസ്ഥാനത്ത് നിന്ന് അകറ്റി നിർത്താനുമുള്ള ഒരു ഉപകരണത്തിൽ കുറഞ്ഞതൊന്നുമല്ല ഇതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീകളെ അകറ്റി നിർത്തുന്ന ഒരു ഫ്യൂഡൽ ഡിസൈനായി ഞാൻ അതിനെ കണക്കാക്കും. പുരുഷൻ മാത്രമേ അനന്തരാവകാശിയുള്ളൂ. മതപരമായ ഐഡൻ്റിറ്റിക്കപ്പുറം സ്ത്രീകളെ അംഗീകരിക്കാൻ മുസ്ലീം സമൂഹം സ്വന്തമായതും മുന്നോട്ട് വയ്ക്കേണ്ടതുമായ സമയമാണിത്. മുസ്ലീം പുരുഷന്മാർക്ക് മതത്തിൽ നിന്ന് അകന്ന് ഒരു ഐഡന്റിറ്റി ഉണ്ടാകുമ്പോൾ എന്തുകൊണ്ട് സ്ത്രീകൾ മാത്രം യാഥാസ്ഥിതിക സ്വത്വത്തിൻ്റെ ടാഗിൽ ഒതുങ്ങണമെന്ന് പ്രതീക്ഷിക്കുന്നു? ഈ ചങ്ങലകൾ പൊട്ടിച്ച് മുന്നോട്ട് പോകാൻ നിയമങ്ങൾ ഉണ്ടാക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഭരണകൂടം ചെയ്യേണ്ടത്. 

ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ എന്റെ പ്രഭാഷണത്തിന് ശേഷം വളരെ അക്രമാസക്തമായി എന്നെ സമീപിച്ച ഒരു മതനേതാവിനെ ഞാൻ ഓർക്കുന്നു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെപ്പോലുള്ള സ്ത്രീകൾ കാരണം നമ്മുടെ സമൂഹം നശിപ്പിക്കപ്പെടുന്നു. എന്നാൽ സ്ത്രീശാക്തീകരണവും മത ശാക്തീകരണത്തിൻ്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പല മത-പുരുഷ വിഭാഗങ്ങളിൽ നിന്നും എനിക്ക് വളരെയധികം പിന്തുണ ലഭിക്കുന്നതിനാൽ ഞാൻ പ്രതീക്ഷയിലാണ്.  മുസ്ലീം സമൂഹവും സ്ത്രീകൾ പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാൽ അവരുടെ ഇസ്ലാമിക സ്വത്വം നഷ്ടപ്പെടരുത്. 

 
ഇക്കാര്യങ്ങളിലെല്ലാം സമൂഹമാണ് പ്രധാന തടസ്സം. അതുകൊണ്ടുതന്നെ സമൂഹത്തിനുള്ളിൽ അവബോധവും തിരിച്ചറിവും ഉണ്ടാകണം. വിവേചനപരമായ നടപടികൾക്കെതിരെ ഭരണകൂടത്തിന്റെ പിന്തുണ എങ്ങനെയെന്നതും പ്രധാനമാണ്. രാഷ്ട്രീയ പാർട്ടികളും മുസ്ലീം വനിതാ നേതൃത്വത്തെ  പ്രോത്സാഹിപ്പിക്കണം. സ്‌ത്രീസൗഹൃദമായ സ്‌കൂളുകളും കോളജുകളും നമുക്കാവശ്യമാണ്. മുസ്ലീം സ്ത്രീകൾക്കുള്ള സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും വർദ്ധിപ്പിക്കണം. സമുദായത്തിൽ മാറ്റം കൊണ്ടുവരാൻ പുരോഗമന വനിതാ ചിന്തകരെയും നേതാക്കളെയും ഭരണകൂടം പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും വേണം.

എന്നിരുന്നാലും, തന്റെ പുരോഗതി മതവിരുദ്ധമല്ലെന്ന് ഓരോ മുസ്ലീം സ്ത്രീയും തിരിച്ചറിയണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വശം. സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ മുസ്ലിം സമൂഹം ആഗ്രഹിക്കുന്നുവെങ്കിൽ അവരെ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് പറയാറുള്ള എന്റെ അമ്മയെ ഞാൻ ഓർക്കുന്നു. കാർ ഒരു സ്ത്രീയുടെ സുരക്ഷിത ഇടമാണെന്നും അവർ പറയും. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന്  പുരോഗമന ചിന്തയും പ്രവർത്തനവുമാണ് സഹായിക്കുന്നത്, അല്ലാതെ അവരുടെ മതസ്വത്വമല്ല. സ്വയം വെളിച്ചം തെളിയിച്ച് മുന്നോട്ടുപോകുന്ന സ്ത്രീയും പുരഷനും ആകുക. അവൾക്ക് പിന്തുണ നൽകേണ്ടത് സ്വപ്നം കാണാനല്ല, അത്  സാക്ഷാത്കരിക്കുന്നതിലൂടെയാണ്. 

എഴുത്ത്: ഡോ. സയ്യിദ് മുബിൻ സെഹ്‌റ- അക്കാദമിഷ്യൻ, കോളമിസ്റ്റ്, ചരിത്രകാരി, മനുഷ്യാവകാശ പ്രവ‍ര്‍ത്തക എന്നീ നിലകളിൽ ശ്രദ്ധേയയാണ്  

STEM: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചയ്ക്ക് സംഭാവനകൾ നൽകാൻ മുസ്ലീം സ്ത്രീകൾക്ക് കഴിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!