ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്ന കഴുതകൾക്ക് നല്ല ഭക്ഷണവും അവർ ഉറപ്പാക്കുന്നു. പയർവർഗ്ഗങ്ങൾ, ചെറുപയർ, ശർക്കര, നെല്ല് തുടങ്ങി ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പല ഇനങ്ങളും അവയ്ക്ക് ദിവസേന നൽകുന്നു.
കാളയോട്ടത്തെ കുറിച്ചും, ആനയോട്ടത്തെക്കുറിച്ചും ഒക്കെ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, കഴുതയോട്ട(Donkey race)ത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ആന്ധ്രയിലെ കുർണൂലി(Kurnool)ലാണ് ഈ വ്യത്യസ്തമായ കഴുതയോട്ടം നടക്കുന്നത്. പണ്ടുമുതലേ കഴുതകളെ ഭാരം വലിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കഴുതയെ പോലെ ഭാരം ചുമക്കുക എന്ന ഒരു പ്രയോഗം തന്നെയുണ്ട്. കുർണൂൽ ജില്ലയിലും കഴുതകളെ ഭാരം വലിക്കാനും, പാലിന് വേണ്ടിയും ഒക്കെയാണ് വളർത്തി വന്നിരുന്നത്. എന്നാൽ, ഇപ്പോൾ അടുത്തകാലത്തായി അവിടെ ആരംഭിച്ച ഒന്നാണ് ഈ കഴുതയോട്ടം. ഇത് എന്നാൽ അല്പം വ്യത്യസ്തമായ ഒരു പരിപാടിയാണ്. കാരണം, സാധാരണ മൃഗങ്ങളുടെ ഓട്ടമത്സരത്തിൽ മൃഗങ്ങൾ വെറുതെ ഓടുന്നതാണ് കാണാറുള്ളത്. എന്നാൽ, ഇവിടെ 200 കിലോ ഭാരമുള്ള മണൽചാക്കും വഹിച്ചാണ് അവയ്ക്ക് ഓടേണ്ടി വരുന്നത്. നടുവൊടിക്കുന്ന ഈ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ ദിവസങ്ങളോളം നീളുന്ന കഠിനമായ പരിശീലനമുണ്ട്.
ജില്ലയിലെ അല്ലഗദ്ദ, രുദ്വാരം, ചഗലമാരി, കോവേലകുന്ത്ല, ബനഗാനപ്പള്ളി, കൊടുമുരു, അവുകു, പാത്തിക്കൊണ്ട, അദോണി, കല്ലൂർ, വെലുഗോഡി മണ്ഡലങ്ങളിലാണ് പ്രധാനമായും ഇതിനായി കഴുതകളെ വളർത്തുന്നത്. സാധാരണയായി സംക്രാന്തിയ്ക്ക് മുന്നോടിയായാണ് ഇത് നടത്തുന്നത്. കഴുതയോട്ടത്തിൽ പങ്കെടുക്കുന്നവർ ചന്തയിൽ പോയി കഴുതകളെ വാങ്ങുന്നു. ഉത്സവങ്ങളിൽ കഴുതയോട്ടം പോലുള്ള പരിപാടികൾ കൂടുതലായതോടെ പൊതുവിപണിയിൽ അവയുടെ വില 40,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്. പരിപാടികൾ നടത്തുന്നവർ കഴുതകളെ അവയുടെ വലിപ്പവും ഉയരവും നോക്കി വാങ്ങുകയും ഓട്ടത്തിൽ വിജയിക്കാൻ പരിശീലനം നൽകുകയും ചെയ്യുന്നു. ഇപ്പോൾ കഴുതകളെ വിൽക്കാനും വാങ്ങാനുമുള്ള തിരക്കിലാണ് ആളുകൾ.
ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്ന കഴുതകൾക്ക് നല്ല ഭക്ഷണവും അവർ ഉറപ്പാക്കുന്നു. പയർവർഗ്ഗങ്ങൾ, ചെറുപയർ, ശർക്കര, നെല്ല് തുടങ്ങി ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പല ഇനങ്ങളും അവയ്ക്ക് ദിവസേന നൽകുന്നു. കാലത്തും വൈകീട്ടും സാധാരണയായി നൽകുന്ന കാലിത്തീറ്റയ്ക്ക് പുറമേയാണ് ഇത്. ഇങ്ങനെ തടിച്ച് കൊഴുത്ത കഴുതകളുടെ പുറകിൽ 100 കിലോ മുതൽ 200 കിലോ വരെ ഭാരം തൂക്കി ദിവസവും രാവിലെയും വൈകുന്നേരവും ഓടാൻ പരിശീലിപ്പിക്കുന്നു. ഈ ഭാരവും വലിച്ച് അവ ഓടി ഒന്നാമതെത്തിയാൽ അതിന്റെ ഉടമയ്ക്ക് 15,000 രൂപ ലഭിക്കും. ഒന്നും രണ്ടും റണ്ണേഴ്സ് അപ്പിന് യഥാക്രമം 10,000 രൂപയും 5,000 രൂപയും ലഭിക്കും. സംക്രാന്തി അടുത്തിരിക്കുന്നതിനാൽ ഈ വർഷവും കഴുതപ്പോരാട്ടത്തിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.