വരന്റെ വീട്ടുകാർ വധുവിന്റെ ഭാഗത്ത് നിന്ന് ഒന്നും ആവശ്യപ്പെടരുതെന്നും രേഖയിൽ പറയുന്നു. അതേസമയം, വരൻ മഹർ ഇനത്തിൽ കുറഞ്ഞത് 15,000 രൂപയും, വധുവിന്റെ വിവാഹ ഷോപ്പിംഗിനായി 20,000 രൂപയും നൽകണമെന്ന് രേഖയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നമ്മുടെ രാജ്യം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും, ചില കാര്യങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. അതിലൊന്നാണ് സ്ത്രീധനം(dowry). കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിൽ 212 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, തീർത്തും ഹീനമായ ഈ ദുരാചാരത്തെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് കശ്മീരിലെ(Kashmir) ഒരു ഗ്രാമം. ബാബ വയിൽ(Baba Wayil) എന്നാണ് ഗ്രാമത്തിന്റെ പേര്.
മലകളും, വയലുകളും, പച്ചപ്പും നിറഞ്ഞ അത്, കശ്മീരിലെ 'സ്ത്രീധന രഹിത ഗ്രാമം' എന്നാണ് അറിയപ്പെടുന്നത്. ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെയായി ഗന്ദർബാൽ ജില്ലയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൽ 1000-ത്തിലധികം ആളുകളും 200 -ഓളം വീടുകളുമുണ്ട്. ഗ്രാമത്തിൽ ആളുകൾ വാൽനട്ട് കൃഷി ചെയ്തും, പഷ്മിന ഷാളുകൾ കച്ചവടം നടത്തിയുമാണ് ഉപജീവനം കഴിക്കുന്നത്.
undefined
അവിടത്തുകാർ ലളിതമായ ഒരു ജീവിതമാണ് നയിക്കുന്നത്. അതിന്റെ ഭാഗമായി ആഡംബര വിവാഹങ്ങളും, സ്ത്രീധനവും ഈ ഗ്രാമം നിരോധിച്ചിരിക്കുന്നു. സ്ത്രീധനം വാങ്ങുകയോ, നൽകുകയോ ചെയ്യില്ലെന്ന് എല്ലാ ഗ്രാമവാസികളും രേഖാമൂലം ഒപ്പിട്ട് നൽകണം. സ്ഥലത്തെ ഇമാമും, മുതിർന്ന ഗ്രാമവാസികളും, ഗ്രാമത്തിലെ പ്രമുഖരും എല്ലാവരും തന്നെ ഇത് കർശനമായി പാലിച്ച് പോരുന്നു. വധുവിന്റെ കുടുംബത്തിൽ നിന്ന് ആഭരണങ്ങൾ, ടെലിവിഷൻ, റഫ്രിജറേറ്റർ, വസ്ത്രങ്ങൾ മുതലായവ ആവശ്യപ്പെടാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്നും, നിയമം ലംഘിക്കുന്നവർ സമൂഹത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെടുമെന്നും, ജീവിതകാലം മുഴുവൻ പള്ളിയിൽ പ്രവേശനം നിഷേധിക്കപ്പെടുമെന്നും, ആ വ്യക്തിയെ/കുടുംബത്തെ ശ്മശാനത്തിലടക്കാന്‍ അനുവദിക്കില്ലെന്നും രേഖയിൽ പറയുന്നു.
വരന്റെ വീട്ടുകാർ വധുവിന്റെ ഭാഗത്ത് നിന്ന് ഒന്നും ആവശ്യപ്പെടരുതെന്നും രേഖയിൽ പറയുന്നു. അതേസമയം, വരൻ മഹർ ഇനത്തിൽ കുറഞ്ഞത് 15,000 രൂപയും, വധുവിന്റെ വിവാഹ ഷോപ്പിംഗിനായി 20,000 രൂപയും നൽകണമെന്ന് രേഖയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ 1985 മുതൽ സ്ത്രീധനം ഒഴിവാക്കിയിരുന്നെങ്കിലും, 2004 -ലാണ് അത് രേഖാമൂലമാക്കിയത്. “ഈ തീരുമാനത്തിന്റെ ലക്ഷ്യം ഞങ്ങളുടെ പെൺമക്കളുടെ ജീവിതം നശിപ്പിച്ച ഈ വിവാഹ ആചാരം അവസാനിപ്പിക്കുക എന്നതായിരുന്നു” ഗ്രാമത്തിലെ 67 -കാരനായ ഇമാം ബഷീർ അഹമ്മദ് ഷാ ഇന്ത്യാ ടൈംസിനോട് പറഞ്ഞു.
"താഴ്‌വരയിൽ ഉടനീളം സ്ത്രീധന കേസുകൾ വർദ്ധിക്കുന്നതും, അതുമൂലം പെൺകുട്ടികൾ കഷ്ടപ്പെടുന്നതും ഞങ്ങൾ കണ്ടു. തുടർന്നാണ്, വിവാഹങ്ങളിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ഔദ്യോഗിക രേഖ തയ്യാറാക്കാൻ ഞങ്ങൾ തീരുമാനിച്ചത്" അദ്ദേഹം പറഞ്ഞു. “സ്ത്രീധനം ഒരു തിന്മയാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. നമ്മുടെ സഹോദരിമാരുടെ ജീവൻ രക്ഷിക്കാൻ നാമെല്ലാവരും നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്" ഗ്രാമത്തിലെ സർപഞ്ച് മുഹമ്മദ് അൽതാഫ് ഷാ പറഞ്ഞു.